അയൺ കുറയുന്നുവോ? ശരീരം നൽകും ഈ സൂചനകൾ തിരിച്ചറിയണം
Mail This Article
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ അറിയാം
ക്ഷീണവും തളർച്ചയും
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയാണെങ്കിൽ ഇരുമ്പിന്റെ അഭാവം ആവാം കാരണം. ആവശ്യത്തിന് അരുണരക്താണുക്കളെ ഉൽപാദിപ്പിക്കാൻ ശരീരം പ്രയാസപ്പെടുകയും ഇതുമൂലം പേശികളിലേക്കും കലക(tissues)ളിലേക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുകയും ചെയ്യും. ഇതുമൂലം ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ പോലും സാധിക്കാത്തത്ര ക്ഷീണം അനുഭവപ്പെടും.
വിളറിയ ചർമം
വിളറിയ ചർമം ഇരുമ്പിന്റെ അഭാവത്തിന്റെ സൂചനയാണ്. ഹീമോഗ്ലോബിന്‍ ആണ് രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്. എന്നാൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ചർമം വിളറുകയും ചുണ്ടുകളുടെയും കൺപോളകളുടെയും നിറം മങ്ങുകയും ചെയ്യും.
ശ്വസിക്കാൻ പ്രയാസം
ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് ആവശ്യമാണ്. ഇത് ഓക്സിജനെ കോശങ്ങളിലെത്തിക്കുന്നു. ഓക്സിജന്റെ അളവ് കുറയുമ്പോൾ ശ്വസനനിരക്ക് കൂടുകയും ശ്വാസംമുട്ടൽ ഉണ്ടാകുകയും അങ്ങനെ ശ്വസനത്തിന് തടസ്സം നേരിടുകയും ചെയ്യും.
വിണ്ടുകീറിയ നഖങ്ങൾ
ഇരുമ്പിന്റെ അഭാവം നഖങ്ങളെയും ബാധിക്കും. നഖങ്ങൾ വിണ്ടുകീറുന്നതും നഖങ്ങളിൽ പാടുകൾ വരുന്നതും ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണമാണ്.
തലവേദന, തലകറക്കം
ഇരുമ്പിന്റെ അഭാവം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുന്നു. ഇതുമൂലം ഇടയ്ക്കിടെ തലവേദനയും തലകറക്കവും ഉണ്ടാകും. ഓക്സിജന്റെ അളവ് കുറയുന്നതു മൂലം തലച്ചോറിലെ രക്തക്കുഴലുകൾ വീങ്ങും. ഇതുമൂലം തലവേദനയുണ്ടാകും.
കൈകാലുകൾക്ക് തണുപ്പ്
ഇരുമ്പിന്റെ അഭാവം രക്തചംക്രമണത്തെ തകരാറിലാക്കും. ഇതുമൂലം കൈകാലുകൾക്ക് തണുപ്പ് അനുഭവപ്പെടും. ഓക്സിജൻ അടങ്ങിയ രക്തം പ്രധാന അവയവങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. കൈകാലുകളിലേക്കുള്ള രക്തപ്രവാഹം കുറവായിരിക്കും.
അസാധാരണമായ ആർത്തി
ഇരുമ്പിന്റെ അഭാവത്തിന്റെ അത്ര സാധാരണമല്ലാത്ത ഒരു ലക്ഷണമാണ് പൈക (pica). പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത വസ്തുക്കളോടുള്ള താല്‍പര്യമാണിത്. ഐസ്, കളിമണ്ണ്, ചെളി, പേപ്പർ തുടങ്ങിയവ കഴിക്കാനുള്ള താൽപര്യം തോന്നും. ഇങ്ങനെ വന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണം.
കാലുകൾ ചലിപ്പിക്കൽ
കാലുകൾ ചലിപ്പിച്ചു കൊണ്ടേയിരിക്കുന്ന, പ്രത്യേകിച്ച് രാത്രിയിൽ അവസ്ഥ ഉണ്ടാകാം. റെസ്റ്റ് ലെസ് ലെഗ് സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇതുണ്ടാകാനുള്ള ശരിയായ കാരണം വ്യക്തമല്ല. ഇരുമ്പിന്റെ അഭാവം കുറയുന്നത് ഡോപാമിന്റെ ഉൽപാദനം കുറയ്ക്കുന്നതു മൂലമാകാം ഇങ്ങനെ ഉണ്ടാകുന്നത് എന്ന് കരുതുന്നു.
മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിലിന് ഇരുമ്പിന്റെ അഭാവം കാരണമാകും. ഇരുമ്പ് ആവശ്യത്തിന് ലഭിക്കാത്തതിനാൽ രോമകൂപങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരും. ഇത് മുടികൊഴിച്ചിലിനു കാരണമാകും. തുടർച്ചയായി മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഇരുമ്പിന്റെ അഭാവം ആകും കാരണം.
ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാതെ വരുക
ഇരുമ്പിന്റെ അളവ് കുറയുന്നത് ബൗദ്ധിക പ്രവർത്തനത്തെയും ബാധിക്കും. ചില ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിന് ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രയാസം, ഓർമക്കുറവ്, ബ്രെയ്ൻ ഫോഗ് ഇവയ്ക്കു കാരണമാകും.
ചികിത്സ
ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണം. രക്തപരിശോധനയിലൂടെ ഇരുമ്പിന്റെ അളവ് അറിയാൻ സാധിക്കും. ഭക്ഷണത്തിൽ വ്യത്യാസം വരുത്തുക, അയൺ സപ്ലിമെന്റുകൾ കഴിക്കുക തുടങ്ങിയവ നല്ല മാറ്റം കൊണ്ടു വരും.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ
ആരോഗ്യകരമായ അളവിൽ ഇരുമ്പ് ശരീരത്തിൽ ലഭിക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം. റെഡ്മീറ്റ്, പൗൾട്രി മത്സ്യം തുടങ്ങിയവയും ഇലക്കറികൾ, പയർ, പരിപ്പ് വർഗങ്ങൾ ഫോർട്ടിഫൈഡ് സെറീയൽ, ധാന്യങ്ങൾ, നട്സ്, സീഡ്സ്, ആപ്രിക്കോട്ട്, ഉണക്കമുന്തിരി തുടങ്ങിയ ഉണക്കപ്പഴങ്ങൾ എന്നിവ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്.