ഒറ്റനിലയിൽ നിറയെ സന്തോഷം: ഇനി കേരളത്തിൽ അനുയോജ്യം ഇത്തരം വീട്; വിഡിയോ
Mail This Article
ആലപ്പുഴ മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിലുള്ള അനുവിന്റെയും സ്മൃതിയുടെയും പുതിയ വീടിന്റെ വിശേഷങ്ങളിലേക്ക് ഒന്നുപോയിവരാം.
പഴയ തറവാട് പൊളിച്ചാണ് പുതിയ വീടു നിർമിച്ചിരിക്കുന്നത്. അനു കുടുംബമായി പ്രവാസിയായതിനാൽ മാതാപിതാക്കളാണ് വീട്ടിൽ താമസിക്കുന്നത്. 17 സെന്റ് സ്ക്വയർ പ്ലോട്ടില്‍ 2200 സ്ക്വയർ ഫീറ്റിലാണ് ഈ ഒരുനില വീട് ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗതശൈലിയും പുതിയകാല സൗകര്യങ്ങളും ഒന്നിക്കുന്ന രീതിയിൽ ഒരു നിലയിലാണ് രൂപകൽപന. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കി വീടിന് സ്ഥാനം കണ്ടു. ബാംഗ്ലൂർ സ്റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ച് മുറ്റം മനോഹരമാക്കി.
ട്രെഡീഷനൽ ലുക്ക് കിട്ടാനായി മേൽക്കൂര ഫ്ലാറ്റ് വാർത്തതിനു ശേഷം ജിഐ ട്രസ്സ് ചെയ്ത് ഓടുവിരിച്ചു. വീടിന്റെ ഭംഗി മറയ്ക്കാതെ സൈഡിലേക്കു മാറ്റി കാർപോർച്ചും നിർമിച്ചു.
നീളൻ സിറ്റൗട്ടിൽ ചാരുപടികൾ ഒഴിവാക്കി ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി. തേക്കിൽ തീർത്ത പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ വിശാലത അനുഭവപ്പെടുന്നു. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒരു ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. റെഡിമെയ്ഡ് ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
ടെറാകോട്ട ഫിനിഷിലാണ് ഫ്ലോറിങ്. ഇത് അകത്തളങ്ങൾ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
വീടിന്റെ ആത്മാവ് കോർട്യാർഡാണ്. ഡൈനിങ്, വാഷ് ഏരിയ, കിടപ്പുമുറികൾ, കിച്ചൻ...എല്ലാം ഈ കോർട്യാഡിനു ചുറ്റുമായി ക്രമീകരിച്ചിരിക്കുന്നു.
തുറന്ന മേൽക്കൂരയുള്ള കോർട്യാർഡ് സുരക്ഷയ്ക്കായി ഗ്രില്ലും ഗ്ലാസും ഇട്ട് അടച്ചിട്ടുണ്ട്. ആവശ്യാനുസരണം ഇത് നീക്കാനാകും. അപ്പോൾ മഴയും വെയിലുമെല്ലാം നിയന്ത്രിതമായി ഉള്ളിലെത്തുംവിധമാണ് ക്രമീകരണം.
മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. മാസ്റ്റര്‍ ബെഡ്റൂം മാത്രം അത്യാവശ്യം അലങ്കരിച്ചു. വിടെ വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ച്ഡ് ബാത്റൂം എന്നിവയുണ്ട്. ബാക്കി മുറികൾ ലളിതമായി ഒരുക്കി.
ലളിതസുന്ദരമായാണ് കിച്ചൻ. ഇവിടെ മാറ്റ് ഫിനിഷ്ഡ് ടൈലുകളാണ് ഫ്ലോറിൽ. മറൈൻ പ്ലൈ+ മൈക്ക ലാമിനേഷനിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ആർട്ടിഫിഷ്യൽ ടൈൽ വിരിച്ചു. അനുബന്ധമായി വർക്കിങ് കിച്ചൻ, ലോൺട്രി സ്പേസ്, സ്റ്റോർ റൂം എന്നിവയുണ്ട്.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 55–60 ലക്ഷം രൂപയാണ് ചെലവായത്. ധാരാളം പ്രവാസികളും വീടുകളിൽ പ്രായമായ മാതാപിതാക്കളുമുള്ള നാടാണ് കേരളം. അവർക്ക് ബാധ്യയാകാത്ത വീടുകളാണ് ഇനി കേരളത്തിനാവശ്യം.
Project facts
Location- Chennithala, Mavelikkara
Plot- 17 cent
Area- 2200 Sq.ft
Owner- Anu Nair, Smrithi
Design- Sajesh Kumar, Sajith Kumar
Sajith& Sajesh Architects, Mallappally