നാനോ യൂറിയയ്ക്കു പിന്നാലെ വരവായി നാനോ ഫോസ്ഫേറ്റും: മെച്ചമെന്ത്? പ്രയോഗരീതി എങ്ങനെ?
Mail This Article
പരിസ്ഥിതിക്കു ഭീഷണിയാകാതെ പോഷകപ്രയോഗത്തിലെ കാര്യക്ഷമത കൂട്ടുക ആധുനിക കൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പരമ്പരാഗത നൈട്രജൻ രാസവളങ്ങൾ മണ്ണിൽ ചേർക്കുമ്പോൾ 40-50 ശതമാനം മാത്രമാണ് ചെടികൾക്കു ലഭ്യമാകുന്നത്. ഇരുമ്പ്, മാംഗനീസ്, ബോറോൺ, കോപ്പർ, സിങ്ക് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളാണെങ്കിൽ 2-5 ശതമാനം മാത്രമേ വിളകളിൽ എത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ വളം കൂടിയ അളവില്‍ പ്രയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. അതു കൃഷിച്ചെലവ് ഉയര്‍ത്തുകയും പരിസ്ഥിതി മലിനീകരണം കൂട്ടുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് നാനോ ദ്രാവക രാസവളങ്ങൾ.
നാനോ യൂറിയ, നാനോ ഡൈ അമോണിയം ഫോസ്ഫേറ്റ് (നാനോ ഡിഎപി) എന്നീ രണ്ട് ദ്രാവക നാനോ രാസ വളങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ രാസവള വിൽപനക്കാരും സഹകരണ പ്രസ്ഥാനവുമായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) വിപണിയിൽ ഇറക്കിയത് ഈ സാഹചര്യത്തിലാണ്. നാനോ പൊട്ടാഷ്, നാനോ ബോറോൺ, നാനോ മാംഗനീസ്, നാനോ സൾഫർ എന്നിവയും അധികം വൈകാതെ കർഷകരിലെത്തും. 2021 ഫെബ്രുവരി 24ന് ഫെർട്ടിലൈസർ കൺട്രോൾ ഉത്തരവു പ്രകാരം അനുമതി നൽകിയ നാനോ യൂറിയ 2022 മുതൽ വിപണിയിലുണ്ട്. നാനോ ഡിഎപിക്ക് ഈ വർഷം മാർച്ച് മൂന്നിനാണ് അനുമതിയായത്. അടുത്ത ഖാരിഫ് സീസണിൽ (ജൂൺ-ജൂലൈ) മാത്രമേ ഇതു വിപണിയിൽ എത്തുകയുള്ളൂ.
ജൈവ സുരക്ഷിതത്വവും അവശിഷ്ട വിഷവീര്യവും സംബന്ധിച്ച കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിക്കുന്ന നാനോ യൂറിയയും നാനോ ഡിഎപിയും പരിസ്ഥിതിക്കും മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ഹാനികരമല്ല. മണ്ണും അന്തരീക്ഷവും രാസവളമലിനീകരണത്തിൽനിന്ന് വിമുക്തമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഇഫ്കോ നാനോ ദ്രാവക രാസവളങ്ങൾ വികസിപ്പിച്ചെടുത്തത്. ദീർഘകാലാടിസ്ഥാനത്തിൽ രാസവള ഉപയോഗം കുറയ്ക്കണമെന്നും പരമ്പരാഗത യൂറിയയുടെ ഉപയോഗം 50 ശതമാനം കണ്ട് കുറയ്ക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദേശം.
അതിസൂക്ഷ്മ തലത്തിൽ അത്യന്തം ചെറുതായി രൂപാന്തരപ്പെടുത്തുമ്പോൾ ദ്രവ്യം ഭൗതികവും കാന്തികവും രാസികവുമായ മാറ്റങ്ങൾക്കു വിധേയമാകും. ഗുണമേന്മയേറും. ഉപയോഗിക്കേണ്ട അളവ് പരിമിതപ്പെടുത്താം. ഈ തത്വമാണ് നാനോ വളങ്ങളുടെയും കാതല്‍. മറ്റു വളങ്ങൾ മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ നാനോ ദ്രാവകവളങ്ങൾ ഇലകളിൽ തളിക്കുകയാണ് ചെയ്യുന്നത്. ഇത് ഇലകളിലെ അതിസൂക്ഷ്മ (സ്റ്റൊമറ്റ) രന്ധ്രങ്ങളിലൂടെ കടന്ന് അതിവേഗം ചെടികൾക്ക് ലഭ്യമാകുന്നു. നാനോ പോഷകങ്ങൾ ചെടികൾ സാവധാനത്തിൽ കാര്യക്ഷമമായി വിനിയോഗിക്കും. പരമ്പരാഗത രാസവളങ്ങൾപോലെ പെട്ടെന്ന് നഷ്ടപ്പെടില്ല. വളരെ കുറച്ച് അളവു മതി. അതിനാല്‍ ചരക്കുനീക്കത്തിന് ചെലവു കുറയും. സംഭരണം എളുപ്പമാകും.
നാനോ രാസവളങ്ങൾക്ക് വില കുറവായതിനാല്‍ സർക്കാർ സബ്സിഡി ആവശ്യമില്ല. പരമ്പരാഗത രാസവളങ്ങൾക്കു പകരം നാനോ ദ്രാവക നാനോ രാസവളങ്ങൾ വ്യാപിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ സബ്സിഡി ഭാരം കുറയ്ക്കും. സര്‍ക്കാര്‍ ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്നതു തരി രൂപത്തിലുള്ള പരമ്പരാഗത യൂറിയയ്ക്കാണ്. അര ലീറ്ററിന്റെ ഒരു കുപ്പി ദ്രാവക നാനോ യൂറിയയ്ക്ക് വില 240 രൂപ മാത്രം. ഇതിൽ സബ്സിഡി ഒന്നുമില്ല. 45 കിലോയുടെ ഒരു ചാക്ക് യൂറിയയ്ക്കു പകരം അര ലീറ്ററിന്റെ ഒരു കുപ്പി ദ്രാവക നാനോ മതി ഒരേക്കറിലേക്ക് ഉപയോഗിക്കാന്‍. അര ലീറ്ററിന്റെ ഒരു കുപ്പി നാനോ ഡിഎപിക്ക് 600 രൂപയാവും വില. ഇത് 1350 രൂപ വിലയുള്ള ഒരു ചാക്ക് പരമ്പരാഗത ഡിഎപിക്കു തുല്യം. ബദൽ വളങ്ങളും സന്തുലിത രാസവളപ്രയോഗവും പ്രോത്സാഹിപ്പിക്കുന്നതിനു പിഎം പ്രണാം എന്ന പദ്ധതി ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ദ്രാവക നാനോ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ പദ്ധതിയിൽനിന്ന് സഹായമുണ്ടാകും.
മലിനീകരണം ഒഴിവാക്കാം
ഇന്ത്യയിൽ ഉപയോഗിക്കുന്ന നൈട്രജൻ രാസവളങ്ങളുടെ 82 ശതമാനവും തരിരൂപത്തിലുള്ള യൂറിയയാണ്. ഇതിന്റെ 50 ശതമാനത്തിൽ താഴെ മാത്രമാണ് വിളകൾക്ക് ലഭിക്കുന്നത്. ബാക്കി ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുകയോ ചോർന്ന് ജലസ്രോതസ്സുകളിൽ കലരുകയോ ചെയ്യുന്നു. നൈട്രജൻ രാസവളങ്ങളുടെ അസ്ഥിരീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നൈട്രസ് ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്ന പ്രധാന ഹരിതഗൃഹവാതകങ്ങളിൽ ഒന്നാണ്. കാർബൺ ഡയോക്സൈഡിന്റെ 298 ഇരട്ടിയാണ് ഇതിന്റെ താപനശേഷി. നൈട്രജൻ രാസവളങ്ങളിൽനിന്നും ചോരുന്ന നൈട്രേറ്റുകൾ ഉപരിതല ശുദ്ധജലത്തെയും ഭൂഗർഭ ജലസ്രോതസ്സുകളെയും മലിനീകരിക്കുന്നു. കുടിവെള്ളത്തിൽ നൈട്രേറ്റുകളുടെ അമിതമായ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. നൈട്രേറ്റുകൾ ജലാശയങ്ങളിൽ പായൽ തഴച്ചു വളരുന്നതിനും കാരണമാകുന്നു. എന്നാൽ ദ്രാവക നാനോ യൂറിയ ഉപയോഗിക്കുമ്പോൾ മണ്ണ്, വായു, ജലം എന്നിവയുടെ മലിനീകരണം തീരെ കുറവാണ്. ഫില്ലറുകൾ വയലുകളിൽ വീണുണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കാം. മണ്ണിലെ അമ്ലത്വം കൂടുകയുമില്ല.
വിളവില്‍ വര്‍ധന
നാനോ യൂറിയ ഉപയോഗിച്ചപ്പോൾ നെല്ലിൽ 3-24 ശതമാനം വരെയും ഗോതമ്പിൽ 3-23 ശതമാനം വരെയും വിളവ് കൂടി. നെല്ലിൽ മേൽവളമായി നൽകുന്ന നൈട്രജന്റെ 25-50 ശതമാനം വരെ ലാഭിച്ചു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ 2021-’22ൽ വരദ ഇനം ഇഞ്ചിയിൽ നടത്തിയ വിള പരീക്ഷണത്തിൽ നാനോ യൂറിയ ഉപയോഗിക്കുന്നതിലൂടെ ശുപാർശ ചെയ്യപ്പെട്ട നൈട്രജൻ രാസവളത്തിന്റെ 50 ശതമാനം ലാഭിക്കാമെന്നു കണ്ടെത്തി. വിളവ് 57 ശതമാനം വർധിച്ചു. ഒരു ഹെക്ടറിന് 50,780 രൂപയുടെ അധിക മെച്ചമുണ്ടായി. നാനോ യൂറിയ ആപ്പിൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി. വിളകളുടെ വളർച്ച ത്വരിതപ്പെട്ടു. ചെടികളുടെ പുഷ്പിക്കൽ, കായ്പിടിത്തം എന്നിവയ്ക്കെല്ലാം ഇത് നല്ലതാണ്. ദ്രാവക നാനോ യൂറിയ ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം.
വളപ്രയോഗം ഇങ്ങനെ
നാനോ യൂറിയയിലൂടെ ലഭിക്കുന്ന നൈട്രജന്റെ 80 ശതമാനത്തിലേറെയും വിളകൾ ഉപയോഗിക്കും. പത്ര പോഷണത്തിനു പുറമേ തുള്ളിനനപോലുള്ള സൂക്ഷ്മ നന രീതികളിലും ഫെർട്ടിഗേഷനിലും ഇതു പ്രയോഗിക്കാം. ഡ്രോണുകൾ ഉപയോഗിച്ചും ഇലകളിൽ തളിക്കാം. ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു മുതൽ നാലുവരെ മില്ലി ലീറ്റർ ദ്രാവക നാനോ യൂറിയ കലർത്തിയാണ് ഇലകളിൽ തളിക്കേണ്ടത്. ചെടികളുടെ നിർണായക വളർച്ചഘട്ടങ്ങളിൽ തളിച്ചു കൊടുക്കണം. ഹ്രസ്വകാല വിളകൾക്ക് അടിവളമായി കോംപ്ലക്സ് വളങ്ങളിലൂടെയോ ഡിഎപിയിലൂടെയോ സാധാരണ അളവിൽ നൽകുന്ന നൈട്രജൻ തന്നെ നൽകണം. തവണകളായി നൽകുന്ന മേൽവളമാണ് നാനോ യൂറിയയായി നൽകുന്നത്. ഇത് സജീവമായി ശാഖകൾ പൊട്ടുന്ന സമയത്തും 20-25 ദിവസത്തിനു ശേഷം പൂക്കൾ ഉണ്ടാകുന്നതിനു മുൻപും രണ്ടു തവണയായി ഇലകളിൽ തളിച്ചു നൽകണം. ഉപയോഗത്തിനു മുൻപ് കുപ്പി നന്നായി കുലുക്കണം. രാവിലെയോ ഉച്ചതിരിഞ്ഞോ മഞ്ഞില്ലാത്തപ്പോൾ വേണം തളിക്കാൻ. തളിച്ച് 12 മണിക്കൂറിനകം മഴ പെയ്താൽ വീണ്ടും തളിക്കേണ്ടി വരും. ഇഫ്കോയുടെ ഗുജറാത്ത് കലോളിലെ നാനോ ബയോടെക്നോളജി റിസർച്ച് സെന്ററിലെ 18001031967 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ഓരോ വിളയ്ക്കുമുള്ള ശുപാർശ ലഭിക്കും.
നാനോ ഡിഎപി
ഇഫ്കോയുടെ നാനോ ഡിഎപിക്ക് പരമ്പരാഗത ഫോസ്ഫേറ്റ് വളങ്ങളെക്കാൾ കാര്യക്ഷമത വളരെ കൂടുതലാണ്. സാധാരണ ഡിഎപിയുടെ ഉപയോഗത്തിലെ കാര്യക്ഷമത 25 ശതമാനം മാത്രമാണെങ്കിൽ നാനോ ഡിഎപിയുടെ കാര്യക്ഷമത 90 ശതമാനത്തിനടുത്താണ്. പരമ്പരാഗത ഫോസ്ഫേറ്റ് വളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പരിസ്ഥിതി മലിനീകരണവും കുറവാണ്. നാനോ ഡിഎപി വളരെ സാവധാനം വിളയുടെ എല്ലാ വളർച്ചാ ഘട്ടങ്ങളിലും ലഭ്യമാകും. ഇത് തളിക്കുമ്പോൾ ചെടികൾക്ക് ഫോസ്ഫറസിന്റെ ജൈവികമായ ലഭ്യത വളരെ കൂടുതലാണ്. ഇഫ്കോയുടെ നാനോ ഡിഎപി യിൽ 25 ശതമാനം ഫോസ്ഫറസിനു പുറമേ 9 ശതമാനം നൈട്രജനും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ നൈട്രജൻ വിളകൾക്ക് ആവശ്യമുള്ളപ്പോഴും ഇത് ഫലപ്രദമാണ്.
പത്ര പോഷണത്തിനു പുറമേ തുള്ളിനനപോലുള്ള സൂക്ഷ്മ നന രീതികളിലും ഫെർട്ടിഗേഷനിലും ഇതു പ്രയോഗിക്കാം. ഡ്രോണുകൾ ഉപയോഗിച്ചും ഇലകളിൽ തളിക്കാം. വിത്തുകളിൽ പുരട്ടുന്നതിനും ഞാറുകൾ മുക്കിവയ്ക്കുന്നതിനും നല്ലതാണ്. പരമ്പരാഗത ഡിഎപിയെ അപേക്ഷിച്ച് നാനോ ഡിഎപി ഉപയോഗിക്കുമ്പോൾ വിളയുടെ ഉൽപാദനവും ഉൽപാദനശേഷിയും വർധിക്കും. ഉൽപന്നത്തിന്റെ ഗുണനിലവാരം കൂടും. കിളിര്‍പ്പുശേഷിയും വേരിന്റെ വളർച്ചയും മെച്ചപ്പെടും. തൈകളുടെയും വിളകളുടെയും വളർച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. ചെടികളുടെ പുഷ്പിക്കൽ, കായ്പിടിത്തം എന്നിവയ്ക്കെല്ലാം നല്ലതാണെന്ന് ഇഫ്കോ അവകാശപ്പെടുന്നു.
സൂക്ഷ്മ മൂലകങ്ങളിൽ നാനോ സിങ്ക്, നാനോ കോപ്പർ എന്നിവയുടെ വിള പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണ്. പരമ്പരാഗത സിങ്ക്, കോപ്പർ രാസവളങ്ങളുടെ ഉപയോഗ കാര്യക്ഷമത 2 ശതമാനത്തിൽ താഴെ മാത്രമാണ്. ചെടികൾക്കു വരൾച്ചയെ ചെറുക്കാന്‍ പ്രതിരോധശേഷി പകരുന്ന പ്രധാന മൂലകമാണ് സിങ്ക്. ബാക്ടീരിയൽ, കുമിൾരോഗങ്ങളിൽനിന്ന് കോപ്പർ സംരക്ഷണം നൽകും. മണ്ണിൽ ഈ സൂക്ഷ്മ മൂലക ങ്ങളുടെ അഭാവമുണ്ടെങ്കിൽ രണ്ടു തവണ ഇലകളിൽ തളിച്ചു കൊടുക്കണം. ആദ്യത്തെ തവണ പ്രാരംഭ വളർച്ചഘട്ടത്തിലും രണ്ടാമത്തെ തവണ പുഷ്പിക്കുന്നതിനു മുൻപും നൽകണം. നാനോ സിങ്കും നാനോ കോപ്പറും ആവശ്യാനുസരണം ഒറ്റയ്ക്കോ കലർത്തിയോ നൽകാം.
ഒരു വർഷമായി വിപണിയിലുള്ള നാനോ യൂറിയ കേരളത്തിലെ കർഷകർ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ഇഫ്കോ വിൽപനശാലകളിൽനിന്ന് നേരിട്ടും ഇഫ്കോ ബസാറിൽനിന്ന് ഓൺലൈനായും ദ്രാവക നാനോ യൂറിയ കർഷകർക്കു വാങ്ങാം.
English summary: Benefits and Usage of Nano Urea and Nano DAP