ADVERTISEMENT

എഴുതാന്‍‍ ലിപിയില്ലാത്ത ഭാഷ ഉപയോഗിച്ച് ഒരു പുസ്തകം, ഊരുകളിലെ ജീവിതം കവിതയിലേക്ക് പറിച്ചു നട്ട കവി: അതാണ് അശോകന്‍ മറയൂര്‍. കാടകത്തിന്‍റെ പുതിയ അനുഭവങ്ങള്‍‍ മലയാളത്തിനു സമ്മാനിച്ച കവി അശോകന്‍ മറയൂര്‍‍ എഴുത്തും ജീവിതവും പറയുന്നു..

 

∙ അശോകന്‍ മറയൂര്‍, കവി അശോകന്‍ മറയൂര്‍ ആകുന്നതു വരെയുള്ള കാലം? കവിതയിലേക്കുള്ള കടന്നു വരവ്?

P. Raman, Ashokan Marayoor
പി. രാമൻ, അശോകൻ മറയൂർ

 

ഒരു സാധാരണ കുടുംബത്തിലാണ് ജനനം. അതിന്‍റേതായ വെല്ലുവിളികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നേരിടേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസം നേടുന്നതിന് അഞ്ചാം വയസ്സു മുതല്‍ വീട്ടുകാരെ വിട്ടകന്ന് ഊരുകളില്‍നിന്നു കിലോമീറ്ററുകളോളം ദൂരത്തില്‍ ജീവേക്കേണ്ടി വന്നിട്ടുണ്ട്. കുഞ്ഞുനാളില്‍ മഴക്കാലത്തും മറ്റും  സ്വന്തമായി അലക്കി ഉണങ്ങിയും അല്ലാതെയും ഇട്ടു നടന്ന കാലം ഇപ്പോഴും ഓര്‍മകളിലുണ്ട്. അങ്ങനെ ജീവിതത്തില്‍ ഇന്നോളം മായ്ച്ചു കളയാന്‍ പറ്റാത്ത പല വിഷയങ്ങളും ഉള്ളിലുണ്ട്. അങ്ങനെ ഒറ്റപ്പെട്ട ജീവിതത്തില്‍ പരാജയപ്പെട്ടു പോയതിന്‍റെയെല്ലാം കണക്കുകള്‍ ജീവിതത്തില്‍ ഉടനീളം സ്വയം പറഞ്ഞ് എന്നെത്തന്നെ പരിഹസിക്കാറില്ല. ഒന്നിനോടും വലിയ അടുപ്പങ്ങളില്ല. ആശകളുമില്ല.

 

താങ്കളുടെ ആദ്യ ചോദ്യം തന്നെ പലപ്പോഴും ഉത്തരം പറയാന്‍ ഞാന്‍ ഭയക്കുന്ന ചോദ്യമാണ്. കവിതയുടെ വഴിയിലേക്ക് ഞാന്‍ വരുന്നതു തന്നെ മറയൂര് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. അന്ന് സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങളില്‍നിന്ന് ആദ്യമെന്നെ കണ്ടെത്തുന്നത് പി.രാമൻ സാറാണ്. അശോകന്‍ കവിതയിലേക്ക് എങ്ങനെ വന്നു എന്ന ചോദ്യത്തിനുത്തരം പി. രാമന്‍ സാര്‍ വഴി എന്നേ പറയാന്‍ പറ്റു. പലര്‍ക്കും ഇപ്പോള്‍ ഞാന്‍ പി. രാമന്‍ എന്ന പേര് എടുത്തു പറയുന്നത് വിഷമമുണ്ടാക്കുന്നു. ചിലരത് ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും പല വേദികളിലും പി. രാമന്‍ സാറിന്‍റെ പേര് ഒഴിവാക്കാന്‍  ശ്രമിക്കുന്നുണ്ട്. പക്ഷേ, കവിതയിലേക്കെങ്ങനെ വന്നുവെന്ന ചോദ്യം പോലെ തന്നെ ഒഴിവാക്കാന്‍ പറ്റാത്തതാണ് എനിക്ക് പി.രാമന്‍ സര്‍ എന്ന ഉത്തരവും. അല്ലാതെയും എന്നെ ക്ലാസ്സില്‍ പഠിപ്പിച്ച മലയാള അധ്യാപകരുണ്ട്. പ്രകാശ് വെങ്ങലാട്ടും, ആർ.ഐ. പ്രശാന്ത് സാറുമൊക്കെ. ഇപ്പോഴും ഇപ്പറഞ്ഞ അധ്യാപകരെല്ലാം എന്നെ ചേര്‍ത്തു പിടിക്കുന്നു. എന്‍റെ ബാല്യത്തിലെ കൂട്ടുകാരെല്ലാം നവമാധ്യമങ്ങള്‍ വഴി ഇപ്പോഴുമെന്നെ തിരിച്ചറിയുന്നു. പലരും സംസാരിക്കുന്നു. പിന്നെ ജീവിതത്തില്‍ വലിയ സന്തോഷവും സുഹൃദ്ബന്ധങ്ങളും തന്നത് കവിതയാണ്.

pachavdu-book
പച്ചവ്‌‌ട്

 

∙ മലയാള സാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത ഒരു ഗോത്ര ഭാഷയില്‍ കവിത എഴുതാന്‍ തീരുമാനിക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍? മുതുവാന്‍ ഭാഷയ്ക്ക് ലിപി തിരഞ്ഞെടുത്തപ്പോള്‍ തമിഴിനെ അവഗണിച്ച് മലയാളം തിരഞ്ഞെടുക്കുവാന്‍ കാരണം?

 

ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്; സാങ്കേതികമായും അല്ലാതെയും. ആദ്യം തന്നെ ഗോത്രഭാഷ അടയാളപ്പെടുത്താന്‍ തിരഞ്ഞെടുത്തത് മലയാള ലിപിയാണ്. തമിഴ് എനിക്ക് അത്യാവശ്യം വായിക്കാനും എഴുതാനും അറിയാം. എന്നാല്‍ മലയാള ഭാഷയ്ക്ക് ഏതൊരു ശബ്ദത്തെയും അതേപടി ആഗിരണം ചെയ്യാന്‍ കഴിയും. അത്ര മാത്രം അക്ഷരങ്ങള്‍ മലയാളത്തിനുണ്ട്. തമിഴ് അങ്ങനെയല്ല. അക്ഷരങ്ങളുടെ കുറവു മാത്രമല്ല, എഴുതിയാല്‍ ചിലപ്പോള്‍ ഒരു വാക്കിന്‍റെ ശബ്ദം തന്നെ മാറിപ്പോകും. കൃത്യമായി കിട്ടണമെന്നില്ല. അങ്ങനെ ഗോത്രഭാഷ അടയാളപ്പെടുത്താന്‍ മലയാളം തിരഞ്ഞെടുത്തു. പിന്നെ കവിത ആ ഭാഷയുടേതായി.

 

ashokan-marayoor-02
അശോകൻ മറയൂർ

കേരളത്തിലും ലോകത്തിന്‍റെ പലഭാഗത്തും ഗോത്ര സമുദായങ്ങള്‍ക്ക് അവരുടേതായ പാരമ്പര്യപ്പാട്ടുകളും അല്ലാത്ത പാട്ടുകളും നിലനില്‍ക്കുന്നുണ്ട്. അതിന്‍റെയെല്ലാം ഇടയ്ക്കാണ് ഗോത്ര കവിത സംഭവിക്കുന്നത്. പലപ്പോഴും കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ചില വാക്കുകളില്‍ അക്ഷരങ്ങള്‍ കൃത്യമായും കിട്ടാതെ വരും. ഉദാഹരണത്തിന് എന്‍റെ ആദ്യ കവിതാസമാഹാരം ‘പച്ച വീട്’ ഗോത്രഭാഷയിലാണ് കൊടുത്തിരിക്കുന്നത് സത്യത്തില്‍ ‘പച്ചവ്വ്ട്’ – ‘വ്വ’ യ്ക്കാണ് ചന്ദ്രക്കലയിടേണ്ടത്. അങ്ങനെയിട്ടാലേ ശരിക്കും ഗോത്രഭാഷയില്‍ പറയുന്നതു പോലെ ‘വ്വ്’,  ‘വ്വ്ട്’  വീട് എന്ന് ഉച്ചാരണം ശരിയാവുകയുള്ളു. പക്ഷേ, പുസ്തകത്തിന്‍റെ പേരു തന്നെ വ യ്ക്ക് രണ്ട് ചന്ദ്രക്കലയിട്ടാണ് എഴുതിയേക്കുന്നത്. അങ്ങനെ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും ഞാനൊറ്റയ്ക്കല്ല ചെയ്തത്. ഇതിന്‍റെ ആശയം തന്നെ പി. രാമനില്‍ നിന്നാണ് ഉദിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ പല ഗോത്രഭാഷകളിലും കവിതകള്‍, കഥകള്‍ ഉണ്ടാവുന്നത് സന്തോഷം നല്‍കുന്നു. മലയാള ഭാഷ ഒന്നുകൂടി വാക്കുകള്‍‌ക്കൊണ്ടും വൈവിധ്യം കൊണ്ടും ശക്തിപ്പെടുന്നുണ്ട്.

 

∙ കാടും ഋതുക്കളും അശോകന്‍റെ കവിതകളില്‍ തെളിഞ്ഞുകാണാം. കാട് ജീവിതത്തിലും, ശേഷം കവിതയിലും ചെലുത്തിയ സ്വാധീനം?

 

എന്‍റെ കവിതകള്‍ കാടുമായി ബന്ധപ്പെട്ട് എഴുതീട്ടുള്ളവയാണ്. അതിന്‍റെ ആവര്‍ത്തനവിരസത എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് മറികടന്നാലേ കവിയെന്ന് അംഗീകരിക്കൂവെന്നു പരസ്യമായി പറഞ്ഞവര്‍ പലരുണ്ട്. എന്നാല്‍ ഞാന്‍ കാട് മാത്രമേ എഴുതിയിട്ടുള്ളു എന്നു പറയുമ്പോള്‍, പലരുമെന്‍റെ ചുരുങ്ങിയ കവിതകളേ വായിച്ചിട്ടുള്ളു എന്നു വേണം കരുതാന്‍. കാട് എന്‍റെ ജീവിതത്തിന്‍റെ (ഗോത്ര സമൂഹത്തിന്‍റെ) ഭാഗമാണ്. നിരന്തരം അതിലൂടെ സഞ്ചരിക്കുന്നു, ജീവിക്കുന്നു. അത് വലിയൊരു പുസ്തകമാണ്. ഓരോ നിമിഷവും അതില്‍ നിന്നും പല അനുഭവങ്ങള്‍, ജീവിതങ്ങള്‍ വായിച്ചെടുക്കുന്നു. അതിന്‍റെ മാറ്റം കവിതയില്‍ പകര്‍ത്തുന്നു. ഡി. അനില്‍ കുമാറിന്‍റെ കവിതയില്‍ കടല്‍ ജീവിതങ്ങള്‍ കാണാം; എന്‍റേതില്‍ കാടും. 

 

ഗോത്രഭാഷയില്‍ അല്ലാതെ, മലയാള കവിതകളും ഞാന്‍ എഴുതിയിട്ടുണ്ട്. എന്‍റെ വായനാലോകം പരിമിതമാണ്. അടുത്ത് ലൈബ്രറികള്‍ ഇല്ല. മൂന്നാര്‍ പോലൊരു മേഖലയില്‍ സാഹിത്യ പുസ്തകങ്ങള്‍ അത്ര ലഭ്യമല്ല. കൂടുതലും വരുത്തിയാലേ കിട്ടൂ. എന്‍റെ കുട്ടിക്കാലത്തെ വായന തന്നെയാണ് ഇന്നുമെന്‍റെ എഴുത്തിനു ബലം. പിന്നീട് കൂടുതല്‍ വായന ലഭിച്ചിട്ടില്ല. ഞാന്‍ ഉള്‍ക്കാടുകളിലെ ഊരുകളിലേക്കു പോയി. വായന പരിമിതമായി. പിന്നീട് വായിച്ചതെല്ലാം അനുഭവങ്ങളും ജീവിതവും കാടുമാണ്. അതും വലിയൊരു പുസ്തകമാണ്. അതുകൊണ്ടു തന്നെ ഗോത്രഭാഷകളും ജീവിതവും കാടും ഋതുക്കളും കവിതയില്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു.

 

∙ ഗോത്രസംസ്‌കാരവും ജീവിതരീതികളും അശോകന്‍‍ എന്ന എഴുത്തുകാരനില്‍‍ എത്രത്തോളം സ്വാധീനം ചെലുത്തി?

 

രണ്ടും രണ്ടു ജീവിതങ്ങളാണ്. ഗോത്രപാരമ്പര്യ ചട്ടങ്ങള്‍ക്ക് ഉള്ളില്‍‍നിന്നു വേണം ഗോത്ര ജീവിതം നയിക്കാന്‍‍. മറ്റൊന്നു സാധ്യമല്ല. പിന്നെയുള്ളത് നഗരജീവിതമാണ്. അതും ഞാന്‍‍ ജീവിക്കുന്നുണ്ട്. പക്ഷേ എഴുത്തിന്‍റെ ഒരു പുതിയ വഴി തുറന്നു തന്നത് ഗോത്ര ജീവിതമാണ്. കവിതയിലൊരു പുതുമ കണ്ടെത്താന്‍‍ കഴിഞ്ഞതും ഗോത്ര ജീവിതത്തില്‍‍ നിന്നും കാട്ടില്‍‍ നിന്നുമാണ്. ഇതിനെല്ലാം ഉള്ള സാധ്യതകളും വലിയ ലോകവും തുറന്നു തന്നത് നഗരങ്ങളാണ്.

 

ഗോത്രസംസ്‌കാരം എനിക്ക് എഴുത്തിന്‍റെ സാധ്യതകള്‍‍ തുറന്നുതരുന്നുണ്ടെങ്കിലും പരിമിതമാണ്. സംസ്‌കാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍‍ എന്തെങ്കിലും എഴുതേണ്ടതായി വന്നാല്‍‍ ഊരുവിലക്ക് ഉള്‍പ്പെടെ സമുദായ വിലക്കു വരെ നേരിടേണ്ടി വരും. പാരമ്പര്യമായി കൈമാറി വരുന്ന, ജീവിച്ചു വരുന്ന ഈ നിയമങ്ങളെല്ലാം സംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. അതെല്ലാം ഉള്‍ക്കൊണ്ടതാണ് അവരുടെ (എന്‍റെ)  സംസ്‌കാരം. എനിക്കത് തെറ്റായി തോന്നിയിട്ടില്ല. എന്‍റെ ഗോത്രത്തില്‍‍ വിശാലമായ കാഴ്ചപ്പാടുകളും ഗോത്രങ്ങളും ഉപഗോത്രങ്ങളുമടങ്ങിയ വലിയൊരു ലോകവും തന്നെയുണ്ട്. എല്ലാം ഗോത്രസംസ്‌കാരത്തിന്‍റെ നിലനില്‍‍പിനും കാടും മനുഷ്യനും തമ്മിലുള്ള ജീവിതത്തിന്‍റെ നിലനില്‍‍പിനും അത്യാവശ്യമാണ് അതുകൊണ്ട് ഗോത്രസംസ്‌കാരവും ജീവിതവും എനിക്ക് ഒഴിവാക്കാന്‍‍ പറ്റാത്ത ഒന്നാണ്.

 

∙ ലോക്ഡൗണ്‍‍ വലിയൊരു വിഭാഗത്തിന് നിത്യവൃത്തിയുടെ പ്രശ്നമാണ്. ഊരുകളിലെ ലോക്ഡൗണിനെക്കുറിച്ച്? സമൂഹ ജീവിതത്തെക്കുറിച്ച്?

 

ലോക്ഡൗണ്‍‍ മുതുവാന്‍‍ ഗോത്ര സമുദായത്തില്‍ പുതുമയല്ല. ഞങ്ങള്‍‍ കാലങ്ങളായി വര്‍ഷത്തില്‍‍ പല ലോക്ഡൗണുകളിലൂടെ കടന്നുപോകുന്നുണ്ട്. ഊരുകളില്‍‍ വസൂരിയോ വിടാതെയുള്ള പനിയോ മറ്റോ ഉണ്ടെങ്കില്‍‍ ഞങ്ങള്‍‍ ഒരു ഊരില്‍‍നിന്നു മറ്റൊരു ഊരിലേക്ക് പോകാറില്ല. മറ്റ് ഊരുകളില്‍‍ നിന്നും ഇങ്ങോട്ടുമാരും വരില്ല. ഞങ്ങള്‍ക്കാര്‍‍ക്കും ആ ശീലം ആരും പറഞ്ഞുതരേണ്ടതില്ല. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ സ്വയം ഞങ്ങള്‍‍ തന്നെ പോകാതെയും ആവശ്യമില്ലാതെ മറ്റുള്ളവരോട് ഇടപഴകാതെയുമിരിക്കും.

 

ഊരുകളില്‍ പലപ്പോഴും ഇല്ലാത്തവരെ കണ്ടെത്തി പരസ്പരം സഹകരിച്ചു പോകാറാണ് പതിവ്. അതുകൊണ്ട് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുദായങ്ങളില്‍‍ പട്ടിണിക്ക് പെട്ടെന്നു കയറിവരാന്‍‍ പറ്റില്ല. എന്നാല്‍ പാരമ്പര്യ കൃഷിരീതികള്‍‍ ഇപ്പോള്‍കുറഞ്ഞു വരുന്നു. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. ഊരുകളിലെ തനത് കൃഷി വീണ്ടെടുത്തു കൊടുക്കുകയാണ് ഇക്കാലത്ത് സര്‍ക്കാര്‍‍ ചെയ്യേണ്ടത്. അല്ലാതെ അവരെ അവരുടെ സംസ്‌കാരവുമായി ചേര്‍‍ന്നു കിടക്കുന്ന കൃഷി സമ്പ്രദായത്തില്‍‍നിന്നു പിന്‍‍തിരിപ്പിക്കരുത്. അങ്ങനെ ഊരുകളില്‍‍ ഉണ്ടാവുന്ന പട്ടിണിക്കും പട്ടിണി മരണങ്ങള്‍‍ക്കും സര്‍‍ക്കാര്‍‍ തന്നെയാണ് ഉത്തരവാദി. ഇവിടെ പാചക പരീക്ഷണങ്ങളൊന്നുമില്ല. ഉള്ളത് പരസ്പരം കൈമാറി കഴിക്കുന്നു എന്നു വേണം പറയാന്‍‍.

 

∙ കവിതയിലെ അശോകന്‍റെ ഇഷ്ടങ്ങള്‍‍?

 

അങ്ങനെയില്ല. ഓണ്‍‍ലൈന്‍‍ വായനകള്‍ ധാരാളമുണ്ട്. ഇഷ്ട എഴുത്തുകാരുമുണ്ട്. അത് തമിഴിലും മലയാളത്തിലും ആയി പടര്‍ന്നു നില്‍‍ക്കുന്നു. കവിതയില്‍‍ തൊണ്ണൂറുകളിലെ കവികള്‍ക്കാണ് പ്രധാനമായും വായനയില്‍‍ ഊന്നല്‍‍ കൊടുക്കുന്നത്.

 

ഇപ്പോള്‍‍ പുതിയൊരു നിരയെ വായിക്കുകയാണ്. ഡി. അനില്‍‍ കുമാര്‍‍, സുബിന്‍‍ അമ്പിത്തറ, കാര്‍‍ത്തിക്, ആദില്‍‍ മഠത്തില്‍‍, റേഷ്മ സി., ശിവപ്രിയ, ജിഷ്ണു, ജോസില്‍‍ സെബാസ്റ്റ്യന്‍...‍ ഇനിയും ഒരുപാടു പേരുണ്ട്. മുതിര്‍‍ന്ന എഴുത്തുകാര്‍‍ക്കും പ്രാധാന്യം നല്‍‍കാറുണ്ട്. ഡോണ മയൂര, സന്ധ്യ എന്‍‍.പി., ആര്‍‍. സംഗീത, റഹില, അമ്മു ദീപ അങ്ങനെ.... പേരെടുത്തു പറയാത്ത ഒരുപാടു പേരുണ്ട്. എഴുത്തിലും വായനയിലും കാടു തന്നെയാണ് പ്രധാന ഇഷ്ടം.

 

English Summary : Interview With Poet Ashokan Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com