കൊക്കോ വില ഇടിവിന് സാധ്യത, രാജ്യാന്തര വിപണി ശക്തം: ഇന്നത്തെ (22/1/25) അന്തിമ വില

Mail This Article
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്‌പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്‌ക്ക് വാങ്ങലുകാർ അൽപ്പം കുറവാണ്. താൽക്കാലികമായി 700 രൂപയിൽ പിടിച്ചു നിൽക്കാൻ ആഭ്യന്തര വിപണി ശ്രമം നടത്താം. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലെ ചരക്കു ക്ഷാമം തുടരുന്നതിനാൽ വിദേശത്ത് തളർച്ചയ്‌ക്ക് സാധ്യത കുറവാണെങ്കിലും ആഭ്യന്തര വ്യവസായികളുടെ നീക്കത്തെ കാർഷികമേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര മാർക്കറ്റിൽ കൊക്കോ കരുത്ത് നിലനിർത്തി ടണ്ണിന് 11,173 ഡോളറിൽനിന്ന് 11,693 ഡോളർ വരെ കയറി.
സംസ്ഥാനത്തെ പ്രമുഖ ഏലക്ക ലേല കേന്ദ്രങ്ങളിൽ പിന്നിട്ട ഒരാഴ്‌ചയിലേറെയായി ചരക്കു വരവ് ശക്തമാണ്. പല അവസരത്തിലും അര ലക്ഷം കിലോയ്‌ക്ക് മുകളിൽ ഉൽപന്നം വിൽപ്പനയ്‌ക്ക് ഇറങ്ങി. ആഭ്യന്തര വാങ്ങലുകാരും ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളും ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചത് മെച്ചപ്പെട്ട വിലയ്‌ക്ക് അവസരം ഒരുക്കി. ശരാശരി ഇനങ്ങൾ കിലോ 3000 രൂപയ്‌ക്കു മുകളിൽ ഇടപാടുകൾ നടക്കുന്നതിനാൽ ഉൽപാദകരും ചരക്ക് വിറ്റുമാറുന്നുണ്ട്. സൗത്ത് ഇന്ത്യൻ കാർഡമത്തിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 3216 രൂപയിൽ കൈമാറി. മൊത്തം 62,887 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 60,267 കിലോയും ലേലം കൊണ്ടു.

രാജ്യാന്തര റബർ വിപണിയിൽ നേരിയ ഉണർവ്. അവധി വ്യാപാര കേന്ദ്രങ്ങളിൽ ഊഹക്കച്ചവടക്കാർ കവറിങ്ങിന് കാണിച്ച തിടുക്കം ജപ്പാൻ, സിംഗപ്പുർ മാർക്കറ്റുകളെ താങ്ങിനിർത്തി. അതേസമയം തായ്‌ലൻഡിൽ മൂന്ന് ദിവസത്തെ തളർച്ചയ്‌ക്ക് ശേഷം ഷീറ്റ് വില കിലോ 210 രൂപയിൽ വിൽപന നടന്നു. സംസ്ഥാനത്തെ വിപണികളിലേക്കുള്ള ചരക്ക് വരവ് കുറവാണ്. നാലാം ഗ്രേഡ് കിലോ 189ൽനിന്നും 190 ലേക്ക് ഉയർന്നെങ്കിലും ഒട്ടുപാൽ ലാറ്റക്‌സ് വിലകളിൽ മാറ്റമില്ല.