ADVERTISEMENT

മലയോരങ്ങളിൽ തേക്കിനും മഹാഗണിക്കും പിന്നാലെ പണം തരുന്ന മരമെന്ന വിശേഷണത്തോടെ പ്രചരിക്കുകയാണ് മലവേപ്പ് കൃഷി. പെട്ടന്ന് വളർന്ന് മുറിച്ചു വിൽക്കാനുള്ള പാകമെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിൽ കർഷകന് മികച്ച വരുമാനം കിട്ടുന്നു. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇത് കർഷകർക്ക് പ്രിയങ്കരമാക്കുന്നത്. തടിയുടെ ഉപയോഗം വർധിക്കുകയും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലവേപ്പ് കൃഷി ലാഭകരമാണെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവുന്ന വലുപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത. 

പ്രിയമേറുന്നു ഇവിടെയും

വേപ്പിന്റെ കുടുംബത്തിൽപ്പെട്ട ഈ മരം പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വന പ്രദേശങ്ങളിലും ധാരാളമായി കാണുന്നു. ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കുന്നില്ല. ഏതു തരം മണ്ണിലും വളരുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാസർകോട്, കണ്ണൂർ ജില്ലകളിൽ ധാരാളം കർഷകർ മലവേപ്പ് കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു. കേരളത്തിന് പുറത്ത് ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്ലാന്റേഷൻ രൂപത്തിൽ മലവേപ്പിന്റെ കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തോട്ടമായി നടുമ്പോൾ റബർ നടുന്നതു പോലെ തന്നെ പ്ലാറ്റ് ഫോം ഒരുക്കി നടുന്നതാണ് നല്ലതെന്ന് കൃഷിക്കാർ പറയുന്നു. വളപ്രയോഗം കൂടിയുണ്ടെങ്കിൽ വളർച്ച വളരെ പെട്ടന്ന് ആകും. ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കുമെന്ന് അനുഭവസ്ഥരായ കർഷകർ പറയുന്നു.

തിരിഞ്ഞു നോക്കേണ്ടി വരില്ല

നട്ടുകഴിഞ്ഞ് 6 വർഷം കൊണ്ട് വിളവെടുത്തു തുടങ്ങാം 10 വർഷംകൊണ്ട് നല്ല വരുമാനം നേടിത്തരാൻ ഈ വൃക്ഷത്തിന് കഴിയും. രണ്ടു വർഷം കൊണ്ട് 20 അടിവരെ ഉയരം വയ്ക്കും 6 അടി അകലത്തിൽ നടുകയാണെങ്കിൽ ശിഖരങ്ങൾ ഒന്നും ഇല്ലാതെ നല്ല തടി ലഭിക്കും.

വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ നന്നായി ഒരുക്കിയ തടങ്ങളിൽ വിത്ത് പാകാം. നന്നായി നനച്ചുകൊടുക്കണം പാകമാകുമ്പോൾ പറിച്ചു നടാം. വൃക്ഷതൈകൾ മഴയില്ലാത്ത സമയങ്ങളിൽ 15 ദിവസത്തെ ഇടവേളയിൽ നനച്ചു കൊടുക്കാം കാര്യമായ വളപ്രയോഗങ്ങൾ ആവശ്യമില്ല.  ഇടവിളയായി കിഴങ്ങു വർഗങ്ങൾ നട്ടാൽ കൂടുതൽ ഫലപ്രദമായി കൃഷിയിടത്തെ മാറ്റാനും സാധിക്കും. ഏറ്റവും വേഗം വളരുന്ന മരമായ ഈയിനം പ്ലൈവുഡിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തീപ്പെട്ടി കമ്പനികളും സോഫ്റ്റ് വുഡ് ഇൻഡസ്ട്രീസ്, ബയോ ഫ്യൂവൽ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

വനം വകുപ്പും മലവേപ്പ് കൃഷിയിലേക്ക് 

ഈയിടെ വനം വകുപ്പും മലവേപ്പ് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. തേക്കു തൈകൾ നടാനായി ഉണ്ടാക്കിയ പദ്ധതി മാറ്റിയിട്ടാണ് മലവേപ്പ് കൃഷിയിലേക്ക് ചുവടുമാറിയത് എന്നതും ശ്രദ്ധാർഹമായ കാര്യമാണ്. സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ  തേക്ക് തൈകൾ നടാനായി എടുത്ത 3 ലക്ഷത്തോളം കുഴികളിലാണ് മലവേപ്പ് തൈകൾ നട്ടത്. റാന്നി, കോന്നി, പുനലൂർ എന്നിവിടങ്ങളിലെ പ്ലാന്റേഷനുകളി‍ലാണ് മലവേപ്പ് നട്ടത്. 8 വർഷം കൊണ്ട് മുറിക്കാവുന്ന പരുവത്തിൽ വണ്ണം വയ്ക്കുന്നതാണ് മലവേപ്പ്. 

English summary: Melia dubia malaveppu cultivation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com