'എന്റെ ശരണം ഞാൻ തന്നെ'; തളർന്നു പോയിടത്തു നിന്ന് ധൈര്യത്തോടെ ജയിച്ചു കയറിയ സ്ത്രീകളുടെ കഥ
Mail This Article
തളർന്നു പോയിടത്തു നിന്നെല്ലാം ധൈര്യത്തോടെ ജയിച്ചു കയറിയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ 'അവളവൾ ശരണം' എന്ന പുസ്തകത്തിലൂടെ പറയുന്നത്. സ്ത്രീയുടെ നിലനിൽപ്പ് അവളെ മാത്രം ആശ്രയിച്ചാണ് എന്ന്, 'ഐ ആം മൈ ഓൺ റെഫ്യുജി' എന്ന് തിരിച്ചറിയുന്നിടത്താണ് സ്ത്രീയുടെ വിജയം. കാലമോ വിധിയോ നിരാർദ്രമായി വർത്തിച്ച ചിലർ ഒന്നിനെയും പഴിക്കാതെ സുമധുരമായി ജീവിതത്തെ അഭിമുഖീകരിച്ചതിന്റെ ചില നുറുങ്ങു വർത്തമാനങ്ങളാണ് ഈ കുറിപ്പുകൾ എന്ന് ആമുഖത്തിൽ എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്.
ലോകത്തെ വിവിധ ഭാഗങ്ങളിലെ, പല കാലങ്ങളിലെ സ്ത്രീകളെ ഈ പുസ്തകത്തിൽ കാണാം. ശ്രീബുദ്ധന്റെ പത്നിയായിരുന്ന യശോധര മുതൽ നാഗാലാന്റിൽ തീവ്രവാദികളെ ഭയന്ന് കാട്ടിൽ ഒളിച്ചു കഴിയേണ്ടി വന്ന ഒരു കൊച്ചു നാഗാ പെൺകുട്ടിയിൽ നിന്ന്,അമ്മമാരുടെ നേതൃത്വത്തിൽ തീവ്രവാദം തടയുന്ന സംഘടനയുടെ ശിൽപ്പിയായി മാറിയ നൈദോയുടെ വരെ ജീവിതം നമുക്ക് മുന്നിൽ തെളിയുന്നു.
"ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ല എന്ന് തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സൂക്ഷ്മമായ നിരീക്ഷണവും നീതി നിഷ്ഠമായ ചരിത്ര ബോധവും ലീനമായ, ചൈതന്യവത്തായ ഭാഷയിൽ ദാർശനികമായ ഉൾക്കാഴ്ചയുടെ പ്രകാശം പ്രസരിപ്പിക്കുന്ന അപൂർവ ജനുസിൽ പെട്ട രചന ആണിത്." എന്ന് പ്രവേശികയിൽ കെ. ആർ. മീര എഴുതുന്നു.
'മഹായാനത്തിന്റെ പദ്മപാതകൾ' എന്ന ആദ്യ കുറിപ്പ് സിദ്ധാർഥന്റെ പത്നിയായ യശോധരയെ കുറിച്ചാണ്. ബുദ്ധചരിതത്തിന്റെ പുസ്തകത്താളുകളിൽ നിന്ന് കേൾക്കുന്ന കരച്ചിലായിരുന്നു യശോധര. അനന്തരം അവനെന്തു സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം. അവൾ എവിടെ പോയി എന്നത് ഒരു ചോദ്യമായിരുന്നു.
കയ്യൊഴിയലിന്റെ ഭീകരതയും തന്നോട് തന്നെ തോന്നുന്ന അവജ്ഞയും അവൾ എങ്ങനെ കുറുകെ കടന്നു? പതിമൂന്നു വർഷം പ്രണയം പങ്കിട്ട്, ജീവിച്ചിട്ട് തടസമാവാതെ തട്ടി മാറ്റപ്പെട്ടവൾ പിന്നെയാ ആഴങ്ങൾ എങ്ങനെ കടന്നു കയറി? യാശോധരയുടെ അന്ധമായ പ്രണയം തന്നെയാണ്, എന്നിട്ടും അവൻ തന്നെ ശരി എന്ന് പറയുന്നതിനും അവനെ പിന്തുടരുന്നതിനും കാരണം.
സർവ സുകൃതിനിയായ സ്ത്രീ എന്നാണ് ബുദ്ധൻ യശോധരയെ വർണിക്കുന്നത് എന്ന് സിംഹളീസ് അപദാന പറയുന്നു. ബോധോദയം പ്രാപിക്കാൻ സഹായിച്ചതിന് ശ്രീബുദ്ധനോട് നന്ദി പറയുന്ന യശോധര, പക്ഷേ നിർവാണത്തിന് അനുവാദം ചോദിക്കുന്നതേയില്ല. അവൾ പറയുന്നു, "ഐ ആം മൈ ഔൺ റെഫ്യുജി". എന്റെ ശരണം ഞാൻ തന്നെയാണ്. ഇവിടെ യശോധരയും ശ്രീബുദ്ധനും ആത്മീയ ഉന്നതിയിലേക്ക് സമാന്തര വഴികളിലൂടെ എങ്കിലും ഒരുമിച്ചു യാത്ര ചെയ്ത ഇണകൾ ആകുന്നു: പ്രകാശത്തിന്റെ തുല്യ അവകാശികൾ.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ലിംഗായത് ധർമത്തിന്റെ ആചാര്യരിൽ ഒരാളായിരുന്നു അക്ക മഹാദേവി. ഭക്തി കൊണ്ട് ഉന്മാദിനി ആയി മാറിയവൾ. അവർ എഴുതിയ സ്ത്രീപക്ഷ കവിതകൾ ഈ കാലത്തും പ്രസക്തം.
ലാറ്റിൻ അമേരിക്കയ്ക്ക് സാഹിത്യത്തിൽ ആദ്യത്തെ നോബൽ സമ്മാനം കൊണ്ട് വന്ന ഗബ്രിയേല മിസ്‌ട്രാൽ. പാബ്ലോ നെരൂദയിലെ കവിയെ തിരിച്ചറിഞ്ഞ അധ്യാപിക. ചിലിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ലോകവേദികളിൽ അവർ സംസാരിച്ചു. വിശക്കുന്നവർക്കും സ്ത്രീകൾക്കും അനാഥ കുഞ്ഞുങ്ങൾക്കും വേണ്ടി അവർ പാടി. എന്നാൽ ജൻഡർ റോളിലേക്ക് സ്റ്റീരിയോ ടൈപ് ചെയ്യപ്പെട്ട ഗബ്രിയേലയിലെ വിപ്ലവകാരിയെയും വിദ്യാഭ്യാസ ചിന്തകയേയും സാമൂഹിക നീതിയുടെ വക്താവിനെയും ആരും കണ്ടില്ലെന്ന് നടിച്ചു. കവയിത്രി എന്ന നിലയിൽ ആഘോഷിക്കപ്പെട്ടത് കൊണ്ട് കവിയായി വായിക്കപ്പെടാതെ പോയ ഒരുവൾ എന്ന് ബെർഗ്മാൻ ഗബ്രിയേലയെ കുറിച്ച് പറയുന്നു. ഗബ്രിയേലയുടെ രണ്ട് കവിതകളുടെ സ്വതന്ത്ര വിവർത്തനവും ഇതിൽ ഉൾചേർത്തിരിക്കുന്നു
ടാഗോറിന്റെ സ്ത്രീർ പത്ര എന്ന കഥയെ പറ്റി സോണിയ എഴുതുന്നു. സ്ത്രീ പക്ഷത്ത് നിന്ന് ടാഗോർ ആദ്യമായി എഴുതിയ കഥ എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്നേഹമില്ലാതെ ജീവിക്കുന്ന സ്ത്രീകൾക്ക് മരണം എളുപ്പമാണ്. അത് ഭയപ്പെടുത്തുന്നില്ല. ജീവിതമാണ് ബുദ്ധിമുട്ട് എന്ന് ടാഗോർ എഴുതുന്നുണ്ട്. താൻ ആരാണെന്നും തനിക്ക് എന്താണ് വേണ്ടതെന്നും സ്വയം തിരിച്ചറിഞ്ഞ് സഹജീവിയുടെ നീതിയ്ക്ക് വേണ്ടി എഴുനേറ്റ് നിന്ന ശക്തയായ മുക്തയായ സ്ത്രീ. തന്റെ ശരണം തന്നിൽ തന്നെ എന്ന് തിരിച്ചറിഞ്ഞ ഇത്തരം ഒരു സ്ത്രീയെ സ്ത്രീർ പത്രയിലൂടെ ടാഗോർ വരച്ചു കാട്ടുന്നു. എഴുത്തിലൂടെ സ്ത്രീയ്ക്ക് അതിജീവനം സാധ്യമാണ് എന്ന് ഈ കഥ തെളിയിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സ്ത്രീകളെ പറ്റി ഈ പുസ്തകം പറയുന്നുണ്ട്. അതിൽ ചിലരെങ്കിലും ചരിത്രം നിർമിച്ചവരാണ്. ചിലരോ തങ്ങൾ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളവും ബാക്കി വയ്ക്കാതെ മടങ്ങേണ്ടി വരുന്നവരും.
ഈ പുസ്തത്തിലെ ഓരോ കുറിപ്പുകളും ഓരോ കഥകൾ പോലെയാണ് അനുഭവപ്പെടുക. കഥാപാത്രങ്ങളുടെ മനസിലേക്ക് വായനക്കാരനും കയറിക്കൂടുന്ന അനുഭവം. അടുത്ത നിമിഷം എന്താവും അവർക്ക് സംഭവിച്ചിട്ടുണ്ടാവുക എന്ന ഉദ്വേഗത്തോടെ വായന തുടരാൻ പ്രേരിപ്പിക്കുന്ന കുറിപ്പുകൾ. കഥകളും ചരിത്രവും മിത്തും ഇഴ ചേർന്ന ഈ കുറിപ്പുകൾ ഒരിക്കൽ പോലും മടുപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
'അനുകമ്പയുടെ ദേശാടനങ്ങൾ' പറയുന്നത് കേരളത്തിലെ നഴ്സിങ്ങിന്റെ ചരിത്രമാണ്. കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചതിന്റെ ചരിത്രം ഈ അധ്യായം പറയുന്നു.
പരാർത്ഥതയുടെ പരീക്ഷണശാലകളും പറയുന്നത് നഴ്സുമാരെപ്പറ്റി ത്തന്നെ. നാസി ഭീകരതയുടെ ഇരകളായ രണ്ടായിരത്തി അഞ്ഞൂറിലധികം യഹൂദ കുട്ടികളെ പോളണ്ടിലെ വാർസോ തടങ്കൽപാളയത്തിൽ നിന്ന് രക്ഷിച്ച ഐറീന സെൻഡ്ലർ മുതൽ കോവിഡ് മുന്നണി പോരാളികൾ ആയിരുന്ന ജീവൻ നഷ്ടപ്പെട്ട ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ പ്രവർത്തകരെ കുറിച്ചും പരാമർശിക്കുന്നു.
ചരിത്രത്തിൽ എവിടെയും അടയാളപ്പെടുത്താത്ത ദുള്ളാ ഭാട്ടി എന്ന മനുഷ്യ സ്നേഹിയുടെ കഥ 'സുന്ദരിയാ ബുന്ദരിയാ' പറയുന്നു.സ്ത്രീ കേന്ദ്രീകൃത കുറിപ്പുകൾ നിറഞ്ഞ ഈ പുസ്തകത്തിൽ ഈ ഒരു അധ്യായം മാത്രം ധീരനായ പുരുഷൻ ആയ ദുഗ്ഗാ ബാട്ടിയെപ്പറ്റി ആണ്. പഞ്ചാബിലെ കൃഷിക്കാരുടെ ഉത്സവമായ ലോടിയെ നമുക്ക് എഴുത്തുകാരി പരിചിതമാക്കുന്നുണ്ട്. മഞ്ഞുകാലത്ത് കിടുകിടുക്കുന്ന തണുപ്പിൽ തീക്കുണ് ഡത്തിനു ചുറ്റും ഇരുന്ന് തീ കായുകയാണ് നമ്മളും എന്ന് തോന്നിപ്പോകും. വെറും ഒരു കാർഷികോത്സവം മാത്രമല്ല ലോടി. ഇതിനു പിന്നിൽ കരുണയും മനുഷ്യത്വവും ഇഴ ചേർന്ന ഒരു കഥയുണ്ട്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യത്തിനെതിരെ പൊരുതി നിന്ന ദുള്ള എന്ന കർഷകനേതാവിന്റെ കഥ.
ഓരോ കുറിപ്പുകളും വർത്തമാനകാലത്തു നിന്നും പതിയെ ഭൂതകാലത്തിലേക്ക് തെന്നി നീങ്ങുന്നു. വായനയ്ക്കൊപ്പം ആ കാലത്തിലേക്ക്, ആ സ്ത്രീകളുടെ മനസിലേക്ക് നമ്മളും കടക്കുന്നു. ഓരോ സ്ഥലങ്ങളിലെയും പ്രകൃതിയെയും സുന്ദരമായഭാഷയിൽ സോണിയ പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ഓരോ ഇടങ്ങളിലെയും കാലാവസ്ഥ, ഭൂപ്രകൃതി, കൃഷി, ഭക്ഷണം, നിറങ്ങൾ, മണങ്ങൾ ഇവ എല്ലാം കാവ്യ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത സ്ഥലകാലങ്ങളിലേക്ക് വായനക്കാരനും ഒപ്പം സഞ്ചരിക്കുന്നു.
അടിമപ്പെണ്ണായി ജനിച്ചു പിന്നീട് നവാബിന്റെ ബീഗം ആയി മാറിയ ചരിത്രം ആണ് 'തന്റേടികളുടെ പുരാതനഗാഥ' പറയുന്നത്. മുഹമ്മദിയിൽ നിന്ന് മെഹക് പെരിയും പിന്നീട് ബീഗം ഹസ്രത് മഹലും ആയി മാറിയ ധീര വനിത. പൊള്ളിക്കുമിളച്ച പുറവുമായി, കരിഞ്ഞ വസ്ത്രങ്ങൾ പറിച്ചെറിഞ്ഞോടിയ ഒൻപതു വയസുകാരി പെൺകുട്ടിയുടെ ചിത്രം ഓർമയില്ലേ. 1972 ൽ ഫോട്ടോഗ്രാഫർ ആയ നിക്ക് ഉട്ടിനു പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്ത ചിത്രം. ഫാൻ ടിം കിം ഫുക് എന്ന ആ പെൺകുട്ടി, ഇന്നും ജീവിച്ചിരിക്കുന്നു. മനുഷ്യന് മനുഷ്യനെ എത്രത്തോളം ഉപദ്രവിക്കാൻ ആവും എന്നതിന്റെ ജീവിക്കുന്ന തെളിവ് ആണവൾ. കിമ്മിന്റെ അതിജീവനം എല്ലാവർക്കും പ്രചോദനം ആണ്. യുദ്ധത്തിന്റെ ഇരകളായ കുഞ്ഞുങ്ങളെ സഹായിക്കാൻ കിം ഇന്റർനാഷണൽ ഫൌണ്ടേഷൻ തുടങ്ങിയ അവർ ഇപ്പോൾ സമാധാനത്തിന്റെ ദൂതികയാണ്.
ജെ ഗ്രിഫ്റ്റിന്റെ എ കൺട്രി കോൾഡ് ചൈൽഡ് ഹുഡ് എന്ന പുസ്തകത്തിലെ ഒരു വാചകം ഈ കുറിപ്പിൽ സോണിയ ഉദ്ധരിക്കുന്നുണ്ട്. "നമ്മൾ സ്നേഹിച്ചു സന്തോഷിച്ചു താമസിക്കുന്ന ഒരു രാജ്യത്തിന്റെ പേരാണ് കുട്ടിക്കാലം. അതിനകത്തു നിന്ന് പൂർണമായി നാട് കടത്തപ്പെട്ട ഒരു പെൺകുട്ടി. അവളാണ് ലോകത്തോട് ഇന്നേറ്റവും സുഖമായി വർത്തിക്കുന്നത്."
വെല്ലൂരിൽ ആദ്യമായി ആശുപത്രി തുടങ്ങിയ ഐഡ സോഫിയ, ആർമി ഡോക്ടറായ നവിരാ അഗമേന്തി, പൂനയിൽ വച്ചു പരിചയപ്പെട്ട അനുഷ്യ എന്ന ഗ്രാമീണ യുവതി ഇവരെല്ലാം ഓരോ ഇതളുകൾ ആയി വിടരുന്നു. കൂട്ടത്തിൽ എഴുത്തുകാരിയുടെ അമ്മയെയും വല്യമ്മച്ചിയെയും കുറിച്ചും എഴുതുന്നുണ്ട്. 'സ്വാതന്ത്ര്യ സമരങ്ങൾ' കരുത്തയായ ഒരു സ്ത്രീയെ വരച്ചു കാട്ടുന്നു. വല്യമ്മച്ചിയുടെ ജീവിതം മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാകുന്നു. ആത്മവിശ്വാസത്തിന്റെയും തന്റേടത്തിന്റെയും ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപങ്ങളായ സ്ത്രീകൾ. 'മയൂട്ട് ഹേർ' പറയുന്നത് ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയപ്പെട്ട ബ്രയിഡിൽ എന്നഇരുമ്പിന്റെ കടിഞ്ഞാണിനെ കുറിച്ചാണ്. സ്ത്രീകളെ നിശബ്ദരാക്കാൻ മുഖത്ത് അണിയിച്ചിരുന്ന ഒരു പൂട്ട് ആയിരുന്നു ഇത്.
വാൻഗോഗ് എന്ന പേര് ഇന്ന് എല്ലാവരും അറിയുന്നതിന് പിന്നിൽ ഒരു സ്ത്രീയാണ് എന്ന് എത്ര പേർക്കറിയാം. വാൻ ഗോഗിന്റെ അനിയൻ തിയോയുടെ പത്നിയായിരുന്ന ജോഹന്ന. വാൻഗോഗിനെ കുറിച്ച് ഇന്ന് നമുക്ക് കിട്ടുന്ന വിവരങ്ങൾ ജോഹന്നയുടെ ഡയറിക്കുറിപ്പുകളിൽ നിന്നാണ്. വാൻ ഗോഗ് തിയോയ്ക്ക് എഴുതിയ കത്തുകൾ സമാഹരിച്ചു 'ലെറ്റേഴ്സ് ടു തിയോ' എന്ന പുസ്തകം അവർ പ്രസിദ്ധീകരിച്ചു. പിരിഞ്ഞു പോയ പ്രിയപ്പെട്ടവന്റെ പാതി പൂർത്തിയായ സ്വപ്‌നങ്ങൾ പൂർത്തീകരിക്കണം എന്നത് കൊണ്ട് മാത്രം ജീവിച്ച ഒരുവൾ. അസാധ്യമായ നിശ്ചയ ദാർഢ്യം കൊണ്ട്, അഭിനിവേശം കൊണ്ട് പുരുഷന്മാരുടെ മാത്രം ലോകമായ കലാവ്യാപാരരംഗത്ത് വിജയിച്ചവൾ. ഇതിന് അവൾക്ക് കരുത്തേകിയതോ, തിയോയോടുള്ള സ്നേഹവും. 'നിറങ്ങളുടെ നൃത്തം' ജോഹന്നയുടെ ജീവിതം പറയുന്നു.
പൊരുതി വിജയിച്ച സ്ത്രീ ജീവിതങ്ങൾ ഇരുപത് അധ്യായങ്ങളിലായി ഇതൾ വിരിയുന്നു. ശിശിരവും വസന്തവും വർഷവും ഹേമന്തവും ആയി അവർ ഓരോ തരത്തിൽ നമ്മെ തൊടുന്നു. അസാമാന്യമായ കരുത്ത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെന്നു അവർ പറയാതെ പറയുന്നു. യശോധര പറഞ്ഞത് പോലെ എന്റെ ശരണം ഞാൻ തന്നെ എന്ന തിരിച്ചറിവ് നമ്മുടെ ഉള്ളിൽ ഉണ്ടാക്കാൻ ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സഹായിക്കും. ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ തളർന്നു പോയവർക്കും ആത്മവിശ്വാസം നഷ്ടമായി എന്ന തോന്നൽ ഉള്ളവർക്കും കരുത്തോടെ ജീവിതത്തിലേക്ക് തിരികെ വരാൻ ഈ പുസ്തകം കാരണമാകും എന്നത് തീർച്ചയാണ്.
അവളവൾ ശരണം
ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ
ഡി സി ബുക്സ്
വില: 220 രൂപ