ഒളിച്ചുപോയി വേസ്റ്റ് കളയൽ; മലയാളിക്ക് ഈ നാണക്കേടിന്റെ കാര്യമുണ്ടോ?

Mail This Article
ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിൽ പാതിരാത്രി നടക്കുന്ന കലാപരിപാടിയുണ്ട്. 'വേസ്റ്റ് കൊണ്ടുപോയി കളയൽ' എന്ന പരിപാടിയാണത്. ആളുകളുടെ കണ്ണുവെട്ടിച്ച് ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മാലിന്യത്തിന്റെ സഞ്ചി വലിച്ചെറിഞ്ഞു ഗിയർ മാറ്റി ഒരുപോക്ക് അങ്ങുപോകും. വലിച്ചെറിഞ്ഞ മാലിന്യം ചീഞ്ഞഴുകി തെരുവുനായ്ക്കൾ കടിച്ചുചിതറി പ്രദേശവാസികൾക്ക് മൂക്കുപൊത്താതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാകുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും മാലിന്യം ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും സമയോചിതമായ പ്രവർത്തനവും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ എല്ലാത്തിനും മറ്റുള്ളവരെ കാത്തുനിൽക്കേണ്ട. എത്ര ചെറിയ സ്ഥലത്തുള്ള വീടുമാകട്ടെ, വീട്ടിൽത്തന്നെ ജൈവമാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കാൻ സാധിക്കും. ഒന്ന് മനസ്സുവയ്ക്കണമെന്നുമാത്രം.
ഗാർഹിക ഉറവിട മാലിന്യ നിർമാർജനം

ചെലവു കുറഞ്ഞതും അധികം സ്ഥലം ആവശ്യമില്ലാത്തതുമായ രീതിയാണ് ബയോ കമ്പോസ്റ്റർ ബിൻ ഉപയോഗിച്ചുള്ള മാലിന്യ നിർമാർജനം. ഗാർഹിക ഭക്ഷ്യമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്ന രീതിയാണിത്.
തയാറാക്കുന്ന വിധം
∙സുഷിരമുള്ള മൂന്നു ബക്കറ്റുകളായിട്ടാണു ബയോ കമ്പോസ്റ്റർ ബിൻ ലഭിക്കുക.
∙ഒന്നിനു മുകളിൽ ഒന്നായി മൂന്നു ബക്കറ്റും അടുക്കി വയ്ക്കുക.
∙ബക്കറ്റിന്റെ അടിഭാഗത്ത് രണ്ടിഞ്ച് കനത്തിൽ ചകിരിച്ചോർ വിരിക്കുക.
ഉപയോഗിക്കേണ്ട വിധം
∙ജലാംശം ഇല്ലാതെ ഗാർഹിക മാലിന്യങ്ങൾ അരിച്ചെടുക്കുക.
∙വെള്ളത്തിന്റെ സാന്നിധ്യം പുഴുക്കൾ ഉണ്ടാകാൻ കാരണമാകും.
∙ഒരു ദിവസത്തെ മാലിന്യം ഒന്നിച്ചു ബിന്നിൽ നിക്ഷേപിക്കുക.
∙ഓരോ ദിവസവും മാലിന്യം നിക്ഷേപിച്ചതിനുശേഷം അതിനു മുകളിൽ ചകിരിച്ചോർ വിതറുക.
∙45 ദിവസത്തിനു ശേഷം ബിന്നിലെ കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം.
∙ഏറ്റവും താഴെ തട്ടിലെ ബിന്നിൽ ഊറി വീണ വെള്ളം പച്ചക്കറി ചെടികളുടെ ചുവട്ടിൽ ഒഴിക്കാം.
ചെലവ്
ബയോഗ്യാസ് ബിന്നിന് 8,000 രൂപ മുതൽ 13,500 രൂപ വരെ ചെലവു വരും. 7,200 രൂപ വരെ സബ്സിഡി ലഭ്യമാണ്. മറ്റു സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും 90% വരെ സബ്സിഡി ലഭിക്കും.
ശ്രദ്ധിക്കുക
ബക്കറ്റുകളിലെ സുഷിരങ്ങൾ ആഴ്ചയിൽ ഒരിക്കൽ കമ്പ് ഉപയോഗിച്ച് കുത്തിക്കൊടുക്കാനും ബക്കറ്റിലെ കമ്പോസ്റ്റ് ഇളക്കിയിടാനും ശ്രദ്ധിക്കുക.
ബക്കറ്റ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ്, ബയോ ഡയജസ്റ്റർ ബിൻ, റിങ് കമ്പോസ്റ്റ്, ജി–ബിൻ, ബയോ കമ്പോസ്റ്റർ ബിൻ എന്നിങ്ങനെ ഒട്ടേറെ രീതികളിൽ ഗാർഹിക മാലിന്യങ്ങൾ സംസ്കരിക്കാം.
തയാറാക്കിയത്
പ്രിയ പി. ശ്രീനിവാസൻ
English Summary- Waste Disposal at Home; Sustainable Methods