കേൾവി നഷ്ടം: ശ്രവണസഹായി തിരഞ്ഞെടുക്കേണ്ടത് എങ്ങനെ? മുൻകരുതലുകൾ ഇവ
Mail This Article
പ്രായാധിക്യം മൂലം കേള്‍വി നഷ്ടം ഉണ്ടാകുന്ന അവസ്ഥയാണ് പ്രെസ്ബിക്യൂസിസ്. 60 വയസ്സിനോട് അടുക്കുമ്പോഴാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചില സമ്മര്‍ദ്ദങ്ങള്‍ കേള്‍വി നഷ്ടം ഉണ്ടാകുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്നു. കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ പ്രായം, ജനിതകം, ഉച്ചത്തിലുള്ള ശബ്ദം നിരന്തരമായി കേള്‍ക്കാന്‍ ഇടയാവുക, ഹോര്‍മോണ്‍ സംബന്ധിച്ച്, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ (Ototoxic drugs) എന്നിങ്ങനെയാണ്.
പ്രായം കൂടുന്നതിനനുസരിച്ച് കേള്‍വിയുമായി ബന്ധപ്പെട്ട നാഡിയുടെ ഘടനയില്‍ മാറ്റം വരാം. ഇത് കൂടാതെ പ്രമേഹം, രക്തസമ്മർദം, വൃക്ക തകരാറ്, കൊളസ്‌ട്രോള്‍ എന്നിവയും നഷ്ടത്തിന് കാരണമാകുന്നു.
നിരന്തരമായി ശബ്ദ മലിനീകരണമുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരിലോ ചെറുപ്പത്തില്‍ തന്നെ ചെവിയിക്ക് അകത്ത് ക്ഷതം സംഭവിച്ചവരിലോ കേള്‍വി നഷ്ടത്തിന് സാധ്യത കൂടുതലാണ്.
ജോലി സംബന്ധമായോ അല്ലാതെയോ കാർബൺ മോണോക്സൈഡ്, മെർക്കുറി, ലെഡ് പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ സമ്പർക്കം കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്നു. അടുത്തിടെ നടന്ന പഠനങ്ങളില്‍ ഹോര്‍മോണ്‍ വ്യതിയാനവും ഒരു ഘടകമായി ചൂണ്ടിക്കാണിക്കുന്നു.
പ്രെസ്ബിക്യൂസിസ് എന്നത് കാലക്രമേണ തുടങ്ങി പിന്നീട് വര്‍ധിച്ചു വരുന്ന തരത്തിലുള്ള കേള്‍വി നഷ്ടമാണ്. ഇത് ഒരു ചെവിയെയോ ഇരു ചെവികളെയോ ബാധിക്കാം. തുടക്കത്തില്‍ രോഗനിര്‍ണ്ണയം പ്രയാസകരമാണ്. രോഗിയെക്കാളും അവരുടെ കൂട്ടുകാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആണ് കേള്‍വിക്കുറവിനെ പറ്റി പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ അവസ്ഥയില്‍ ചെവിയില്‍ മുഴക്കം ഉണ്ടാകാനും സാധ്യതയുണ്ട്.
ഒരു മുറിയിലിരുന്ന് മറ്റൊരാളുമായി സംസാരിക്കുന്ന സാഹചര്യത്തില്‍ മറ്റു ശബ്ദങ്ങള്‍ ഉണ്ടെങ്കില്‍ രോഗിക്ക് സംസാരിക്കുന്നത് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ചെവിയുടെ പരിശോധനയില്‍ ചെവിക്കായം, ഡിസ്ചാർജുകൾ അല്ലെങ്കില്‍ അണുബാധകൾ എന്നിവ ഉണ്ടാകാം, ഇത് ഉടനടി വൃത്തിയാക്കേണ്ടതാണ്. ഇതിനുശേഷം ഒരു കേൾവി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
പ്രായാധിക്യം മൂലമുള്ള കേള്‍വി നഷ്ടം സ്വയമേ മാറുകയില്ല. എന്നാല്‍ ശ്രവണസഹായി (Hearing aid) ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ സാധിക്കും. ശ്രവണസഹായി ഉപയോഗിക്കുന്നതിലൂടെ സങ്കീര്‍ണ്ണതകള്‍ കുറച്ച് നല്ല രീതിയില്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നു. Hearing aid എന്നത് ഒരു ചെറിയ ഇലക്ട്രോണിക് ഉപകരണമാണ്. ഇത് ചെവിയിലോ തലയുടെ പിന്‍ഭാഗത്തോ വയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഏത് സാഹചര്യത്തിലും രോഗിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നു.
കേള്‍വി നഷ്ടത്തിന്റെ തരവും തീവ്രതയും അനുസരിച്ച് ശ്രവണസഹായി തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ദിവസവും ഉപയോഗിക്കേണ്ടതിനാല്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ശ്രവണസഹായി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· രോഗിക്ക് പ്രയോജനപ്രദമായ ഘടന ഏതെന്ന് മനസ്സിലാക്കുക
. ശ്രവണസഹായയുടെ ചിലവ്
. കൂടുതല്‍ വിലയുള്ളത് വാങ്ങുമ്പോള്‍ അതിന് സാങ്കേതികവിദ്യ ഉള്ളതാണോ എന്ന് ഉറപ്പാക്കുക.
. ശ്രവണസഹായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ലഭിക്കുമോ എന്ന് അന്വേഷിക്കുക.
. ശ്രവണസഹായിക്ക് കേടുപാടുകള്‍ സംഭവിച്ചാലോ മറ്റെന്തെങ്കിലും സഹായങ്ങള്‍ക്കോ സേവനങ്ങള്‍ ഉറപ്പുവരുത്തുക.
നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും
. ചൂടില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ശ്രവണസഹായി മാറ്റി വയ്ക്കുക.
. നിര്‍ദ്ദേശാനുസരണം കൃത്യമായി വൃത്തിയായി സൂക്ഷിക്കുക.
. ഹെയർ സ്പ്രേ, പെർഫ്യൂം എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രവണസഹായിയിൽ ആകാതെ സൂക്ഷിക്കുക.
. ഉപയോഗിക്കാത്ത സമയത്ത് ശ്രവണസഹായി ഓഫ് ചെയ്ത് വയ്ക്കുക.
. ബാറ്ററി തീരുകയാണെങ്കില്‍ ഉടനടി പുനസ്ഥാപിക്കേണ്ടതാണ്.
. ശ്രവണസഹായി കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തുക.
(ലേഖിക ജൂനിയർ കൺസൾട്ടൻ്റ് ഇ.എൻ.ടി എസ് യു ടി ഹോസ്പിറ്റൽ, പട്ടം)