ADVERTISEMENT

കഥ ദുര്യോധനവധം. പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും രൗദ്രഭീമന്റെ ദുശ്ശാസനന്റെ മാറുപിളർക്കലും ചോരകുടിക്കലും കണ്ടാൽ കരയുന്ന കുട്ടിക്കാലം. "വല്ലഭന്മാർ ദാസരായീ വല്ലാതേ ഞാൻ ദുശ്ശാസനമല്ലൻ കയ്യിൽ അകപ്പെട്ടേനേ" എന്ന പദം ഒന്നും കേൾക്കാനേ / കാണാനേ വയ്യ. ഇരുട്ട്, കച്ചമണികളുടെ ശബ്ദം, ഭാരതപ്പുഴയുടെ തണുപ്പ്, പുരുഷാരത്തിനിടയിലും നമ്മെ പേടിപ്പിച്ചും ചിരിപ്പിച്ചും ഒക്കെ മാറി മാറി കൂടെ ആടിക്കുന്ന മന്ത്രവാദം. പിന്നീട് കഥകളി കണ്ട് പുറത്തിറങ്ങിയപ്പോൾ വെള്ളിനേഴി നാണുനായരെ കണ്ടു, അച്ഛൻ ചൂണ്ടിക്കാണിച്ചു തന്നു. മെലിഞ്ഞ ഒരു കൃഷിക്കാരൻ എന്ന് തോന്നി. ചെറിയ കാൽപ്പാദങ്ങൾ. (അത് എന്റെ ഭാവനയാണോ?) അതാണ് ദുശ്ശാസനൻ എന്നറിഞ്ഞപ്പോൾ അമ്പരന്നു പോയി. കണ്ടാൽ ഒരു സാധുവായ ഇദ്ദേഹമാണോ പാഞ്ചാലിയെ.... അപ്പോഴാണ് ഉടുത്ത് കെട്ടൽ, വേഷം, അണിയറ തുടങ്ങിയ പലേ കാര്യങ്ങളും പറഞ്ഞു തന്നത്. മനുഷ്യർ വേഷം കെട്ടിയതാണ് എന്നറിയാമെങ്കിലും ആ അറിവിനെ മായ്ച്ച് മായികലോകത്തിൽ എത്തിക്കുന്നതിൽ ചുട്ടിയും കോപ്പും അണിയറയും തിരശ്ശീലക്കാർ പോലും എത്ര വലിയ പങ്കുവഹിക്കുന്നു എന്ന ആദ്യപാഠം കുട്ടിക്കാലത്ത് തന്നെ അങ്ങനെ ഉള്ളിൽ കേറി. ചുവന്നതാടിയുടെ മുഖം കണ്ടാലേ കുട്ടികൾക്ക് ഒരുൾക്കിടിലം വരും. ചെറിയ വെള്ളവിശറിഞ്ഞുണ്ടുകൾ വെച്ച പോലുള്ള ചുവന്ന മുഖം, കരി എഴുതിയ കണ്ണ്, മൂക്കിലെ ഉണ്ട - പിന്നെ ഭീമാകാരവും അലർച്ചയും - ഇതൊക്കെ പരമ്പരയായി നിരവധി പേർ പണിയെടുത്തുണ്ടാക്കിയ പല നാടൻ കലകളിൽ നിന്നുരുത്തിരിഞ്ഞു വന്ന വലിയൊരു ആഹാര്യ പാരമ്പര്യമാണ്.

അണിയറയിലേക്ക് കൊച്ചു കുട്ടിയാവുമ്പോൾ പോലും കൊണ്ടു പോയിട്ടില്ല. അന്ന് ആണുങ്ങളുടെ ലോകമാണല്ലോ കഥകളി! "കലയേ നല്ലൂ, അത് അരങ്ങത്ത് കാണലേ വേണ്ടൂ" എന്നൊരു നയമായിരുന്നു അച്ഛന്റേത്. ഞാൻ ജിജ്ഞാസയും വികൃതിയും ഇല്ലാത്ത മനോരാജ്യക്കാരിയായതിനാൽ ഒരിക്കലും വാശിപിടിച്ച് അണിയറ കണ്ടിട്ടുമില്ല. ഞങ്ങൾ നാലു പെൺമക്കൾ ആയതിനാൽ അച്ഛൻ അല്ലാതെ കൂടെപ്പോകാൻ ആരും ഉണ്ടായിരുന്നുമില്ല. പിന്നെ ഗൗരവപ്പെട്ട, പാവനമായ ഒരു സ്ഥലമാണ് അണിയറ എന്നും അച്ഛൻ പറയും. സ്വൈരമായി ധ്യാനാത്മകമായി ആളുകൾ ഒരുങ്ങുമ്പോൾ ചെന്ന് തിരക്കു കൂട്ടുക, വർത്തമാനം പറയുക, ഞാൻ ഒരു അടുപ്പക്കാരനാണ് എന്ന് ധ്വനിപ്പിക്കും പോലെ പെരുമാറുക ഇതൊക്കെ അരുതാത്ത കാര്യങ്ങളായിരുന്നു അച്ഛന്റെ നിഘണ്ടുവിൽ. പട്ടിക്കാന്തൊടിയുടെ കാലത്ത് ഒരു ഈച്ച പോലും പാറാത്ത നിശ്ശബ്ദതയായിരുന്നു എന്നൊക്കെ കൂട്ടിച്ചേർക്കും. അത് കൊണ്ട് തന്നെ അത്ഭുതങ്ങളുടെ കലവറയായി ഒരു മാജിക് ചേംബറായി അണിയറ ഇപ്പോഴും ഭാവനയിൽ, ഉള്ളിൽ അവശേഷിക്കുന്നു, ഇപ്പോഴും അണിയറ മുറിച്ചു കടക്കാനോ അരങ്ങിന്റെ സൈഡിൽ കൂടി പോകാനോ ഒക്കെ ചമ്മലാണ്. അതങ്ങനെ. പിന്നെയുമുണ്ട് ഓർമ്മകൾ

book-aniyarashilpi-kathakali

"പിടിച്ചൂ തിരശ്ശീല മാങ്ങോട്ടെത്തരകൻമാർ

കിടന്നൂ ചെരിഞ്ഞച്ഛൻ തമ്പുരാൻ കിടക്കയിൽ"

കുട്ടിക്കാലത്തേ മനസ്സിൽക്കയറിക്കൂടിയ വരികൾ. എഴുതിയത് മഹാകവി ഒളപ്പമണ്ണ. മാങ്ങോട്ടെത്തരകന്മാരേക്കുറിച്ച്, പാരമ്പര്യമായി അണിയറ, തിരശ്ശീല, ഉടുത്ത് കെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവരുടെ അറിവിനെക്കുറിച്ച് ഒക്കെ ഉള്ള അർഥം ഇന്ന് കവിതവായനക്കാർക്ക് പിടികിട്ടാൻ വിഷമം. 

അതിനുമപ്പുറം എന്നും കാണുന്ന മുഖമാണ് അപ്പുണ്ണിത്തരകന്റെത്. പരുത്തിപ്രയിൽ നിന്ന് നടന്ന് ചെറുതുരുത്തിപ്പാലം കേറുമ്പോൾ അച്ഛന്റെ കൈ പിടിച്ച് പഴയ കലാമണ്ഡലത്തിൽ പോയി കണ്ടിരുന്ന കളികൾ! മിക്കവാറും ദിവസം അപ്പുണ്ണിത്തരകനേയും കാണും. ശാന്തമായ മുഖം, ശരീര ഭാഷ. എന്നും ഒരേ പ്രായമുള്ള അഥവാ ഒരിക്കലും പ്രായമാവാത്ത ഒരാൾ. ആലവട്ടത്തിനു പിന്നിൽ, തിരശ്ശീല പിടിച്ച്, മേലാപ്പ് പിടിച്ച്, തെള്ളിപ്പൊടി എറിഞ്ഞ്.. ഒക്കെ. ഡോക്ടർ വിനി എ. എഴുതിയ അണിയറശിൽപി - നമ്പ്യാരത്ത് അപ്പുണ്ണിത്തരകൻ എന്ന പുസ്തകം വായിച്ചപ്പോൾ 1928 ലാണ് - ചിങ്ങം പൂരോരുട്ടാതി - അദ്ദേഹത്തിന്റെ ജനനം എന്ന് മനസ്സിലായി. എന്റെ അച്ഛനും 1928 ൽ - മകരത്തിൽ അത്തം. എനിക്ക് വീണ്ടും കണ്ണുനിറഞ്ഞു. അച്ഛനുണ്ടായിരുന്നെങ്കിൽ ഈ പുസ്തകം എത്ര സന്തോഷത്തോടെ വായിച്ചേനേ!

അണിയറ, ഉടുത്തുകെട്ട്, കഥകളി നന്നാക്കുന്നതിൽ അതിന്റെ പങ്ക് – ഇതൊക്കെ കുട്ടിക്കാലം മുതൽ കേട്ട് പഴകിയിട്ടും കഥകളികണ്ട് വേഷവും പാട്ടും കൊട്ടും ഒക്കെ അഭിനന്ദിച്ച് പോകുന്ന ഞാനടക്കമുള്ള കാണികൾ അന്നും ഇന്നും അതിനെ വേണ്ടത്ര വക വെയ്ക്കാറില്ല. പ്രതിഫലവും ബഹുമാനവും കിട്ടാതെ കലയ്ക്ക് വേണ്ടി ഉഴന്ന് കഷ്ടപ്പെടുന്ന അണിയറക്കാരുടെ കണ്ണു തെറ്റാതുള്ള  പ്രയത്‌നം അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇപ്പോൾ 96 വയസ്സിലും ഒട്ടും ആരോഗ്യപ്രശ്നങ്ങളില്ലാത്ത സീനിയർ കലാകാരനായ അപ്പുണ്ണിത്തരകന്റെ ജീവിതം രേഖപ്പെടുത്തിയാൽ അത് കഥകളിയുടെ ആഹാര്യഭാഗത്തിന്റെ ചരിത്രം കൂടിയാവും. അതിനുള്ള ആദ്യത്തെ പ്രയത്നമാണീ പുസ്തകം.

NEW DELHI 2023 SEPTEMBER  16  :   Kathakali Chamayam expert N. Appunni Tharakan after receiving the Amrit Awards of Central Sangeetha Nataka Academy  in Delhi  . @ JOSEKUTTY PANACKAL / MANORAMA
അപ്പുണ്ണിത്തരകൻ

വാസ്തവത്തിൽ ഒരിരുപത്തഞ്ച് മുപ്പത് പേജുകൾ മാത്രമേ വിനി എഴുതിയിട്ടുള്ളൂ. 18 വയസ്സിൽ തുടങ്ങി 96 വയസ്സിലെത്തിയ ആ കലാജീവിതം അത്രയേ എഴുതാൻ പറ്റൂ എന്നാണ് വാസ്തവം. കാരണം ജീവവായു പോലെയായിരുന്നു അദ്ദേഹത്തിന് അണിയറ. എത്ര വട്ടം ശ്വസിച്ചു എന്നു നമുക്ക് പറയാൻ പറ്റുമോ? കഥകളി രാവുകൾ നശ്വരകലയുടെ ജലരേഖകളാണ് എന്നതാണ് വാസ്തവം. എവിടെയൊക്കെപ്പോയി ഏതൊക്കെ കഥകൾ അരങ്ങേറി എന്നൊക്കെ തിയതി വെച്ച് ക്രമമായി പറയാൻ ആർക്കും കഴിയില്ല! അപൂർവം ചില വേദികളാണ് എല്ലാവരും ഓർത്തിരിക്കുക. ഒന്നുകിൽ വലിയ പ്രശംസകൾ കിട്ടിയത്, ആദ്യമായി ഒരു ആദ്യവസാന വേഷം കെട്ടിയത്, ഒരു വീരശൃംഖല കിട്ടിയത്, കൂട്ടു വേഷക്കാർ നല്ല ചേർച്ചയോടെ വന്നത്... ഇങ്ങനെയൊക്കെ ചില ഓർമ്മകളല്ലാതെ ദൈനംദിന കാര്യങ്ങൾ ആയി കഥകളി മാറിപ്പോവും. വേഷക്കാരുടെ തന്നെ കഥ ഇങ്ങനെയാണെങ്കിൽ പെട്ടിക്കാരുടെ കഥ പറയണമോ? ഇപ്പോൾ വീഡിയോ റിക്കാർഡിംഗുകൾ വന്ന ശേഷം അത് മാറിക്കൊണ്ടിരിക്കുന്നു. എന്നാലും ക്രമമായോ സവിശേഷ കാലഗണന കൊടുത്തോ ഒന്നുമല്ല ഈ യൂട്യൂബ് അപ്ലോഡുകൾ, ചിലത് മുൻപ് കണ്ടത് കാണാതെയുമാകും. അപ്പോൾ വേഷക്കാരേക്കാൾ ഇരട്ടി അധ്വാനിക്കുന്ന അണിയറക്കാരുടെ ഓർമ്മകൾ സമാഹരിക്കൽ വലിയ ബുദ്ധിമുട്ടാണ്.

കലാമണ്ഡലം കൃഷ്ണൻ കുട്ടിപ്പൊതുവാളും ചുട്ടി കലാകാരൻ ഗോവിന്ദവാരിയരുമാണ് പെട്ടിക്കാരനായി കോപ്പറയിൽ നിൽക്കുന്ന അപ്പുണ്ണിയെ ഉടുത്തുകെട്ടാൻ തുടങ്ങൂ എന്ന് പറഞ്ഞ് പ്രോൽസാഹിപ്പിച്ചത്. അവരോടാണ് അദ്ദേഹം ഏറെ കടപ്പെട്ടിരിക്കുന്നതും. തേക്കിൻകാട്ടിൽ രാവുണ്ണി നായർ, വാഴേങ്കേട കുഞ്ചുനായർ എന്നിവരാടൊപ്പമാണ് കഥകളിജീവിതത്തിലേക്ക് ആദ്യം ചുവട് വെച്ചത്. ഒളപ്പമണ്ണ മന പി.എസ്.വി. നാട്യ സംഘം, കേരള കലാമണ്ഡലം എന്നിവിടങ്ങളിലൊക്കെ അണിയറ ഉത്തരവാദിത്തം നോക്കി. ഒടുവിൽ കലാമണ്ഡലത്തിൽ സ്ഥിരംജാലി കിട്ടി. ആ നീണ്ട വഴിയിൽ അപ്പുണ്ണിത്തരകൻ കവളപ്പാറ നാരായണൻ നായരെ പരിചയപ്പെട്ടിട്ടുണ്ട്. പിന്നെ ചമ്പക്കുളം പാച്ചുപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, ഗുരു കുഞ്ചുക്കുറുപ്പ്, കോപ്പൻ നായർ, വെള്ളിനേഴി നാണുനായർ, കലാമണ്ഡലം കൃഷ്ണൻ നായർ, പത്മനാഭൻ നായർ, രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻനായർ, കോട്ടക്കൽ ശിവരാമൻ, കീഴ്പ്പടം കുമാരൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, കോട്ടക്കൽ കൃഷ്ണൻ കുട്ടിനായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ചന്ദ്രശേഖരൻ, മടവൂർ വാസുദേവൻ നായർ... ഇങ്ങനെ ഒപ്പം പ്രവർത്തിക്കാത്ത കലാകാരന്മാർ ഇല്ല. ഏറ്റവും കൂടുതൽ ഉടുത്തു കെട്ടിയിട്ടുള്ളത് രാമൻ കുട്ടിനായർക്ക് തന്നെയാവും!

ഒരിക്കൽ ഒരാളെ ഉടുത്തു കെട്ടിപ്പിച്ചാൽ പിന്നെ ഓരോ തവണയും അവരുടെ ശീലങ്ങൾ ഹൃദിസ്ഥമാകും. കലാകാരന്മാരുടെ വ്യക്തിത്വം, ആവശ്യങ്ങൾ, സമ്പ്രദായം ഇവ മനസ്സിലാക്കലാണ് ഏറ്റവും പ്രധാനം. ഇതോടൊപ്പം കയർക്കുന്നവരോട് തിരിച്ച് പറയാതിരിക്കയും മനസ്സിൽ ദേഷ്യം സൂക്ഷിക്കാതിരിക്കയുമാണ് അപ്പുണ്ണിത്തരകന്റെ വിജയം എന്ന് വിനിയുടെ പുസ്തകം പറയുന്നു. വിനിയുടെ എഴുത്തിനോളം പ്രസക്തമാണ് ഇതിൽ എടുത്തു ചേർത്തിരിക്കുന്ന കവിതയും പ്രബന്ധങ്ങളും. ഈ പുസ്തകത്തിന്റെ അവതാരികയിൽ കലാമണ്ഡലം ഗോപി എഴുതിയ വരികൾ വളരെ ഉള്ളിൽ തട്ടി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. അത് വായിച്ചപ്പോൾ ആ ശംഖ് വിളി രാമൻകുട്ടി നായരുടെ അലർച്ചയോടൊപ്പം ഒഴുകിവരുന്ന മനോഹര നേരം വീണ്ടും മനസ്സിൽ മുഴങ്ങി. 

പി. പി. രാമചന്ദ്രൻ എഴുതിയ ഒറ്റയ്ക്ക് എന്ന സുന്ദരമായ കവിതയിൽ തുടങ്ങുന്നു നിരീക്ഷണങ്ങളും അനുഭവസാക്ഷ്യങ്ങളും.

ഇങ്ങുളള ചമയങ്ങൾ

തന്നെയോ അവിടെയും?

വർണ്ണങ്ങളിതു പോലെ -

ത്തന്നെയോ? വേഷങ്ങളും?

അപ്പുണ്ണിത്തരകനെ -

പ്പോലൊരാളവിടുണ്ടോ?

പെട്ടിയിൽ പ്രപഞ്ചത്തെ -

വഹിക്കും വിരുതുണ്ടോ?

എന്ന വരികൾ എത്രത്തോളം കളിയുമായി ഇഴുകിച്ചേർന്നത്! കെ. വി. എസ്സിന്റെ ഓർമ്മക്കായി എഴുതിയ ഈ കവിതയെത്തുടർന്ന് കെ.വി. എസ്സിന്റെ മനുഷ്യനെ അമാനുഷനാക്കുന്ന അത്ഭുതപ്പെട്ടി എന്ന  നല്ല ലേഖനം. അപ്പുണ്ണിത്തരകനോട് സംസാരിച്ച് എഴുതിയതാണെന്ന് വ്യക്തം. അണിയറയിലെ സൗമ്യ സാന്നിധ്യം എന്ന കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിയുടെ ആദരലേഖനം കല്ലുവഴി സമ്പ്രദായത്തിന്റെ തന്നെ മുഖമുദ്രയായ 'ഒതുക്കം' എന്ന ഗുണവിശേഷം അപ്പുണ്ണിത്തരകനിലെ കലാകാരനിലും പ്രതിഫലിക്കുന്നു എന്ന് വിലയിരുത്തിയത് ശ്രദ്ധേയം. സൂക്ഷ്മത, കൃത്യത, സൗന്ദര്യബോധം, സർവോപരി അർപ്പണ മനോഭാവം എന്നിവ അപ്പുണ്ണിത്തരകന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ആഹാര്യത്തിന്റെ അധിപൻ എന്ന ഡോ. എൻ. പി. വിജയകൃഷ്ണൻ എഴുതിയ മുഖാമുഖവും കാര്യങ്ങൾ മിഴിവോടെ നിരത്തിയിട്ടുണ്ട്. സി. എം. നീലകണ്ഠൻ, വി. കലാധരൻ എന്നിവർ ആസ്വാദകപണ്ഡിതരുടെ പക്ഷത്ത് നിൽക്കുന്നു. ആഹാര്യത്തിന്റെ അനുഭൂതി പാഠങ്ങൾ എന്ന കലാമണ്ഡലം ശിവരാമന്റെ ലേഖനം സമഗ്രവും പഠനാർഹമാണ്. ഡോ. എൻ. എം. നമ്പൂതിരിയുടെ മൂത്താൻ - തരക സമൂഹം ജൈനന്മാരുടെ പിന്തുടർച്ചയെന്ന് സൂചിപ്പിക്കുന്ന ചരിത്രപഠനം ഈ പുസ്തകത്തിന്റെ ഗൗരവം കൂട്ടുന്നുവെങ്കിൽ മോഹൻലാലിന്റെ ആശംസ ഇതിന് ജനപ്രിയ മുഖം കൊടുക്കുന്നു. 

അനുബന്ധങ്ങളിൽ കഥകളിവേഷവിധാനങ്ങളുടെ പരിചയപ്പെടുത്തലും അപ്പുണ്ണിത്തരകൻ തന്നെ വിവിധ കോപ്പുകൾ പരിചയപ്പെടുത്തും പോലുള്ള ഫോട്ടോകളും കാണികൾക്ക് ഉപകാരപ്രദമാണ്. ചുരുക്കത്തിൽ ഡോ. വിനി. എ. തയാറാക്കിയ ഈ പുസ്തകം മലയാളികളുടെ എല്ലാം അഭിനന്ദനത്തിന് അർഹമാണ്. ഇത് കഥകളിയുടെ ആഹാര്യമണ്ഡലത്തിന്റെ പഠന പുസ്തകങ്ങളിൽ ആദ്യത്തേത് മാത്രം ആകട്ടെ എന്നാഗ്രഹിക്കയും പിന്നാലെ വരാനുള്ള പുസ്തകങ്ങൾക്ക് കാത്തിരിക്കയും ചെയ്യുന്നു. spcs - സാഹിത്യപ്രവർത്തക സഹകരണ സംഘം- 2024 ജൂലായിയിൽ പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിന് 210 രൂപ വില.  

വേഷം ഒരുങ്ങി മനുഷ്യാവസ്ഥയിൽ നിന്നു മാറി രാവണനും രാമനും ദുര്യോധനനും കൃഷ്ണനും പരമശിവനും ദമയന്തിയും നളനും എല്ലാമായി അരങ്ങത്ത് പോകുന്ന സന്ദർഭത്തെ പറ്റി അപ്പുണ്ണിത്തരകൻ പറയുന്നു. "ഒരു ദൈവികത തോന്നും. വേഷക്കാരൻ പ്രാർഥിക്കുന്ന പോലെ ഞാനും പ്രാർഥിക്കാറുണ്ട്. ഒരു വൈകാരിക മുഹൂർത്തമാണത്." എനിക്കും പ്രാർഥിക്കാൻ തോന്നി, കണ്ണുനീരോടെ.

English Summary:

A Personal Journey Through Kathakali: Memories of Appunnitharakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com