4 കൃഷിഭവനുകൾ ഇനി സസ്യാരോഗ്യകേന്ദ്രം

Mail This Article
നെടുങ്കണ്ടം ∙ നെടുങ്കണ്ടം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കീഴിലുള്ള 4 കൃഷി ഭവനുകളെ സസ്യാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. പ്രളയ ബാധിത മേഖലകളിൽ നവീന കൃഷിരീതികൾ കർഷകരിലേക്ക് എത്തിക്കുന്നതിനും ശാസ്ത്രീയ കൃഷി രീതി കർഷകരെ പരിശീലിപ്പിക്കുന്നതിനുമാണ് നെടുങ്കണ്ടം ബ്ലോക്കിനു കീഴിൽ സസ്യാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്തുകളിലെ കൃഷി ഭവനുകളെയാണ് സസ്യാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഈ മാസം പകുതിയോടെ സസ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കും.
സസ്യാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ കൃഷി ഭവനുകൾക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 5 ലക്ഷം രൂപ വീതം കൃഷിവകുപ്പ് അനുവദിച്ചിരുന്നു. കാർഷിക പ്രശ്നങ്ങൾ, വിളകളിലെ രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചു സസ്യാരോഗ്യ കേന്ദ്രങ്ങൾ പഠനം നടത്തും. കർഷകർക്കു മാർഗനിർദേശം നൽകുന്നതോടൊപ്പം ആധുനിക ലാബ് സൗകര്യവുമൊരുക്കും. കൃഷിഭവനുകളോടു ചേർന്നാണ് സസ്യാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നു നെടുങ്കണ്ടം കൃഷി അസി. ഡയറക്ടർ പ്രിൻസ് മാത്യു അറിയിച്ചു.
കരുണാപുരം പഞ്ചായത്തിലും സസ്യാരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനായി ബ്ലോക്ക് കൃഷി ഓഫിസിൽ നിന്നു കൃഷിവകുപ്പിനു കത്ത് നൽകിയിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്കിലെ കർഷകർക്ക് അനുവദിച്ച 3 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി. പച്ചക്കറിക്കൃഷിക്കായി 125 ലക്ഷം രൂപയും കുരുമുളകുകൃഷി പ്രോത്സാഹിപ്പിക്കാൻ 143 ലക്ഷം രൂപയും നെൽക്കൃഷി വ്യാപനത്തിനായി 5 ലക്ഷം രൂപയും ആഴ്ചച്ചന്തകൾക്കു 2 ലക്ഷം രൂപയും ഇക്കോഷോപ്പിന് 8 ലക്ഷം രൂപയും കൃഷിവകുപ്പ് അനുവദിച്ചിരുന്നു.
സസ്യാരോഗ്യ കേന്ദ്രം സേവനങ്ങൾ
വിളകളെ ബാധിക്കുന്ന കീട–രോഗ ബാധകളെക്കുറിച്ചുള്ള സംശയ നിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ, വിള പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിർദേശങ്ങൾ, മണ്ണിന്റെ ആരോഗ്യ പരിശോധന എന്നീ സേവനങ്ങൾ സസ്യാരോഗ്യ ക്ലിനിക്കിൽ നിന്നു ലഭിക്കും.