നശിച്ചത് 4368.86 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികൾ: പ്രശ്നങ്ങളില് നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ

Mail This Article
കാലാവസ്ഥാവ്യതിയാനം മുതൽ ഭൂനിയമങ്ങളും ആഗോള കരാറുകളും മനുഷ്യ-വന്യ ജീവിസംഘർഷവും വരെ നീളുന്ന അസംഖ്യം ഊരാക്കുടുക്കിലാണ് ഇടുക്കിയിലെ ചെറുകിട കർഷകർ. കൃഷിക്കും കന്നുകാലി വളർത്തലിനും ഫാം ടൂറിസത്തിനുമെല്ലാം യോജ്യമായ ജില്ലയെങ്കിലും ഇവിടത്തെ കർഷകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. പുതുതലമുറയിൽ നല്ല പങ്കും കൃഷി ഉപേക്ഷിച്ച് അന്യദേശങ്ങളിലേക്കു കുടിയേറുക കൂടി ചെയ്യുന്നതോടെ ജില്ലയിലെ കൃഷിയുടെ ഭാവി തന്നെ ആശങ്കയിലായിരിക്കുന്നു. കുരുമുളക്, ഏലം, തേയില, ശീതകാല പച്ചക്കറികൾ, പഴവർഗവിളകൾ എന്നിവയുടെ കൃഷിയിൽ ഒന്നാം സ്ഥാനത്താണ് ഇടുക്കി. കാപ്പിക്കൃഷിയിൽ രണ്ടാം സ്ഥാനത്തും മരച്ചീനി കൃഷിയിൽ മൂന്നാം സ്ഥാനത്തും. റബർ, ജാതി, കൊക്കോ തുടങ്ങി പ്രമുഖ വിളകൾ വേറെയുമുണ്ട് ഇടുക്കിയിൽ.
കാലാവസ്ഥമാറ്റം തീവ്രം
നാലു പതിറ്റാണ്ടിനിടെ ഇടുക്കി ജില്ലയുടെ കാലാവസ്ഥയിൽ സാരമായ മാറ്റമുണ്ടായി. ഹൈറേഞ്ചിൽ സാവധാനമെത്തി നിന്നുപെയ്തിരുന്ന ചാറ്റൽമഴ അപ്രത്യക്ഷമായിട്ടു വർഷങ്ങളായി. 40 വർഷത്തിനിടയിൽ ഇന്ത്യൻ കാർഡമം ഹിൽസ് മേഖലയിൽ ശരാശരി 19.75 മഴദിവസങ്ങൾ കുറഞ്ഞുവെന്ന് നേച്ചർ സയന്റിഫിക് റിപ്പോർട്സ് ജേണലിൽ 2024 ഡിസംബറിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ വാർഷികമഴയുടെ അളവിൽ ഒരു വർഷം ശരാശരി 13.6 മി.മീ. എന്ന നിരക്കിൽ കുറവുണ്ടായി. 2024ൽ ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ 120 ദിവസം മഴ ലഭിച്ചില്ല. മൺസൂണിനു മുന്‍പും മൺസൂണിനു ശേഷവും ലഭിക്കുന്ന മഴയിൽ കാര്യമായ കുറവുണ്ടായി. മഴയില്ലാത്ത ദിവസങ്ങൾ കൂടുന്നതും നീണ്ടുനിൽക്കുന്ന വരൾച്ചയും ഏലത്തിന്റെ വിളവിനെ കാര്യമായി കുറയ്ക്കുമെന്ന് പഠനം പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ പെയ്യുന്ന അതിതീവ്ര മഴയും വിളവ് കുറയ്ക്കും.
മുന്‍പ് 10-15 വർഷത്തെ ഇടവേളകളിലാണ് വരള്‍ച്ച വന്നിരുന്നതെങ്കിൽ ആഗോളതാപനത്തെയും കാലാവസ്ഥമാറ്റത്തെയും തുടർന്ന് ഈ ഇടവേള കുറഞ്ഞു. 2012 മുതലുള്ള 10 വർഷത്തിനിടയിൽ 4 വർഷം ഏലക്കൃഷിമേഖലയിൽ വരൾച്ചയുണ്ടായതായി പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി ഡോ. എം.മുരുഗൻ പറയുന്നു. മഴക്കാടുകളിലെ പ്രത്യേക കാലാവസ്ഥയിൽ വളരുന്ന വിളയാണ് ഏലം. നല്ല വളർച്ചയ്ക്ക് അന്തരീക്ഷത്തിലെ ആർദ്രതയും മണ്ണിലെ ഈർപ്പവും ഒരു പോലെ പ്രധാനമാണ്. വേരുകൾ ആഴത്തിൽ പോകാത്തതിനാൽ മേൽമണ്ണിലെ ചെറിയ ചൂടുപോലും ഉൽപാദനത്തെ ബാധിക്കും. ഈ വർഷമുണ്ടാകുന്ന വരൾച്ച അടുത്ത വർഷത്തെ വിളവും കുറയ്ക്കും. തട്ടകളുടെ വളർച്ച കുറയും. ശരത്തിന്റെ നീളം കുറയും. പൂക്കൾ ഉണ്ടാകുന്നതിനെയും ബാധിക്കും. കായ്കളുടെ തൂക്കം കുറയും.
നീണ്ടു നിൽക്കുന്ന വരൾച്ച ഏറ്റവും കൂടുതൽ സമ്മർദമുണ്ടാക്കുന്നത് ജലസ്രോതസ്സുകളിലാണ്. ചില മേഖലകളിൽ നവംബർ - ഡിസംബർ മുതലേ ഏലത്തിന് കൃത്രിമ ഷെയ്ഡ് നൽകി നനയ്ക്കേണ്ട സ്ഥിതിയുണ്ട്. കുഴൽകിണറുകളുടെ എണ്ണം കൂടുന്നത് ഭൂഗർഭജലശേഖരത്തെ ശോഷിപ്പിക്കും. 2024ൽ ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെ നീണ്ട വേനൽച്ചൂടിൽ 4368.86 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികളാണ് ഉണങ്ങിനശിച്ചത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ വരുംവർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം കൂടുതൽ രൂക്ഷമാകുമ്പോൾ വരൾച്ച കൂടുതൽ ബാധിക്കുന്നത് നനസൗകര്യം കുറഞ്ഞ ചെറു കൃഷിയിട ങ്ങളെയാവും. കാലാവസ്ഥാവ്യതിയാനം പുതിയ കളകളെയും കീട - രോഗങ്ങളെയും രൂക്ഷമാക്കും. മുന്‍ പില്ലാതിരുന്ന പല കീട,രോഗങ്ങളും വ്യാപകമാകും. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ചില മേഖലകളിൽ ഏലത്തോട്ടങ്ങളിൽ ഒച്ചിന്റെ ഉപദ്രവം വ്യാപകമായിരുന്നു.
വരൾച്ച മാത്രമല്ല, പെട്ടെന്നുണ്ടാകുന്ന കുത്തിയൊലിച്ചുള്ള അതിതീവ്ര മഴയും വിളകൾക്ക് ആപത്താണ്. ജൂണിനും സെപ്റ്റംബറിനും ഇടയിലുള്ള അതിതീവ്ര മഴ ഏലത്തിന്റെ വിളവു കുറയ്ക്കും. ചെടിയുടെ വള ർച്ചയും പൂവിടലും കുറയും. ഹൈറേഞ്ച് മേഖലകളിൽ നീണ്ടുനിൽക്കുന്ന ശക്തി കുറഞ്ഞ മഴയ്ക്കു ശേഷം പെട്ടെന്നുള്ള അതിതീവ്രമഴ കൂടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അതിതീവ്രമഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂട്ടും. ഫലഭൂയിഷ്ഠമായ മേൽമണ്ണ് ഒലിച്ചുപോയി മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടും. മണ്ണിന്റെ അമ്ലത്വം കൂട്ടും. ഏലത്തിന്റെ അതേ തീവ്രതയിൽ അല്ലെങ്കിലും കുരുമുളക് ഉല്‍പാദനത്തെയും കാലാവസ്ഥാവ്യതിയാനം തളർത്തിയിട്ടുണ്ട്. മഴയിലുള്ള വ്യതിയാനം കാരണം ജൂൺ മുതൽ നവംബർ വരെ പല സമയങ്ങളിലായി കുരുമുളക് പൂക്കുന്നു. വിളവെടുപ്പും അതനുസരിച്ച് പല തവണയായി നീണ്ടുപോകുന്നു. മണിപിടിത്തം കുറയുന്നതായും കുരുമുളകിന്റെ തൂക്കം കുറയുന്നതായും കണ്ടുവരുന്നു.
കൃഷിഭൂമിയിലെ നിയമക്കുരുക്കുകൾ
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ (പാരിസ്ഥിതിക ദുര്‍ബല മേഖല) പ്രഖ്യാപനം തുടങ്ങി കാർഡമം ഹിൽസ് റിസർവ്(സിഎച്ച്ആര്‍) വനമാണോ എന്ന തർക്കം വരെ നീളുന്ന ഭൂപ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ് ഇടുക്കിയിലെ കർഷകജീവിതം. കൃഷിഭൂമി വനമാക്കി മാറ്റി കുടിയിറക്കപ്പെടുമോ എന്നാണ് കർഷകരുടെ ആശങ്ക. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവുമധികം ഇഎസ്എ വില്ലേജുകളുള്ള ജില്ലയാണ് ഇടുക്കി. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായും ഒഴിവാക്കി വേണം അന്തിമ ഇഎസ്എ വിജ്ഞാപനം ഇറക്കാനെന്ന കർഷകരുടെ ആവശ്യം പൂർണമായും അംഗീകരിച്ചിട്ടില്ല. ഇടുക്കിയിലെ ഏലമലക്കാടുകളിൽ പട്ടയം അനുവദിക്കുന്നതു വിലക്കി കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ 2,64,855 ഹെക്ടർ വിസ്തൃതി വരുന്ന റവന്യൂ ഭൂമി വനഭൂമിയാണെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഒരു സന്നദ്ധ സംഘടനയുടെ അവകാശവാദം.
ബ്രിട്ടിഷ് കാലം മുതൽക്കെ ഇവിടെ ഏലക്കൃഷിയുണ്ടായിരുന്നു. 200 വർഷത്തിലേറെയായി വാണിജ്യാടിസ്ഥാനത്തിൽ ഏലക്കൃഷിയുണ്ടായിരുന്ന പ്രദേശത്തെയാണ് ഇപ്പോൾ വനമാക്കാൻ ശ്രമം നടക്കുന്നത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഇവിടെ ചെറുകിട കർഷകർക്ക് വ്യാപകമായി പട്ടയം നൽകിയിട്ടുമുണ്ട്. എന്നാൽ, കാർഡമം ഹിൽസ് റിസർവ് വനഭൂമിയാണെന്ന് സർക്കാർ നേരത്തേ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നാണ് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചത്. ഈ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ഉത്തരവുണ്ട്. ജില്ലയിൽ പല പ്രദേശങ്ങളിലും കൃഷിഭൂമിയും റവന്യു ഭൂമിയും വനമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നുവെന്ന് കർഷകസംഘടനകൾക്ക് ആക്ഷേപമുണ്ട്. ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ കൃഷിഭൂമിയും തോട്ടങ്ങളും ഉൾപ്പെടെ 290.35 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കാൻ വനം വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം അടുത്തയിടെ പുറത്തുവന്നത് വിവാദമായിരുന്നു. നിർമാണ നിരോധനം, ദുരന്തനിവാരണ നിയമം, ഇഎഫ്എൽ നിയമം, സംരക്ഷിതപ്രദേശം, ദേശീയോദ്യാനങ്ങൾ, വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ തുടങ്ങിയ അസംഖ്യം പരിസ്ഥിതി നിയമങ്ങൾ പാലിച്ചു വേണം ഇടുക്കിയിലെ കർഷകനു കൃഷിയും മറ്റ് ഉപജീവന പ്രവർത്തനങ്ങളും നടത്താൻ.

മനുഷ്യ-വന്യജീവി സംഘർഷം
കുടിയേറ്റത്തിന്റെ ആരംഭകാലത്തുപോലും ഇല്ലാതിരുന്ന വന്യജീവി ആക്രമണമാണ് സമീപകാലത്ത് ഇടുക്കിയിലെ കർഷകർ നേരിടുന്നത്. വനാതിർത്തിയിൽനിന്നു കിലോമീറ്ററുകൾ അകലെയുള്ള ജനവാസമേഖലകളിൽപോലും വന്യമൃഗങ്ങൾ ഒറ്റയ്ക്കും കൂട്ടമായും വരുന്നു. കൃഷി നശിപ്പിക്കുന്നതു കൂടാതെ, ആളുകളെയും വളർത്തുമൃഗങ്ങളെയും കൊല്ലുന്നു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പശ്ചിമഘട്ടങ്ങളിലെ കാടിന്റെ ആവാസവ്യവസ്ഥയെ ശോഷിപ്പിച്ചതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. തീറ്റയും വെള്ളവും കുറഞ്ഞതോടെ വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നു. മുൻപ് ആളുകളെ കണ്ടാൽ ഒഴിഞ്ഞു മാറിയിരുന്ന കാട്ടാനക്കൂട്ടം ജനവാസമേഖലകളിൽ ദിവസങ്ങളോളം തമ്പടിച്ച് കൃഷിയും കെട്ടിടങ്ങളും നശിപ്പിക്കുന്നത് പതിവായി. കാന്തല്ലൂർ-വട്ടവട മേഖലയിലേതുപോലെ ശീതകാല പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശമാണ് ചിന്നക്കനാൽ. ആനകൾ കൂട്ടത്തോടെ ഇറങ്ങാൻ തുടങ്ങിയതോടെ പച്ചക്കറിക്കൃഷി നിലച്ചു. തെങ്ങും വാഴയും കുരുമുളകും ഏലവുമെല്ലാം ആനകൾ നശിപ്പിക്കുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, കാട്ടാനകൾ തുടങ്ങിയവ കൃഷി നശിപ്പിക്കുന്നത് മൂന്നാർ മേഖലയിൽ വ്യാപകമാണ്.

ഭൂനിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മനുഷ്യ-വന്യജീവി സംഘർഷം എന്നു പറഞ്ഞ് ലഘൂകരിക്കാവുന്നതിനപ്പുറം സങ്കീർണമാണ് ഇടുക്കിയിലെ പ്രശ്നങ്ങൾ. കർഷകരെയും ആദിവാസികളെയും ഒഴിപ്പിച്ചു കൃഷിഭൂമിയും റവന്യു ഭൂമിയും ഏറ്റെടുത്ത് വനവിസ്തൃതി വ്യാപിപ്പിച്ചതുകൊണ്ട് വന്യജീവി പ്രശ്നം തീരില്ലെന്ന് കർഷകർ പറയുന്നു. നഗരങ്ങളിലേക്കുവരെ പ്രശ്നം വ്യാപിക്കുകയാവും ഫലം. വൈദ്യുത വേലി, കിടങ്ങുകള്‍ തുടങ്ങിയ സർക്കാർ പ്രഖ്യാപനങ്ങളെല്ലാം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്നും കർഷകർക്ക് ആക്ഷേപമുണ്ട്.

ഗുണമേന്മകൂടി ചോർന്നാൽ
പരുത്തിയും മുളകും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ഊർജിതമായി രാസകീടനാശിനികൾ പ്രയോഗിക്കുന്ന വിളയാണ് ഏലം. നല്ല വിലയുണ്ടെങ്കിൽ ഏലത്തിന് കൂടുതൽ കൂടുതൽ വിഷം പ്രയോഗിക്കും. ഏലത്തിന് ഹെക്ടറിന് ഒരു വർഷം ശരാശരി 26.6 കിലോ രാസകീടനാശിനികൾ തളിക്കുന്നതായി അടുത്ത കാലത്തെ ഒരു പഠനം വ്യക്തമാക്കുന്നു. ഈ നിരക്കിൽ ഒരു വർഷം ഏലംകൃഷി മേഖലയിൽ 1000 ടണ്ണോളം രാസകീടനാശിനികൾ തളിക്കുന്നുണ്ടാവും. പരിശോധിക്കുന്ന ഏലം സാംപിളുകളിൽ 70 ശതമാനത്തിലും മാരക കീടനാശിനിസാന്നിധ്യം കണ്ടെത്താറുണ്ട്. രാജ്യത്തിനകത്ത് കർശനമായ പരിശോധനകൾ ഇല്ലെങ്കിലും വിദേശത്ത് കീടനാശിനി അവശിഷ്ടം സംബന്ധിച്ച് കർശനമായ നിബന്ധനകൾ നിലവിലുണ്ട്. 2019ൽ മാരകമായ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബൃ ഇന്ത്യൻ ഏലത്തിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു. 2021ൽ ഖത്തറും ഇതേ കാരണത്താൽ ഇറക്കുമതി തടഞ്ഞു. ഇപ്പോൾ കർഷകർ ഹെക്ടറിന് 1600 ചെടികൾ വരെ നട്ട് ഊർജിത കൃഷി നടത്തുന്നതിനാൽ കീടനാശിനി പ്രയോഗവും ഊർജിതം. ആണ്ടിൽ 15-20 തവണ വരെ കീടനാശിനികൾ തളിക്കുന്നവരുണ്ട്. ശാസ്ത്രീയ ശുപാർശകൾക്കപ്പുറം വിൽപനക്കാരും കമ്പനി ഏജന്റുമാരുമാണ് തളിക്കേണ്ട കീടനാശിനിയും അതിന്റെ അളവും നിർദേശിക്കുന്നത്. ചുവപ്പ് കളർ കോഡിലുള്ള മാരക കീടനാശിനികളും നിരോധിച്ച കീടനാശിനികളും അതിർത്തി കടന്ന് ഇവിടെയെത്തുന്നുണ്ട്. ഔദ്യോഗിക പരിശോധന–നിയന്ത്രണ സംവിധാനം ദുർബലം. വിവേചനരഹിതമായ കീടനാശിനി പ്രയോഗം ഉൽപന്നത്തിന്റെ ഗുണമേന്മയെയും കയറ്റുമതിയെയും ബാധിക്കുമെന്നതു മാത്രമല്ല പ്രശ്നം. ജലസ്രോതസ്സുകളിൽ വിഷം കലരും. മണ്ണും പരിസ്ഥിതിയും മലിനമാകും. ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരുടെയും വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് കടുത്ത ദോഷം ചെയ്യും. ഈ വെല്ലുവിളികൾ മുന്നിൽ കണ്ടും ഇവ പരിഹരിച്ചുമായിരിക്കണം ഇനി കൃഷി തുടരേണ്ടത്.

കാണണം പുതുസാധ്യതകൾ
സംസ്ഥാനത്ത് ഏറ്റവുമധികം വിളവൈവിധ്യമുള്ള ജില്ലയാണ് ഇടുക്കി. ഇവിടെ കൃഷി ചെയ്യാത്ത വിളകളില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഏകവിള സമ്പ്രദായത്തിലൂന്നിയ ഊർജിത കൃഷിക്കു ഭാവിയില്ല. പഴവർഗങ്ങളുൾപ്പെടെയുള്ള ബഹുവിളക്കൃഷിയിലേക്ക് മാറുകവഴി കാലാവസ്ഥയോട് പൊരുതി സ്ഥിരവരുമാനം നിലനിർത്തുകയാണു വേണ്ടത്. തോട്ടം മേഖലയിൽ ഫലവർഗവിളക്കൃഷി പരിമിതമായ തോതിൽ അനുവദിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇത് തോട്ടം മേഖലയ്ക്കും പഴവർഗക്കൃഷി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും സഹായകമാവും. ജില്ലയിലെ ലോ റേഞ്ചുകളിൽ റംബുട്ടാൻ, മാങ്കോസ്റ്റിൻ, അബിയു, ഡ്രാഗൻ ഫ്രൂട്ട്, ദുരിയാൻ തോട്ടങ്ങൾ ഉയർന്നു വരുന്നുണ്ട്. ഫലവർഗങ്ങളെയും തോട്ടങ്ങളായി അംഗീകരിച്ച് ഭൂപരിധി എടുത്തു കളഞ്ഞാൽ കൃഷി കൂടുതൽ വ്യാപിക്കും. ഹൈറേഞ്ചുകളിൽ അടുത്ത കാലത്ത് അവ്ക്കാഡോ കൃഷി വ്യാപിക്കുന്നുണ്ട്. പാഷൻ ഫ്രൂട്ടാണ് വ്യാപക മായി വരുന്ന മറ്റൊരു ഫലവർഗവിള.
വയനാട് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം കാപ്പിക്കൃഷിയുള്ള ജില്ലയാണ് ഇടുക്കി. കാപ്പിക്ക് രാജ്യാന്തര വിപണിയിൽ 47 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് 2024ൽ ലഭിച്ചത്. ബ്രസീലിലെയും വിയറ്റ്നാമിലെയും കടുത്ത വരൾച്ചയായിരുന്നു കാരണം. 2050 ആകുന്നതോടെ ലോകത്ത് കാപ്പിക്കൃഷി ചെയ്യാൻ യോജ്യമായ കൃഷിസ്ഥലം 50% കുറയുമെന്നാണ് പഠനം. കൊക്കോയുടെ പ്രധാന ഉൽപാദകരായ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ സ്വോളൻ ഷൂട്ട് വൈറസ് ഡിസീസ് പടർന്നു പിടിച്ചതോടെ കർഷകർ കൊക്കോച്ചെടികൾ വെട്ടി നശിപ്പിക്കുകയാണ്. കാപ്പിയും കൊക്കോയും മിശ്രവിള സംവിധാനങ്ങളിൽ ഉൾപ്പെടുത്തുന്നത് ഇടുക്കിയിലെ കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കും.