പശൂമ്പയ്ക്കൊരു മിഠായി: കുഞ്ഞുവാവകൾക്ക് വലിയ ഇഷ്ടം, പ്രായമായവർക്ക് നൊസ്റ്റാൾജിയ; താരമായി വെച്ചൂർപ്പശു
Mail This Article
രണ്ടാം പിണറായി സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കൗതുകമായി മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെ വെച്ചൂർ പശു. കാഴ്ചയിൽ ജീവനുള്ള പശുവെന്നു തോന്നുമെങ്കിലും പ്രതിമയാണിത്. എട്ടു വർഷം മുൻപ് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തിയതാണ് ഈ വെച്ചൂർ പശു പ്രതിമ.
സുന്ദരിപ്പശുവിനെ കാണുന്ന കുഞ്ഞുവാവകൾക്ക് വലിയ കൗതുകം, പ്രായമായവർക്കാവട്ടെ പണ്ടുകാലത്ത് നാടൻ പശുക്കളെ കണ്ടതും വളർത്തിയതുമായ ഓർമപുതുക്കൽ. കൊച്ചുകുട്ടികൾക്ക് പശുവിനെ കൊഞ്ചിച്ചിട്ടും കൊഞ്ചിച്ചിട്ടും മതിയാകുന്നില്ല. അച്ഛന്റെയും അമ്മയുടേയും കൈ വീടിച്ച് പശൂനെ പിടിക്കാനെത്തുന്ന കുരുന്നുകൾ. 'പശൂമ്പ'യുടെ വായിലും മൂക്കിലും ഒരു മുട്ടായി കത്തിക്കേറ്റി എങ്ങിനെയും തീറ്റിക്കാൻ കഠിന പ്രയത്നം നടത്തിയ കുഞ്ഞാവ അതിലേറെ കൗതുകമായി. സ്റ്റാളിന് മുന്നിലൂടെ കടന്നുപോകുന്ന പ്രായമായവർ വെച്ചൂർ പശു പ്രതിമയെ ഒന്ന് തലോടാതെ പോകുന്നുമില്ല.
ഏപ്രിൽ ഒന്നു മുതൽ എട്ടു വരെയാണ് യുവതയുടെ കേരളം എന്ന ആശയത്തിൽ എന്റെ കേരളം 2023 പ്രദർശന വിപണന മേള.