ആഗോള കുരുമുളക് ഉൽപാദനം കുറയുമെന്ന് വിയറ്റ്‌നാം; റബറും മികവിലേക്ക്: ഇന്നത്തെ (17/2/25) അന്തിമ വില

Mail This Article
ആഗോള കുരുമുളക് ഉൽപാദനം ഈ വർഷം കുറയുമെന്ന് വിയറ്റ്‌നാം പെപ്പർ ആൻഡ് സ്‌പൈസസ് അസോസിയേഷൻ. പ്രതികൂല കാലാവസ്ഥയാണ് മുൻനിര ഉൽപാദകരാജ്യങ്ങളിൽ വിളവ് ചുരുങ്ങുന്നതിനു കാരണമായി അവർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം രണ്ടര ലക്ഷം ടൺ കുരുമുളക് വിയറ്റ്‌നാം കയറ്റുമതി നടത്തി. ആകർഷകമായ വിലയിൽ ഉൽപാദകർ കരുതൽ ശേഖരത്തിലുള്ള മുളകു പോലും വിറ്റു. ഇന്ന് ആഭ്യന്തര വില കിലോ 1,62,000 ഡോങാണ്, അതായത് ഏകദേശം 553 രൂപയായി ഉയർത്തിയിട്ടും തുറമുഖ നഗരമായ ഹോ ചി മിൻ സിറ്റിയിൽ കുരുമുളകിന് വിൽപ്പനക്കാർ കുറവായിരുന്നു. അടുത്ത വിളവെടുപ്പ് വരെ വിലക്കയറ്റം തുടരുമെന്നാണ് അവിടെ നിന്നുള്ള സൂചന. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യവസായികൾ ഇറക്കുമതി ഭീഷണി മുഴക്കില്ല. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ വിളവെടുപ്പിന്റെയും ചരക്ക് സംസ്‌കരണത്തിന്റെയും തിരക്കിലാണ്. അൺ ഗാർബിൾഡ് കുരുമുളക് കിലോ 658 രൂപ, കൊച്ചിയിൽ 40 ടൺ മുളകിന്റെ വിൽപന നടന്നു.

ഏഷ്യൻ റബർ മികവ് കാഴ്‌ചവയ്ക്കുമെന്ന ഉൽപാദകരാജ്യങ്ങളുടെ പ്രതീക്ഷകൾക്കു നിറം പകർന്ന് യെന്നിന്റെ മൂല്യം ഉയർന്നു. സാമ്പത്തിക മേഖലയിൽനിന്നുള്ള വാർത്തകൾ ഡോളറിനു മുന്നിൽ യെന്നിന് ശക്തി പകർന്നെങ്കിലും അവധി വ്യാപാരത്തിൽ നിക്ഷേപകരുടെ കണക്കുകൂട്ടലിനൊത്ത് റബറിന് മികവു കാഴ്‌ചവയ്ക്കാനായില്ല. കഴിഞ്ഞവാരം 154ലേക്ക് ദുർബലമായ യെന്നിന്റെ മൂല്യം ഇന്ന് 151ലേക്ക് ശക്തിപ്രാപിച്ചു. ഏഷ്യൻ റബർ ഫ്യുച്വറിലെ ചാഞ്ചാട്ടങ്ങൾക്ക് ഇടയിൽ ബാങ്കോക്കിൽ നിരക്ക് നേരിയ തോതിൽ മുന്നേറി. ഇതിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉൽപാദനം ഉയർന്ന വിവരം ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട വ്യവസായികളുടെ ശ്രദ്ധ ആ മേഖലയിലേക്ക് തിരിയാൻ ഇടയാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. നാലാം ഗ്രേഡ് കിലോ 190 രൂപ.
വിവിധ വിളകളുടെ വിലനിലവാരം ജില്ലതിരിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏലം ഉൽപാദന മേഖല ഓഫ് സീസണിലേക്ക് പ്രവേശിക്കുന്ന അവസരത്തിലും ഉയർന്ന അളവിൽ ചരക്കു ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്‌ക്ക് എത്തി. ഇന്നത്തെ ലേലത്തിൽ 65,046 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 63,086 കിലോയും വിറ്റഴിഞ്ഞു. ഉയർന്ന അളവിൽ ചരക്ക് ഇറങ്ങിയത് വാങ്ങലുകാർക്ക് അനുഗ്രഹമായി. ശരാശരി ഇനങ്ങൾ കിലോ 2982 രൂപയിലും മികച്ചയിനങ്ങൾ 3198 രൂപയിലും ലേലം നടന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ചരക്കുസംഭരണവും പുരോഗമിക്കുന്നു.