മക്കളായാൽ ഇങ്ങനെവേണം! അച്ഛനുമമ്മയ്ക്കും വമ്പൻ സർപ്രൈസ് ഒരുക്കി ഇരുപതുകാരൻ

Mail This Article
കുടുംബത്തിന്റെ ആഗ്രഹത്തിനൊത്ത ഒരു വീടുണ്ടാവണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി നേടിയാലും നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പലർക്കും അത് സാധ്യമാകുന്നത്. എന്നാൽ തന്റെ അച്ഛനും അമ്മയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വീട് സ്വന്തം വരുമാനംകൊണ്ട് സർപ്രൈസായി വാങ്ങിനൽകി വാർത്തകളിൽ ഇടംനേടിയയാളാണ് അയർലൻഡ് സ്വദേശിയായ ആദം ബീൽസ് എന്ന 22 കാരൻ. കോവിഡ് വ്യാപനത്തിന് മുൻപ് തന്റെ ഇരുപതാം വയസ്സിലാണ് അച്ഛനും അമ്മയ്ക്കും വേണ്ടി ആദം വീട് വാങ്ങിയത്.
പന്ത്രണ്ടാം വയസ്സ് മുതൽ യൂട്യൂബറാണ് ആദം. അമ്മയെയും അനിയനെയും പ്രാങ്ക് ചെയ്യുന്ന വിഡിയോകളിലൂടെയാണ് ആദം യൂട്യൂബർ എന്ന നിലയിൽ പ്രശസ്തനായത്. ഇതിലൂടെ പിന്നീട് പല മേഖലകളിലേക്കും ആദത്തിന് എത്തിപ്പെടാനായി. അത്തരത്തിൽ സ്വന്തം അധ്വാനത്തിലൂടെ ഇത്രയും കാലംകൊണ്ട് സമ്പാദിച്ച പണമാണ് വീട് വാങ്ങാനായി ചെലവാക്കിയത്. 2020 ജനുവരിയിൽ വീട് വാങ്ങിയെങ്കിലും കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളെ തുടർന്ന് അവിടെ താമസത്തിനെത്താൻ വൈകുകയായിരുന്നു.

ഏറെ നാളുകൾക്ക് മുൻപേ ആദത്തിന്റെ അച്ഛനുമമ്മയും ഈ വീട് കണ്ടു ഇഷ്ടപ്പെട്ടിരുന്നു. അച്ഛനമ്മമാരുടെയും അനുജന്റെയും കണ്ണുകെട്ടികൊണ്ടാണ് ആദം അവരെ പുതിയ വീട്ടിലേക്ക് എത്തിച്ചത്. ഒടുവിൽ വീടിനുമുന്നിൽ എത്തിയശേഷമാണ് കണ്ണന്റെ കെട്ടുകൾ അയച്ചത്. വീട് കണ്ടതോടെ അമ്പരന്നുപോയ അച്ഛൻ അത് ആദം വാങ്ങിയതാണോ എന്ന് ചോദിച്ചു. അപ്പോൾ നിങ്ങൾക്കായി വാങ്ങിയതാണ് എന്നായിരുന്നു ആദത്തിന്റെ മറുപടി.
ഇതുകേട്ട് അദ്ഭുതസ്തബ്ധനായി താൻ നിന്നുപോയി എന്ന് അച്ഛൻ പറയുന്നു. സർപ്രൈസ് സമ്മാനം നൽകുന്നതിന്റെ വിഡിയോയും ആദം യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. നിറകണ്ണുകളോടെയല്ലാതെ ഈ വിഡിയോ കാണാനാവുന്നില്ല എന്നാണ് പലരുടെയും മറുപടി. അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ആഗ്രഹമുണ്ടായിട്ടും അത് സാധിക്കാതെ വരുന്ന ആളുകൾക്ക് പ്രചോദനമാണ് ആദത്തിന്റെ ജീവിതം എന്നാണ് മറ്റുചിലരുടെ കമന്റുകൾ.
English Summary- 20 year old Youtuber Present Dreamhouse to Parents