വസ്തു റോഡിനഭിമുഖമായി തെക്കോട്ടാണ്; വീട് തെക്കോട്ട് ദർശനം വന്നാൽ ദോഷമുണ്ടോ?
Mail This Article
വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. കിഴക്കോട്ട് വേറെ വാതിൽ വേണമെന്നുണ്ടോ?
തെക്കുവശത്ത് വഴിയും മുഖവുമുള്ള ഗൃഹമാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ട് കിഴക്കോട്ട് വെറെ വാതിൽ വേണമെന്ന് നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണംതാനും. പക്ഷേ, വരാന്തയിലേക്ക് കയറാനുള്ള പടികൾ (നട) പടിഞ്ഞാറു നിന്നോ കിഴക്കു നിന്നോ ഉണ്ടാവുകയാണ് അഭികാമ്യം.
കിഴക്കോട്ട് റോഡിനഭിമുഖമായുള്ള വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാകുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
അത് ഉത്തമമല്ല. കിഴക്കോട്ടു തന്നെയാണു വേണ്ടത്.
വീടു പണിയാനുദ്ദേശിക്കുന്ന വസ്തു റോഡിനഭിമുഖമായി തെക്കോട്ടാണ്. വീടു പണിയുമ്പോൾ തെക്കോട്ടാണ് ദർശനം വരിക. തെക്കോട്ട് ദർശനം പാടില്ലെന്ന് കേട്ടിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?
വടക്കോട്ട് ദർശനമായ തെക്കിനിയെന്ന സങ്കല്പത്തിലാണ് പുര പണിചെയ്യാൻ പറ്റുക. പ്രധാന വാതിൽ അല്ലെങ്കിൽ മധ്യസൂത്രം ഒഴിവ് വേണ്ടത് വടക്കോട്ടാണ്. അങ്ങനെ നിർമിക്കുന്ന ഗൃഹത്തിലേക്ക് തെക്കു നിന്ന് പ്രവേശിക്കുന്നതിൽ ശാസ്ത്രപ്രകാരം ദോഷമില്ല. അതായത് തെക്കു മുഖമായും കണക്കനുസരിച്ച് വടക്കോട്ടു ദർശനമായും ഗൃഹം നിർമിക്കാം.
തെക്കുകിഴക്കുഭാഗത്താണ് റോഡുള്ളത്. വീടിന്റെ ദർശനം അങ്ങോട്ടു വയ്ക്കാമോ?
തെക്കുകിഴക്ക് ദർശനമായി വീട് നിർമിക്കരുതെന്നാണ് ശാസ്ത്രം പറയുന്നത്.
ഒരു സ്ഥലത്തിന്റെ തെക്കുവശത്ത് റോഡാണെങ്കിൽ തെക്കോട്ട് ദർശനമായി വീടു പണിയാമോ? അങ്ങനെയാണെങ്കിൽ പ്രധാന വാതിൽ തെക്കോട്ടു വയ്ക്കാമോ?
പ്രധാന വാതിൽ തെക്കിനിയായിട്ട് വയ്ക്കുമ്പോൾ വടക്കോട്ടു വയ്ക്കണം. പക്ഷേ അതേ സ്ഥാനത്ത് പിൻവശത്തു വാതിൽ വയ്ക്കാനുള്ള സ്ഥാനം പറയുന്നുണ്ട്. അപ്പോൾ ആ സ്ഥാനത്തു വച്ചു കഴിഞ്ഞാൽ അതിലേ കയറുകയും ചെയ്യാം. റോഡു തെക്കുവശത്തുള്ളതുകൊണ്ട് അത് വടക്കിനിയെന്നു പറയാൻ പറ്റില്ല, തെക്കിനി ആയി കണക്ക് സ്വീകരിച്ച് രൂപകല്പന ചെയ്യണം.
English Summary- Vasthu Doubts and Answers; Vasthu Tips in Malayalam