ADVERTISEMENT

ബസിൽ സൈഡ് സീറ്റ് സീനയ്ക്കു തന്നെ വേണമെന്ന് അവൾ നിർബന്ധം പിടിച്ചു. സൈഡ് സീറ്റിലിരുന്നാൽ അരുണ ഛർദിക്കുമെന്നാണ് അവളുടെ ന്യായം. അവൾക്കു കാഴ്ച കാണാനാണെന്നതു വേറെ കാര്യം.

‘‘നീ പൈസ കൊടുക്ക്.... നിനക്കു വേണ്ടിയല്ലേ ഞാൻ വന്നത്... ?’’

അതുകേട്ടുവന്ന കണ്ടക്ടർ പറഞ്ഞു.

‘‘സ്കൂൾ സമയത്ത് മാത്രമേ കൺസഷനുള്ളൂ... ഫുൾ ചാർജ് തരണം.’’

കൈയിൽ പൈസ തികയില്ല. അരുണ അമ്പരന്നങ്ങനെ ഇരിക്കുകയാണ്.

സീനയ്ക്ക് കാര്യം പിടികിട്ടി.

‘‘ഫുൾ ചാർജ് തരാൻ പറ്റില്ല..... ഇവൾ ആരാന്നാ വിചാരം. മരവൂർ എസ്ഐ വിപിനചന്ദ്രന്റെ മോളാണ്. ഞങ്ങൾ കംപ്ളെയ്ന്റ് ചെയ്യും?’’

‘‘ഇതിപ്പോ വലിയ ശല്യമായല്ലോ’’ എന്നും പിറുപിറുത്ത് കണ്ടക്ടർ പൈസയൊന്നും വാങ്ങാതെ പോയി.

‘‘ആരാ ഈ വിപിനചന്ദ്രൻ? നീ എന്നേക്കാളും വലിയ നുണയത്തിയാണല്ലോ... ?’’ അരുണ, സീനയുടെ ചെവിയിൽ ചിരിച്ചുകൊണ്ട് അടക്കം പറഞ്ഞു. 

‘‘പക്ഷേ വ്യത്യാസമുണ്ട്. നീ പറയുന്നതു കേട്ടാൽ തന്നെ അറിയാം. അത് നുണയാണെന്ന്. ഞാൻ പറയുന്നതുകേട്ടാൽ സത്യമാണെന്നും തോന്നും.ഹഹഹ.’’

അരുണയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോഴാണ് സീനയുടെ കഴുകൻകണ്ണ് ശ്രീധരമേനോന്റെ വീടിന്റെ മതിലിനു പുറത്തേക്ക് തല നീട്ടിനിൽക്കുന്ന റമ്പൂട്ടാനിലും സപ്പോർട്ടയിലും തറച്ചത്. ഉടൻ അതു പറിക്കാൻ ശ്രമം തുടങ്ങി. 

‘‘അയ്യോ വേണ്ട....ഇതെന്റെ നാടാണ്... അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും’’ എന്നൊക്കെ അരുണ വെപ്രാളപ്പെട്ടെങ്കിലും സീന കേട്ടതായി ഭാവിച്ചില്ല.

മേനോന്റെ വീട്ടിലെ അമ്മൂമ്മ- ‘‘അയ്യോ ആരാദ്... ? പഴങ്ങള് പറിച്ചെടുക്കണേ...ലക്ഷ്മി കള്ളന്മാര്...കള്ളന്മാര്...’’ എന്നും ബഹളം വച്ചുകൊണ്ട് പാഞ്ഞുവരുംവരെ സീന ആ കൊച്ചുമരങ്ങളുമായി മല്ലിട്ടുകൊണ്ടിരുന്നു. അവരടുത്തെത്താറായപ്പോൾ അരുണയെയും വലിച്ച് ഒരോട്ടം. ഭയങ്കര ധൈര്യം തന്നെ. വീടെത്തിയിട്ടും കിതപ്പുമാറിയില്ല. വരാന്തയിൽ ഉമ്മറത്തെ തിണ്ണയിൽ കുറച്ചുനേരം നീണ്ടുനിവർന്നുകിടന്നു.

‘‘ നിന്റെ വീടിന്റെ തറ ചുവപ്പാണല്ലോ? എന്താ ടൈലിടാത്തത്.. ?’’

‘‘ പണ്ടത്തെ വീടാണ്.....’’

‘‘ ഇത്രേം കൊച്ചുവീടോ... ? പണ്ടത്തെ വീടുകളൊക്കെ വലിയ തറവാടുകളല്ലേ.... നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള.... ഞാനങ്ങനത്തെ തറവാടുകളാണ് പഴയ വീടെന്നും പറഞ്ഞ് കണ്ടിട്ടുള്ളത്.’’

‘‘ ഇങ്ങനേം വീടുകളുണ്ട്..’’

‘‘ങ്ഹാ...പക്ഷേ തറയില് കെടക്കാൻ നല്ല സുഖമാണ്.... നിന്റെ അമ്മയ്ക്ക് ജോലിയില്ലേ’’

‘‘പോസ്റ്റ് ഓഫിസ് സേവിങ്സ് പിരിവാണ്... പിന്നെ പാചകവും...’’

അമ്മ എത്തിയിട്ടില്ല. പോസ്റ്റ് ഓഫിസ് സേവിങ്സ് പിരിവിനായി പോയിരിക്കുകയാവും. എത്രകാലമായി അമ്മ ഇങ്ങനെ ഓടിയോടി നടക്കാൻ തുടങ്ങിയിട്ട്. പക്ഷേ ഒന്നു തളർന്നതായി പോലും അമ്മ ഭാവിച്ചുകണ്ടിട്ടില്ല.

അതു കൂടാതെ നല്ല അച്ചാറും ചമ്മന്തിപ്പൊടിയും ഉണ്ടാക്കി വിൽക്കും. വീടുകളിൽ പേരിടൽ ചടങ്ങും പിറന്നാളും ഒക്കെ വരുമ്പോൾ അമ്മ കൊച്ചുസദ്യയും ഉണ്ടാക്കി നൽകും. എന്നിട്ടും പൈസ കൈയിൽ ഉണ്ടാകില്ല. 

‘‘അച്ഛനോ.... ?’’

കുറച്ചുനേരം അരുണ ഒന്നും മിണ്ടിയില്ല.

ഇവളെ വിശ്വസിക്കാമോ. അച്ഛന്റെ കാര്യം പറഞ്ഞാൽ സ്കൂളിലൊക്കെ എല്ലാവരോടും പറയുമോ.... അരുണയ്ക്ക് തലവേദന കൂടി.

‘‘ങ്ഹാ....നീ പണ്ട് ക്ലാസിൽ പറഞ്ഞിട്ടുള്ളത് അച്ഛൻ ദുബായിയിലാണ്. അവിടത്തെ രാജാവിന്റെ ആരോ ആണ് എന്നൊക്കെ അല്ലേ.... ?’’

ദൈവമേ.. !.അങ്ങനെ പറഞ്ഞുകാണുമോ.... ? അരുണ ഒരുനിമിഷം ആലോചിച്ചു. ഓർമയില്ല, അക്കാര്യം. 

‘‘എന്നോട് ദിയ ജോസ് പറഞ്ഞത് നിന്റെ അച്ഛൻ പട്ടാളത്തിലാണെന്ന്. അതും ഹിമാചലിലും ആസാമിലുമൊക്കെയാണ്. നീ ചിറാപുഞ്ചി കണ്ടിട്ടുണ്ട്. അവിടത്തെ മഴക്കാലത്ത് പോയിട്ടുണ്ട് എന്നൊക്കെ.. അതുകേട്ടപ്പോഴേ എനിക്കു മനസ്സിലായി നിന്റെ പതിവു നുണയാണെന്ന്. സത്യം പറ. എവിടെയാ നിന്റെ അച്ഛൻ... ?’’

‘‘അച്ഛൻ ഞാൻ ജനിച്ചപ്പോ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അച്ഛന് പെൺകുട്ടിയെ ഇഷ്ടമല്ലായിരുന്നു. ആൺകുട്ടിയല്ല എന്നു കണ്ടപ്പോൾ അച്ഛൻ എങ്ങോട്ടോ പോയി. അച്ഛന് ഏഴു പെങ്ങന്മാരായിരുന്നു. എല്ലാം വിറ്റും പെറുക്കിയും അവരുടെ കല്യാണമൊക്കെ നടത്തിയത് അച്ഛനാണ്. അതുകൊണ്ട് പെൺകുട്ടി എന്നു കേൾക്കുന്നതേ വെറുപ്പായിരുന്നു.’’

‘‘ങ്ഹൂം...’’ സീന മൂളി. അരുണയുടെ തോളിലൊന്നു തൊട്ടു. ‘‘ഇങ്ങനത്തെ അച്ഛൻമാര് ഇല്ലാതിരിക്കുന്നതാ ഭേദം....അതിനും വേണ്ടി എന്റെ അച്ഛൻ...എന്നെ അച്ഛന് ജീവനാ. ഞാനും അച്ഛന്റെ ആളാ......’’ 

എവിടെയോ കഴിയുന്ന അച്ഛനോട് അരുണയ്ക്ക് വെറുപ്പുതോന്നി. എവിടെയായിരിക്കും.. ? അറിഞ്ഞുകൂടാ...

സീന, ഒരു ബക്കറ്റിൽ വെള്ളം നിറച്ച്, ലോന ഡോക്ടറുടെ വീട്ടിൽ നിന്നു തട്ടിയെടുത്ത ചെടികളൊക്കെ അതിലിട്ടുവച്ചു. 

‘‘ നീ ക്ലാസീന്ന് ഊട്ടിക്ക് ടൂറു പോയപ്പോ, വരാതിരിക്കാൻ കാരണം പറഞ്ഞത്, ഊട്ടീല് നാലഞ്ചുതവണ പോയിട്ടുണ്ട്. ഇനി പോയാല് മടുക്കും എന്നൊക്കെയല്ലേ... ശരിക്കും നീ ഊട്ടി കണ്ടിട്ടില്ലല്ലോ.. ?’’

അരുണ ഒന്നും മിണ്ടിയില്ല.

‘‘ നീ ശരിക്കും എങ്ങനെയാ നുണയത്തിയായത്?’’

അരുണയ്ക്ക് അരിശം വന്നു.

‘‘ ഞാൻ മറ്റൊരാളുടെ സാധനങ്ങൾ ഒന്നു തൊടുക പോലുമില്ല. നീ പറിച്ച റമ്പൂട്ടാനും സപ്പോട്ടയുമൊന്നും ഞാൻ കഴിക്കാതിരുന്നത് അതുകൊണ്ടാ.’’

വേരുകൾ നഷ്ടപ്പെട്ട ചെടികൾ, ബക്കറ്റിലിരുന്ന് ചിരിച്ചു.

‘‘ ഞാനൊരു തമാശ പറഞ്ഞതല്ലേ.... എനിക്കു നിന്നെ നല്ല ഇഷ്ടായതുകൊണ്ടല്ലേ ഞാൻ ഇവിടെ കൊണ്ടുവിടാനായിട്ട് വന്നത്.’’

‘‘ ഓ.. വലിയ തമാശക്കാരി... നീ ക്ലാസില് എന്നെ മൈൻഡ് ചെയ്യാറു പോലുമില്ല. ചുമ്മാ പുളുവടിക്കല്ലേ....’’ അരുണ ദേഷ്യം പിടിച്ചു.

‘‘ അല്ലെടോ സത്യായിട്ടും നിന്നെ എനിക്കിഷ്ടാ... നിനക്ക് റാങ്ക് കുറവായതുകൊണ്ട് നീ പുറകിലല്ലേ ഇരിക്കുന്നത്. അതുകൊണ്ടു എപ്പോഴും സംസാരിക്കാൻ പറ്റില്ലല്ലോ. നുണ പറയുമ്പോ നിന്റെ വട്ടക്കണ്ണ് ഉരുളുന്നതു കാണാൻ നല്ല രസമാ. എപ്പോഴും നുണ പറയുമല്ലോ... അതുകൊണ്ട് എപ്പോഴും നിന്നെ കാണാൻ നല്ല രസമാ....’’

സീന അരുണയെ കെട്ടിപ്പിടിച്ചു.

അരുണ അലിഞ്ഞുപോയി.

‘‘അരുണേ, നീ നല്ല എഴുത്തുകാരിയാവും. സ്വപ്നം കണ്ട് അന്തം വിട്ടുള്ള ആ ഇരിപ്പും ഭാവോം ഒക്കെ കാണുമ്പോ ശരിക്കും തോന്നും. പരീക്ഷയ്ക്കൊക്കെ നീ സ്വന്തമായിട്ട് എഴുതിയതൊക്കെ വായിക്കാൻ നല്ല രസമാ... അല്ലാതെ പഠിച്ചു രക്ഷപ്പെടാൻ പറ്റുംന്ന് തോന്നുന്നില്ല.’’

അരുണയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മയുടെ ഒരു പഴയ ഡയറിയിൽ അമ്മ കാണാതെ കുറെ കുട്ടിക്കഥകൾ അരുണ എഴുതിവച്ചിരുന്നു.

‘‘നീ ആദ്യായിട്ട് പറഞ്ഞ നുണ നിനക്ക് ഓർമയുണ്ടോ.... ?’’

അമ്മ അടുക്കളയില് തിരക്കിട്ട ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോ തന്നെ ശ്രദ്ധിക്കാതെ വരുമ്പോൾ, ‘‘ അമ്മേ ദേ അച്ഛൻ വീടിന്റെ മുൻവശത്തു വന്നു നിൽക്കുന്നു’’ എന്നും പറഞ്ഞ് അമ്മയെ പറ്റിക്കാറുള്ളതാണ് എപ്പോഴും ഓർമയിൽ നിൽക്കുന്ന നുണ.

അമ്മ അപ്പോൾ പ്രതീക്ഷയോടെ ഓടിവരും. ഉമ്മറത്ത് ആരെയും കാണാതെ നിരാശയോടെ തിരികെ പോകുമ്പോൾ സ്നേഹത്തോടെ ഒരു നുള്ളും തരും.

ചില കടക്കാര് പണം ചോദിച്ചു വരുമ്പോൾ അമ്മ വീട്ടിലില്ല എന്നു പറയാൻ പഠിപ്പിച്ചത് അമ്മ തന്നെയാണ്.

ആ നുണ അമ്മയ്ക്കു കൊടുക്കുന്ന സമാധാനം ചെറുതല്ല.

‘‘നീ സ്കൂളില് പറഞ്ഞിട്ടുള്ള നുണകളില് ഏറ്റവും രസം സിനിമാനടന്മാരും നടികളും നിന്റെ ബന്ധുക്കളാണെന്നൊക്കെ തട്ടിവിടുന്നതാ. പിന്നെ അവരു നിന്നെ ഫോൺ ചെയ്യുന്നത് അവരുടെ ശബ്ദത്തിൽ തന്നെ നീ പറയുന്നത് കേൾക്കാൻ നല്ല രസമാ...’’

‘‘നീ പക്ഷേ അതൊന്നും മൈൻഡ് ചെയ്യുന്നത് കണ്ടിട്ടില്ല.’’

‘‘ഞാൻ ഇടങ്കണ്ണിട്ട് നോക്കും... എല്ലാം കേൾക്കും.... ഞാൻ നോക്കണത് നീ കണ്ടാൽ നിനക്ക് ഭയങ്കര ജാടയാവില്ലേ....’’

അരുണയ്ക്ക് സീനയോട് ഇഷ്ടവും വിശ്വാസവും തോന്നി.

അതുവരെ ജീവിതത്തിൽ പറഞ്ഞ ഒരു പത്തുപതിനായിരം നുണകൾ അവൾ സീനയുമായി പങ്കുവച്ചു. ഓരോന്ന് കേൾക്കുമ്പോഴും അവളു പൊട്ടിച്ചിരിച്ചു. അപ്പോൾ അരുണയ്ക്ക് ആത്മവിശ്വാസം കൂടും.. നുണക്കഥകൾ കുറച്ചുകൂടി പൊടിപ്പും തൊങ്ങലും വച്ച് ഒന്നു മിനുക്കി പറയാൻ ആവേശമായി.

ഹോംവർക്ക് ചെയ്യാത്തപ്പോൾ പറയുന്നത്. ഓരോ ടീച്ചർമാരോടും വേറെ വേറെ പറയുന്നത്, അയൽക്കാരോട് പറയുന്നത്, കടക്കാരോട് പറയുന്നത്. അങ്ങനെ ഓരോ നുണയും ഓരോ ഉടുപ്പിട്ടൊരുങ്ങി.

‘‘ ന്റയ്യോ..... എനിക്കു ചിരിക്കാൻ വയ്യേ..... നിന്നെ ഇത്ര കാലോം ഫ്രണ്ടാക്കാതിരുന്നത് കഷ്ടായി....’’

സീന ചിരിച്ചുനിവർന്നിട്ടു പറഞ്ഞു.

അമ്മ വരുംവരെ ആ കഥ പറച്ചിലങ്ങനെ നീണ്ടു.

അമ്മ വരുംമുൻപ് ഇവളെ ഒഴിവാക്കണം. അല്ലെങ്കിൽ ഒരു നുണ കൂടി പൊളിയും. പണ്ടത്തെ നുണകൾ ഓർക്കുന്നതുപോലെ അല്ല, ഇന്നത്തെ നുണ പൊളിയുന്നത്. ഇവൾ അമ്മയോട് അക്കാര്യം പറയാനും മടിക്കില്ല.

അമ്മ സ്കൂട്ടർ ഷെഡ്ഡിൽ വച്ച് താക്കോലും കറക്കി വരുന്നതുകണ്ടപ്പോൾ സീന ചോദിച്ചു.

‘‘ഈ അമ്മയുടെ കാലൊടിഞ്ഞു എന്നല്ലേ നീ പറഞ്ഞത് ?’’

സിസ്റ്റർ മേഴ്സിയുടെ ക്ലാസിലെന്നപോലെ വിറച്ചുകൊണ്ട് അരുണ നിന്നു.

എന്തും സംഭവിക്കാം.                

 

(തുടരും)

 

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com