ADVERTISEMENT

കേരളത്തിലെ കാർഷിക വിളകളിൽ കറുത്ത സ്വർണം എന്ന വിശേഷണത്താൽ അറിയപ്പെടുന്നത് കുരുമുളകാണെങ്കിൽ അട്ടപ്പാടിയുടെ കറുത്ത സ്വര്‍ണം ആ നാടിന്റെ ജൈവപൈതൃകമായ അട്ടപ്പാടി ബ്ലാക്ക് ആടുകളാണ്. പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് മേഖലയിൽ നീലഗിരി കുന്നുകളുടെ താഴ്വരയിൽ ഭവാനി പുഴയുടെ തീരത്ത് ഏകദേശം 827 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന  അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ  കേരളത്തിന്റെ തനത് ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ (എൻബിഎജിആർ) ഒരു പ്രത്യേക ജനുസായി അംഗീകരിച്ച് ദേശീയ ബ്രീഡ് റജിസ്റ്ററിൽ ഉൾപ്പെടുത്തിയ രാജ്യത്തെ 34 ജനുസ് ആടുകളിൽ ഒന്നുകൂടിയാണ് അട്ടപ്പാടി ബ്ലാക്ക് ആടുകൾ.

ഗോത്രജനതയുടെ പൈതൃകസ്വത്ത് 

അട്ടപ്പാടി മേഖലയിൽ ഉൾപ്പെടുന്ന പോഡൂർ, അഗളി, ഷോളയാർ എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഗോത്രഗ്രാമങ്ങളിലാണ് പ്രധാനമായും ഈ ജനുസ് ആടുകൾ കാണുന്നതും പരിപാലിക്കപ്പെടുന്നതും. ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഗോത്രസമൂഹമാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ വംശരക്ഷകര്‍. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഗോത്രജനത അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. ഗോത്രജനതയുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ജീവിതത്തിൽ അട്ടപ്പാടി കരിയാടുകൾക്ക് വലിയ സ്ഥാനമുണ്ട്. ഒരു കുടുംബത്തിന്റെ സമ്പത്തും ധനസ്ഥിതിയും കണക്കാക്കുന്നത് പോലും അവർക്ക് സ്വന്തമായുള്ള ആടുകളുടെ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിശേഷാവസരങ്ങളിലും വിവാഹവേളയിലും സമ്മാനമായി നൽകുന്നതും ഈ  കരിയാടുകളെ തന്നെ. അട്ടപ്പാടി ആടുകളുടെ പാലും ഇറച്ചിയും ആരോഗ്യദായകവും ഔഷധവുമാണെന്നാണ് ഗോത്രസമൂഹത്തിനിടയിലെ പരമ്പരാഗതവിശ്വാസം. പകല്‍ മുഴുവന്‍ അട്ടപ്പാടി വനമേഖലയില്‍ മേയാന്‍ വിട്ടും  രാത്രികാലങ്ങളില്‍ ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മ്മിച്ച കൂടുകളില്‍ പാര്‍പ്പിച്ചുമാണ് പരമ്പരാഗത കർഷകർ അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. 

attappady-black-goat
ഒരു പ്രസവത്തിൽ സാധാരണ ഒരു കുഞ്ഞ്

അട്ടപ്പാടി കരിയാടുകളുടെ മികവ് 

‌പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവയാണ് അട്ടപ്പാടി കരിയാടുകൾ. എണ്ണകറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ് (Bronze)  അട്ടപ്പാടി കരിയാടുകൾക്കുള്ളത്. അരയടിയോളം മാത്രം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന ചാരനിറമുള്ള കൊമ്പുകളുമാണ് ഇവയുടെ മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലുമെല്ലാം കൊമ്പുകൾ കാണാം. ചെറിയ ശതമാനം ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ കാണാം,അതും കറുപ്പ് തന്നെ. കുന്നുകളും, പാറക്കല്ലുകളും നിറഞ്ഞ അട്ടപ്പാടിയിലെ  മലമേഖലയിലും വനമേഖലയിലും മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും അട്ടപ്പാടി കരിയാടുകളുടെ  സവിശേഷതയാണ്. 

ഉയർന്ന  രോഗപ്രതിരോധശേഷിയും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കുണ്ട്. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ പൊതുവെ കഴിക്കാൻ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളും എല്ലാം അട്ടപ്പാടി ആടുകൾ ഒരു മടിയും കൂടാതെ ആഹരിക്കും. 8-9 മാസമെത്തുമ്പോൾ പെണ്ണാടുകൾ ആദ്യ മദി ലക്ഷണങ്ങൾ കാണിക്കും. 13 -14 മാസം പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടക്കും. ഭൂരിഭാഗം പ്രസവങ്ങളിലും ഒറ്റ കുഞ്ഞുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. കുഞ്ഞുങ്ങൾക്ക് 1.65 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും.  പ്രതിദിനം കാല്‍ ലീറ്ററില്‍ താഴെ മാത്രമാണ്  പാലുൽപാദനം. മാംസാവശ്യത്തിനായാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. മുതിർന്ന 18 മാസത്തിലധികം പ്രായമുള്ള  മുട്ടനാടുകൾക്ക് ശരാശരി 35-40  കിലോഗ്രാം വരെയും പെണ്ണാടുകൾക്ക് 30-32 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും. പകൽ മുഴുവൻ മേഞ്ഞുനടന്നുള്ള  ജീവിതം ഇഷ്ടപെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഈ ആടുകൾ അനിയോജ്യമല്ല.

attappady-black-goat-1
അട്ടപ്പാടി കരിയാടുകൾ

അട്ടപ്പാടി ആടുകൾ വംശനാശത്തിന്റെ വക്കിൽ 

കറുത്ത ആടിന്‍റെ മാംസത്തിന് രുചിയും ഗുണവും ഔഷധമേന്മയും ഏറെയുണ്ടെന്ന് പൊതുവെ കരുതപ്പെടുന്നതിനാല്‍ വിപണിയില്‍ അട്ടപ്പാടി ആടിന്‍റെ ഇറച്ചിക്ക് മൂല്യം ഏറെയാണ്. മാംസാവശ്യത്തിനുള്ള വിൽപനയും കശാപ്പും വ്യാപകമായതോടെ അട്ടപ്പാടി ആടുകൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ആദിവാസികർഷകരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ ചൂഷണം ചെയ്‌ത്‌ അവരിൽനിന്നും തീരെ  തുച്ഛമായ വിലയിൽ ആടുകളെ വാങ്ങി മറിച്ചുവിൽക്കുന്ന ലോബിയും സജീവം. ആടുകളുടെ എണ്ണം കുറഞ്ഞതോടെ രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള അന്തർപ്രജനനം (Inbreeding) വ്യാപകമായതും വനമേഖലയില്‍ മേയുന്നതിനിടെ മറ്റ് ജനുസിൽ പെട്ട ആടുകളുമായുള്ള വര്‍ഗ്ഗസങ്കരണവും (Cross breeding) അട്ടപ്പാടി ആടുകളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ന്  ഏകദേശം നാലായിരത്തോളം മാത്രമാണ് അട്ടപ്പാടിമേഖലയിൽ ശുദ്ധജനുസ്  കരിയാടുകൾ  അവശേഷിക്കുന്നത്. അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ധോണിയിലെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ഫാമിലും വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള  മണ്ണുത്തി വെറ്ററിനറി കോളേജിലെ ആട് വളർത്തൽ കേന്ദ്രത്തിലും പാലക്കാട് തിരുവിഴാംകുന്ന് ഫാമിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട്. അട്ടപ്പാടി ആടുകളുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന  നിരവധി ഗവേഷണപഠനങ്ങളും ഈ കേന്ദ്രങ്ങളിൽ നടന്നുവരുന്നു .

അട്ടപ്പാടി ആടുകൾക്ക് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പദവി സാധ്യമോ?

ഒരു പ്രദേശത്ത് പരമ്പരാഗതമായി ഉരുത്തിരിഞ്ഞതും ഉല്‍പ്പാദിക്കുന്നതും ഗുണവും മേന്മയുമെല്ലാം ആ നാടിന്‍റെ പൈതൃകത്തോട് കൂടി മാത്രം ചേര്‍ന്ന് നില്‍ക്കുന്നതുമായ ഉൽപന്നങ്ങള്‍ക്കാണ് ഭൗമ സൂചിക പട്ടം/ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍  ലഭിക്കുക. ജിഐ പദവി ലഭിക്കുന്നതോടെ പ്രസ്തുത ഉൽപന്നത്തിന്‍റെ  വിപണനത്തിനും ഉൽപാദനത്തിനുമെല്ലാം ആ നാടിനും ജനതയ്ക്കുമുള്ള അവകാശം നിയമപരമായി അംഗീകരിക്കപ്പെടും. ജിഐ പദവി നേടുക വഴി ഒരു പ്രത്യേക ബ്രാന്‍ഡായി അംഗീകരിക്കപ്പെടുന്നതോടെ ഉൽപന്നത്തിന്‍റെ വിപണിമൂല്യവും കയറ്റുമതി സാധ്യതയും ഉയരുമെന്ന് മാത്രമല്ല ആ നാടിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രസ്തുത ഉൽപന്നം തുണയാവുകയും ചെയ്യും. 

ഗന്ധകശാല അരിയും ജീരകശാല അരിയും മറയൂർ ശർക്കരയും തിരൂർ വെറ്റിലയും ഉൾപ്പെടെ കേരളത്തിലെ നിരവധി കാർഷികവിളകളും  ഉൽപ്പന്നങ്ങളും ഭൗമ സൂചിക പട്ടം നേടിയിട്ടുണ്ട് . ഇന്ത്യയില്‍ ഭൗമ സൂചിക പട്ടം (ജിഐ -ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്) നേടിയ ആദ്യ ജീവിയിനം കരിങ്കോഴി/കടക്നാഥ് കോഴികളാണ്. ഇതുവരെ  ജിഐ നേടിയിട്ടുള്ളവയുടെ പട്ടികയില്‍ ഇടം പിടിച്ച ഏക ജീവിയിനവും കരിങ്കോഴികള്‍ തന്നെ.  മഹാരാഷ്ട്രയിലെ ഒസ്മാനാബാദി ജനുസ് ആടുകൾക്ക് ജിഐ പദവി നൽകുന്നതിനായി ഈയിടെ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയുടെ മണ്ണിൽ ഉരുത്തിരിഞ്ഞ, ആ നാടിന്റെ മാത്രം പൈതൃകസമ്പത്തായ കരിയാടുകൾ  ഭൗമ സൂചിക പദവി ലഭിക്കാൻ എന്തുകൊണ്ടും അർഹമാണ്. അട്ടപ്പാടി ബ്ലാക്ക് ആടുകളെ വംശനാശത്തിന് വിട്ടുനൽകാതെയും  ആടുകളുടെ വംശരക്ഷകരായ ഗോത്രജനതയ്ക്ക് ഗുണം ലഭിക്കുന്ന രീതിയിലും  സംരക്ഷിക്കാൻ    ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവി നേടിയെടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ  അനിവാര്യവുമാണ്‌. സംസ്ഥാന ജൈവവൈവിധ്യബോർഡ് അടക്കമുള്ള സംവിധാനങ്ങൾ ഈ വിഷയത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

English summary: Attappady Black Goat, Goat Farming, Maabari Goat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT