ചെല്ലിയോട് മല്ലിട്ട് ഗോപി നേടുന്നത് വർഷം രണ്ടു ലക്ഷം രൂപ: കുള്ളൻ തെങ്ങിന്റെ വെല്ലുവിളികൾ
Mail This Article
കുറിയ തെങ്ങുകൾക്കു നമ്മുടെ നാട്ടിൽ പ്രചാരം ലഭിക്കാന്‍ മുഖ്യ കാരണം തേങ്ങയിടാൻ ആളെ കിട്ടാത്തതുതന്നെ. പൊള്ളാച്ചിയിലെ കുള്ളൻ തെങ്ങുകളുടെ കനത്ത വിളവു കണ്ട് കൃഷിക്കിറങ്ങിയവരുമുണ്ട്. നീര പദ്ധതി കൊടുമ്പിരികൊണ്ട കാലത്ത് ചെത്തിന്റെ ചെലവു കുറയ്ക്കും എന്ന വിശ്വാസത്തോടെ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കാൻ കർഷക കമ്പനികളും മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും കുറിയ തെങ്ങിനങ്ങള്‍ കണ്ണുംപൂട്ടി വാങ്ങാൻ നമ്മുടെ നാട്ടിൽ മിക്ക കർഷകരും ഒരുക്കമല്ല. വീട്ടുവളപ്പിൽ മൂന്നോ നാലോ എന്ന നിലയ്ക്കല്ലാതെ കുള്ളൻ തെങ്ങുകളുടെ തോട്ടം ഒരുക്കാൻ ധൈര്യപ്പെടുന്നവർ നന്നേ കുറവ്.
നെടിയ, സങ്കര ഇനങ്ങളെ അപേക്ഷിച്ച് രോഗ,കീടബാധകൾ കൂടുതലായി കാണുന്നു എന്നതുതന്നെ പ്രധാന കാരണം. ചെല്ലിയുടെ ആക്രമണം രൂക്ഷം. എന്നാൽ ചെല്ലിയോടു മല്ലിട്ട് കുറിയ തെങ്ങിനങ്ങള്‍ വിജയകരമായി കൃഷി ചെയ്യുന്നൊരാളുണ്ട് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ. 56 സെന്റിൽ 52 കുള്ളൻ തെങ്ങുകൾ കൃഷി ചെയ്തിരിക്കുന്ന കുമാരപുരം വീട്ടിൽ ആർ. ഗോപി. വിളവിലെത്തിയ 44 തെങ്ങുകളിൽനിന്ന് ഒന്നിന് 30 രൂപ നിരക്കിൽ 8 മാസമായി ഇളനീർ വിറ്റ് ഗോപി നേടുന്നത് മികച്ച വരുമാനം.
വിദ്യാഭ്യാസവകുപ്പിൽനിന്ന് വിരമിച്ചപ്പോഴാണ് ഗോപി തെങ്ങുകൃഷിയിൽ കൈവച്ചത്. വീട്ടിൽനിന്ന് 4–5 കിലോമീറ്റർ അകലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലുള്ള 56 സെന്റ് സ്വന്തം സ്ഥലം തരിശു കിടക്കുകയായിരുന്നു. ചേർത്തലയിലെ ചൊരിമണലിൽ എന്തു കൃഷി ചെയ്യും എന്ന ചിന്തയ്ക്കൊടുവിലാണ് മുന്‍പ് പാലക്കാട് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടറിഞ്ഞ, ഇളനീരിനായുള്ള തെങ്ങുകൃഷി മനസ്സിൽ തെളിഞ്ഞത്. ആലപ്പുഴയിലൂടെ കടന്നു പോകുന്ന നാഷനൽ ഹൈവേയിലേക്ക് തോട്ടത്തിൽ നിന്ന് അധിക ദൂരമില്ലാത്തതിനാൽ ഇളനീർ കച്ചവടക്കാരിൽനിന്ന് ഡിമാൻഡ് ഉറപ്പായിരുന്നെന്നും ഗോപി.
കൃഷി മുതൽ വിപണി വരെ
പാലക്കാട് ഇളനീർ തോട്ടങ്ങൾ ഇഷ്ടംപോലെയുണ്ടെങ്കിലും അവയൊക്കെയും ഉയരത്തിന്റെ കാര്യത്തിൽ നെടിയതിനും കുറിയതിനും ഇടയിലുള്ള സങ്കരയിനങ്ങളുടെ തോട്ടങ്ങളാണ്. കുള്ളൻ തോപ്പുകൾ അതിർത്തിക്കപ്പുറമാണ്. മഴ കൂടുതലുള്ള പ്രദേശത്ത് ഹൈബ്രിഡ് ഇനങ്ങൾക്ക് വിളവു കുറയുകയും കീടബാധ കൂടുകയും ചെയ്യും എന്നതുതന്നെ കാരണം. എങ്കിലും, തൊഴിലാളികളെ കിട്ടാനുള്ള പങ്കപ്പാടും കൂലിച്ചെലവുമെല്ലാം കണക്കിലെടുത്തപ്പോൾ, ഏഴെട്ടു കൊല്ലത്തേക്കെങ്കിലും നിലത്തുനിന്നുതന്നെ പരിപാലനവും വിളവെടുപ്പും സ്വയം ചെയ്യാനാകുന്ന കുള്ളൻതന്നെ മതിയെന്നു ഗോപി നിശ്ചയിച്ചു. 20 വർഷം പ്രായമെ ത്തിയാൽപോലും ശരാശരി 8–10 മീറ്റർ ഉയരത്തിലൊതുങ്ങും കുറിയ ഇനങ്ങൾ. ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, മലയൻ യെല്ലോ, മലയൻ ഗ്രീൻ എന്നിങ്ങനെ നീളുന്ന കുറിയ ഇനങ്ങളിൽ ആന്ധ്രയിൽനിന്നുള്ള ഗംഗാബോണ്ടം (സണ്ണങ്കി) എന്ന ഇനമാണ് ഗോപി പരീക്ഷിച്ചത്.
ജെസിബി കൊണ്ട് നിലമിളക്കി പഴയ മരക്കുറ്റികൾ മുഴുവൻ നീക്കി കൃഷിത്തുടക്കം. കൃഷിയിടത്തിലുണ്ടായിരുന്ന കുളം വൃത്തിയാക്കി ജല ലഭ്യത ഉറപ്പാക്കി. ജെസിബി കൊണ്ടുതന്നെ ഒരു മീറ്റർ ആഴത്തിൽ കുഴി യെടുത്ത് 6 മീറ്റർ അകലത്തിൽ 56 തെങ്ങുകൾ നട്ടു(കുള്ളൻ ഇനമായതുകൊണ്ട് 6 മീറ്റർ അകലം മതിയാകുമെന്നു കരുതിയെങ്കിലും വളർന്നു വന്നപ്പോൾ അടുത്തടുത്ത തെങ്ങുകളുടെ ഓലകൾ തമ്മിൽ മുട്ടുന്ന സ്ഥിതിയുണ്ടെന്നും അകലം 7–7.5 മീറ്റർ ഉറപ്പാക്കണമെന്നും ഗോപി).
മണൽകലർന്ന മണ്ണിൽ കുഴിയെടുത്ത് അതിൽ ചകിരിത്തൊണ്ട് അടുക്കുകയായിരുന്നു ആദ്യപടി. ജലാംശം പിടിച്ചു നിർത്താൻ തൊണ്ട് ഉപകരിക്കും. ഏറ്റവും അടിയിൽ ഒരു പാളിയായി തൊണ്ട് മലർത്തി അടുക്കിയ ശേഷം മുകളിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ വിതറി. മുകളിൽ മണ്ണിട്ട ശേഷം തൈവച്ചു. 2018 മധ്യത്തോടെ നട്ട തെങ്ങിൽനിന്ന് 2021 അവസാനത്തോടെ വിളവെടുപ്പും വിൽപനയും തുടങ്ങി. കേടുവന്നു നശിച്ച 7 തെങ്ങുകൾ ഒഴികെ 44 തെങ്ങുകളിൽനിന്ന് 8 മാസമായി വിളവെടുപ്പു നടക്കുന്നു.
സാധാരണഗതിയിൽ തേങ്ങയ്ക്കായി കൃഷി ചെയ്യുമ്പോൾ ഒരു തെങ്ങിൽനിന്ന് 45 ദിവസം കൂടുമ്പോഴാണ് വിളവെടുക്കുക. ഇളനീരിന്റെ കാര്യത്തില്‍ അത് 25–30 ദിവസമായി ചുരുങ്ങും. ഒരു തെങ്ങിൽനിന്ന് വർഷം കുറഞ്ഞത് 150 ഇളനീർ. ഒന്നിന് 30 രൂപയ്ക്ക് തോട്ടത്തിൽനിന്നുതന്നെ വിൽപന. തെങ്ങൊന്നിന് ഇളനീർ വിൽപനയിലൂടെ ആണ്ടിൽ ഏതാണ്ട് 4500 രൂപ നേട്ടം. അരയേക്കറിൽനിന്ന് 2 ലക്ഷം രൂപ വരുമാനം. വർഷത്തിൽ 3 തവണയുള്ള വളപ്രയോഗത്തിനും കീടനാശിനികൾക്കുമായി വരുന്ന ചെലവു കിഴിച്ചാലും ഇളനീരിനായുള്ള തെങ്ങുകൃഷി ലാഭമെന്നു ഗോപി. എന്നാൽ ഇതൊന്നുമല്ല തെങ്ങുകൃഷിയിലെ കാതലായ കാര്യം. രണ്ടു കൊടിയ ശത്രുക്കളോട് എതിരിട്ടു വേണം തെങ്ങുകൃഷിയിൽ വരുമാനം നേടാൻ; ചെമ്പൻ ചെല്ലിയും കൊമ്പൻ ചെല്ലിയും. ഹൈബ്രിഡ് ഇനങ്ങളുടെ നേർക്ക് ഈ ശത്രുശല്യം രൂക്ഷമാണുതാനും.
ചെല്ലിയോട് മല്ലിട്ട്
തൈ പ്രായം മുതൽ കായ്ഫലമെത്തുന്നതുവരെ ഏതു ഘട്ടത്തിലുമുണ്ട് ചെമ്പൻചെല്ലിയുടെയും കൊമ്പൻചെല്ലിയുടെയും ശല്യം. കൊമ്പൻചെല്ലിയുണ്ടാക്കുന്ന മുറിപ്പാടുകൾ ചെമ്പൻചെല്ലിക്കു വഴിയൊരുക്കും. കൂമ്പുചീയൽപോലുള്ള കുമിൾരോഗങ്ങൾക്കിത് വഴിവയ്ക്കും. ചെല്ലി ആക്രമണത്തെ നിരന്തരം നിരീക്ഷിച്ച് അപ്പപ്പോൾ പ്രതിവിധി ചെയ്തില്ലെങ്കിൽ നിയന്ത്രണം അസാധ്യമാകുമെന്ന് ഗോപി പറയുന്നു. അഴുകിയ ജൈവവസ്തുക്കളൊക്കെ നീക്കി കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നത് കൊമ്പൻചെല്ലി മുട്ടയിട്ടു പെരുകുന്നത് തടയാൻ സഹായിക്കും.
തെങ്ങിനെ സംബന്ധിച്ച് കൂടുതൽ മാരകമായ കീടം ചെമ്പൻചെല്ലി തന്നെയാണ്. തടിയിൽ കാണുന്ന ദ്വാരങ്ങളിലും ഓലക്കവിളുകളിലുമെല്ലാം നിശ്ചിത ഇടവേളകളിൽ കീടനാശിനി പ്രയോഗിച്ചു വ്യാപനം തടയണം. നിത്യവും ഓരോ തെങ്ങിനെയും നിരീക്ഷിക്കാനും പരിപാലിക്കാനും സമയമില്ലെങ്കിൽ കൃഷി പരാജയത്തിൽ കലാശിക്കുമെന്നും ഗോപി. കുറിയ തെങ്ങുകളായതിനാൽ ഓരോന്നിന്റെയും അരികിലെത്തിയുള്ള നിരീക്ഷണവും ചെല്ലിയെ പുറത്താക്കലും കീടനാശിനിപ്രയോഗവും വിളവെടുപ്പുമെല്ലാം സ്വയം ചെയ്യാം. തെങ്ങിന്റെ ഉയരം കൂടുന്നതിന് അനുസരിച്ച്, കയറിനിൽക്കാൻ തക്ക പൊക്കമുള്ള സ്റ്റാൻഡ് ഉപയോഗിക്കും.
ചുരുക്കത്തിൽ, ഇളനീരിനായുള്ള കുള്ളൻ ഇനങ്ങൾ കൃഷി ചെയ്താൽ കുറെ വർഷങ്ങളിലേക്കെങ്കിലും തൊഴിലാളിക്ഷാമവും കൂലിച്ചെലവും ഏശില്ല. എന്നാൽ നിത്യവും പരിപാലിക്കാനുള്ള മനസ്സും സമയവും കരിക്കിന് മികച്ച വില ലഭിക്കാനുള്ള സാഹചര്യവുമുണ്ടെങ്കിൽ മാത്രമേ അതിനു തുനിയാവൂ എന്ന് ഗോപി ഓർമിപ്പിക്കുന്നു.
ഫോൺ: 9446141338
English summary: Dwarf coconut tree cultivation