കോവിഡ് 19: കർഷകർക്കു പ്രതീക്ഷയേകി കൊക്കൂൺ വിലയിൽ കുതിപ്പ്
Mail This Article
ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത് കർണാടകയിലെ കൊക്കൂൺ കർഷകർക്ക് ഗുണകരമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടുനൂൽ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ കൊക്കൂണിന്റെ വില കുതിച്ചുയർന്നതാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത്. ചൈനയിൽ കോവിഡ് 19 (കോറോണ വൈറസ്) പടർന്ന് പിടിച്ചതോടെയാണ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊക്കൂൺ ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കർണാടകയ്ക്ക് ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതിയായിരുന്നു സമീപകാലങ്ങളിൽ കനത്ത തിരിച്ചടിയായത്. ഇളം മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് കൊക്കൂണിന് കിലോയ്ക്ക് 625 രൂപവരെയായി വില ഉയർന്നു. 2 മാസം മുൻപ് വരെ 450 രൂപ മുതൽ 500 രൂപവരെയായിരുന്നു ഇതിന്റെ വില. ക്രോസ് ബീഡ് കൊക്കൂണിന്റെ വില 250 രൂപയിൽനിന്ന് 325 രൂപവരെയായി ഉയർന്നു.
വിവിധ രാജ്യങ്ങളിലേക്ക് കൊക്കൂൺ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് എന്ന പേരുള്ള രാമനഗര കേന്ദ്രീകരിച്ചാണ്. ചന്നപട്ടണ, മൈസൂരു, ഹാസൻ, ചിത്രദുർഗ എന്നിവിടങ്ങളിലാണ് പട്ടുനൂൽ ഉൽപാദനത്തിനുള്ള മൾബറി കൃഷി കൂടുതലായുള്ളത്. കൊക്കൂണിനെ നിശ്ചിത അളവിൽ ചൂടാക്കിയാണ് പട്ടുനൂൽ വേർതിരിച്ചെടുക്കുന്നത്. രാജ്യത്തെ പട്ടുനൂൽ വ്യവസായത്തെ നിയന്ത്രിക്കുന്നത് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡാണ്. ചൈന കഴിഞ്ഞാൽ പട്ടുനൂൽ ഉൽപാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ 2018-19ൽ 1393 കോടിരൂപയുടെ പട്ടുവസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ബോംബിക്സ് മോറി എന്ന പുഴുക്കളെയാണ് പട്ടുനൂൽ ഉൽപാദനത്തിനായി കൂടുതലായി വളർത്തുക. സെൻട്രൽ സിൽക്ക് ബോർഡിന്റെ ബെംഗളൂരുവിലും മൈസൂരുവിലുമുള്ള ഗവേഷണ കേന്ദ്രമാണ് കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകുന്നത്.