ADVERTISEMENT

പ്രായമായവരിലെ ഓര്‍മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില്‍ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം ആളുകളിലായിരുന്നു പഠനം. അരുമമൃഗങ്ങളുമായുള്ള സഹവാസം പ്രായമായവരില്‍ ഓര്‍മക്കുറവും ഡിമന്‍ഷ്യ പോലുള്ള മാനസിക തകരാറുകളും കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ഗവേഷണത്തില്‍ കണ്ടത്. അരുമകളുമായുള്ള ഇടപെടലും അവയുമൊ ത്തുള്ള ജീവിതവും വാര്‍ധക്യത്തില്‍ ഒട്ടേറെ ഗുണങ്ങള്‍ നല്‍കുമെന്ന ശാസ്ത്ര പഠനഫലങ്ങള്‍ വേറെയുമുണ്ട്. യൗവനത്തിന്റെ ഊര്‍ജവും ഉന്മേഷവും തിരികെ കിട്ടാനും, ഏകാന്തതയുടെയും വിരസതയുടെയും ആഴം കുറയ്ക്കാനും ഒരു വാലാട്ടിയുടെ കൂട്ട് ആശ്വാസമാകും എന്നതു തീര്‍ച്ച. അതിനെ സാധൂകരിക്കുന്ന ഗവേഷണങ്ങള്‍ മാത്രമല്ല, പച്ചയായ ജീവിതാനുഭവങ്ങളും നമ്മുടെ പരിസരങ്ങളില്‍ത്തന്നെ ഏറെയുണ്ട്.

മസ്തിഷകത്തിന്റെ രസതന്ത്രം 

ചിത്രം∙ ഡെന്നി ഡാനിയൽ
ചിത്രം∙ ഡെന്നി ഡാനിയൽ

അരുമകളെ ഓമനിക്കുമ്പോൾ, അവയെ വാത്സല്യത്തോടെ ഒന്നു നോക്കുമ്പോൾപോലും മനുഷ്യശരീരത്തിൽ ഓക്സിറ്റോസിൻ എന്ന ഹോർമോണിന്റെ ഉൽപാദനം 6 ശതമാനം കണ്ടു കൂടുമെന്നാണ് ശാസ്ത്രം. മസ്തിഷ്കത്തിലെ പിറ്റ്യൂറ്ററി ഗ്രന്ഥികള്‍ ഉൽപാദിപ്പിക്കുന്ന ഓക്സിറ്റോക്സിന്‍ ആനന്ദത്തിന്റെയും അനുഭൂതിയുടെയും ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ഹോർമോണിന്റെ ഉൽപാദനം കൂടുന്നത് ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. അരുമകള്‍ക്കൊപ്പം ചെലവഴിക്കുന്ന നേരത്ത് ആളുകളില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ അളവും ഉയരുമെന്നാണ് അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്‍ നിരീക്ഷിച്ചത്. മസ്തിഷ്കത്തില്‍ത്തന്നെ ഉൽപാദിപ്പിക്കുന്നതും സമ്മര്‍ദം കുറച്ച് സന്തോഷം നല്‍കുന്നതുമായ ഹോര്‍മോണാണ് എന്‍ഡോര്‍ഫിന്‍. മാത്രമല്ല, ഈ ഹോര്‍മോണ്‍ ശരീരത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഡോപമിൻ, സെറോടോണിൻ തുടങ്ങി സുഖവും സൗഖ്യവും പകരുന്ന മറ്റു ഹോർമോണുകളുടെ ഉൽപാദനം ഉയരുന്നതിനും അരുമകളുടെ സാമീപ്യം സഹായിക്കും. ഈ ഹോർമോണുകളും സമ്മർദമകറ്റി ഉന്മേഷവും ഉല്ലാസവും നൽകുന്ന രാസത്വരകങ്ങളാണ്. അരുമകളുടെ സാമീപ്യം മനുഷ്യമസ്തിഷ്കത്തിന്റെ രസതന്ത്രത്തിൽ ഈ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരും എന്നതിനാൽ അരുമകള്‍ ഒപ്പമുണ്ടെങ്കില്‍ ജീവിതം തന്നെ മാറിമറിയും എന്ന ആശയം പങ്കുവച്ചതും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ്.

മനുഷ്യരില്‍ സമ്മര്‍ദത്തിന്റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് കോര്‍ട്ടിസോള്‍ ആണ്. സമ്മര്‍ദസാഹചര്യ ങ്ങളിലാണ് വൃക്കകള്‍ക്കു മുകളില്‍ കാണുന്ന അഡ്രിനല്‍ ഗ്രന്ഥികള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ചുരത്തുന്നത്. എന്നാല്‍, ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഏറെ സമയം ഉയര്‍ന്നുനില്‍ക്കുന്നത് രോഗപ്രതിരോധശേഷി കുറയുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്കിടയാക്കും. അരുമകളുമായി സഹവസിക്കുന്നതും അവയെ ഓമനിക്കുന്നതും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവും മനസ്സമ്മര്‍ദവും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതായത്, അരുമകള്‍ക്കൊപ്പം ചെലവഴിക്കുന്ന ആനന്ദനിമിഷങ്ങള്‍ ആരോഗ്യനിമിഷങ്ങളുമാണെന്നു ചുരുക്കം. അരുമകളെയും കൊണ്ട് ഒഴിവുവേളകളില്‍ നടക്കാനിറങ്ങുന്നത് പ്രായം ചെന്നവര്‍ക്ക് വ്യായാമവുമാകും. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഹൃദയസംബന്ധമായ തകരാറുകള്‍ താരതമ്യേന കുറവാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ മറ്റൊരു പഠനത്തിൽ  കണ്ടെത്തിയിട്ടുണ്ട്. ഏകാന്തതയിലും ഒറ്റപ്പെടലിലും മനസ്സും ശരീരവും വീര്‍പ്പുമുട്ടി വിഷാദത്തിലേക്കു വഴുതിവീണേക്കാവുന്ന സാഹചര്യങ്ങള്‍ പ്രതിരോധിക്കാനുള്ള മറുമരുന്ന് കൂടിയാണ് അരുമകള്‍ക്കൊപ്പമുള്ള ജീവിതം. വേണ്ടപ്പെട്ട ആരൊക്കെയോ എപ്പോഴും ഒപ്പമുണ്ടെന്ന ഒരു തോന്നല്‍ അരുമകള്‍ നല്‍കും. കുരച്ചും വാലാട്ടിയുമുള്ള അവരുടെ സ്നേഹചേഷ്ടകളും പ്രതികരണങ്ങളും ഒറ്റപ്പെടൽ അകറ്റി ആശ്വാസവും ആനന്ദവും പകരും. 

ഒപ്പം കൂട്ടാൻ പറ്റിയ ജനുസ്സുകള്‍

നായകളില്‍ ഏറ്റവും ഉത്തമം പരിപാലിക്കാന്‍ താരതമ്യേന എളുപ്പമുള്ളതും ദിവസവും വ്യായാമം വേണ്ടാത്തതുമായ ജനുസ്സുകളാണ്. കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഇണക്കവും അനുസരണശീലവും പരിഗണിച്ചാവണം ഇനങ്ങളുടെ തിരഞ്ഞെടുപ്പ്. ഗ്രൂമിങ് അടക്കമുള്ള പരിപാലനമുറകള്‍ എന്നും ചെയ്യേണ്ടാത്തതാവണം. ജനുസ്സിനോടൊപ്പം പ്രായം, വലുപ്പം എന്നിവ കൂടെ പരിഗണിക്കണം. പരിശീലനം ലഭിച്ചവയെങ്കില്‍ ഏറ്റവും നന്ന്. ബീഗിള്‍, പോമറേനിയന്‍, കോക്കര്‍ സ്പാനിയല്‍, ഫ്രഞ്ച് ബുള്‍ഡോഗ്, പൂഡില്‍, പഗ്ഗ്, ഷീറ്റ്സു തുടങ്ങിയ ജനുസ്സുകള്‍ പരിപാലിക്കാന്‍ എളുപ്പമുള്ളതും മികച്ച ഇണക്കവും അനുസരണയുള്ളതുമായ ചെറു ഇനങ്ങളാണ്. ഏറ്റവും വേഗവും വലുപ്പവുമുള്ളതെങ്കിലും ഗ്രേ ഹൗണ്ട് നായ്ക്കളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും  യോജ്യമായവതന്നെ. ഗോള്‍ഡന്‍ റിട്രീവര്‍, ലാബ്രഡോര്‍ തുടങ്ങിയവ ലിയ ജനുസ്സുകളെയും പരിഗണിക്കാം. 

പേരോ പെരുമയോ ഇല്ലെങ്കിലും നാടന്‍ നായ്ക്കള്‍ എന്നു വിളിക്കുന്ന ഇന്ത്യന്‍ പെരിയാ നായ്ക്കളും ജീവിതസായാഹ്നത്തില്‍ കൂടെ കൂട്ടാന്‍ ഉത്തമരാണ്. ഇണക്കി വളർത്തിയാൽ അടുപ്പത്തിലും അനുസരണയിലും മറ്റേത് ജനുസ്സിനെയും വെല്ലുന്നവയാണ് ഇന്ത്യൻ പരിയാ (Indian pariah dog) നായ്ക്കൾ.  

Representational image. Image credit: Robert Kneschke/ShutterStock
Representational image. Image credit: Robert Kneschke/ShutterStock

ജീവിതം വേറൊരു ലെവല്‍

മാനസികപ്രശ്നങ്ങളും, മറ്റു രോഗങ്ങളും ബാധിച്ചവര്‍ക്ക് ആശ്വാസം പകരാന്‍ പെറ്റ് തെറപ്പിപോലുള്ള ചികിത്സാരീതികള്‍ പ്രചാരത്തിലാവുകയാണ്. കാവലിനും കൂട്ടിനും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും അരുമകളുടെ സാമീപ്യം ഉപകരിക്കുമെന്ന തിരിച്ചറിവാണ് പെറ്റ് തെറപ്പിയുടെ കാതല്‍. വാർധക്യ ചികിത്സ(ജെറിയാട്രിക്സ് മെഡിസിൻ)യില്‍ വിദേശരാജ്യങ്ങളിലെല്ലാം പെറ്റ് തെറപ്പി വ്യാപകമായി പ്രയോജനപ്പെ ടുത്തുന്നു. അര്‍ബുദ ചികിത്സാകേന്ദ്രങ്ങള്‍, കീമോതെറപ്പി, നഴ്സിങ് ഹോമുകള്‍, വൃദ്ധസദനങ്ങള്‍, മാനസികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇന്നു പെറ്റ് തെറാപ്പിയുണ്ട്. ഡിമന്‍ഷ്യയും, സ്ട്രോക്കും പാര്‍ക്കിന്‍സണ്‍ രോഗവുമെല്ലാം അകറ്റി നിര്‍ത്താനും മാനസിക, ശാരീരികാരോഗ്യമുള്ള ആയുസ്സ് ഉറപ്പു നല്‍കാനും പെറ്റ് തെറപ്പി ഇന്നൊരു പ്രതിരോധമാർഗമായിട്ടുണ്ട്.   

വിലാസം

ഡോ. എം.മുഹമ്മദ് ആസിഫ്, വെറ്ററിനറി സർജൻ, വെറ്ററിനറി ഡിസ്‌പെൻസറി, മംഗൽപാടി, കാസർകോട്

ഫോൺ: 94951 87522

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com