അകലെയാണെങ്കിലും നിന്നരികിലില്ലേ; ഇത് മനസ്സുകളെ ഒരുമിപ്പിക്കുന്ന സ്നേഹവീട്
Mail This Article
കോതമംഗലത്തിനടുത്ത് തങ്കളം എന്ന സ്ഥലത്താണ് വിജീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മറൈൻ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് വിജീഷ്. കപ്പലിൽ പല രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്ര. അങ്ങനെയുള്ള ഒരാൾക്ക്, നാട്ടിലുള്ള വീട് എന്നത് വളരെ ഗൃഹാതുരമായ ഒരനുഭവമായിരിക്കും. വീട്ടിൽ അധ്യാപികയായ ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്.
സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. വുഡൻ ഫിനിഷ് ടൈലുകൾ ഒട്ടിച്ച് പുറംഭിത്തികൾ ഹൈലൈറ്റ് ചെയ്തു. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചാണ് മുറ്റം ഭംഗിയാക്കിയത്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുന്ന വിധമാണ് ഗെയ്റ്റിന്റെയും ചുറ്റുമതിലിന്റെയും ഡിസൈൻ.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 2967 ചതുരശ്രയടിയിൽ ഒരുക്കിയത്.
സ്വീകരണമുറിയാണ് ഈ വീട്ടിലെ ഹൈലൈറ്റ്. ഇതിന്റെ ഭിത്തിയിൽ ഭൂഖണ്ഡങ്ങളുടെ ആർട്ട് വർക്ക് ഒട്ടിച്ചു. ഈ ഭിത്തിയിൽ പല രാജ്യങ്ങളുടെ സമയം കാണിക്കുന്ന ക്ളോക്കും കാണാം. ഇതിനൊരു ഉദ്ദേശ്യമുണ്ട്. ഗൃഹനാഥൻ ഏത് ഭൂഖണ്ഡത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നറിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോൺ വിളികൾ ക്രമീകരിക്കാൻ ഇതിലൂടെ കഴിയുന്നു.
വാസ്തുനിയമങ്ങൾ കൂടി നോക്കിയാണ് ഓരോ ഇടങ്ങളും വിന്യസിച്ചത്. അതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമായി ലഭിക്കുന്നു.
ഡബിൾ ഹൈറ്റിലാണ് സ്‌റ്റെയർ ഏരിയ. ഇതിനു സമീപം യെലോ ഫാബ്രിക് സോഫ കൊടുത്ത് ഫാമിലി ലിവിങ് വേർതിരിച്ചു. സ്‌റ്റെയറിന്റെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ താഴെയും മുകളിലും ജനാലകൾ കൊടുത്തിട്ടുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.
സ്‌റ്റെയറിന്റെ താഴെയായി കോർട്യാർഡ് വിന്യസിച്ചു. ഫോൾഡബിൾ ഗ്ലാസ് ഡോറിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. ബുദ്ധ തീമിലാണ് കോർട്യാർഡ്. ഭിത്തിയിൽ ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ചു ബുദ്ധ പ്രതിമ വച്ചു. മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. സീറ്റിങ് സ്‌പേസും ഇൻഡോർ പ്ലാന്റും കൊടുത്തിട്ടുണ്ട്.
ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചൻ സജ്ജീകരിച്ചു. ഇതിനിടയിലുള്ള ചെറിയ കൗണ്ടർ പാർടീഷൻ, ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം.
മൾട്ടിവുഡ്+ എച്ച് ഡി എഫ് പാനലിൽ പിയു പെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
ലളിതസുന്ദരമാണ് കിടപ്പുമുറികൾ. ഓരോ മുറികളുടെയും ഹെഡ്‌സൈഡ് വോൾ ടെക്സ്ചർ പെയിന്റ് ചെയ്തും ആർട്ട് ഫ്രയിമുകൾ വച്ചും ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.
പുതുവർഷ സമ്മാനമായിട്ടാണ് ഈ വീട് പൂർത്തിയായത്. ജനുവരിയിൽ പാലുകാച്ചലിന് ഭൂഖണ്ഡങ്ങൾ താണ്ടി ഗൃഹനാഥനും എത്തിച്ചേർന്നിരുന്നു.
Project facts
Location- Thankalam, Kothamangalam
Plot- 15 cent
Area-2967 SFT
Owner- Vijesh
Design- DelArch Architects & Interiors
Mob- 9072848244
Y.C- Jan 2021
English Summary- Kerala Home with a bundle of Happiness; Veedu Malayalam Magazine