5 ലക്ഷം, 10 ദിവസം! ഇത് അട്ടപ്പാടിയിലെ തായ്ലൻഡ് വീട്
Mail This Article
കേരളത്തിന്റെ കണ്ണുനീരായിരുന്നു ഒരുകാലത്ത് അട്ടപ്പാടി എന്ന ആദിവാസി ഗ്രാമം. പോഷകാഹാരക്കുറവും ശിശുമരണവും അടിസ്ഥാന സൗകര്യപ്രശ്നങ്ങളുമെല്ലാം നിറഞ്ഞുനിന്നിരുന്ന ആദിവാസി ഊരുകളിലേക്ക് ഉമാ പ്രേമൻ എന്ന സാമൂഹികപ്രവർത്തക എത്തിയത് വലിയൊരു ലക്ഷ്യത്തോടെയായിരുന്നു. ഉമയുടെ നേതൃത്വത്തിൽ 'ശാന്തി ഇൻഫർമേഷൻ സെന്റർ' സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചതോടെ അട്ടപ്പാടിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. സർക്കാരുമായി സഹകരിച്ചു തദ്ദേശവാസികൾക്കായി കിടപ്പാടങ്ങൾ സ്ഥാപിച്ചു. ആദിവാസിക്കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി എ പി ജെ അബ്ദുൽ കലാം രാജ്യാന്തര സ്‌കൂൾ സ്ഥാപിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം നൽകാൻ ക്രമീകരണം ഒരുക്കിയതോടെ ആ പ്രശ്നവും പത്തിമടക്കിത്തുടങ്ങി.
ഇനിയാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. കേരളം നേരിട്ട പ്രളയദുരന്തത്തിനു ശേഷം പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ ഒരു പുനരധിവാസ ഗൃഹമാതൃക നിർമിച്ചിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതാണ് ഈ വീടിന്റെ നിർമിതിക്ക് ചൂണ്ടുപലകയായതും. ശേഷമുള്ള കഥ ഉമ തന്നെ പറയട്ടെ...
വർഷം മുഴുവൻ കടുത്ത ചൂടും കാറ്റും നിലനിൽക്കുന്ന കാലാവസ്ഥയാണ് അട്ടപ്പാടിയിലേത്. ഇതിനെ പ്രതിരോധിക്കുന്ന ഒരു ഭവനമാതൃക തേടിയുള്ള യാത്രയിലായിരുന്നു കുറേകാലം. ആയിടയ്ക്കാണ് പ്രളയമുണ്ടാകുന്നത്. ആ സമയത്ത് പൊയ്ക്കാൽ വീടുകളുടെ നിരവധി മാതൃകകൾ ശ്രദ്ധിച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ നേരിടുന്ന, കുറഞ്ഞ ചെലവിൽ, കുറഞ്ഞ സമയം കൊണ്ടു നിർമിക്കാവുന്ന റീഹാബ് വീടുകളെ, അട്ടപ്പാടിയുടെ കാലാവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്ന ആലോചനയാണ് ഈ വീടിന്റെ ജനനത്തിലേക്ക് എത്തിച്ചത്.
എന്റെ ഒരു സുഹൃത്താണ് തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെ കുറിച്ചു പറയുന്നത്. ഫൈബർ സിമന്റ് ബോർഡാണിത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാൻ കഴിയുംവിധം ബോർഡുകൾ ക്രമീകരിക്കാൻ സാധിക്കും. 50 വർഷം വാറന്റിയുമുണ്ട്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ബോർഡുകൾ ഇറക്കുമതി ചെയ്തു. ഞങ്ങളുടെ സ്‌കൂളും മറ്റു വീടുകളും രൂപകൽപന ചെയ്ത എൻജിനീയർ അനിലിനെ ചുമതല ഏൽപ്പിച്ചു. കേവലം പത്തു ദിവസം കൊണ്ട് വീട് തയാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും! വീടിന്റെ അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
നിർമാണ രീതി
- വലിയ കുഴികളിൽ വീപ്പ ഇറക്കിവച്ച് കോൺക്രീറ്റ് ചെയ്തു.
- അതിനുമുകളിൽ ജിഐ ഫ്രയിമുകൾ നാട്ടി സ്ട്രക്ചർ ഒരുക്കി.
- ഇതിനു മുകളിൽ ബോർഡ് വിരിച്ചു അടിത്തറ ഒരുക്കി.
- ചുവരുകൾ സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ശേഷം മേൽക്കൂര സ്ക്രൂ ചെയ്ത് ഉറപ്പിച്ചു.
സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റാൻ കഴിയും വിധം കനവ്യത്യാസമുള്ള ബോർഡുകൾ ലഭിക്കും എന്നതാണ് TPI ബോർഡുകളുടെ സവിശേഷത. ടൈൽ വിരിക്കാനും മറ്റു ഫർണിഷിങ്ങിനും ഒരു ലക്ഷം ചെലവായി. അധിക ഭംഗിക്കുവേണ്ടി മാത്രമാണ് ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈൽസ് മേൽക്കൂരയിൽ വിരിച്ചത്. സാധാരണഗതിയിൽ നാലു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാം. തല ചായ്ക്കാനുള്ള ഇടമെന്നതിലുപരി ഇപ്പോൾ എന്റെ ഓഫിസായും പ്രവർത്തിക്കുന്നത് ഈ വിസ്മയനിർമിതിയാണ്.
തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ CSR പദ്ധതികളുമായി സഹകരിച്ചു ഇത്തരം വീടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഫൗണ്ടേഷൻ ശ്രദ്ധ ചെലുത്തുന്നത്. ഇത്തരം ബദൽ നിർമാണസാധ്യതകൾ സർക്കാരും സംഘടനകളും ഏറ്റെടുക്കണം എന്നാണ് എന്റെ അഭ്യർഥന. ഉമ പറഞ്ഞുനിർത്തുന്നു. എന്തുകൊണ്ടും അനുകരിക്കാവുന്ന മാതൃക തന്നെ...
സവിശേഷതകൾ
- ഭൂനിരപ്പിൽ നിന്നും ഉയർത്തി പണിയുന്നതിനാൽ പ്രളയത്തെ പ്രതിരോധിക്കുന്നു.
- കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം. വിദഗ്ധ തൊഴിലാളികൾ ആവശ്യമില്ല. ചെലവും കുറവ്.
- ആവശ്യാനുസരണം അകത്തളങ്ങൾ പുനർക്രമീകരിക്കാം.
- ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമിക്കാം.
Project Facts
Location- Attappadi, Palakkad
Area- 400 SFT
Owner- Uma Preman
Engineer- Anil C
Mob- 9846101000