മരണം ഒരൊറ്റ വാക്കല്ല, ജീവിതവും
Mail This Article
അഴിക്കും തോറും മുറുകുന്ന കെട്ടുകളാണു ജീവിതം. കെട്ടുകളൊന്നൊന്നായി അഴിച്ച് ജീവിതത്തെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചതിന്റെ ഫലമാണ് മികച്ച പുസ്തകങ്ങൾ. കഥയായും കവിതയായും നോവലായുമൊക്കെ പല രൂപത്തിലും ഭാവത്തിലും കെട്ടുകൾ അഴിക്കുമ്പോഴും അവ മുറുകിക്കൊണ്ടിരുന്നു. കൂടുതൽ സങ്കീർണമായിക്കൊണ്ടിരുന്നു. എന്നാലോ, വെല്ലുവിളിക്കുന്നതു നിർത്തിയതുമില്ല. അല്ലെങ്കിൽത്തന്നെ, ആ വെല്ലുവിളി കണ്ടില്ലെന്നു നടിക്കാനോ ഒഴിവാക്കാനോ ഒഴിഞ്ഞുമാറാനോ ആവുമായിരുന്നില്ല. നിയോഗമായതുകൊണ്ടല്ല, നിലവിളിയായതുകൊണ്ടുതന്നെ. പുറത്തെവിടെനിന്നുമല്ല, അകത്തുനിന്ന്, ആ വിളി നിലയ്ക്കാത്തിടത്തോളം അന്വേഷിക്കേണ്ടിയിരിക്കുന്നു. അറിയേണ്ടിയിരിക്കുന്നു. ജീവിതം എന്ന മഹാ സത്യത്തെ അഥവാ മിഥ്യയെ. മരണം എന്ന ഒരേയൊരു യാഥാർഥ്യത്തെയും.
ജീവിതത്തെക്കുറിച്ച് ഇതുവരെ പറഞ്ഞവരൊക്കെ മുറിവുകളേറ്റവരും ആ മുറിവുകളെത്തന്നെ കാമിച്ച് വീണ്ടും ജീവിക്കാൻ കൊതിച്ചവരുമാണ്. അവർ സൗകര്യപൂർവം മരണത്തെ ഒഴിവാക്കി. ചെറു പരാമർശങ്ങളിൽ ഒതുക്കി. അനിവാര്യതയിൽ തളച്ചു. എന്നാൽ, ജീവിതത്തെ സ്നേഹിക്കുന്നവർക്ക് അത്രയെളുപ്പം മരണത്തെ വിസ്മരിക്കാനാവുമോ. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് എന്നതുകൊണ്ടു മാത്രം ഇനി ചോദ്യങ്ങളേ വേണ്ടെന്നുവയ്ക്കാനുമാവില്ലല്ലോ. ചിതയിലെ വെളിച്ചത്തിനും വെളിച്ചമുണ്ട്. ആ വെളിച്ചത്തിലും തിളങ്ങുന്നതു ജീവിതമാണ്. ചിതയുടെ വെളിച്ചത്തിൽക്കൂടി ജീവിതത്തെ നോക്കിയവരെ കണ്ടിട്ടുണ്ടോ. അവർക്കു പറയാനുള്ളതു കേട്ടിട്ടുണ്ടോ. ഓരോ ചിതയിൽ നിന്നും ഉയർന്നതു ഗന്ധമോ ദുർഗന്ധമോ എന്നത് അവരുടെ മാത്രം അറിവാണ്. അവർ പറയുന്ന ജീവിതമാണ് മധുശങ്കർ മീനാക്ഷിയുടെ മരിപ്പാഴി എന്ന നോവൽ.
ജനിച്ച നാൾ മുതൽ ഓരോ മനുഷ്യനും ഒരു കാര്യക്കാരനെക്കൂടി തേടുന്നുണ്ട്. അവസാന വിശ്രമത്തിന് കിടക്കയൊരുക്കുന്ന പരികർമിയെ. അഭിഷകത്തിനു വേണ്ട ഭസ്മം ഉടലറിയാതെ, കനലറിയാതെ, ആത്മാവറിയാതെ എടുത്തുതരാൻ കെൽപുള്ള ഒരുവനെ. ഒരേ സമയം പല ജൻമങ്ങളിലൂടെ സഞ്ചരിക്കുന്നവനെ. അയാളെ തിമോത്തി എന്നു വിളിക്കുന്നു നോവലിസ്റ്റ്.
ഞാനും അയാളെ തിരഞ്ഞുനടക്കുകയാണ്. ഇത്രയും നേരം അയാളെന്റെ മടിയിൽ തല ചായ്ച്ച് ഉറങ്ങുകയായിരുന്നു. കൊച്ചുകുട്ടിയെപ്പോലെ ഉറങ്ങുന്നതുകണ്ടപ്പോൾ ഉണർത്തേണ്ടെന്നു കരുതി. നല്ല പനിച്ചൂടുണ്ടായിരുന്നു ആ മുഖത്ത്. ഇടയ്ക്കെങ്ങാണ്ടോ ഞാനൊന്നു മയങ്ങിപ്പോയി. ഉണർന്നപ്പോൾ അയാളെ കാണാനില്ല എന്നു പറയുന്നത് ഒരു സ്ത്രീ മാത്രമല്ല, പലരാണ്. അയാൾക്കങ്ങനെ അധിക നേരം മറഞ്ഞുനിൽക്കാനാവില്ല. ചിറകു വിടരും പോലെ ഉയരുന്ന നിലവിളി കേൾക്കുന്നില്ലേ. കാറ്റിൽ അലിഞ്ഞിട്ടും ബാക്കിയായ നിലവിളി. അത് അടുത്തെത്തുമ്പോഴേക്കും അയാളും എത്തും. ചുറ്റുവിറകടുക്കാൻ. ജീവിതത്തിലെന്നപോലെ മരണത്തിലും കാവൽ നിൽക്കാൻ. അവസാനത്തെ വാക്കുകൾ അയാളോടാണ്. നിരന്തരം കേൾക്കുന്ന ആ വാക്കുകളാണ് അയാൾക്കു പല ജൻമങ്ങൾ സമ്മാനിക്കുന്നത്. അയാൾക്കു പറയാനുള്ളതു കേൾക്കണ്ടേ. അതാണു മരിപ്പാഴി.
ജീവിതമെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. എന്നാൽ, മരണമെന്ന ഉത്തരത്തിന് ഒരു ചോദ്യവും ആവശ്യമില്ല. എന്നാലും, ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളിലൂടെയാണ് മരിപ്പാഴി വായനക്കാരോട് സംവദിക്കുന്നത്.
മരണക്കുളിര് ഏറെയുള്ള ദിവസങ്ങളിൽ ഗംഗയിൽ നിന്നു വീശുന്ന ശീതക്കാറ്റിന്റെ വക്ഷസ്സിൽ സ്വർണനൂലുകൊണ്ടു തുന്നിപ്പിടിപ്പിച്ച ചിറകുകളുണ്ടെന്നു തോന്നിയിട്ടുണ്ട്. വീശുമ്പോൾ ചെറിയ ശബ്ദം പോലും അതു കേൾപ്പിക്കുകയില്ല. ചെറിയ ആന്ദോളനം മതി, ചിതയിൽ കണ്ണും മനസ്സുമൂന്നി നിൽക്കുന്നവരുടെ പൂട്ടിവച്ച സങ്കടപ്പൂട്ടൊന്നാകെ തുറന്നുപോകാനെന്ന് ആ കാറ്റിനറിയാം. എന്നാൽ, ചിതയിലേക്ക് ഊഴം കാത്തുകിടക്കുന്ന ജഡങ്ങൾ അങ്ങനെയല്ല. ചിറകില്ലാതെ ഉറ്റവരുടെ മനസ്സിലേക്ക് സ്വയം നീന്തിയെത്തി, പൂട്ടിവച്ച സങ്കടപ്പൂട്ടുകളൊരോന്നായി തുറന്നിടാനതിനാകും. ഇരുട്ടിന്റെ, ശൂന്യതയുടെ ആഴമെന്തെന്നു പറഞ്ഞുതരും. മഹാശൂന്യതയുടെ മുമ്പിൽകൊണ്ടുനിർത്തും.
നിലവിളിക്കുന്ന ഉറ്റവർ തന്നെ ആദ്യം മാറിനിൽക്കും. വിട്ടുപോകില്ലെന്നു പറയുന്നവർ തന്നെ പോകും. പിന്നെ ഒറ്റയ്ക്കാണ്. മുകളിലും താഴെയും ചുറ്റും വിറകാണ്. അതുവരെ, അഹങ്കാരത്തോടെ തീ പൂട്ടിയ ജീവൻ തന്നെ അവസാനിപ്പിക്കുന്നു. ചുറ്റുമുയരുന്ന തീയുടെ ചൂടിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ തീ കൂട്ടിയത് സ്നേഹിച്ചത് തന്നെയാണ്. സംരക്ഷിച്ചവർ തന്നെയാണ്. ഉള്ളിൽക്കൊണ്ടു നടന്നവരാണ്. അവർ തന്നെ....
ഓരോ ചുംബനത്തിനും ഒരോ വിറക്. ഓരോ ഓർമയ്ക്കും ആളിക്കത്തുന്ന ഇന്ധനം. ഓരോ ചിരിക്കും ഒരോ കണ്ണീരിനും.. എന്നാൽ, ഗംഗയുടെ കരയിൽ, മണികർണികാ ഘട്ടിലെ ചിതയുടെ കാര്യക്കാരൻ പറയുന്നതു കേൾക്കൂ. കത്തിപ്പിടിച്ച തീയുടെ ചൂടേൽക്കുമ്പോൾ ഏതു ജീവനും ഒന്നനങ്ങും. എന്താണു സംഭവിച്ചതെന്നറിയാതെ വെപ്രാളപ്പെട്ട് ചിതയിൽ നിന്നു പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിക്കും. പീള മൂടിയ കണ്ണു കൊണ്ട് വിജനതയിലേക്കു മിഴിച്ചുനോക്കി മറന്നുപോയ പേരുകൾ ഓരോന്നായി ഓർത്തെടുക്കാൻ യത്നിക്കും. പണിപ്പെട്ടടുക്കിയ ചുറ്റുവിറകുകൾ നില തെറ്റി വീണുപോകുന്നതപ്പോഴാണ്.
മരണം എന്ന വാക്കിൽ തന്നെ തുടങ്ങുന്ന മരിപ്പാഴി, ആദ്യവസാനം മരണത്തോടു സംവദിക്കുന്ന മലയാളത്തിലെ ആദ്യ നോവലാണ്. ഇത്ര അടുത്തുനിന്നും, ഇത്രമേൽ സമഗ്രമായും ആധികാരികമായും മലയാളത്തിലെ മറ്റൊരു നോവലും മരണത്തെ കൈകാര്യം ചെയ്തിട്ടുമില്ല. ചിതയ്ക്കു മീതേക്കൂടിയാണ് ഇവിടെ ചോദ്യങ്ങൾ ഉയരുന്നത്. വിറകു കത്തുന്ന ശബ്ദത്തിനിടെ ശ്രദ്ധിച്ചാൽ മാത്രമേ അടുത്ത ചോദ്യം കേൾക്കാനാവൂ. ഉത്തരങ്ങൾ ചിതയിൽ നിന്നല്ല, ഉള്ളിൽ നിന്നു തന്നെയാണ് ഉയരേണ്ടത്. ഉയരുന്നത്. അവയല്ലേ യഥാർഥ ഉത്തരങ്ങൾ. ബാക്കിയെല്ലാം മറ്റാരെയോ ബോധിപ്പിക്കാനുള്ളവ മാത്രം. സ്വയം വിശ്വസിക്കാത്തവ. തന്നോടു തന്നെ നീതി പുലർത്താത്തവ.
പാപവും പുണ്യവും ഇവിടെ നേർക്കുനേർ നിന്നല്ല സംസാരിക്കുന്നത്. എതിരാളികളുമല്ല. ജീവിതവും മരണവുമെന്നപോലെ കൂട്ടാളികളാണ്. നമ്മെയൊക്കെ കുടുക്കിയ ഗൂഢാലോചനയിലെ കൂട്ടുപ്രതികളാണ്. ഒന്നിനെ മാത്രമായി വെറുക്കാനോ മാറ്റിനിർത്താനോ ആവില്ല. മറ്റൊന്നിനെ പുണരാനുമാവില്ല. ജൻമദീർഘമായ ചുടലയ്ക്കു കാവൽ നിൽക്കുന്ന തീവെട്ടിയുടെ വെളിച്ചത്തിലാണു മരിപ്പാഴി എഴുതപ്പെട്ടത്. അതിന്റെ ചൂടും പുകയും വായനയിലും ശ്വാസം മുട്ടിച്ചേക്കാം. എന്നാൽ, അത് ഒഴിവാക്കി ജീവിക്കാനാവുമെന്നു തോന്നുന്നുണ്ടോ? മരിപ്പാഴി ഒഴിവാക്കേണ്ടതല്ല, കൂടെക്കൂട്ടേണ്ടതാണ്. ജീവിതം പോലെ. മരണം പോലെ. ചിത പോലെയും.
മരിപ്പാഴി
മധുശങ്കർ മീനാക്ഷി
ഡിസി ബുക്സ്
വില: 399 രൂപ