ADVERTISEMENT

സ്വയം ഡിസൈൻ ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരൂരുകാരൻ അഹ്‌മദ്‌ ഉനൈസ്.

തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. ഞാൻ ഇരുപതു വർഷമായി ഭവനനിർമാണ മേഖലയിലുണ്ട്. മൂന്ന് വർഷത്തോളം ഗൃഹപാഠം ചെയ്താണ് വീട് ഞങ്ങൾ പൂർത്തിയാക്കിയത്. മൺകുടിൽ എന്നാണു വീടിനു ഞങ്ങളിട്ട പേര്.  

28-lakh-house-entrance

നിരപ്പുവ്യത്യാസമുള്ള പത്തു സെന്റ് ഭൂമിയാണുണ്ടായിരുന്നത്. എന്നാൽ ഇത് ലെവൽ ചെയ്യാതെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. പടിപ്പുര മാതൃകയിലുള്ള ഗെയ്റ്റ് കടന്നാണ് അകത്തേക്കെത്തുന്നത്. മുൻവശത്തെ കിണറിനു മുകളിലും പടിപ്പുര മാതൃക തുടരുന്നുണ്ട്. മുറ്റത്ത് ബഫലോ ഗ്രാസ് വിരിച്ചു ഭംഗിയാക്കി. മൂന്നരയടി പൊക്കത്തിലാണ് പ്ലോട്ടിന്റെ മുൻഭാഗം. സിറ്റൗട്ടിലേക്ക്  കയറാൻ പടികൾ നൽകി. 

28-lakh-house-evening-view

പരമ്പരാഗത ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. വിയറ്റ്നാം ക്ലേ ടൈലാണ് മേൽക്കൂരയിൽ വിരിച്ചത്. ഈർപ്പം പിടിക്കില്ല എന്നതാണ് ഇതിന്റെ ഗുണം. വെട്ടുകല്ല് കൊണ്ട് ഭിത്തികൾ കെട്ടി. ഇതിനു മുകളിൽ മഡ് പ്ലാസ്റ്ററിങ് നൽകി. കശുവണ്ടിക്കറയാണ് സിമന്റിനു പകരം ഉപയോഗിച്ചത്. എക്സ്പോസ്ഡ് ശൈലിയിലുള്ള ഭിത്തികൾ ഭംഗിക്കൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചു.

28-lakh-house-living

1870 ചതുരശ്രയടിയുള്ള വീട്ടിൽ സ്വീകരണമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. മേൽക്കൂര ഉയർത്തിപ്പണിതതിനാൽ ഇടത്തട്ട് ഒരുക്കി സ്ഥലം ഉപയുക്തമാക്കി. ഇവിടെ കുട്ടികളുടെ പഠനമുറിയാക്കി മാറ്റി, ഒരു കട്ടിലും നൽകി. ആവശ്യമെങ്കിൽ ചെറിയ കിടപ്പുമുറിയാക്കി മാറ്റാം. വാതിൽ തുറന്നകത്തേക്ക് കയറിയാൽ ഇടച്ചുമരുകൾ നൽകിയിട്ടില്ല. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ടിവി യൂണിറ്റ് നൽകി. ഇത് ഇരുവശങ്ങളിലും ഇരുന്നും കാണാൻ കഴിയുംവിധം തിരിക്കാൻ സാധിക്കും.

28-lakh-house-lights
28-lakh-house-light

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും സന്തോഷം തരുന്നത് ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരുക്കിയ ലൈറ്റുകളും അലങ്കാര വസ്തുക്കളും കാണുമ്പോഴാണ്. പാഴ്ത്തടി, മരത്തിന്റെ വേര്, മുള, കയർ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവയിലാണ് ലൈറ്റുകൾ പിടിപ്പിച്ചു മാറ്റിയടുത്തത്. പഴയ പാൽപ്പാത്രങ്ങളുടെ താഴ്ഭാഗം മുറിച്ചു ലൈറ്റുകൾ വച്ചാണ് അടുക്കളയിലെ സ്പോട് ലൈറ്റുകൾ ഒരുക്കിയത്. 

28-lakh-house-passage

നടുമുറ്റമാണ് വീടിന്റെ മറ്റൊരു ആകർഷണം. ഇതിനു മുകളിൽ സ്‌കൈലൈറ്റ് നൽകി. താഴെ ചെടികളും വെള്ളാരങ്കല്ലുകളും വിരിച്ചു. ഇടനാഴിക്കുമുകളിലും ഗ്ലാസ് റൂഫിങ് നൽകിയിട്ടുണ്ട്. വീടിനകം മുഴുവൻ പ്രസന്നമായി നിലനിർത്തുന്നതിൽ നടുമുറ്റവും നീണ്ട ഇടനാഴിയും പങ്കുവഹിക്കുന്നു.

28-lakh-house-stair

ജിഐ പൈപ്പിനു മുകളിൽ പലക വിരിച്ചാണ് ഗോവണി ഒരുക്കിയത്. കൈവരികളിലും ജിഐ പൈപ്പ് തന്നെ തുടരുന്നു. താഴെ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി. വീടിന്റെ മുൻവശത്തായാണ് അടുക്കളയുടെ സ്ഥാനം. അടുക്കളയുടെ ജനാലകളിൽ കളേർഡ് ഗ്ലാസ് നൽകി. ഇത് പുറംകാഴ്ചയ്ക്ക് ഭംഗി നൽകുന്നു. 

28-lakh-house-bed

പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധം ജാലകങ്ങൾ കിടപ്പുമുറികളിൽ നൽകി. ജിഐ ഫ്രയിമിനു മുകളിൽ പലക വിരിച്ചാണ് കട്ടിൽ ഒരുക്കിയത്. പുറംകാഴ്ചയിൽ മുഴുനീള തടിക്കട്ടിൽ എന്നുതോന്നും.

28-lakh-house-view

എപ്പോഴും സുഖകരമായ തണുപ്പാണ് വീടിനുള്ളിൽ. വീട്ടിൽ എത്തിയ അതിഥികളിൽ പലരും പറഞ്ഞത് 'ഒരു കൂജയ്ക്കുള്ളിൽ കയറിയ പോലെയുണ്ട്' എന്നാണ്. ഫാൻ പേരിനു നൽകിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. പകൽ സമയത്ത് ലൈറ്റും ഇടേണ്ട കാര്യമില്ല. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 28 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു. സ്വപ്നവീട്ടിലേക്കുള്ള യാത്രയിൽ പിന്തുണയുമായി ഭാര്യ ഷാഹിനയും ഒപ്പമുണ്ടായിരുന്നു. മക്കൾ ഏഴാം ക്‌ളാസിൽ പഠിക്കുന്ന നിഹാമിനും ഒന്നാം ക്‌ളാസുകാരി നെഹാനും വീട് ഇപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരനാണ്.

ചെലവ് കുറച്ച ഘടകങ്ങൾ 

  • സിമന്റ് ഉപയോഗം കുറച്ചു. ലിന്റലും ബീമും മാത്രം കോൺക്രീറ്റ് ചെയ്തു.  
  • പെയിന്റ് അടിച്ചിട്ടില്ല
  • വില കൂടിയ ഫ്ളോറിങ് ഒഴിവാക്കി ടെറാക്കോട്ട ടൈൽ വിരിച്ചു
  • ഇടത്തരം മരങ്ങളാണ് ഫർണീച്ചറുകൾക്ക് ഉപയോഗിച്ചത്
  • ബദൽ സാമഗ്രികളുടെ ഉപയോഗം. ഫർണിഷിങ്ങിന് ജിഐ+ ബൈസൺ പാനൽ ഉപയോഗിച്ചു

ഉപയോഗിച്ച സാമഗ്രികൾ 

  • ഭിത്തി- വെട്ടുകല്ല്
  • സ്ളാബ്, സീലിങ്- ഹുരുഡീസ് 
  • പ്ലാസ്റ്ററിങ്- മഡ്, കശുവണ്ടിക്കറ
  • ഫ്ളോറിങ്- വിയറ്റ്നാം ടെറാക്കോട്ട ടൈൽ, കോട്ട സ്‌റ്റോൺ
  • ഫർണിച്ചർ- ജിഐ+ തടി 
  • അലമാര, വാഡ്രോബ്, കബോർഡ്- ജിഐ+ ബൈസൺ പാനൽ

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Tirur, Malappuram

Area- 1870 SFT

Plot- 10 cent

Owner &  Designer- Ahmed Unais

Floret Builders, Tirur

Mob- 9847668944

Completion year- Dec 2018

Budget- 28 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com