സ്ഥലപരിമിതിയുള്ളവർക്ക് കപ്പക്കൃഷി ചാക്കിലാക്കാം
Mail This Article
കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലർക്കും സ്ഥലപരിമിതി വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. അത്തരം കൃഷിസ്നേഹികൾക്ക് ആശ്വാസമാണ് ഗ്രോബാഗുകൾ. എന്നാൽ, പച്ചക്കറികളാണ് ഇത്തരം ചെറു ബാഗുകളിൽ നടാൻ സാധിക്കൂ. അപ്പോൾ കപ്പ പോലെയുള്ള കിഴങ്ങുവിളകൾ എങ്ങനെ നടും?
വലിയ പ്ലാസ്റ്റിക് ചാക്കുകൾ ഇതിനായി ഉപയോഗിക്കാം. അരി, കാലിത്തീറ്റ, വളം എന്നിവ വരുന്ന ചാക്കുകൾക്ക് ഒരു തവണത്തെ കൃഷിക്കുള്ള ഈട് ലഭിക്കും. 50 കിലോഗ്രാമിന്റെ ഇത്തരം ചാക്കുകളിൽ നേരിട്ട് നടീൽ മിശ്രിതം നിറച്ച് കപ്പത്തണ്ട് നടാം. എന്നാൽ, കപ്പയുടെ കിഴങ്ങുകൾ വശങ്ങളിലേക്ക് നീണ്ടു വളരുന്നവയായതിനാൽ ഈ രീതിയിൽ നടുമ്പോൾ കിഴങ്ങുകളുടെ ആകൃതി നഷ്ടപ്പെടാനും വളർച്ച കുറയാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു രീതിയിൽ ചാക്ക് മാറ്റിയെടുത്താൽ കൂടുതൽ ഉപകാരപ്പെടും. ചാക്കിന്റെ ഒരു വശത്ത് ചതുരാകൃതിയിൽ മുറിച്ചശേഷം ചെറിയ ചാക്ക് ഇവിടെ തുന്നിച്ചേർക്കാം. ശേഷം വലിയ ചാക്കിന്റെ ചാക്കിന്റെ തുറന്നഭാഗവും തുന്നിപ്പിടിപ്പിച്ചശേഷം നടീൽ മിശ്രിതം നിറയ്ക്കാം.
പരമ്പരാഗതമായി ചാണകപ്പൊടി ചേർത്താണ് കപ്പ നടുക. ഈ രീതിയിലും അത് അവലംബിക്കാം. ഒപ്പം പച്ചിലവളമോ കമ്പോസ്റ്റോ നൽകുന്നതും നല്ലതാണ്.
ചാക്കുകളിൽ ഈ രീതിയിൽ കപ്പ നട്ടാൽ കൂടുതൽ വിളവ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.