നിങ്ങളുടെ വീട് വാട്ടർ പ്രൂഫിങ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ശ്രദ്ധിക്കുക

Mail This Article
ഏതു കെട്ടിടത്തിന്റെയും നിർമാണഘട്ടത്തിലെ അത്യാവശ്യഘടകമാണ് വാട്ടർ പ്രൂഫിങ്. കേരളത്തിന്റെ കാലാവസ്ഥയിൽ പ്രത്യേകിച്ചും വാട്ടർ പ്രൂഫിങ് അനിവാര്യവുമാണ്. പ്രധാനമായും നാലു വാട്ടർപ്രൂഫിങ് രീതികളാണുള്ളത്.
1. സിമന്റീഷ്യസ് വാട്ടർ പ്രൂഫിങ്
2. അക്രിലിക് വാട്ടർ പ്രൂഫിങ്
3. ബിറ്റുമിനസ് ബേസ്ഡ് വാട്ടർ പ്രൂഫിങ്
4. എപോക്സി ബേസ്ഡ് വാട്ടർ പ്രൂഫിങ്
സിമന്റീഷ്യസ് വാട്ടർ പ്രൂഫിങ്
സാധാരണ വീടുകൾക്ക് സിമന്റീഷ്യസ് വാട്ടർ പ്രൂഫിങ് ആണ് നല്ലത്. മികച്ച ഫലം ലഭിക്കുന്നതിനായി മികച്ച ഫലം ലഭിക്കുന്നതിനായി നിർമാണത്തിനൊപ്പം തന്നെ വാട്ടർ പ്രൂഫിങ് െചയ്യണം. മെയിൻ സ്ലാബിലോ പ്ലാസ്റ്ററിങ്ങിനു മുൻപോ ആകണം സിമന്റീഷ്യസ് വാട്ടർ പ്രൂഫിങ് ചെയ്യേണ്ടത്. വാട്ടർ പ്രൂഫിങ് സൊല്യൂഷനുകളായി അവ വിപണിയിലെത്തുന്നു. പെയിന്റ് ചെയ്യുന്നതു പോലെ ബ്രഷോ റോളറോ ഉപയോഗിച്ച് കോട്ടിങ് ഇടാം.
വീടിന്റെ ബെൽറ്റ് വാർക്കുമ്പോഴും സിമന്റീഷ്യസ് വാട്ടർ പ്രൂഫിങ് ചെയ്യുന്നത് നല്ലതാണ്. ജലനിരപ്പ് ഉയരുന്നതു കൊണ്ട് പെയിന്റും പുട്ടിയും ഇളകിപ്പോരുന്നതു തടയാൻ ഇതു സഹായിക്കും.
ബാത്ത്റൂമുകൾ, മുറികളുടെ ഭിത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുപയോഗിക്കുന്നവയാണ് അക്രിലിക് ബേസ് കോട്ടിങ്. ബാത്ത്റൂമിൽ ടൈലുകൾ ഒട്ടിക്കുന്നതിനു മുൻപ് വേണം ഇതു ചെയ്യാൻ. ബാത്ത്റൂമിന്റെ നിലത്തും ചുമരിലേക്ക് രണ്ടടി കയറ്റിയും വാട്ടർപ്രൂഫിങ് ചെയ്യേണ്ടതാണ്.

അക്രിലിക് കോട്ടിങ്
മേൽക്കൂരയിൽ നിന്നും പുറം ചുമരുകളിൽ നിന്നുമുള്ള ചോർച്ച തടയുന്നതിനാണ് പൊതുവേ അക്രിലിക് കോട്ടിങ് ഉപയോഗിക്കുന്നത്. ഇത് വാട്ടർ ബേസ്ഡ് കോട്ടിങ്ങാണ്.
ആദ്യമായി പ്രൈമറാണ് അടിക്കുക. എല്ലാ കമ്പനികൾക്കും വാട്ടർ പ്രൂഫിങ് പാക്കേജിൽ ഇതു വരുന്നതാണ്. ഒന്നിൽ ഒന്ന് എന്ന കണക്കിൽ വെള്ളം ചേർത്തു യോജിപ്പിച്ചാണ് പ്രൈമർ അടിക്കേണ്ടത്. പ്രൈമർ അടിച്ച ശേഷം രണ്ടു മണിക്കൂർ കാത്തിരിക്കുക. ആദ്യ കോട്ട് അടിച്ച് 4–6 മണിക്കൂർ കഴിഞ്ഞു വേണം രണ്ടാമത്തെ കോട്ട്.
ഇത് ഭാവിയിൽ ചുമരിൽ ഈർപ്പം വന്നു പാടുകൾ വീഴുന്നതു തടയും. മിക്ക അക്രിലിക് കോട്ടിങ്ങുകളും ചൂടു കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പ്രതലങ്ങളായ ടെറസുകൾ, പുറംഭിത്തികൾ ബാൽക്കണി, സൺഷേഡ് എന്നിവിടങ്ങളിൽ ഇലാസ്റ്റോമെറിക് കോട്ടിങ്ങോടു കൂടിയ വാട്ടർ പ്രൂഫിങ് ആണ് നല്ലത്. ചൂടിന്റെ വ്യതിയാനത്തിൽ കോൺക്രീറ്റിനുണ്ടാകുന്ന വികാസത്തിനനുസരിച്ചു വികസിക്കാനും ചുരുങ്ങാനും സാധിക്കുന്ന ഇലാസ്തികതയുള്ളതുകൊണ്ടാണ് ഇത്തരം പ്രൂഫിങ് പുറംഭിത്തിയിൽ ഉപയോഗിക്കുന്നത്.
ഉപയോഗിക്കേണ്ട രീതി

പ്രതലം വയർ ബ്രഷ് ചെയ്ത് അതിലുള്ള അഴുക്കും പൊടിയും നന്നായി നീക്കം ചെയ്തു കഴുകി വയ്ക്കുക. വാട്ടർ പ്രൂഫിങ് ചെയ്യുമ്പോൾ പ്രതലം ഈർപ്പമുള്ളതായിരിക്കണം.
വാട്ടർ പ്രൂഫിങ് കൂടുതൽ ഫലപ്രദമാകുന്നതിനും കട്ടി ലഭിക്കുന്നതിനുമായി ഫൈബർ മെഷ് ഉപയോഗിക്കുന്ന രീതി മുൻപുണ്ടായിരുന്നു. ഇപ്പോൾ ഫൈബർ മെഷ് ഇല്ലാതെ തന്നെ ആവശ്യത്തിനു കട്ടി കിട്ടുന്ന കോട്ടിങ്ങുകളുണ്ട്. ഒരു മില്ലിമീറ്റർ കനത്തിലെങ്കിലും കോട്ടിങ് ഉണ്ടെങ്കിൽ മാത്രമേ കമ്പനി പറയുന്ന ഗുണം ഉണ്ടാകൂ.

ബിറ്റുമിനസ് കോട്ടിങ്
ടാർ സൊല്യൂഷൻ പോലെയുള്ള ബിറ്റുമിൻസ് തേച്ചു പിടിപ്പിക്കുന്ന രീതിയാണിത്. വയർ ബ്രഷ് കൊണ്ട് പ്രതലം വൃത്തിയാക്കിയശേഷമാണിതു ചെയ്യുന്നത്. വീടിന്റെ തറനിരപ്പു പണി കഴിഞ്ഞ് ബെൽറ്റ് വാർത്ത് ബെൽറ്റിന്റെ പ്രതലത്തിലാണ് ഇതു ചെയ്യുന്നത്. ശേഷം കട്ട കെട്ടിപ്പൊക്കുന്നതാണ് ഉചിതം.
സിമന്റീഷ്യസ് ഉപയോഗിക്കുന്ന അതേ രീതിയില്‍ ഇത് ഉപയോഗിക്കാം. ഭൂമിക്കടിയിൽ വയ്ക്കുന്ന ടാങ്കുകൾക്കു മേൽ മണ്ണിടുന്നതിനു മുൻപും ഇതുപയോഗിക്കുന്നത് നല്ലതാണ്. ഇപ്പോൾ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന രീതിയാണിത്.
എപോക്സി കോട്ടിങ്
റിപ്പയർ ജോലികൾക്കാണ് എപോക്സി കോട്ടിങ്ങുകൾ ഉപയോഗിക്കുന്നത്. വാട്ടർ പ്രൂഫിങ് ചെയ്തിട്ടും പുട്ടിയും പെയിന്റും അടർന്നു പോകുകയോ വെള്ളം കിനിഞ്ഞിറങ്ങുകയോ ചെയ്താൽ ആ സ്ഥലത്തു മാത്രമായി എപോക്സി കോട്ടിങ് ഉപയോഗിക്കാം.
ഹാർഡ്നറും േബസും ആയിട്ടാണ് എപോക്സി കോട്ടിങ് ലഭിക്കുക. ഇതു യോജിപ്പിച്ച് തുല്യ അളവിൽ വെള്ളവും ചേർത്ത് കട്ടിയുള്ള കോട്ടിങ് ആയി ബ്രഷ് കൊണ്ടു തന്നെ ഉപയോഗിക്കാവുന്നതാണ്. പെയിന്റ്, പുട്ടി എന്നിവ ഉരച്ചു കളഞ്ഞതിനു ശേഷം സമിന്റ് പ്രതലത്തിലാണ് ഇത് അടിക്കേണ്ടത്. രണ്ടു കോട്ടിങ് കൊടുക്കണം. ഇത് പൂർണമായും ഉണങ്ങിയശേഷം മാത്രം പുട്ടിയിട്ട്, പെയിന്റ് ചെയ്യാം. വളരെ ചെറിയ സ്ഥലത്തിനാണ് എപോക്സി കോട്ടിങ് ഇണങ്ങുക.
കമ്പനി പറഞ്ഞിരിക്കുന്ന അളവുകൾ കൃത്യമായി ഉപയോഗിക്കണം. അതായത്, ഒരു ലീറ്റർ വാട്ടർ ഫ്രൂഫിങ് കൊണ്ട് എത്ര ചതുരശ്ര അടി പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിലയിരുത്തുക. ഇത് എല്ലാ വാട്ടർ പ്രൂഫിങ് രീതിക്കും ബാധകമാണ്.
എപിപി മെംബ്രൈൻ കോട്ടിങ്
ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു.
രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ്. ഫൈബർ ഷീറ്റുകൾക്ക് വിലയും ഈടും അൽപം കുറയും.
എപിപി ഉപയോഗിക്കേണ്ട വിധം
പ്രതലം വൃത്തിയാക്കി ബിറ്റുമിൻ പ്രൈമർ അടിക്കുക. അതിനുശേഷം ഈ ഷീറ്റുകൾ ഉരുക്കി പ്രതലത്തിൽ ഒട്ടിക്കുകയാണു ചെയ്യുന്നത്. ഇതു ചെയ്യാൻ വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരും. വളരെ ശ്രദ്ധ വേണ്ട ജോലിയാണിത്.
ഇതു ചെയ്തശേഷം ഒന്നരയിഞ്ച് കനത്തിൽ പ്ലാസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനു സ്ക്രീഡിങ് എന്നാണ് പറയുന്നത്. ഇതു ചെയ്തില്ലെങ്കിൽ ഉദ്ദേശിക്കുന്ന ലൈഫ് കിട്ടണമെന്നില്ല. ചോർച്ച വന്ന ശേഷം ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച മാർഗമാണ് എപിപി.
തയാറാക്കിയത്
അജയ് എസ്.
English Summary- Waterproofing Methods, Trends in Kerala