ADVERTISEMENT

കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് ആരംഭിക്കുന്നത് കോവിഡിന്റെ ആശങ്കകള്‍ക്കിടയിലാണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മാര്‍ച്ച് അവസാനം കൊയ്ത്തു തുടങ്ങി. 27,000 ഹെക്ടറിലാണു നെല്ലു വിളഞ്ഞത്. നാലായിരം ഹെക്ടറില്‍ ഇനിയും കൊയ്ത്തു പൂര്‍ത്തിയാക്കാനുണ്ട്. കേരള സെന്‍റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടറും കുട്ടനാട് സ്വദേശിയുമായ സ്‌മിത ബാലന്‍ ലോക്‌ഡൗണ്‍ ദിവസങ്ങളിലെ കുട്ടനാട്ടിലെ കൊയ്ത്ത്‌ അനുഭവം മനോരമ ഓണ്‍ലൈനുമായി പങ്കിടുന്നു. 

ലോക്ക് ഡൗണിലായ കുട്ടനാട്

കൊയ്ത്തുകാലം കുട്ടനാടിന് ഉത്സവമാണ്. കര്‍ഷകരുടെ പ്രതീക്ഷയുടെ കാലമാണിത്. കുട്ടനാട് ലോക്ക് ഡൗണിനെ ഒരു പരിധിവരെ തരണം ചെയ്തതു കൊയ്ത്തുകാലമായതിനാലാണ്. കൊയ്ത്തു നടത്തുന്നതിനുണ്ടായ ബുദ്ധിമുട്ടു കര്‍ഷകര്‍ അതിജീവിച്ചതിനു പിന്നില്‍ സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നതായി സ്മിത ബാലന്‍ പറഞ്ഞു. കര്‍ഷകരില്‍ വലിയ ആശങ്ക ഉണ്ടായിരുന്നില്ല. കൃഷി ഇറക്കുന്ന സമയത്തായിരുന്നെങ്കില്‍ കര്‍ഷകരെ ലോക് ഡൗണ്‍ വല്ലാതെ ബാധിക്കുമായിരുന്നു. കൊയ്ത്തു കാലം വലിയ അനിശ്ചിതത്വം ഇല്ലാതെ കടന്നു പോയെന്നു പറയാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ നാട്ടിലെ കര്‍ഷകരുടെ പ്രയത്നത്തിന്‍റെ ഫലമാണ് വിളവെടുപ്പ്‌. ഇടയ്‌ക്കു വേനല്‍മഴ എത്തിയെങ്കിലും വലിയ പ്രശ്നമുണ്ടായില്ല. അവസാനം വിതച്ച പാടങ്ങളിലാണ്‌ കൊയ്ത്തു ബാക്കിയുള്ളത്. 

രണ്ടാം കൃഷിക്കായുള്ള തയാറെടുപ്പിലാണു കുട്ടനാട്. കഴിഞ്ഞ രണ്ടു വര്‍ഷവും വെള്ളപ്പൊക്കം കൃഷിയെ ബാധിച്ചിരുന്നു. കുട്ടനാടിന്‍റെ കിഴക്കന്‍ ഭാഗങ്ങളിലാണു വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. മേയ് അവസാനത്തോടെ കൃഷിക്കുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്. ജലാശയങ്ങളെല്ലാം എക്കല്‍ നിറഞ്ഞിതിനാല്‍ ചെറിയ മഴപെയ്താല്‍ തന്നെ വെള്ളം നിറയും. ഈ സാഹചര്യത്തില്‍ കുട്ടനാടു വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നു പറയാം.

ലോക്ക് ഡൗണ്‍ കൊണ്ടുവന്ന മാറ്റം  

കൃഷിയെക്കുറിച്ചു ചിന്തിക്കാന്‍ പോലും പലര്‍ക്കും സമയമുണ്ടായിരുന്നില്ല. എന്നാല്‍, ജനങ്ങള്‍ക്കു കൃഷിയുടെ ആവശ്യകത ഈ സാഹചര്യത്തില്‍ മനസിലായിട്ടുണ്ട്. ഏറ്റവും താഴെത്തട്ടില്‍ കുടുംബങ്ങളെ സ്വയംപര്യപ്തമാക്കുകയാണു ലക്ഷ്യം. ഇതിനായി കൃഷിവകുപ്പിന്‍റെ ജീവനി പദ്ധതി വ്യാപിപ്പിക്കാനാണു ശ്രമം. പ്രദേശത്തിന്‍റെ പ്രത്യേകത മനസിലാക്കി പച്ചക്കറി കൃഷി നടത്തും. ഒരോ പ്രദേശത്തിനും ഏറ്റവും അനുയോജ്യമായതു കണ്ടെത്തി കൃഷി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഒരു പദ്ധതി നടപ്പില്‍ വരുത്തുന്നതും ജനങ്ങള്‍ സ്വയം മുന്നോട്ടു വരുന്നതും രണ്ടാണ്. കൃഷി ചെയ്യാന്‍ സ്വയം തയാറാകുമ്പോള്‍ അതിന്‍റെ ഫലം വലുതായിരിക്കും. ഭാവിയില്‍ കൃഷി ജീവിതത്തിന്‍റെ ഭാഗമായി മാറും. ഓരോ കുടുംബവും സ്വയംപര്യപ്തമാകുന്നതിനൊപ്പം സുരക്ഷിത ഭക്ഷണം എന്ന ആശയം താനെ പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യും.

നമുക്കു വേണ്ടത്

തരിശുഭൂമി കൃഷിക്കനുയോജ്യമാക്കി, കൂട്ടായും ഒറ്റയ്ക്കും പലരും കൃഷി ആരംഭിച്ചു കഴിഞ്ഞു. ലോക്‌ഡൗണ്‍ കാലത്തു കൃഷിയിലുണ്ടായ ആവേശം നേട്ടമാകും. കപ്പ, വാഴ എന്നിവയടക്കം ഭക്ഷ്യയോഗ്യമായ എല്ലാ വിളകളും നമുക്കു കൃഷി ചെയ്യാം. ഓരോ പ്രദേശത്തിന്‍റെയും കാലവസ്ഥയും പരിഗണിക്കണം. നിലവിലുള്ള കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടുന്നതും പ്രധാനമാണ്. ആവശ്യകത അറിഞ്ഞ് ഉൽപാദിപ്പിക്കുക. ഓരോ വിളയിനത്തിനും ലഭിക്കാവുന്ന വിളവ് അറിയാമെന്നിരിക്കെ പ്രാദേശികാനുസൃതമായി ഉണ്ടാകുന്ന വിടവ് എന്തുകൊണ്ടാണെന്നു മനസ്സിലാക്കി ആ വിടവ് നികത്തുന്നതിനാവശ്യമായ ശ്രമങ്ങളും ഉണ്ടാകണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com