45 ദിവസത്തെ അധ്വാനം: പഴയ വീട് 45 അടി പിന്നിലേക്ക് നിരക്കിമാറ്റി!
Mail This Article
വീട് പൊളിച്ചു നീക്കാൻ മനസ്സില്ലാത്ത കുടുംബനാഥന്റെ ആഗ്രഹപ്രകാരം ചെറിയ പോറൽ പോലുമേൽക്കാതെ വീട് പിന്നിലേക്കു മാറ്റി സ്ഥാപിച്ചു. മാവേലിക്കര രണ്ടാംകുറ്റി റോഡിൽ പല്ലാരിമംഗലത്തിനു സമീപമാണു 1100 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് 45 അടിയോളം പിന്നോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചത്. ഹരിയാന കുരുക്ഷേത്ര ആസ്ഥാനമായുള്ള ശ്രീറാം ബിൽഡിങ് ലിഫ്റ്റിങ് എന്ന സ്ഥാപനത്തിലെ 6 തൊഴിലാളികളുടെ 45 ദിവസത്തെ പരിശ്രമമാണ് ഇതിനു പിറകിൽ. കെട്ടിടം നിരക്കി മാറ്റുന്നതിനായി ചാനൽ ക്രമീകരിക്കാനും പുതിയ സ്ഥലത്തു ബേസ്മെന്റ് നിർമിക്കുന്നതിനും പിന്തുണച്ചതു ചെട്ടിക്കുളങ്ങര ദേവഗിരി ബിൽഡിങ് ഡവലപ്പേഴ്സ് ആണ്.
എൽഐസി എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രൻ നായർ 4 വർഷം മുൻപാണു പല്ലാരിമംഗലം അശോക് നിവാസ് എന്ന കോൺക്രീറ്റ് വീടും 26 സെന്റ് സ്ഥലവും വാങ്ങിയത്. പിന്നിൽ ഏറെ സ്ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് അടുത്തു നിൽക്കുന്നതിനാൽ അസൗകര്യം അനുഭവപ്പെട്ട രാമചന്ദ്രൻ നായർ ആദ്യം വീട് പൊളിച്ചു പുതിയതു നിർമിക്കാൻ ആലോചിച്ചു. പുതിയതു നിർമിക്കുന്നതിന്റെ ചെലവ് ഏറെയായതിനാൽ കെട്ടിടം പിന്നോട്ടു നീക്കി സ്ഥാപിക്കാൻ തീരുമാനിച്ചു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിൽ 3 നില കെട്ടിടം ഉയർത്തി മാറ്റി പുതിയ സ്ഥലത്തേക്കു സ്ഥാപിച്ച കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തി. കെട്ടിടം മാറ്റി പുതിയ സ്ഥലത്തു സ്ഥാപിക്കുന്നതിനു മൊത്തം 8 ലക്ഷത്തോളം രൂപയാണു ചെലവ്. പുതിയ ബേസ്മെന്റിൽ കെട്ടിടം ബന്ധിപ്പിച്ചു തറ ക്രമീകരിക്കുന്നതോടെ ജോലികൾ പൂർത്തിയാകും. നിലവിൽ ഉണ്ടായിരുന്ന കെട്ടിടത്തിലെ കാർപോർച്ച് മാത്രമാണ് സ്ഥാനമാറ്റം വരുത്താതെ പൊളിച്ചു നീക്കിയത്.