റെക്കോർഡ് കുതിപ്പിൽ നാളികേരം; സർവകാല റെക്കോർഡ് വിലയിൽ കൊപ്ര: ഇന്നത്തെ (20/3/25) അന്തിമ വില

Mail This Article
നാളികേരോൽപന്നങ്ങളുടെ റെക്കോർഡ് കുതിപ്പു കണ്ട് ചെറുകിട കർഷകർ വിഷു വരെ കാത്തുനിൽക്കാതെ വിളവെടുപ്പിനു നീക്കം തുടങ്ങി. പല ഭാഗങ്ങളിലും പച്ചത്തേങ്ങ വില ഉയർന്നതാണ് നാളികേരം മൂത്ത് വിളയുന്നതു വരെ കാത്തുനിൽക്കാതെ ഉൽപാദകരെ വിളവെടുപ്പിന് പ്രേരിപ്പിക്കുന്നത്. വെളിച്ചെണ്ണ ഒരാഴ്‌ചയ്ക്കിടെ ക്വിന്റലിന് 900 രൂപ വർധിച്ചതും കൊപ്രയാട്ട് വ്യവസായികളിൽനിന്നും പച്ചത്തേങ്ങയ്‌ക്ക് ആവശ്യം ഉയർന്നതും കാർഷികമേഖലയെ ആവേശം കൊള്ളിക്കുന്നു. കൊപ്ര സർവകാല റെക്കോർഡ് വിലയായ 16,250 രൂപയിലെത്തി. കേന്ദ്രം പ്രഖ്യാപിച്ച താങ്ങ് വിലയായ 11,582 രൂപയേക്കാൾ 4668 രൂപ ഉയർന്നാണ് വിപണനം പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കൊപ്ര 9500 രൂപയിലായിരുന്നു. കേവലം പന്ത്രണ്ട് മാസങ്ങളിൽ വില 6750 രൂപയാണ് വർധിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഉൽപാദനത്തിൽ സംഭവിച്ച ഇടിവ് വിലക്കയറ്റം ശക്തമാക്കി.
സംസ്ഥാനത്തെ റബർ കർഷകർ വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുകയാണെങ്കിലും ഉൽപാദന മേഖലയിൽ കാര്യമായി ചരക്കില്ലെന്ന നിലപാടിലാണു വ്യാപാര രംഗം. വരണ്ട കാലാവസ്ഥ മൂലം റബർവെട്ട് നിലച്ചതിനാൽ വ്യവസായികളും രംഗത്ത് സജീവമല്ല. തായ് മാർക്കറ്റ് തുടർച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 207ലേക്ക് താഴ്‌ന്നു. ജാപ്പനീസ് എക്‌സ്‌ചേഞ്ചിൽ തുടക്കത്തിൽ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ച റബർ ഇടപാടുകളുടെ രണ്ടാം പകുതിയിൽ തിരിച്ചു വരവ് നടത്തി. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 201 രൂപയിൽ കൈമാറി.

ഉൽപാദകമേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതികാരും മത്സരിച്ചു ചരക്ക് സംഭരിച്ചു. കാലാവസ്ഥ മാറ്റം കണക്കിലെടുത്ത് സ്റ്റോക്കിസ്റ്റുകൾ ലേലത്തിനുള്ള ഏലക്ക നീക്കം ചുരുക്കിയെങ്കിലും നിരക്ക് ഉയർന്നില്ല. വരണ്ട കാലാവസ്ഥ തുടർന്നാൽ ആകർഷകമായ വില ഏലത്തിന് ഉറപ്പ് വരുത്താനാവുമെന്ന നിലപാടിലാണ് ഉൽപാദകർ. മികച്ചയിനങ്ങൾ കിലോഗ്രാമിന് 2858 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2558 രൂപയിലും കൈമാറി. ലേലത്തിന് ഇറങ്ങിയ 12,160 കിലോ ഏലക്കയിൽ 11,860 കിലോയും വിറ്റഴിഞ്ഞു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക