രണ്ടടിയോളം നീളമുള്ള ചെവികൾ, കുട്ടിക്കു വില 20,000 രൂപ: ട്രെൻഡ് ആയി ഹൈദരാബാദി

Mail This Article
കുറഞ്ഞ മുതൽമുടക്ക്, ലളിതമായ പാർപ്പിടം, കുറഞ്ഞ തീറ്റച്ചെലവ്, അനായാസമായ പരിപാലനം, ഒറ്റ പ്രസവത്തിൽ ഒന്നിലേറെ കുട്ടികൾ, സുസ്ഥിരവിപണി, മികച്ച വില എന്നിങ്ങനെ മുൻകാലങ്ങളിൽ ആടുകൃഷിയിലേക്ക് ആളുകളെ പ്രലോഭിപ്പിക്കുന്ന ഘടകങ്ങൾ പലതുണ്ടായിരുന്നു. എന്നാൽ ഇന്ന്, ആട്ടിറച്ചിക്കു ഡിമാൻഡ് കുറവില്ലെങ്കിലും ആടുവളർത്തലിൽ വെല്ലുവിളികളേറെ.
ചെറുകിട കർഷകർ പറമ്പിലെ പുല്ലും ഒപ്പം കഞ്ഞിവെള്ളവും കാടിയും തവിടും കൊടുത്ത് 4–5 എണ്ണത്തിനെ വളർത്തുന്നതുപോലെയല്ല ഫാം അടിസ്ഥാനത്തിലുള്ള പരിപാലനം. തീറ്റപ്പുല്ലും കൃത്രിമത്തീറ്റയും ഉറപ്പാക്കണം. ഇറച്ചിക്കായുള്ള വളർത്തൽ, കുഞ്ഞുങ്ങളുടെ വിൽപന, ഇണചേർക്കാനുള്ള മുട്ടന്മാര്‍ എന്നീ വഴികളിലാണ് വരുമാനം. പാൽ, ജൈവവളം എന്നിവ അനുബന്ധമായുണ്ട്. എന്നാൽ ഇതിന്റെ സാധ്യത ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. അതു തിരിച്ചറിഞ്ഞ് ഇനവും വിപണനവും ക്രമീകരിച്ചാൽ ആടുവളർത്തൽ ലാഭം തന്നെയെന്നു തൃശൂർ തൃപ്രയാർ ചെമ്മാപ്പിള്ളിയില്‍ ആടു ഫാം നടത്തുന്ന സിജിൽ പറയുന്നു. ഇറച്ചിയാടിന് ഡിമാൻഡ് ഉള്ളിടത്ത് അങ്ങനെ, കുഞ്ഞുങ്ങളെയാണ് താല്‍പര്യമെങ്കില്‍ അങ്ങനെ. അതല്ലാതെ മലബാറിയെ മാത്രമേ വളർത്തൂ, ഇറച്ചിക്കു വിൽക്കുന്ന പ്രശ്നമില്ല എന്നൊക്കെ ചിന്തിച്ചാൽ മുന്നോട്ടുപോകാനാവില്ല. ഇറച്ചി വിൽപനയാണ് ലക്ഷ്യമെങ്കിൽ ഒരു വര്‍ഷംകൊണ്ട് ശരാശരി 40 കിലോ തൂക്കമെത്തുന്ന സങ്കരയിനങ്ങളെത്തന്നെ വളർത്തണം. കിലോയ്ക്ക് 300–350 രൂപയെങ്കിലും കിട്ടിയാലേ ഇറച്ചിക്കുള്ള വളർത്തൽ ആദായകരമാകൂ. കിലോ 200 രൂപയ്ക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് ആടെത്തുന്നത് ഭീഷണിയാകുന്നുമുണ്ട്.

പ്രദേശം മാത്രമല്ല സീസണും നിര്‍ണായകമാണ്. ഓരോ സമയത്തും എന്താണ് ട്രെൻഡ്, ഏതാണ് കൂടുതൽ ലാഭം എന്നിവ മനസ്സിലാക്കി അതിനനുസരിച്ച് വിപണനതന്ത്രങ്ങൾ ക്രമീകരിക്കണമെന്നു സിജില്‍. നാടൻ, മലബാറി, സങ്കരം എന്നിവയൊക്കെ കടന്ന് ഇന്ന് ഹൈദരബാദി ഇനത്തില്‍ മാത്രം സിജിൽ ശ്രദ്ധിക്കുന്നത് ഈ തിരിച്ചറിവിലാണ്. കോവിഡ് കാലത്ത് ഇറച്ചിവിപണിയിലുണ്ടായ മാന്ദ്യമാണ് ഹൈദരാബാദി എന്ന ഫാൻസി ഇനത്തിലേക്ക് സിജിലിനെ വഴിതിരിച്ചുവിട്ടത്. ഇറച്ചിയാടുകളുടെ ഗണത്തിൽത്തന്നെയുള്ള സങ്കരയിനമാണ് ഹൈദരാബാദി (ഹൈദരാബാദി ബീ റ്റൽ) എങ്കിലും നിലവിൽ ഒാമനിച്ചു വളർത്തുന്ന ഫാൻസി ഇനമെന്ന നിലയ്ക്കാണിതിന്റെ വിപ ണിമൂല്യം. 3 മാസം പ്രായമെത്തിയ മറ്റു സങ്കരയിനങ്ങൾക്ക് ശരാശരി 6000 രൂപ വിലയുള്ളപ്പോള്‍ ഇന്നു ഹൈദരാബാദിക്ക് ശരാശരി 20,000 രൂപ ലഭിക്കുന്നുവെന്ന് സിജിൽ. കേരളത്തിനു പുറത്തും വിപണിയുണ്ടെന്ന മെച്ചവുമുണ്ട്.
നീളൻചെവിയുടെ അഴകും ആകാര ഗാംഭീര്യവുമാണ് ഹൈദരബാദിയെ ആടുപ്രേമികളുടെ ഓ944മനയാക്കുന്നത്. സിജിലിന്റെ കൈവശമുള്ള രണ്ടര വയസ്സുള്ള മുട്ടന്റെ ചെവിനീളം 21 ഇഞ്ച്. വീതി എട്ടര ഇഞ്ച്. 75 കിലോയോളം തൂക്കം. ‘‘ഇറച്ചിക്കു വളർത്തൽ, കുഞ്ഞുങ്ങളെ വിൽപന എന്നീ വിപണികൾക്കൊപ്പം അരുമ എന്ന നിലയിലും ആടുവിപണി വളരുകയാണ്. ഇത്തരം പുതുസാധ്യതകള്‍ ഉപയോഗപ്പെടുത്താനും കർഷകർക്കു കഴിയണം’, സിജിൽ പറയുന്നു.
ഫോൺ: 9447575928