ADVERTISEMENT

വാഴക്കൃഷിയുടെ നഷ്ടം നികത്താൻ പെട്ടെന്നു വരുമാനം കയ്യിലെത്തുന്ന എന്തുണ്ട് എന്ന അന്വേഷണമാണ് ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂരിനടുത്ത് കരിമണ്ണൂർ പതിയിൽ മേജോ ജോസഫിനെ പാഷൻഫ്രൂട്ട് കൃഷിയിലെത്തിച്ചത്. ഒരുമിച്ചൊരു വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ വാഴക്കൃഷി നഷ്ടത്തിലാക്കിയത് പ്രകൃതിക്ഷോഭം. 2 വർഷം മുൻപു തുടങ്ങിയ രണ്ടര ഏക്കർ പാഷൻഫ്രൂട്ട് കൃഷിയാകട്ടെ,  ആഴ്ചതോറും വരുമാനം നൽകുന്ന ആദായക്കൃഷിയെന്നു മേജോ. കഴിഞ്ഞ ഒരു വർഷമായി മുടങ്ങാതെ വിളവെടുപ്പും വിൽപനയും നടക്കുന്നു. 

പഴക്കടകൾക്കു വിൽക്കുമ്പോൾ കിലോ 60 രൂപ മുതൽ 100 രൂപ വരെ വില ലഭിക്കുന്നുണ്ട്.  സമീപ കാലത്തൊന്നും വിലയിടിഞ്ഞിട്ടില്ലെന്നും മേജോ. കാഴ്ചയിൽ മികച്ചവ തിരിഞ്ഞ് കയറ്റുമതി ഏജൻസിക്കു നൽകുമ്പോൾ കിലോയ്ക്ക് 120 രൂപ ലഭിക്കുന്നു. സമീപത്ത് പാഷൻഫ്രൂട്ട് ഉൽപന്ന നിർമാണ യൂണിറ്റുള്ളതും വിപണനം എളുപ്പമാക്കുന്നു. കിലോ 55–60 രൂപയ്ക്കാണ് അവർ വാങ്ങുന്നത്. പാഷൻഫ്രൂട്ട് പൾപ്പിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകള്‍ക്കു  പഴത്തിന്റെ നിറക്കുറവും രൂപഭംഗിയില്ലായ്മയുമൊന്നും പ്രശ്നമല്ല. ഈ മൂന്നു വിപണനമാർഗങ്ങളും സുസ്ഥിരമായി തുടർന്നാൽ കൂടുതൽ പേർക്കു ധൈര്യമായി ചെയ്യാവുന്ന പഴവർഗം തന്നെ പാഷൻഫ്രൂട്ട് എന്ന് മേജോ പറയുന്നു.

നല്ല സൂര്യപ്രകാശ ലഭ്യതയും നീർവാർച്ചയുമുള്ള മണ്ണിൽ നന്നായി വളരുകയും മികച്ച ഉൽപാദനം  നൽകുകയും ചെയ്യും. ഹൈറേഞ്ചിൽ വിളയുന്ന പഴങ്ങൾക്കു മധുരവും വലുപ്പവും കൂടുതലെന്നു മേജോ. ഉൽപാദനവും കൂടുതലായിരിക്കും. ഡിമാൻഡ് കൂടുതലുള്ള പർപ്പിൾ ഇനമാണ് മേജോയുടെ  കൃഷി. ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച് പുറത്തിറക്കിയ കാവേരിയാണ് മുഖ്യയിനം. രോഗപ്രതിരോധശേഷി കൂടുതലുണ്ട് കാവേരിക്ക്. എൻ 34 എന്ന മറ്റൊരിനവും കൃഷി ചെയ്തിട്ടുണ്ട്. ഒരേക്കർ കൃഷിക്ക് പന്തൽ ഉൾപ്പെടെ ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നു മേജോ.  മിക്കവാറും മരങ്ങളൊക്കെ മുറിച്ചു നീക്കിയ റബർത്തോട്ടമാണ് കൃഷിയിടം എന്നത് മേജോയുടെ ചെലവു കുറച്ചു. ഒറ്റപ്പെട്ടു നിൽക്കുന്ന റബർമരങ്ങളും അതില്ലാത്തിടത്ത് ജിഐ പൈപ്പും പ്രയോജനപ്പെടുത്തി കമ്പിവലിച്ച് പന്തൽ ഒരുക്കി. അതിലേക്ക് തൈകൾ പടർത്താനാവട്ടെ, കാപ്പിച്ചെടിയുടെ കമ്പുകളാണ് പ്രയോജനപ്പെടുത്തിയത്. ആഴ്ചയിലൊരിക്കൽ 150–200 കിലോ പഴങ്ങൾ വിളവെടുക്കുന്നുവെന്നും മേജോ.

പുതു തലമുറ പഴവർഗക്കൃഷിയോടുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം പലപ്പോഴും ഗുണപരമല്ലെന്ന് ഈ കർഷകൻ പറയുന്നു. പാഷൻഫ്രൂട്ടിൽ കീടാക്രമണം കണ്ട് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, ‘ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടല്ലല്ലോ കൃഷി തുടങ്ങിയത്. ഇതൊന്നും ഇവിടെ പറ്റുന്ന വിളയല്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്നു മേജോ. കൂടുതൽ ആദായകരമായ കൃഷിയിനങ്ങൾ കർഷകർ കണ്ടെത്തുമ്പോൾ അതിനെക്കുറിച്ചു പഠിക്കാനും ഒപ്പം നിൽക്കാനും ഉദ്യോഗസ്ഥർക്കു കഴിയണ്ടേ എന്ന് മേജോ ചോദിക്കുന്നു.

പാഷൻഫ്രൂട്ട്

ഉഷ്ണമേഖലാ രാജ്യങ്ങളായ ഓസ്ട്രേലിയ, ബ്രസീൽ, പെറു, വെനിസുല, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം വിപുലമായി  പാഷൻഫ്രൂട്ട് കൃഷിയുണ്ട്. ജ്യൂസ് നിർമിച്ച് യൂറോപ്പിലേക്ക് കയറ്റുമതിയും നടക്കുന്നു. മുഖ്യ ഉൽപാദകരാജ്യമായ ബ്രസിലീൽ ഹെക്ടറിന് ശരാശരി 14 ടൺ ഉൽപാദനം ലഭിക്കുന്നു എന്നാണ് കണക്ക്.

നമ്മുടെ നാട്ടിലും പണ്ടേയുണ്ട് പാഷൻഫ്രൂട്ട്. ആരും അത്ര പരിഗണിക്കാത്തതിനാൽ പ്രചാരം ലഭിച്ചില്ലെന്നു മാത്രം. കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾ പക്ഷേ പാഷൻഫ്രൂട്ടിന്റെ തലവര തന്നെ മാറ്റി. നിമിത്തമായത് ഡെങ്കിപ്പനി. അരുണ രക്താണുക്കളുടെ എണ്ണം കൂട്ടാന്‍ ഗുണകരം എന്നു ഡോക്ടർ മാരിൽനിന്നുതന്നെ കേട്ടതോടെ പലരും പാഷൻഫ്രൂട്ട് തേടിയിറങ്ങി.

മഞ്ഞ, പർപ്പിൾ ഇനങ്ങൾ കാണാം. പർപ്പിളിന് മാധുര്യമേറും, പക്ഷേ, പൾപ്പിന് വിളറിയ മഞ്ഞനിറം. മഞ്ഞയ്ക്കു മാധുര്യം കുറയും, പൾപ്പിന് ആകർഷകമായ മഞ്ഞനിറം. നട്ട് ആറുമാസത്തിനുള്ളിൽ വിളവെടുപ്പു തുടങ്ങും. ഏറിയും കുറഞ്ഞും വർഷം മുഴുവൻ പഴങ്ങളുണ്ടാവും. മേയ്–ജൂലൈ മാസങ്ങളിൽ ഉയർന്ന ഉൽപാദനം. തുടക്കത്തിൽ ഏക്കറിന് 4–5 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. സീസൺ കഴിയുമ്പോൾ, മുന്തിരിക്കൃഷിയിലെന്നപോലെ കമ്പുകോതൽ (പ്രൂണിങ്) ആവശ്യം.  

ഫോൺ: 9447393486 (മേജോ)

English summary: Passion Fruit Cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com