മുടികൊഴിച്ചിൽ, ക്ഷീണം, നടുവേദന; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം, അല്ലെങ്കിൽ അപകടം
Mail This Article
വൈറ്റമിൻ ഡിയുടെ അഭാവം ഇന്ന് സർവസാധാരണമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 76 ശതമാനം പേർക്കും വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൂര്യപ്രകാശമാണ് വൈറ്റമിൻ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഭൂരിഭാഗം ഇന്ത്യക്കാർക്കും വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകുന്നു.
കാൽസ്യത്തിന്റെ ആഗിരണത്തിന് ശരീരത്തിൽ വൈറ്റമിൻ ഡി കൂടിയേ തീരൂ. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും കാൽസ്യം നേരിടുമ്പോൾ അത് കുട്ടികളിൽ റിക്കറ്റ്സ് പോലുള്ള അസ്ഥിരോഗങ്ങൾക്കും മുതിർന്നവരിൽ ഓസ്റ്റിയോ മലാസിയയ്ക്കും കാരണമാകുന്നു. ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയത്തിനുള്ള സാധ്യതയും ഇത് വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വൈറ്റമിൻ ഡി ലഭിക്കേണ്ടത് പ്രധാനമാണ്. കടുത്ത ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ തന്നെ പലപ്പോഴും വൈറ്റമിൻ ഡിയുടെ അഭാവം തിരിച്ചറിയപ്പെടാതെ പോകുന്നു. എങ്കിലും വൈറ്റമിൻ ഡിയുടെ അഭാവം ശരീരത്തിൽ പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അറിയാം.
∙ക്ഷീണവും തളർച്ചയും
വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ അത് ഉറക്കത്തെയും സ്‌ലീപ്പ് വേക്ക് സൈക്കിളിനെയും ബാധിക്കും. ഇത് കടുത്ത ക്ഷീണവും തളർച്ചയും ഉണ്ടാക്കും.
∙അസ്ഥിവേദന
ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം ഒരു പ്രധാന ഘടകമാണ്. വൈറ്റമിൻ ഡി യുടെ അഭാവം ശരീരവേദനയ്ക്കും കാരണമാകും. വാരിയെല്ലിനും സന്ധികൾക്കും കാലിനും കടുത്ത വേദന ഉണ്ടാകും.
∙പേശികൾക്ക് വലിവും ബലക്ഷയവും
ആവശ്യത്തിന് വൈറ്റമിൻ ഡി ശരീരത്തിൽ ഇല്ലായെങ്കിൽ പേശികളുടെ പ്രവർത്തനത്തെ ബാധിക്കും. പേശികൾക്ക് ബലക്ഷയം, പേശിവലിവ്, കാൽമുട്ടുകളിൽ ഘനം ഇവ അനുഭവപ്പെടാം. കാൽസ്യത്തിന്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. പേശികളുടെ സങ്കോചത്തെയും വികാസത്തെയും ഇത് ബാധിക്കും.
∙മനോനിലയിൽ മാറ്റങ്ങൾ
നമ്മുടെ തലച്ചോറിൽ വൈറ്റമിൻ ഡി റിസപ്റ്ററുകൾ ഉണ്ട്. വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ വിഷാദം പോലുള്ള മൂഡ് ഡിസോർഡറുകൾ ഉണ്ടാകും. വൈറ്റമിൻ ഡി കുറയുമ്പോൾ അത് നാഡീകോശങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.
∙മുറിവ് ഉണങ്ങാൻ താമസം
മുറിവ് ഉണങ്ങുന്നത് സാവധാനത്തിലാകുന്നു എങ്കിൽ അത് വൈറ്റമിൻ ഡിയുടെ അഭാവം എന്നതിന്റെ ലക്ഷണമാകാം. അണുബാധകളെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ നിയന്ത്രിക്കാനും വൈറ്റമിൻ ഡി സഹായിക്കുന്നു. വൈറ്റമിൻ ഡി യുടെ അഭാവം ഉള്ളപ്പോൾ അത് പുതിയ ചർമം ഉണ്ടാകാൻ ആവശ്യമായ സംയുക്തങ്ങളുടെ ഉൽപാദനത്തെ ബാധിക്കുകയും മുറിവ് ഉണങ്ങുന്നത് സാവധാനത്തിലാകുകയും ചെയ്യും.
∙നടുവേദന
വൈറ്റമിൻ ഡിയുടെ അഭാവം നടുവേദനയ്ക്ക് കാരണമാകും. കാൽസ്യത്തിന്റെ അളവ് കുറയുന്നതിനൊപ്പം എല്ലുകളുടെ ആരോഗ്യക്കുറവും മൂലമാണ് ഇത് സംഭവിക്കുന്നത്.
∙തുടർച്ചയായ അണുബാധകൾ
രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിൻ ഡി പ്രധാനമാണ്. തുടർച്ചയായി അസുഖം ബാധിക്കുന്നുണ്ടെങ്കിൽ അത് വൈറ്റമിൻ ഡിയുടെ അഭാവത്തിന്റെ സൂചനയാകാം.
∙മുടി കൊഴിച്ചിൽ
വൈറ്റമിൻ ഡി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. വൈറ്റമിൻ ഡി യുടെ അഭാവം രോമകൂപങ്ങളെ ബാധിക്കുന്നതിനാൽ ഇത് മുടികൊഴിച്ചിലിനും മുടി വട്ടത്തിൽ കൊഴിഞ്ഞ് കഷണ്ടിയുണ്ടാവാനും കാരണമാകുന്നു.