കുഴപ്പം പിടിച്ച 6 സെന്റിനെ പലരും കൈവിട്ടു; പക്ഷേ ഒടുവിൽ ഉയർന്ന വീട് കണ്ടോ!
Mail This Article
തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രത്ത് അജിക്ക് 6 സെന്റ് ഭൂമിയുണ്ടായിരുന്നു. കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ട്. കൂടാതെ പ്ലോട്ടിന് മുന്നിലൂടെ വഴിയും പോകുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ പ്ലോട്ടിൽ തന്റെ ആഗ്രഹത്തിനൊത്ത ഒരു വീട് പണിയാൻ കഴിയുമോ എന്ന കാര്യത്തിൽ അജിക്ക് ആശങ്കയുണ്ടായിരുന്നു. നിരവധി പേരെ സമീപിച്ചെങ്കിലും പലരും താല്പര്യം പ്രകടിപ്പിച്ചില്ല. ഒടുവിൽ ഡിസൈനർ അനൂപ് കുമാർ ആ ദൗത്യം ഏറ്റെടുത്തു.
സ്ഥലപരിമിതി വീടിനുള്ളിൽ അനുഭവപ്പെടരുത് എന്നതായിരുന്നു വീട്ടുകാരുടെ ഒന്നടങ്കമുള്ള ആവശ്യം. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യം ആരും മറന്നുപോകും! സ്ഥലഉപയുക്തതയ്ക്കുവേണ്ടി ഭൂരിഭാഗവും ഫ്ലാറ്റ് റൂഫാണ് നൽകിയത്. ഒത്തനടുക്കായി ഉയരത്തിൽ ചരിഞ്ഞ മേൽക്കൂര നൽകി. ഇത് കാഴ്ചയിൽ വേറിട്ടുനിർത്തുന്നതിനൊപ്പം താഴെയുള്ള സ്ഥലം യൂട്ടിലിറ്റി സ്‌പേസായും ഉപയോഗിക്കാൻ സഹായിക്കുന്നു. വാട്ടർ ടാങ്കും ഇതിനു താഴെയാണ് വച്ചിരിക്കുന്നത്.
മൾട്ടിവുഡിൽ സിഎൻസി കട്ടിങ് നൽകിയാണ് ഗെയ്റ്റ് നിർമിച്ചത്. മുറ്റം വേണം എന്നുള്ളതുകൊണ്ട് കാർ പോർച്ച് പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റിയാണ് നിർമിച്ചത്. സിറ്റൗട്ടിനു ബീമുകൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതാണ് ചെറിയ സ്ഥലത്തും വിശാലത ലഭിച്ചതിന്റെ രഹസ്യം.
പ്രധാന വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ വശത്തായി സ്വീകരണമുറിയും ടിവി യൂണിറ്റും നൽകി. ഇവിടെനിന്നും പ്രവേശിക്കുന്നത് ഡൈനിങ് ഹാളിലേക്കാണ്. ഒതുക്കമുള്ള ഊണുമേശ. ഇതിനു സമീപമുള്ള ഭിത്തിയിൽ പ്രെയർ സ്‌പേസ് ഒരുക്കി. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകളും നൽകി. പ്ലൈവുഡ്, വെനീർ, ജിപ്സം ഫിനിഷിൽ പാനലിങ്ങും ഫോൾസ് സീലിങ്ങും അകമ്പടിയായി ലൈറ്റിങ്ങുമൊക്കെ ചെയ്ത് അകത്തളം ഇമ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു.
മൈൽഡ് സ്റ്റീലിനു മുകളിൽ തടി പൊതിഞ്ഞാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്. ഗോവണിയുടെ വശത്തെ സീലിങ് ഡബിൾ ഹൈറ്റിൽ നൽകി. ഇതിനു താഴെയായി ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു കോർട്യാർഡ് ഒരുക്കി. ഇവിടെ വീട്ടുകാരുടെ ആവശ്യപ്രകാരം ഒരു ആട്ടുകട്ടിലും ഒരുക്കി.
പുറംഭിത്തിയിൽ നൽകിയ നാച്ചുറൽ ക്ലാഡിങ് ഗോവണിയുടെ വശത്തെ ഭിത്തിയിലും തുടരുന്നുണ്ട്.
വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
അടുക്കളയും വിശാലമാണ്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. ചുരുക്കത്തിൽ സ്ഥലപരിമിതിയെ ഫലപ്രദമായ ഡിസൈനിലൂടെ മറികടന്നതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്ന ഘടകം.
Project Facts
Location- Nedumbram, Tiruvalla
Area- 2000 SFT
Plot- 6 cent
Owner- Aji Samuel
Designer- AnoopKumar CA
Planet Architects, Changanassery
email- planetarchitecture@gmail.com
Mob- 99612 45604
budget- 70 Lakhs