ADVERTISEMENT

പൊതുരംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴും തന്റെ സർഗാത്മകതയെ കൂടെ കൂട്ടിയ ആളാണ് പി. എസ്. ശ്രീധരൻ പിള്ള. അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ തുടങ്ങിയ നിലകളിൽ മികച്ചു നിൽക്കുമ്പോഴും തിരക്കുകൾക്കിടയിലും വായനയെയും എഴുത്തിനെയും ഒപ്പം കൊണ്ട് പോകാൻ സാധിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് 'എന്റെ പ്രിയകഥകൾ'. പത്തു പ്രിയ കഥകളോടൊപ്പം മിസോറം നാടോടിക്കഥകളുടെ പുനരാഖ്യാനവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തിൽ പി കെ രാജശേഖരന്റെ അവതാരിക കഥയിലേക്കുള്ള വാതിലുകൾ തുറന്ന് തരുന്നു.

അനുഭവങ്ങളിലേക്കും ജീവിത യാഥാർഥ്യങ്ങളിലേക്കും നേരിട്ട് നടന്നു കയറുന്നവയാണ് ശ്രീധരൻ പിള്ളയുടെ കഥകൾ. പരീക്ഷണ വ്യഗ്രതയല്ല, യാഥാർഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്കാരവുമാണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയുടെ വൈകാരിക ലോകത്തെ, മറയില്ലാതെ ചിത്രീകരിച്ചു കൊണ്ട് ഞാൻ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്ന് പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാര രേഖകളാണ് 'എന്റെ പ്രിയ കഥകളിൽ' നാം വായിക്കുന്നത് എന്ന് അദ്ദേഹം കുറിക്കുന്നു. ഭൂതകാലത്തിലും വർത്തമാനത്തിലുമുള്ള തന്റെ ജീവിതപരിസരങ്ങളും ഇതുവരെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ജീവിതങ്ങളുമൊക്കെയാണ് തന്റെ കഥകളിലെ പ്രതിപാദ്യങ്ങളെന്ന് ശ്രീധരൻ പിള്ള ആമുഖത്തിൽ പറയുന്നുണ്ട്. 

നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം സ്വന്തം നാട്ടിലേക്ക്, തറവാട്ടിലേക്ക്, തന്റെ വേരുകളിലേക്ക് മടങ്ങുന്ന ഒരു സ്ത്രീയുടെ കഥയാണ്  'മുറിവ്'. ബാല്യത്തിൽ അറിയാതെ ചെയ്ത് പോയ ഒരു തെറ്റിന്റെ വേദന വർഷങ്ങളോളം ഉള്ളിൽ കൊണ്ടു നടക്കേണ്ടി വരുകയും ഒടുവിൽ തന്റെ എല്ലാമായ മുത്തശ്ശിയുടെ ആത്മാവ് തന്നോട് ക്ഷമിച്ചു എന്ന ആശ്വാസത്തിൽ സമാധാനത്തോടെ പഴമയെ പാരമ്പര്യത്തെ, ആചാരങ്ങളെ ഒക്കെ മടക്കി കൊണ്ട് വരുകയാണ് ഇതിലെ നായിക.

'കഥ പറയാൻ ഒരു ജീവിതം' പറയുന്നത് തകർന്ന തറവാടുകളുടെയും ജന്മിത്തത്തിന്റെയും കീഴാളർക്ക് നേരിടേണ്ടി വന്ന അടിച്ചമർത്തലുകളുടെയും കഥയാണ്. അതോടൊപ്പം വാർദ്ധക്യത്തിന്റെ വ്യഥകളും വരച്ചു കാട്ടുന്നു. ഒന്ന് മുറ്റത്തേക്ക് ഇറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കിട്ടുക്കുറുപ്പിന് പഴയ ചരിത്രവും കഥകളും അറിയാം എന്നത് കൊണ്ട് പഴയ കഥകൾ കേൾക്കാൻ ഒരു ദിവസത്തേക്ക് അയാൾക്ക് പ്രത്യേക പരിഗണന വീട്ടുകാർ നൽകുകയാണ്.ഒരിക്കൽ നിറയെ മരങ്ങളും വയലുകളും ഉണ്ടായിരുന്ന ഒരു ഗ്രാമം ഇന്ന് എത്രമാറി എന്നും  കഥ പറയുന്നു.

'തത്ത വരാതിരിക്കില്ല' എന്ന കഥയിൽ മഴവില്ലിന്റെ ചെറു ശകലം പൊഴിയും പോലെ ഒരു പഞ്ചവർണതത്ത പറന്നെത്തുകയാണ്. തത്ത അരികിൽ ഇരിക്കുമ്പോൾ കഥാനായകനു തന്റെ മുത്തശ്ശിയുടെ സാമീപ്യം അനുഭവപ്പെടുകയാണ്. അദ്ദേഹം സ്വാസ്ഥ്യം അനുഭവിക്കുകയാണ്. 'ആത്മഛായ' സ്വാർത്ഥതയ്ക്കും അപ്പുറം മനുഷ്യസ്നേഹത്തിന്റെ കഥയാണ്. അറിയാതെ തെറ്റ് ചെയ്ത് പോയ കുട്ടിയെ വഴക്ക് പറയാതെ സ്നേഹത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നേർവഴിക്കു നയിക്കുകയാണ്.

'മീൻ എത്തുമ്പോൾ' ഏറെ പ്രസക്തമായ കഥയാണ്. അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ബന്ധവും ഫോൺ അഡിക്ഷനും സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം വരുത്തി വയ്ക്കുന്ന മാനസിക പ്രയാസങ്ങളും എല്ലാം സൂചിപ്പിക്കുന്നു. ജീവിതം എന്ത് എന്ന് തന്റെ കൊച്ചുമകനെ മനസിലാക്കി നൽകുവാൻ ഈ കഥയിലെ അപ്പൂപ്പനു സാധിക്കുന്നുണ്ട്. പ്രകൃതിയെ അറിയാൻ അവൻ തയ്യാറാകുകയാണ് 

മുറിവ്, സന്ധ്യ, ഉത്തരം തേടുന്ന ചോദ്യം, മീൻ എത്തുമ്പോൾ തുടങ്ങി പത്തു കഥകൾ ആണ് 'എന്റെ പ്രിയകഥകളി'ൽ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മിസോറം നാടോടിക്കഥകളുടെയും ഒരു കൊങ്കണി നാടോടിക്കഥയുടെയും പുനരാഖ്യാനവും സമാഹാരത്തിൽ ഉണ്ട്.

ആദിവാസി സ്ത്രീകളുടെ ജീവിതം പറയുന്ന കഥയാണ് 'സ്ത്രയ്ണം'. ഋതുമതിയാകുന്ന പെൺകുട്ടികൾ കാട്ടിൽ ഒറ്റയ്ക്ക് പനമ്പട്ടകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചുമരുകളുള്ള  മുറിയിൽ ഒറ്റയ്ക്ക് കഴിയണം എന്ന  ആചാരം ചോല നായ്ക്ക സമൂഹത്തിൽലുണ്ട്. ഈ കഥയിലെ ബൊമ്മി എന്ന പെൺകുട്ടി, ഇങ്ങനെ ഒറ്റയ്ക്ക് കഴിയേണ്ടി വരുമ്പോൾ അവൾക്ക് ഉണ്ടാകുന്ന ഭയവും പിന്നീട് അവൾ ഭയത്തെ മറികടക്കുന്നതും കാണാം. ഇപ്പോഴും ചില വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഇത്തരം പ്രാകൃതമായ ആചാരങ്ങൾ അവസാനിപ്പിക്കേണ്ട കാലം കടന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്ന കഥ.

'നീതി' എന്ന കഥ, ആദിവാസി ആചാരപ്രകാരം ദമ്പതിമാരായ കാവിരിയുടെയും കാവലന്റെയും ജീവിതമാണ്. ആദിവാസികളുടെ തനതായ രീതികളിലേക്ക് സമൂഹത്തിന്റെ നിയമം അടിച്ചേൽപ്പിക്കപെടുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയും തുടർന്ന് അവരെ മനസിലാക്കി ഒരു പോലീസുകാരൻ അവരുടെ രക്ഷയ്ക്ക് എത്തുന്നതുമാണ് ഈ കഥയുടെ ഇതിവൃത്തം.

ലളിതമായി പറഞ്ഞു പോകുന്ന ഈ കഥകൾ പലതും സ്വന്തം അനുഭവങ്ങളിൽ നിന്ന് കഥാകൃത്ത് കണ്ടെടുത്തവയാണ്. ജീവിതത്തെക്കുറിച്ച് ഒരു പോസിറ്റീവ് മനോഭാവം പുലർത്തുന്ന, പ്രതീക്ഷ നൽകുന്ന കഥകൾ ആണിവ. പാരമ്പര്യത്തിലേക്ക് പഴമയിലേക്ക് മടങ്ങി പോകാനുള്ള മനസ്സ് ചില കഥകളിലെങ്കിലും കാണാം. മനുഷ്യനു പ്രകൃതിയിൽ നിന്ന് വേറിട്ട് ജീവിതം സാധ്യമല്ല എന്ന്  ഈ കഥകളിലൂടെ കഥാകൃത്ത് പറഞ്ഞു വയ്ക്കുന്നു.

എന്റെ പ്രിയകഥകൾ

പി. എസ്. ശ്രീധരൻ പിള്ള

കറന്റ്‌ ബുക്സ്

വില :₹199

English Summary:

Ente priya Kathakal by P S Sreedharan Pillai book review