ഇവിടെ കൃഷി വേറെ ലെവൽ! അമ്മായിയച്ഛന്റെ അനുഭവക്കരുത്തും മരുമകന്റെ നവീന കൃഷിരീതികളും സമം ചേർത്ത വിജയം

Mail This Article
കാർഷിക പാരമ്പര്യത്തിന്റെ തടത്തിൽ ആധുനിക കൃഷിരീതികളുടെ വിത്തെറിഞ്ഞ് മികച്ച വിളവെടുക്കുന്ന രണ്ടു കർഷകർ: മാരാരിക്കുളം വളവനാട് എള്ളയിൽ എം.തിലകാനന്ദനും മകളുടെ ഭർത്താവ് എസ്എൽ പുരം പൊന്നുട്ടശേരി പുത്തൻപുരയ്ക്കൽ എസ്.രഞ്ജിത്തും. തിലകാനന്ദനു കുട്ടിക്കാലം മുതൽ കൃഷിയാണു ജീവിതം. ഏകമകൾ അഖിലയുടെ വരനായി ജിഎസ്‌ടി വകുപ്പ് ജീവനക്കാരനും കർഷകനുമായ രഞ്ജിത്ത് കുടുംബത്തിലേക്ക് എത്തുന്നത് 13 വർഷം മുൻപ്. പിന്നെ ഇരുവരും ഒരുമിച്ചായി കൃഷി. പരമ്പരാഗത കൃഷിരീതികൾ പിന്തുടർന്നിരുന്ന തിലകാനന്ദന്റെ കൃഷിയിടം രഞ്ജിത്തിന്റെ വരവോടെ അടിമുടി മാറി. വെള്ളം കോരി നനച്ച പാടത്തും പറമ്പിലും തുള്ളിനന എത്തി. ഓപ്പൺ പ്രിസിഷൻ കൃഷി ആരംഭിച്ചു. പുത്തൻ കൃഷിരീതികൾക്കു പുറമേ പുതിയ വിളകളുമെത്തി.
കൃഷിയിലെ പതിറ്റാണ്ടുകളുടെ പരിചയമാണ് തിലകാനന്ദന്റെ കരുത്ത്. ശാസ്ത്രീയ കൃഷിരീതികളിലെയും നവീന സാങ്കേതിക വിദ്യകളിലെയും അറിവാണ് രഞ്ജിത്തിന്റെ കൈമുതൽ. രണ്ടും ചേരുമ്പോൾ കൃഷിയിടത്തിൽ ഹരിതസമൃദ്ധി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള അവാർഡ് കഴിഞ്ഞ വർഷം രഞ്ജിത്തിനാണ് ലഭിച്ചത്. മികച്ച കർഷകനുള്ള പഞ്ചായത്തിന്റെയും കൃഷിഭവന്റെയുമെല്ലാം അവാർഡുകൾ വർഷങ്ങൾക്കു മുൻപേ തിലകാനന്ദനെ തേടിയെത്തി.
പാട്ടത്തിനെടുത്ത 4 ഏക്കർ ഉൾപ്പെടെ 5.5 ഏക്കറിലാണ് രണ്ടുപേരും ചേർന്നു കൃഷി ചെയ്യുന്നത്. നെല്ലും വാഴയും പച്ചക്കറികളുമെല്ലാം പാടത്തും പറമ്പിലുമായി വിളഞ്ഞു നിൽക്കുന്നു. ഒരേക്കറിൽ ഞാലിപ്പൂവൻ വാഴയാണ് കൃഷി. എല്ലാ കാലത്തും മികച്ച വില കിട്ടുമെന്നതാണ് ഞാലിപ്പൂവൻ തിരഞ്ഞെടുക്കാൻ കാരണം. ഇരുപ്പൂ കൃഷി ചെയ്യുന്ന ഒരേക്കറിൽ വിരിപ്പും മുണ്ടകനും വിളയുന്നു. പച്ചക്കറി വിളയുന്ന പാടവും മഴക്കാലമെത്തുന്നതോടെ നെൽക്കൃഷിക്കു വഴിമാറും. പച്ചക്കറി അപ്പോൾ പറമ്പിലേക്കു മാറ്റും.
ചീര, വെണ്ട, പയർ, സാലഡ് വെള്ളരി, പൊട്ടുവെളളരി, മത്തൻ, മുളക് എന്നിവയാണ് പാടത്തെ കൃഷികൾ. പന്തലിട്ടു കൃഷി ചെയ്യുന്ന പാവൽ, പടവലം, പീച്ചിൽ, കോവൽ തുടങ്ങിയവയ്ക്കാണു പറമ്പിലെ കൃഷിയിൽ മുൻഗണന. പരീക്ഷണാർഥം കൃഷി ചെയ്തു തുടങ്ങിയ ബീറ്റ്റൂട്ട്, കാരറ്റ്, റാഡിഷ്, റെഡ് ലേഡി പപ്പായ, ഷമാം തുടങ്ങിയവയും മികച്ച വിളവ് നൽകുന്നു.
പച്ചക്കറി കൃഷിക്ക് മൂന്നുമാസത്തേക്കാണ് തടമൊരുക്കുന്നത്. കുമ്മായമിട്ട് നിലമൊരുക്കും. കോഴിവളവും ചാണകവും വേപ്പിൻപിണ്ണാക്കും കൊണ്ടു തടമുണ്ടാക്കി മൾച്ചിങ് ഷീറ്റിട്ടു മൂടും. സൂക്ഷ്മമൂലകങ്ങൾ തുള്ളിനനയായി നൽകും. വിൽപന പ്രധാനമായും വീടിനോടു ചേർന്നുള്ള സ്വന്തം കട വഴിയാണ്. കലക്ടറേറ്റിലെ സഹപ്രവർത്തകർ രഞ്ജിത്തിന്റെ കയ്യിൽനിന്നു പച്ചക്കറി വാങ്ങും. ബാക്കിയുള്ളവ മൊത്തവിതരണക്കാർക്കു നൽകും. 12 മാസവും പച്ചക്കറി നൽകാൻ കഴിഞ്ഞാൽ കൃഷി ലാഭകരമാണെന്ന് ഇരുവരും പറയുന്നു. വീട്ടുവളപ്പിൽ മഴമറ സ്ഥാപിച്ച് പച്ചക്കറിക്കൃഷിയും പറമ്പിൽ കമുക്, കുരുമുളക് കൃഷികളും ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം.
ഫോൺ: 62828 32202