കര്‍ഷകര്‍ക്കു വിപണി ഒരുക്കി കേരളാഗ്രോ: ബ്രാൻഡിങ് ലഭിക്കാൻ ചെയ്യേണ്ടത്
Mail This Article
‘‘സംശയമില്ല, മികച്ച ആശയം തന്നെ, എന്നാലത് എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണേണ്ടി വരും’’, കേരളാഗ്രോയെ സംബന്ധിച്ചുള്ള സംസ്ഥാനത്തെ മിക്ക കര്‍ഷകരുടെയും ആദ്യ പ്രതികരണം ഇങ്ങനെ. പ്രതീക്ഷയും ആശങ്കയും ഒരേ വരിയില്‍ ഒരുമിച്ചു ചേരുന്ന ഈ പ്രതികരണങ്ങളെ എത്രമാത്രം ഗൗരവമായി കാണാന്‍ കൃഷിവകുപ്പു തയാറാകും എന്നതിനെ ആശ്രയിച്ചിരിക്കും കേരളാഗ്രോയുടെ ഭാവി. സാധാരണക്കാരായ കര്‍ഷകരെയും കര്‍ഷക കൂട്ടായ്‌മകളെയും സംബന്ധിച്ച്, ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയില്‍ തങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ഇടം നേടിയെടുക്കുക എളുപ്പമല്ല. പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്കു സംരംഭം വളര്‍ത്താനുള്ള പ്രാപ്തി അവര്‍ക്കു കുറവായിരിക്കും. എത്ര ഗുണനിലവാരത്തോടെ തയാറാക്കിയാലും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വമ്പന്‍ പരസ്യങ്ങളിലൂടെ അരക്കിട്ടുറപ്പിച്ച ബ്രാന്‍ഡ് മൂല്യവുമായി വരുന്ന വന്‍കിടക്കാരുടെ ഉല്‍പന്നങ്ങളോടു മത്സരിക്കുക എളുപ്പമാവില്ല. അവിടെയാണ് കർഷകരുടെ ഉൽപന്നങ്ങൾക്ക് സർക്കാർ തന്നെ ഒരു പൊതു ബ്രാന്‍ഡ് നെയിം–കേരളാ ഗ്രോ– നല്‍കുന്നതിന്റെ പ്രസക്തി. സംസ്ഥാനത്തെ കേരളാഗ്രോ വിപണനശാലകള്‍ വിശാലമായ വിപണിയാണ് കർഷകർക്കു തുറന്നുനല്‍കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇതര വിപണികളിലും സംസഥാന സര്‍ക്കാരിന്റെ തന്നെ ബ്രാന്‍ഡില്‍ കാർഷികോൽപന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയും ചെറുതല്ലതാനും.
കൃഷിക്കൂട്ടങ്ങൾ, മൂല്യവര്‍ധന, കാബ്കോ കമ്പനി, കേരളാഗ്രോ ബ്രാന്‍ഡ്, സംസ്ഥാനം മുഴുവന്‍ ബ്രാൻഡഡ് ഔട്‌ലെറ്റുകള്‍ എന്നിങ്ങനെ കൃഷിയെ വ്യവസായതലത്തിലേക്കു വളർത്താൻ വിപുലമായ പദ്ധതികളാണ് കൃഷിവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇവയൊക്കെ മികവോടെ സമയബന്ധിതമായി ട്രാക്കിലെത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യം തന്നെ. ഏതായാലും ഇ–കൊമേഴ്സ് സൈറ്റുകൾ വഴി ഏതാനും കേരളാഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനും നേരിട്ടുള്ള വിപണി ലക്ഷ്യമിട്ട് തിരുവനന്തപുരം ഉള്ളൂരില്‍ ഒരു കേരളാഗ്രോ ഔട്‌ലെറ്റ് തുറക്കാനും കൃഷിവകുപ്പിനു കഴിഞ്ഞിട്ടുണ്ട്. മറ്റു ചില ജില്ലകളിലും കേരളാഗ്രോ ഔട്‌ലെറ്റുകൾ തുറന്നു കഴിഞ്ഞു. കാര്‍ഷിക മൂല്യവര്‍ധന പദ്ധതികള്‍ക്ക് പിന്തുണ നൽകാനായി 2016ല്‍ സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച വൈഗ പദ്ധതിയിലൂടെ ഊര്‍ജം നേടിയ മൂല്യവര്‍ധനരംഗത്തിന് മുന്നോട്ടു കുതിക്കാനുള്ള മികച്ച അവസരമാണ് കേരളാഗ്രോ ബ്രാൻഡിങ്.
അവസരങ്ങൾ ഒട്ടേറെ
സംസ്ഥാനത്തെ കര്‍ഷകര്‍ തയാറാക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളാഗ്രോ ജൈവം (keralagro organic), കേരളാഗ്രോ സുരക്ഷിതം (keralagro greens) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് വിപണിയിലെത്തുന്നത്. പൂര്‍ണമായും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചവയാണ് ആദ്യ വിഭാഗത്തിലുള്ളത്. കൃഷിവകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷിത കൃഷിമുറകള്‍ പ്രകാരം ഉല്‍പാദിപ്പിച്ചവ അടുത്ത ഗണത്തില്‍പ്പെടുന്നു. നിലവില്‍, കൃഷിവകുപ്പിന്റെ വിവിധ ഫാമുകളില്‍നിന്നുള്ളതും കൃഷിക്കൂട്ടങ്ങള്‍, കര്‍ഷക കമ്പനികള്‍, സംരംഭകര്‍ എന്നിവരില്‍നിന്ന് പരിശോധനകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തതുമായ ഒട്ടേറെ ഉല്‍പന്നങ്ങള്‍ കേരളാഗ്രോ ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ ഔട്‌ലെറ്റ് എന്നതാണ് ആദ്യ ലക്ഷ്യമെന്ന് കേരളാഗ്രോയുടെ ചുമതലയുള്ള കൃഷിവകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ എ.ജെ.സുനില്‍ പറയുന്നു. തിരുവനന്തപുരത്തു മാത്രം 2 എണ്ണം. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത കൃഷിക്കൂട്ടങ്ങള്‍ക്കാണ് ഔട്‌ലെറ്റിന് അനുമതി ലഭിക്കുക. ഇവര്‍ക്ക് സംസ്ഥാനത്ത് എവിടെയുമുള്ള കൃഷിക്കാരും കൃഷിക്കൂട്ടായ്മകളും ഉൽപാദിപ്പിക്കുന്ന കേരളാഗ്രോ അംഗീകൃത ഉല്‍പന്നങ്ങള്‍ വിപണനത്തിനായി വാങ്ങാം. കര്‍ഷക കമ്പനികള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള കര്‍ഷക കൂട്ടായ്മകള്‍ക്കല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് ഔട്‌ലെറ്റ് അനുവദിക്കില്ല. ബൗദ്ധിക സ്വത്തവകാശപ്രകാരം റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതിനാല്‍ കേരളാഗ്രോ എന്ന പേര് മറ്റാര്‍ക്കും ഉപയോഗിക്കാനുമാവില്ല.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ ഈ പേര് സുപരിചിതമാക്കുകയാണ് ഇനിയുള്ള വെല്ലുവിളി. ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള ബ്രാന്‍ഡ് ആയി കേരളാഗ്രോ വളര്‍ന്നാൽ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അതിന്റെ നേട്ടം ലഭിക്കുമെന്നു സുനില്‍. ഗ്രാമപ്രദേശങ്ങളില്‍ വനിതാകൂട്ടായ്മകളുള്‍പ്പെടെ ഒട്ടേറെ സാധാരണ കര്‍ഷകര്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുന്നുണ്ട്. അവയില്‍ പലതും അതതു നാടിന്റെ തനതു രുചിയും കൈപ്പുണ്യവും ചേര്‍ന്നവയാണ്. അവര്‍ക്കൊന്നും പക്ഷേ പ്രാദേശിക വിപണിക്കപ്പുറത്തേക്ക് ഉല്‍പന്നങ്ങളെത്തിക്കാനോ ബിസിനസ് വിപുലമാക്കാനോ കഴിയാറില്ല. ബ്രാൻഡിങ്ങിനു മൂലധനശേഷിയുമില്ല. കേരളാഗ്രോയുടെ പിന്തുണ പ്രധാനമാകുന്നത് ഈ സാഹചര്യത്തിലെന്നു സുനില്‍. നിലവില്‍ വിവിധ ജില്ലകളില്‍നിന്നായി നൂറോളം ഉല്‍പാദന യൂണിറ്റുകളും ആയിരത്തോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കേരളാഗ്രോയുടെ ഭാഗമായിട്ടുണ്ട്.
ബ്രാന്‍ഡിങ് ലഭിക്കാന്‍
ഉല്‍പന്നങ്ങള്‍ക്ക് കേരളാഗ്രോ മുദ്ര നല്‍കുന്നതു കൃഷി ഡയറക്ടറേറ്റാണ്. തങ്ങളുടെ ഉല്‍പന്നത്തിന് കേരളാഗ്രോ ബ്രാന്‍ഡ് ലഭിക്കാൻ കർഷകൻ അല്ലെങ്കിൽ കർഷകക്കൂട്ടായ്മ അതത് കൃഷിഭവനില്‍ അപേക്ഷ കൊടുക്കുകയാണു ചെയ്യേണ്ടത്. ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് സംരംഭത്തിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ഭക്ഷ്യസുരക്ഷ റജിസ്ട്രേഷന്‍/ലൈസന്‍സ്, പഞ്ചായത്തിന്റെ അനുമതി, കൃഷിരീതി എന്നിവയെല്ലാം വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് അസിസ്‌റ്റന്റ് ഡയറക്ടര്‍ വഴി ജില്ലാ കൃഷി ഓഫിസര്‍ക്കു കൈമാറുന്നു. ജില്ലാ കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദ റിപ്പോർട്ട് ഡയറക്ടര്‍ക്കു കൈമാറും. ഇങ്ങനെ വിവിധ തലങ്ങളിലുള്ള പരിശോധനകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉല്‍പന്നങ്ങളാണ് നിലവില്‍ കേരളാഗ്രോ മുദ്രയോടെ വിപണിയിലെത്തിയിട്ടുള്ളത്. അച്ചാറും വെളിച്ചെണ്ണയും ചക്കപ്പൊടിയും മുതല്‍ കാപ്പിയും കുരുമുളകും മഞ്ഞള്‍പ്പൊടിയും ചെറുധാന്യങ്ങളും ഉള്‍പ്പെടെ കാര്‍ഷിക കേരളത്തിലെ മുഴുവന്‍ ഭക്ഷ്യ, ഭക്ഷ്യേതര കാര്‍ഷികോല്‍പന്നങ്ങള്‍ക്കും ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ കേരളാഗ്രോയില്‍ ഇടം ലഭിക്കും ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍ എന്നിങ്ങനെ വിവി ധ നടീല്‍വസ്തുക്കള്‍, അലങ്കാരസസ്യങ്ങള്‍, പഞ്ചഗവ്യവും കുണപജലവും പോലുള്ള ജൈവോല്‍പാദ നോപാധികള്‍ എന്നിവയെല്ലാം കേരളാഗ്രോ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനാകും.
ഉള്ളൂരിലുണ്ട് ഉൾനാടൻ വിഭവങ്ങൾ
ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ആദ്യ കേരളാഗ്രോ ബ്രാൻഡഡ് ഔട്‌ലെറ്റ് തിരുവനന്തപുരം നഗരത്തിലെ ഉള്ളൂരിലാണുള്ളത്. സംസ്ഥാനത്തെ ഉൾനാടൻ പ്രദേശങ്ങളിൽനിന്നുൾപ്പെടെ കൃഷിക്കാരും കൃഷിക്കൂട്ടങ്ങളും ഒപ്പം കൃഷിവകുപ്പു ഫാമുകളും ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇവിടെയുണ്ട്.
മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പായ്ക്കിങ് മികവ്. ഇക്കാര്യത്തിൽ നമ്മുടെ കാർഷിക സംരംഭകർ ബഹുദൂരം മുന്നേറിയെന്നത് ശ്രദ്ധേയമായ കാര്യം തന്നെ. കണ്ടാൽ കയ്യിലെടുക്കാൻ തോന്നുംവിധം ആകർഷക പായ്ക്കിങ്ങോടെയാണ് കൂവപ്പൊടി മുതൽ ഫിഷ് അമിനോ ആസിഡ് വരെ എത്തിച്ചിരിക്കുന്നത്. ഉള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാർഡൻ റോസ് കൃഷിക്കൂട്ടത്തിനാണ് ഔട്‌ലെറ്റ് അനുവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തനതു വിഭവങ്ങൾതന്നെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമെന്ന് ഔട്‌ലെറ്റിനും കൃഷിക്കൂട്ടത്തിനും നേതൃത്വം നൽകുന്ന ബിജു തോമസ് പറയുന്നു. ഔട്‌ലെറ്റിനോടു ചേർന്ന് കൃഷിവകുപ്പിന്റെ പിന്തുണയോടെ മില്ലറ്റ് കഫേയും കൃഷിക്കൂട്ടം നടത്തുന്നുണ്ട്.
ഫോൺ: 9656511182 (കേരളാഗ്രോ ഔട്‌ലെറ്റ്, ഉള്ളൂർ)
9447625776 (സുനിൽ, അഡീ. ഡയറക്ടർ, കൃഷിവകുപ്പ് (മാർക്കറ്റിങ്)