ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു നൊടി നേരത്തിൽ ലഭിക്കുന്നത് മഹത്തായ സ്നേഹം. ഒരു നിമിഷത്തിൽ ലഭിക്കുന്നത് വെറും സ്നേഹം. അത്ര തന്നെ. സ്നേഹത്തിന് ഒരു നിമിഷത്തിൽ കൂടുതൽ ആയുസ്സില്ല. അതിലും കൂടുതൽ ദൈർഘ്യമായാൽ സ്നേഹം മരിച്ചുപോകുന്നു. വേറെ എന്തൊക്കെയോ വന്ന് അതിനു മുൻപിൽ നിൽക്കുന്നു. ദിവസം ആ ഒരു നിമിഷം ഏതെന്ന് നാം കണ്ടുപിടിച്ചാൽ അതു മതി അന്നു നമുക്ക് സന്തോഷമായി കഴിയാൻ.

മങ്കാസുരിയുടെ കഥയ്ക്ക് കുമരാസുരൻ എന്നു പെരുമാൾ മുരുകൻ പേര് കൊടുത്തത് വെറുതെയല്ല. അകന്നുപോയ പ്രണയത്തിലേക്ക് മങ്കാസുരി വൈകിയാണെങ്കിലും തിരിച്ചെത്തിയെങ്കിൽ, കുമരാസുരൻ ഒരു ജീവിതം മുഴുവൻ പ്രണയിക്കാൻ ശ്രമിച്ചു നിരാശനായ വ്യക്തിയാണ്. മറ്റൊരാളുടെ പ്രണയഭാജനമായ മങ്കാസുരിയെത്തന്നെ പ്രണയിച്ചതാണ് അയാളുടെ ജീവിത ദുരന്തത്തിന് ആക്കം കൂട്ടിയത്. കാരണക്കാരായി വ്യക്തികളെയോ ദുരഭിമാനം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളെയോ ഉയർത്തിക്കാട്ടാമെങ്കിലും പ്രണയം നിരസിക്കപ്പെടാൻ അയാൾ എന്തു തെറ്റാണു ചെയ്തത്. ചില വ്യക്തികളെങ്കിലും കാരണമില്ലാതെ പീഡിപ്പിക്കപ്പെടുന്നു. പ്രണയത്തിന്റെ നിറവാണ് ചിലർക്ക് ഏറ്റെടുക്കേണ്ടിവരുന്ന ശിക്ഷയെങ്കിൽ മറ്റു ചിലരെ കാത്തിരിക്കുന്നത് പ്രണയ ശൂന്യതയാണ്. രണ്ടും ശിക്ഷ തന്നെയാണ്. രണ്ടും വ്യത്യസ്തമാണ്. ഏതിനാണു തീവ്രത എന്നും ഏതാണു തീഷ്ണമെന്നും തീർത്തുപറയാൻ രണ്ടും അനുഭവിച്ച ആരും ഇല്ല. സ്ത്രീയും പുരുഷനുമായി ഒരേ കാലം ഒരേ അവസ്ഥകളിലൂടെ കടന്നുപോയവർ ഇല്ലാത്തതുപോലെ തന്നെ.

മങ്കാസുരിക്കും കുമരാസുരനും ഇതുപോലെയല്ലാതെയും ജീവിക്കാമായിരുന്നു. അവസരങ്ങളും സാധ്യതകളുമുണ്ടായിരുന്നു. എന്നിട്ടും അവർ തിരഞ്ഞെടുത്തതും അനുഭവിച്ചതും മുള്ളുകൾ വിതറിയ വഴിയാണ്. ഒരോ ചുവടിലും വേദന അറിഞ്ഞും നീറിയും ഇതല്ലാതെ മറ്റൊരു വിധിയുമില്ലെന്നറിഞ്ഞും. കുമരാസുരൻ എന്ന നോവൽ പൊള്ളുന്ന അനുഭവമാകുന്നതും ഇതുകൊണ്ടുതന്നെയാണ്. മറ്റൊരു വഴി കാണിച്ചുകൊടുക്കാനില്ലാത്തതുകൊണ്ടു തന്നെ. വിധിയും വഴിയും ജീവിതവും മറ്റൊന്നല്ലാത്തതുകൊണ്ട്. കുമരാസുരന്റെ പേര് നോവലിനു നൽകി പെരുമാൾ മുരുകൻ നിഷേധിക്കപ്പെട്ട നീതി നടപ്പിലാക്കുകയാണോ. അതോ ഒരിക്കലും കിട്ടാത്ത നീതിയെക്കുറിച്ച് ഓർമിപ്പിക്കുകയാണോ. എവിടെപ്പോയാലും എങ്ങനെ ജീവിച്ചാലും മങ്കാസുരിക്ക് അയാളെ മറക്കാനാവുമോ... പ്രണയം ഓർമയാണോ അതോ മറവിയോ.

ആറുമാസം വെറുമൊരു കാലയളവല്ല. കുമരാസുരൻ ഒറ്റയ്ക്കു നീന്തിയ ദിവസങ്ങളാണത്. അതും ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം ഒളിപ്പിച്ച്. മങ്കാസുരി അയാൾക്കു വെറുമൊരു സ്ത്രീയല്ല. 40 വർഷത്തെ ജീവിതപങ്കാളിയാണ്. പറഞ്ഞുറപ്പിച്ച മുറപ്പെണ്ണിൽ നിന്ന് ഭാര്യ എന്ന പദവിയിൽ സ്വാഭാവികമായി എത്തിയ സ്ത്രീ. (സ്വാഭാവികതയോ അസ്വഭാവികതയോ എന്നതു തെളിയിക്കേണ്ടതു ജീവിതമല്ലേ?) മൂന്നു മക്കളുടെ അമ്മ. എന്നിട്ടും ആറു മാസം ആ സ്ത്രീയുടെ അസാന്നിധ്യം അയാൾ അതിജീവിച്ചു; വേറൊരു ജീവി പോലും അറിയാതെ. അഥവാ അറിഞ്ഞെങ്കിൽത്തന്നെ, അത് മനുഷ്യരായിരിക്കില്ല. അവരുടെ നിത്യ ജീവിതത്തിന് സാക്ഷികളായ മറ്റാരൊക്കെയോ. അവർക്കു വാക്കുകളില്ല. ഭാഷയില്ല. പരിഭവവും പരിദേവനവും ഇല്ല. ഇളയ മകൻ വീട്ടിലെത്തി, അമ്മയുടെ അസാന്നിധ്യവും ഞെ‌ട്ടലോടെ തിരിച്ചറിയുന്നതോടെ കുമരാസുരന് മൗനത്തിൽ നിന്ന് പുറത്തു കടക്കേണ്ടിവരുന്നു. മറ്റൊരാളെക്കുറിച്ചു പറയും പോലെ അയാൾ സ്വന്തം ജീവിതം പറയുകയാണ്; മകൻ എന്നതിലുപരി സുഹൃത്തിനോടെന്നപോലെ. 

തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളും സാധാരണക്കാരുടെ ജീവിതത്തെ കെട്ടിവരിയുന്ന ഐതിഹ്യങ്ങളും വിശ്വാസങ്ങളും ബന്ധനങ്ങളും അതിൽനിന്നു പുറത്തുകടക്കാനുള്ള വെമ്പലും ഇതിവൃത്തമാക്കിയ പെരുമാൾ മുരുകൻ, പതിവിൽ നിന്നു വ്യത്യസ്തമായി നഗരത്തിൽ നിന്നാണു കുമരാസുരന്റെ കഥ തുടങ്ങുന്നത്. നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കു സഞ്ചരിക്കുന്ന കഥയിൽ നഗരത്തിന്റെ തിരക്കും ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഇടകലരുന്നു. കോ ഹാബിറ്റേഷൻ മുതൽ ദുരഭിമാനം വരെ നിറയുന്നു. ജാതി വിവേചനവും കുലമഹിമയും ചോദ്യം ചെയ്യപ്പെടുന്നു. കടപ്പാടുകളും കടമകളും മനുഷ്യന്റെ ജൈവ ചോദനകൾക്കു വിഘാതമാകുന്നതു തെളിയുന്നു. സമൂഹത്തിന്റെ വേലിക്കെട്ടുകൾ സ്വാഭാവിക ജീവിതത്തെ തടയുന്നതും സദാചാരത്തിലധിഷ്ഠിതമായ മൂല്യവ്യവസ്ഥ ആത്മാവിനെ നശിപ്പിക്കുന്നതും വേദനയോടെ രേഖപ്പെടുത്തുന്നു.

40 വർഷം ചെറിയൊരു കാലയളവല്ല. അത്രയും നാൾ ശരീരം കൊണ്ട് കുടുംബിനിയായി ജീവിക്കുമ്പോഴും മങ്കാസുരിയുടെ മനസ്സ് നഷ്ടപ്പെട്ടതിനുവേണ്ടി തേങ്ങിക്കൊണ്ടിരുന്നു. നിശ്ശബ്ദവും നിരാധാരവുമായി. സഹനം മാത്രമായിരുന്നു ആ നാലു പതിറ്റാണ്ടിന്റെ ആകെത്തുക എന്നു പറയാനാവില്ല. എന്നാൽ ലക്ഷ്യത്തെക്കുറിച്ച് അവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. കുടുംബവും ആ യാത്രയുടെ ഭാഗം തന്നെയായിരുന്നു. അതിനെ ഒഴിവാക്കിയാൽ മങ്കാസുരിയുടെ യാത്ര പൂർണമാകില്ല. 

book-kumarasuran-by-baburaj-kalamboor

പ്രണയത്തിന്റെ ലക്ഷ്യം ആഗ്രഹിച്ചതു നേടുക എന്നതു മാത്രമാണെങ്കിൽ, അത് അനായാസം നേടുന്നവരുണ്ട്. എതിർപ്പുകളെയും വെല്ലുവിളികളെയും അതിജീവിക്കുന്നവരുണ്ട്. കുലം, ജാതി, സമ്പത്ത് എന്നിവ മുതൽ ദുരഭിമാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ലക്ഷ്യത്തിൽ നിന്ന് അകലുന്നവരുമുണ്ട്. എന്നാൽ ആ അകലം എന്നെന്നേക്കുമുള്ളതല്ലെന്നാണ് പെരുമാൾ മുരുകൻ പറയുന്നത്. അഥവാ, ഒരു തിരിച്ചുവരവ് അസാധ്യമല്ല; തീവ്രമായി ആഗ്രഹിക്കുന്നവർക്കെങ്കിലും. 

ഒരു നൊടിനേരത്തെ സ്നേഹത്തിനും ഒരു നിമിഷത്തെ സ്നേഹത്തിനുമിടെ, നേട്ടത്തിനും നഷ്ടത്തിനുമിടെ എല്ലാ മൂല്യവ്യവസ്ഥകൾക്കുമുപരിയായി ജീവിതം ദുരന്തതീവ്രതയിൽ ആവശ്യപ്പെടുന്നത് ജീവിതത്തോടു തന്നെ നീതി പുലർത്താനാണ്. അതല്ലാതെ മറ്റെന്തു വിധിയാണ് മനുഷ്യന് ഏറ്റെടുക്കാനുള്ളത്. 

കുമരാസുരൻ 

പെരുമാൾ മുരുകൻ 

ഡിസി ബുക്സ് 

വില: 420 രൂപ

English Summary:

Vayanamuri Column about Kumarasauran written by Perumal Murugan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com