മൗത്ത്വാഷ് മുതൽ പെരുംജീരകം വരെ; വായ്‌നാറ്റത്തിന് പരിഹാരങ്ങൾ ഇതാ
Mail This Article
ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്‌നാറ്റം. വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. നിരവധി ഘടകങ്ങൾ വായ്‌നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്‌മ, ചില ഭക്ഷണങ്ങൾ ചില രോഗാവസ്ഥകൾ ഇവയെല്ലാം വായ്‌നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഇവയിൽ ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ ദുർഗന്ധമുണ്ടാക്കുന്ന സൾഫർ സംയുക്തങ്ങളെ പുറത്തുവിടും.
നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ ഈ ബാക്ടീരിയ വളർച്ച തുടരുകയും പല്ലിൽ ബാക്ടീരിയകൾ പ്ലേക്ക് ആകുകയും ചെയ്യും. ഈ പ്ലേക്ക് നീക്കം ചെയ്തില്ലെങ്കിൽ ഒരു ദുർഗന്ധം ഉണ്ടാവുകയും മറ്റൊരു പ്രശ്നമായ ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യും. അണുബാധകൾ, പ്രമേഹസങ്കീർണ്ണതകൾ, വൃക്കത്തകരാറ് ഇവയും വായ്‌നാറ്റത്തിന് കാരണമാകും.വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്ന ലളിതമായ ചില വീട്ടുനുറുങ്ങുകൾ ഉണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.
വായുടെ ശുചിത്വം നിലനിർത്താം
വായുടെ വൃത്തിയില്ലായ്‌മ ആണ് വായ്‌നാറ്റത്തിനുള്ള വളരെ സാധാരണമായ കാരണം. പല്ലുതേച്ച് നാലുമുതൽ പന്ത്രണ്ട് മണിക്കൂർ സമയം കൊണ്ട് പ്ലേക്ക് ഉണ്ടാകാൻ തുടങ്ങും . അതുകൊണ്ട് ദിവസം രണ്ടു നേരം പല്ലുതേക്കുക എന്നത് പ്രധാനമാണ്. പതിവായി പല്ലു തേച്ചില്ല എങ്കിൽ, പ്ലേക്കിൻ്റെ ഈ പാളി കട്ടിയാകുകയും ബാക്ടീരിയകൾ നിറഞ്ഞ് വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യും. പല്ലുതേക്കുന്നതോടൊപ്പം ഭക്ഷണാവശിഷ്‌ടങ്ങൾ പല്ലിനിടയിൽ നിന്നു നീക്കാൻ ഫ്ലോസ് ഉപയോഗിക്കാൻ മറക്കരുത്.
നാവ് വടിക്കൽ
നാവ് വടിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാം. ഇത് ബാക്‌ടീരിയകളെ നീക്കം ചെയ്യും. വെള്ളമോ ഗ്ലിസറിൻ പഞ്ഞിയിൽ മുക്കിയതോ ഉപയോഗിച്ചും വൃത്തിയാക്കാം.
മൗത്ത് വാഷും ബേക്കിങ്ങ് സോഡയും
വായ ഫ്രഷ് ആക്കാൻ ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും രണ്ടോ മൂന്നു തവണ മൗത്ത് വാഷ് ഉപയോഗിച്ച് വായ് കഴുകണം. മൗത്ത് വാഷിനു പകരം ബേക്കിങ്ങ് സോഡ വെളളത്തിൽ ചേർത്തും വായ കഴുകാം. ബേക്കിങ് സോഡ അഥവാ സോഡിയം ബൈകാർബണേറ്റ്, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും വായ് നാറ്റം ഇല്ലാതാക്കുകയും ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ 2 ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് മൗത്ത് വാഷ് തയ്യാറാക്കാം. കുറഞ്ഞത് മുപ്പതുസെക്കൻറ് എങ്കിലും ഇത് വായിൽ ഒഴിച്ച് കുലുക്കുഴിയണം. അതിനുശേഷം തുപ്പിക്കളയാം.
ചവയ്ക്കാം പെരുംജീരകം
വായിലെ ദുർഗന്ധം അകറ്റി വായയെ ഫ്രഷ് ആക്കാൻ ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും പെരുംജീരകം ചവയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും ദുർഗന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം വറുത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
ഈർപ്പം നിലനിർത്താം
വായ വരണ്ടതായാലും വായ്നാറ്റം വരാം. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാം. ഇത് വായ ഈർപ്പവും വൃത്തിയും ഉള്ളതാക്കും. വെള്ളം കുടിക്കുന്നത് ബാക്ടീരിയ അടിഞ്ഞു കൂടുന്നതിനെ തടയുകയും വായ നനവുള്ളതാക്കി നിലനിർത്തുകയും ചെയ്യും.വായവരണ്ട അവസ്ഥ തുടരുകയാണെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.
രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങൾ
വെളുത്തുള്ളി, ഉള്ളി, റാഡിഷ്, എരിവുള്ള ഭക്ഷണങ്ങൾ തുടങ്ങി വായനാറ്റത്തിനു കാരണമാവുന്ന ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താം. എന്തങ്കിലും പ്രധാന പരിപാടികൾ ഉണ്ടെങ്കിൽ ഉള്ളി വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കാം
ഉപേക്ഷിക്കാം പുകവലി
ശ്വാസദുർഗന്ധത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. സിഗരറ്റിലെ പുകയില വായിൽ ദുർഗന്ധം ഉണ്ടാക്കുകയും പല്ലിന് കറപിടിപ്പിക്കുകയും ചെയ്യും. ഓറൽ ക്യാവിറ്റിയെ പുകവലി വരണ്ടതാക്കും. ഇത് വായനാറ്റത്തിനു കാരണമാകും. ഇത് ഒഴിവാക്കാൻ പുകവലി പൂർണ്ണമായും ഉപേക്ഷിക്കാം. ക്രമേണ നിങ്ങളുടെ ശ്വാസം ദുർഗന്ധമില്ലാതെ സാധാരണ പോലെയാകുന്നതു കാണാം.