ദിവസം 5 തവണയെങ്കിലും രതിമൂർച്ഛ സംഭവിക്കുന്നു; അപൂർവരോഗം കാരണം പൊറുതിമുട്ടിയെന്ന് യുവതി

Mail This Article
എപ്പോഴും ലൈംഗിക ഉത്തേജനം ഉണ്ടാവുകയും ദിവസം 5 തവണയെങ്കിലും രതിമൂർച്ഛ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എമിലി മക്മഹ്ൻ എന്ന യുവതിക്ക്. പെർസിസ്റ്റന്റ് ജെനിറ്റൽ അറൗസൽ ഡിസോർഡർ (PGAD) എന്ന അപൂർവരോഗമാണ് മെൽബൺ സ്വദേശിയായ 36കാരി എമിലിയുടെ ജീവിതം തലകീഴായി മറിച്ചത്.
തന്റെ അവസ്ഥയെപ്പറ്റി കേൾക്കുന്നവർക്ക് തമാശയായി തോന്നാമെങ്കിലും അപ്രതീക്ഷിതമായി ലൈംഗികോത്തേജനം സംഭവിക്കുന്നതോടെ അടിവയറില്‍ കടുത്ത വേദനയുണ്ടാകുന്നുവെന്നും മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് താനെന്നും യുവതി വ്യക്തമാക്കുന്നു. 9 വർഷങ്ങൾക്കു മുൻപ് പെട്ടെന്നൊരു ദിവസമാണ് എമിലിക്ക് ഈ അവസ്ഥ ആരംഭിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളില്‍ ഈ അസുഖം കണ്ടുവരുന്നത്. അസുഖം ബാധിച്ചതോടെ ജീവിതം വളരെ ദുസ്സഹമായി. യാത്ര ചെയ്യുമ്പോഴും പൊതുഇടത്തിലും ഈ പ്രശ്നം സംഭവിക്കാറുണ്ട്. പുറമേ നോക്കുന്നവർക്ക് താൻ വസ്ത്രത്തിലൂടെ മൂത്രമൊഴിച്ചതായി തോന്നും. അത് വളരെയധികം നാണക്കേട് ഉണ്ടാക്കുന്നുണ്ട്. കാണുന്നവർ അവജ്ഞയോടും വെറുപ്പോടുമാണ് തന്നെ നോക്കുന്നത്. ഇതൊരു രോഗമാണെന്ന് ആർക്കും അറിയില്ലെന്നും യുവതി പറയുന്നു നിയന്ത്രിക്കാനാവാത്ത, വേദനയുള്ള രതിമൂർച്ഛയാണ് എമിലിക്ക് ഉണ്ടാകാറുള്ളത്. ദൈനംദിന ജോലികൾക്കിടയിലും ഈ അവസ്ഥയാണ് ഉണ്ടാകുന്നത്. സ്വന്തം ശരീരത്തിന്മേൽ നിയന്ത്രണം ഇല്ലാതാകുന്നത് വളരെ മോശം അവസ്ഥയാണെന്നും എമിലി പറയുന്നു
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നുവെന്നതില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്ത്രത്തിനും കഴിയുന്നില്ല. ജനനേന്ദ്രിയത്തെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിയിലെ തകരാറാണ് രോഗത്തിന് കാരണമായതെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ അവസ്ഥ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ മരുന്ന് കഴിക്കുന്നതിലൂടെ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഈ രോഗമുള്ളവർക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെങ്കിലും കഠിനമായ വേദനയുണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ എമിലിക്ക് പങ്കാളിയുണ്ട്. ഈ രോഗം പാരമ്പര്യമായി പകരാന്‍ സാധ്യതയുണ്ടെങ്കിൽ ഭാവിയിൽ കുട്ടികൾ വേണ്ടെന്നാണ് എമിലിയുടെ തീരുമാനം. തകരാറ് സംഭവിച്ച നാഡിയെ നശിപ്പിച്ചു കളയുകയാണ് ഏക പോംവഴി. നിലവിൽ അമേരിക്കയിൽ മാത്രമാണ് അതിനുള്ള സജ്ജീകരണങ്ങളുള്ളത്. പക്ഷേ സർജറിക്കു വേണ്ടി പോകാൻ തന്റെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു.