മുലപ്പാൽ കളയല്ലേ, കുഞ്ഞിനു വേണ്ടി ശേഖരിച്ചു വയ്ക്കാം; എങ്ങനെയെന്ന് അറിയാം
Mail This Article
വയനാട്ടിലെ ദുരന്ത ഭൂമിയിലെ നവജാത ശിശുക്കൾക്കു മുലപ്പാൽ വാഗ്ദാനം ചെയ്ത ഇടുക്കി സ്വദേശിനി ഭാവന മലയാളികളുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്കു പതിവായി മുലപ്പാൽ ദാനം ചെയ്യുന്ന കാർഡിയോ വാസ്കുലാർ ടെക്നിഷ്യൻ ഹന്നയുടെ കഥ പിന്നീട് ഡോക്യുമെന്ററിയായി രാജ്യാന്തര ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
അമ്മയുടെ മുലപ്പാൽ കുഞ്ഞിന്റെ ജീവനും ജീവിതത്തിനും അമൃതാണ്. ലോകത്ത് പ്രതിവർഷം 23 ലക്ഷം കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണു കണക്ക്. ഇതിൽ പകുതിയും കുഞ്ഞ് ജനിച്ച് ആദ്യ 28 ദിവസത്തിനുള്ളിൽ ഉണ്ടാകുന്നതാണ്. നവജാത ശിശു പരിചരണം അതുകൊണ്ടാണ് ഏറെ പ്രസക്തമാകുന്നതും. അതിൽ തന്നെ മുലപ്പാലാണ് ഏറ്റവും പ്രധാനം; കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും.
മാതൃ– ശിശു ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നതു കുഞ്ഞിനെ മാറോടു ചേർത്തു കിടത്തി മുലപ്പാൽ നൽകുന്നതിലൂടെയാണ്. നവജാത ശിശുവിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തെയും മാനസിക വളർച്ചയെയും സഹായിക്കുന്നതു മുലപ്പാലാണ്. നിർജലീകരണം തടയാനും നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കാനും സഹായിക്കും.
പ്രമേഹം, സീലിയാക് ഡിസീസ്, രക്താർബുദം, വയറിളക്കം, ചെവി പഴുപ്പ്, ന്യുമോണിയ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്നു കുഞ്ഞിനെ സംരക്ഷിക്കാൻ മുലപ്പാലിലെ ആന്റിബോഡികൾ സഹായിക്കും. അമ്മയ്ക്കു പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും സ്തനാർബുദം, അണ്ഡാശയാർബുദം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനും മുലപ്പാൽ നൽകുന്നതു സഹായകമാണ്.
പ്രസവിച്ചയുടൻ ഊറിവരുന്ന ഇളംമഞ്ഞ നിറത്തിലുള്ള പാലാണു കൊളസ്ട്രം പോഷകങ്ങളാലും ആന്റിബോഡികളാലും സമൃദ്ധമാണ്. ഇതു കുഞ്ഞിനെ അണുബാധയിൽ നിന്നു സംരക്ഷിക്കും. ദഹന വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. കുഞ്ഞ് ജനിച്ചതിനു ശേഷം എത്രയും വേഗം മുലയൂട്ടൽ തുടങ്ങണം. ആദ്യ ആറു മാസം മുലപ്പാൽ മാത്രം കൊടുത്താൽ മതി. കുറഞ്ഞത് 2 വയസ്സുവരെയെങ്കിലും നൽകണം.
ജോലിക്കു പോകുന്ന പുതുതലമുറ അമ്മമാരിൽ പലർക്കും കുഞ്ഞുങ്ങൾക്കു ശരിയായി മുലയൂട്ടാൻ കഴിയാറില്ല. ജോലിക്കു പോകുമ്പോഴും മുലപ്പാൽ ശേഖരിച്ചു വച്ചു കുഞ്ഞിനു നൽകാം. കൈകളും സ്തനങ്ങളും സോപ്പും വെള്ളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷം കൈകൾ കൊണ്ടോ, പമ്പുപയോഗിച്ചോ മുലപ്പാൽ പിഴിഞ്ഞെടുക്കാം. ഈ പാൽ അണുവിമുക്തമാക്കിയ പാത്രത്തിൽ സൂക്ഷിക്കാം.
അന്തരീക്ഷ ഊഷ്മാവിൽ 4 മണിക്കൂറും റഫ്രിജറേറ്ററിൽ 4 ദിവസം വരെയും ഈ പാൽ സൂക്ഷിക്കാം. റഫ്രിജറേറ്ററിൽ നിന്ന് എടുക്കുന്ന പാൽ ചെറു ചൂടുള്ള വെള്ളത്തിൽ ഇറക്കിവച്ചു തണുപ്പു മാറ്റാം. നേരിട്ടു ചൂടാക്കരുത്. തണുപ്പു മാറ്റിയ പാൽ പിന്നീട് 2 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
(വിവരങ്ങൾ: ജില്ല ആരോഗ്യ, കുടുംബക്ഷേമ വിഭാഗം, എറണാകുളം)