ഒരു ബില്യൺ ലീറ്റർ സ്വപ്നം; പാൽവിപ്ലവം പരിചയപ്പെടുത്താൻ സിനിമ; അമേരിക്കയെ പിന്നിലാക്കി കുതിച്ച പാൽശക്തി
Mail This Article
ഇന്ത്യയുടെ ക്ഷീരവിപ്ലവഗാഥ- ഭാഗം 4
ഇന്ത്യയുടെ ക്ഷീരവ്യവസായത്തിന്റെ മുഖം മാറ്റുക എന്ന ലക്ഷ്യത്തോടെ 1970 ജൂലൈയിൽ ദേശീയ ക്ഷീരവികസന ബോർഡ് ഔദ്യോഗികമായി 'ദ ബില്യൺ ലീറ്റർ ആശയം' അഥവാ ഓപ്പറേഷൻ ഫ്ലഡ് ക്ഷീരവിപ്ലവപദ്ധതി ആരംഭിച്ചു. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരവികസന പരിപാടിയായി ഇത് മാറുകയായിരുന്നു. പൂർണമായും വികേന്ദ്രീകൃത രീതിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഓപ്പറേഷൻ ഫ്ലഡ് വിഭാവനം ചെയ്യപ്പെട്ടത്. ഗ്രാമങ്ങളിൽ ക്ഷീരസഹകരണ സംഘങ്ങൾ കർഷകരിൽനിന്നും പാൽ ശേഖരിക്കും, ജില്ലാതലത്തിൽ പാൽ ജില്ലാ യൂണിയനുകൾ കൈകാര്യം ചെയ്യും, സംസ്ഥാന തലത്തിൽ മാർക്കറ്റിംഗ് ഫെഡറേഷനുകൾ വിപണനം നിർവഹിക്കും. ചെറുകിട കർഷകരുടെ കൈകളിൽ മുഴുവൻ മൂല്യശൃംഖലയും നിലനിൽക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലായിരുന്നു വിവിധ തട്ടുകളിലായുള്ള ഈ ക്രമീകരണം. മൂന്ന് ഘട്ടങ്ങളിലാണ് ധവളവിപ്ലവം രാജ്യത്ത് നടന്നത്. 1970 മുതൽ 80 വരെയായിരുന്നു ക്ഷീര വിപ്ലവത്തിന്റെ ഒന്നാം ഘട്ടം. ക്ഷീര മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നൽകിയാണ് ധവളവിപ്ലവത്തിന്റെ ഒന്നാംഘട്ടം പുരോഗമിച്ചത്.
ക്ഷീരവിപ്ലവം പുരോഗമിക്കുന്നു; പാൽവിപ്ലവം പരിചയപ്പെടുത്താൻ സിനിമ
ഗുജറാത്തിലെ ക്ഷീരകർഷകരെ കൂട്ടുപിടിച്ചുള്ള കുര്യന്റെ പരിശ്രമങ്ങളെയും ഓപ്പറേഷൻ ഫ്ലഡിനേയും ആസ്പദമാക്കി ശ്യാം ബെനഗൽ സംവിധാനം ചെയ്ത മന്ഥൻ എന്ന സിനിമ 1976ൽ പുറത്തിറങ്ങി. ഗുജറാത്തിലെ അഞ്ചു ലക്ഷം ക്ഷീരകർഷകർ രണ്ട് രൂപ വീതം സംഭാവന നൽകിയത് സമാഹരിച്ച് 10 ലക്ഷം രൂപ ബജറ്റിലാണ് സിനിമ നിർമിച്ചത്. സ്മിതാ പാട്ടീൽ, ഗിരീഷ് കർണാഡ്, നസീറുദ്ദീൻ ഷാ, അനന്ത് നാഗ് തുടങ്ങിയ യുവതാരങ്ങൾ അഭിനയിച്ച ചിത്രം നിരവധി പുരസ്കാരങ്ങൾ നേടി.1977ൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും മന്ഥൻ സ്വന്തമാക്കിയിരുന്നു. സഹകരണ പ്രസ്ഥാനത്തിൽ ചേരുന്നതിന് കർഷകരെ പ്രചോദിപ്പിക്കുന്നതിനും ക്ഷീരസഹകരണത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനും സിനിമ അമുലിന് തുണയായി.
Read also: ചൂഷണം ചെറുത്തുതോൽപ്പിച്ച ക്ഷീരശക്തി; പാൽ തെരുവിലൊഴുക്കിയ സമരത്തിൽനിന്ന് പിറവി
ലോകത്തെ പാൽശക്തിയായി ഇന്ത്യ; ധവളവിപ്ലവ മികവിനെ അടയാളപ്പെടുത്തി ലോകബാങ്ക് റിപ്പോർട്ട്
1981 മുതൽ 1985 വരെയായിരുന്നു ഓപ്പറേഷൻ ഫ്ലഡിന്റെ രണ്ടാം ഘട്ടം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മൂലധനവും 200 കോടി രൂപ ലോകബാങ്ക് വായ്പയും ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്. ഈ കാലയളവിൽ, രാജ്യത്തെ മിൽക്ക്‌ഷെഡുകളുടെ എണ്ണം 18ൽനിന്ന് 136 ആയി ഉയർന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തോടെ, 4.25 ദശലക്ഷം പാൽ ഉൽപാദകരെ ഉൾക്കൊള്ളുന്ന 43,000 ഗ്രാമീണ സഹകരണ സംഘങ്ങളുടെ ഒരു സ്വയം-സുസ്ഥിര സംവിധാനം സ്ഥാപിക്കപ്പെട്ടു. ധവളവിപ്ലവം തുടങ്ങുന്നതിന് മുമ്പുള്ള വർഷത്തിൽ പാൽപ്പൊടി ഉൽപ്പാദനം 22,000 ടൺ ആയിരുന്നെങ്കിൽ 1989 ആയപ്പോഴേക്കും ഉൽപാദനം 1,40,000 ടണ്ണായി വർധിച്ചു. ക്ഷീരമേഖലയിലെ സഹകരണ മുന്നേറ്റത്തിന്റെ കരുത്തുറ്റ മാതൃകയായ ആനന്ദ് മാതൃകയിലുള്ള ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾ രാജ്യമെങ്ങും ഉദയം ചെയ്തു. കേരളം കണികണ്ടുണരുന്ന നന്മയായ മിൽമയും കർണാടകയിലെ നന്ദിനിയുമെല്ലാം രൂപം കൊണ്ടത് ധവളവിപ്ലവത്തിന്റെ ഭാഗമായാണ്. ഗ്രാമത്തിലെ ക്ഷീര കർഷകരിൽനിന്ന് ദിവസത്തിൽ രണ്ടു തവണ പാൽ സംഭരിക്കുക എന്നതായിരുന്നു ഓരോ ഗ്രാമീണ സഹകരണ സംഘങ്ങളുടെയും ദൗത്യം. പാലിന്റെ ഗുണനിലവാരവും കൊഴുപ്പും ക്ഷീര കർഷകർക്ക് ലഭിക്കുന്ന പ്രതിഫലത്തെ ബാധിക്കുന്ന മുഖ്യഘടകങ്ങളായി മാറി.
1985 മുതൽ 1996 വരെ നീണ്ടുനിന്ന ഓപ്പറേഷൻ ഫ്ലഡിന്റെ മൂന്നാം ഘട്ടത്തിൽ മുൻതൂക്കം നൽകിയത് ക്ഷീരമേഖലയിലെ സാങ്കേതിക വിദ്യവികസനത്തിനായിരുന്നു. ഈ കാലയളവിൽ വനിതാ അംഗങ്ങളുടെയും വനിതാ ക്ഷീരസഹകരണ സംഘങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചു. വർധിച്ചുവരുന്ന പാലിന്റെ അളവ് നിയന്ത്രിക്കുന്നതിനായി അവരുടെ സംഭരണവും വിപണന അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും യൂണിയനുകളെ സഹായിക്കുന്നതിൽ ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിച്ചു. സഹകരണ അംഗങ്ങൾക്കുള്ള വെറ്ററിനറി ഹെൽത്ത് കെയർ സേവനങ്ങൾ, തീറ്റ, കൃത്രിമ ബീജസങ്കലന സേവനങ്ങൾ എന്നിവ വിപുലീകരിച്ചു. പശുക്കളുടെയും എരുമകളുടെയും ആരോഗ്യവും പോഷണവും ആയിരുന്നു മൂന്നാംഘട്ടത്തിലെ മറ്റൊരു വലിയ ശ്രദ്ധാകേന്ദ്രം. ക്ഷീരസഹകരണ പ്രസ്ഥാനത്തിലൂടെ അസംഘടിതരായ പാവപ്പെട്ട ക്ഷീരകർഷകരെ സംഘടിപ്പിക്കുന്നതിനും അവർ നേരിട്ടിരുന്ന സാമ്പത്തിക സാമൂഹിക ചൂഷണത്തിന് അറുതികുറിയ്ക്കുന്നതിനും പാലിന്റെ സംഭരണം - സംസ്കരണം - മൂല്യവർധന - വിപണനം എന്നിവ ഉറപ്പാക്കുന്നതിനും വിദേശ വിപണിയിൽ അടക്കം ഇന്ത്യയിൽ നിന്നുള്ള പാലും പാലുൽപന്നങ്ങളും എത്തിക്കുന്നതിനും സാധ്യമായി. മികച്ച സംവിധാനങ്ങൾ വരികയും കർഷകർക്ക് പിന്തുണയാവുകയും ചെയ്തതോടെ ഉൽപ്പാദകരുടെ സഹകരണ സംഘങ്ങൾ പാൽ നേരിട്ട് വിപണനം ചെയ്യുന്നത് പ്രതിദിനം നിരവധി ദശലക്ഷം ലീറ്റർ വർധിച്ചു.
Read also: 30 ലക്ഷം ക്ഷീരകർഷകരുടെ കൂട്ടായ്മ; വാർഷികവരുമാനം 55,000 കോടി; അമുലിന്റെ അറിയാക്കഥകൾ
ധവളവിപ്ലത്തിന്റെ മൂന്നാം ഘട്ടം അവസാനിച്ച് രണ്ടു വർഷം പിന്നിട്ട 1998ൽ അതുവരെയും പാലുൽപാദനത്തിൽ ലോകത്തെ ഒന്നാം ശക്തിയായിരുന്ന അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദകരാജ്യമായി മാറി. അതേ വർഷം തന്നെ, ലോകബാങ്ക് ഇന്ത്യയിലെ ക്ഷീരവികസനത്തെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ധവളവിപ്ലവം വിജയകരമായതിന് പിന്നിൽ ലോകബാങ്കിനുള്ള പങ്ക് പരിശോധിക്കുന്നതായിരുന്നു ആ റിപ്പോർട്ട്. ഓപ്പറേഷൻ ഫ്ലഡിനു വേണ്ട ലോകബാങ്ക് നിക്ഷേപിച്ച 200 കോടി രൂപയിൽ, ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അറ്റ വരുമാനം പത്തു വർഷത്തിനിടെ ഓരോ വർഷവും 24,000 കോടി രൂപയാണെന്ന് ആ റിപ്പോർട്ട് വെളിപ്പെടുത്തി. തീർച്ചയായും ഇന്നേ വരെയുള്ള മറ്റൊരു വികസനപരിപാടിയും, ധവള വിപ്ലവം സൃഷ്ടിച്ച രീതിയിലുള്ള വരുമാനവളർച്ചയ്ക്കും ഗ്രാമീണ പുരോഗതിക്കും വഴിയൊരുക്കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ലോകബാങ്കിന്റെ പ്രസ്തുത റിപ്പോർട്ട്. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ, മാഗ്സസെ അവാർഡ്, കൃഷിരത്ന പുരസ്കാരം, ലോക ഭക്ഷ്യ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ധവളവിപ്ലവത്തിന്റെ നായകൻ വർഗീസ് കുര്യനെ തേടിയെത്തി.
അമുൽ ഇന്ത്യയുടെ പാൽരുചി: ഇന്ന് ലോകത്തെ എട്ടാമത്തെ വലിയ പാൽ വ്യവസായസ്ഥാപനം
1946ൽ കെയ്റയിലെ ഏതാനും ക്ഷീരകർഷകരുടെ സഹകരണ പ്രസ്ഥാനമായും ക്ഷീരസമര പ്രസ്ഥാനമായും രൂപംകൊണ്ട കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പിന്നീട് അമൂൽ പ്രസ്ഥാനമായി രാജ്യത്തെ ക്ഷീരവികസനത്തിന് തന്നെ മാർഗദർശിയായി മാറി. 78 വർഷങ്ങൾക്ക് മുൻപ് കർഷക ചൂഷണത്തിന് എതിരെ അണിനിരന്ന കെയ്റയിലെ ക്ഷീരകർഷകരുടെ കൂട്ടായ്മയായിരുന്നു അമുൽ എങ്കിൽ ഇന്ന് ഗുജറാത്തിലെ മൂന്നര ദശലക്ഷം ക്ഷീരകർഷകരുടെ കൂട്ടായ്മയായി പടർന്ന് പന്തലിച്ചിരിക്കുന്നു. അമൂലിന്റെ വാർഷികവരുമാനം കണക്കാക്കിയിരിക്കുന്നത് 55,000 കോടിയോളമാണ്. ഇന്ന് ലോകത്തെ എട്ടാമത്തെ വലിയ പാൽ വ്യവസായസ്ഥാപനമായ എട്ടാമത്തെ വലിയ പാൽ വ്യവസായസ്ഥാപനമായാണ് അമുൽ പരിഗണിക്കപ്പെടുന്നത്. ലോക പാൽ ഉൽപന്ന കമ്പോളത്തിൽ 20 ശതമാനം വിഹിതം അമുലിന്റേതാണ്. കഴിഞ്ഞ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സര കാലത്ത് അർജന്റീന, പോർച്ചുഗൽ തുടങ്ങിയ കേളികേട്ട ടീമുകളുടെ ഇന്ത്യയിലെ മുഖ്യ റീജണൽ സ്പോൺസർ പോലും ക്ഷീരകർഷകരുടെ കൂട്ടായ്മയായ അമുൽ ആയിരുന്നു.
Read also: വെറുമൊരു ബ്രാൻഡ് ഐക്കൺ മാത്രമല്ല; അമുൽ ഗേൾ ധീരയായ പെൺകുട്ടി; വിരട്ടലും വിലപേശലും അങ്ങോട്ട് വേണ്ട
അമൂലിലൂടെ വളർന്നു; ഇന്ന് ലോകത്തിന്റെ പാൽപ്പാത്രമായി ഇന്ത്യ
ഒരു കാലത്ത് പാലിനും, പാലുല്‍പ്പന്നങ്ങള്‍ക്കും അന്യരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകത്തെ ആകെ പാലുല്‍പ്പാദനത്തിന്റെ 23 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാണ്. 2021-22 വർഷം 221.06 ദശലക്ഷം ലീറ്റർ പാൽ ഉൽപാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോക ക്ഷീര ഭൂപടത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്തു തുടർന്നുവരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലിസമ്പത്തും കന്നുകാലികളുടെ ജൈവവൈവിധ്യവും ഇന്ത്യയിലാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വിഹിതം സംഭാവന ചെയ്യുന്നത് ക്ഷീരമേഖലയിൽ നിന്നാണ്. 80 ദശലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളാണ് ക്ഷീരമേഖലയിൽ ഉപജീവനം നയിക്കുന്നത്. 2020-21 വർഷത്തെ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 17 ശതമാനം വർദ്ധനവോടെ 7.72 ലക്ഷം കോടിയുടെ വാർഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പ്പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വർഷം രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും, ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ കണക്കുകൾ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാർഷിക വിള പാൽ ആണെന്ന് അടിവരയിടുന്നു. ധവളവിപ്ലവം ഇന്ത്യയെ വൻ നേട്ടമുണ്ടാക്കാൻ സഹായിച്ചപ്പോഴും, രാജ്യത്തിന്റെ പാൽ ഉൽപാദനക്ഷമത ഇപ്പോഴും ആഗോള നിലവാരത്തിനടുത്തെങ്ങുമില്ല എന്നത് ഒരു പോരായ്മയാണ്. കാലാവസ്ഥാ വ്യതിയാനം, കാലിത്തീറ്റയുടെ ലഭ്യത കുറയൽ, ബ്രീഡിങ് പ്രോഗ്രാമുകളിലെ ബലഹീനതകൾ എന്നിവയെല്ലാം ധവളവിപ്ലവം രാജ്യത്തിന് ഉറപ്പുവരുത്തിയ ക്ഷീരനേട്ടങ്ങൾ നിലനിർത്തുന്നതിൽ ഇന്ന് നമുക്ക് വെല്ലുവിളി ഉയർത്തുന്നു.
നാളെ
പോരടിച്ച് അമൂലും സംസ്ഥാന ക്ഷീരപ്രസ്ഥാനങ്ങളും; കേരളം കണികണ്ടുണരുമോ നന്ദിനിയെ? പാലിൽ വിവാദച്ചുഴി
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: History of Indian Dairy Farmers Association Amul