കണ്ടാൽ പുതുപുത്തൻ വീട്, എന്നാൽ സത്യമതല്ല!

Mail This Article
മാവേലിക്കര ചെറുകോലാണ് ഡോക്ടർ പ്രശാന്തിന്റെ പുതിയ വീട്. ഇരുപതു വർഷത്തിലധികം പഴക്കമുള്ള ഇരുനില വീടിന്റെ അകത്തളങ്ങൾ ഇടുങ്ങിയവയായിരുന്നു. ഒപ്പം കാറ്റും വെളിച്ചവും കയറില്ല എന്ന പ്രശ്നവും. ഇതിനു പരിഹാരമായാണ് വീട് കാലോചിതമായി പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.

വീടിന്റെ സ്ലോപ് നിലനിർത്തി പല തട്ടുകളായി ട്രസ് റൂഫ് ചെയ്തു. ഇതിനു മുകളിൽ കോൺക്രീറ്റ് റൂഫ് ടൈലുകൾ വിരിച്ചതോടെ വീടിന്റെ പുറംകാഴ്ച അടിമുറി മാറി. വൈറ്റ്+ ഗ്രേ തീമാണ് പുറംഭിത്തികളിൽ നൽകിയത്. ക്ലാഡിങ് ടൈലുകൾ പുറംകാഴ്ചയ്ക്ക് വേർതിരിവ് നൽകുന്നുണ്ട്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു തുറസായ ശൈലിയിലേക്ക് അകത്തളങ്ങൾ മാറ്റിയെടുത്തു. ഡബിൾ ഹൈറ്റിലേക്ക് ഊണുമുറിയും, ഗോവണിയും വരുന്ന ഹാൾ മാറ്റിയെടുത്തതോടെ അകത്തളങ്ങൾ കൂടുതൽ വിശാലമായി.

മാറ്റങ്ങൾ
- വീടിന്റെ മുന്നിലേക്ക് തള്ളിനിന്ന കുറച്ചുഭാഗങ്ങൾ ഇടിച്ചു കളഞ്ഞു മുറ്റം വിശാലമാക്കി.
- കാർ പോർച്ച് വലതുവശത്തു നിന്നും ഇടതുവശത്തേക്ക് മാറ്റി.
- മൊസൈക് തറ മാറ്റി വിട്രിഫൈഡ് ടൈൽ വിരിച്ചു.
- കിടപ്പുമുറികൾ വിശാലമാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി
- പഴയ അടുക്കള മോഡുലാർ കിച്ചൻ ആക്കിമാറ്റി.
റൂഫിൽ ഗ്ലാസ് സീലിങ് നൽകിയത് കാഴ്ചയുടെ ഭംഗിക്കൊപ്പം അകത്തളങ്ങൾ പ്രകാശമാനമാക്കാനും സഹായിക്കുന്നു. കൂടുതൽ ജനാലകൾ നൽകിയതോടെ ക്രോസ് വെന്റിലേഷൻ ലഭിച്ചു തുടങ്ങി. ടീക്കിന്റെ പ്ലാങ്കുകൾ കൊണ്ടുള്ള സ്ട്രിപ്പ് സീലിങ് അകത്തളത്തിലെ ഒരു ശ്രദ്ധാകേന്ദ്രമാണ്. ഇതിനിടയിൽ കോവ് ലൈറ്റുകൾ നൽകിയതോടെ വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിലനിൽക്കുന്നു.

പഴയ കോൺക്രീറ്റ് ഗോവണി ഒരുപാട് സ്ഥലം അപഹരിക്കുന്നുണ്ടായിരുന്നു. ഇത് പൂർണമായും പൊളിച്ചു കളഞ്ഞു മെയ്ക് ഓവർ നൽകി.എം എസ് + ടീക് കോംബിനേഷനിൽ ഒരുക്കിയ പുതിയ ഗോവണി അകത്തളത്തിന്റെ പ്രൗഢി വർധിപ്പിക്കുന്നു. കൈവരികളിൽ ടഫൻഡ് ഗ്ലാസ് നൽകി. ഗോവണി കയറിച്ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇതിനുസമീപം ഒരു ഹോം തിയറ്ററും ക്രമീകരിച്ചു.


ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. മുറ്റം ഇന്റർലോക് വിരിച്ചു. സമീപം ചെടികളും പുൽത്തകിടിയും നൽകി. ഇപ്പോൾ ചെറുകോലിലൂടെ പോകുന്നവരുടെ ലാൻഡ്മാർക് ആയി മാറിയിരിക്കുകയാണ് കാലോചിതമായി മുഖം മിനുക്കിയ ഈ വീട്.

Project Facts
Location- Cherukole, Mavelikkara
Area-4000 SFT
Owner- Dr. Prashanth
Designer- Anoop Kumar
Planet Architecture
Mob- 9961245604