ഹൃദയം കൊണ്ടുള്ള എഴുത്തും ബുദ്ധി കൊണ്ടുള്ള എഡിറ്റിങ്ങും വേണം : നിപുൺ വർമ
Mail This Article
നിപുൺ വർമ എന്ന പേര് പൊതുവs മലയാളികളുടെ ഇടയിൽ അത്ര പരിചിതമാകാൻ ഇടയില്ല. എന്നാൽ വായനപ്രിയരായ ടെക്കികൾക്കിടയിൽ ഈ പേര് അറിയപ്പെടുന്നതാണ്. Adventures of an Indian Techie എന്ന പുസ്തകം ആമസോൺ വഴി പുറത്തിറങ്ങിയ ശേഷം പലതവണയാണ് അത് അവരുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചത്. വായനക്കാർക്കും വളരെ നല്ല അഭിപ്രായം. തിരക്കേറെയുള്ള ജോലിക്കിടയിൽനിന്ന് എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തുന്ന ആളാണ് വൈക്കംകാരനായ നിപുൺ. ഇപ്പോൾ ലോക്ഡൗണിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനൊപ്പം എഴുതാനും അദ്ദേഹം സമയം കണ്ടെത്തുന്നു. എന്നാൽ നിപുണിന് സംസാരിക്കാനുള്ളത് തന്റെ ടെക്കി ജീവിതത്തെക്കുറിച്ചും എഴുത്തുകളെക്കുറിച്ചും മാത്രമല്ല, എട്ടു എഴുത്തുകാർ ചേർന്ന് തുടങ്ങിയ പുതിയ ഒരു സാഹിത്യ പ്രവർത്തനത്തെക്കുറിച്ചുമാണ്. ബുക്സ്‌തകം എന്ന ലിറ്റററി കൺസൽറ്റൻസിയുടെ അമരക്കാരൻ കൂടിയാണ് ഈ എഴുത്തുകാരൻ. എന്തിനെയും ഏതിനെയും പറ്റി നർമത്തോടെ സംസാരിക്കാനിഷ്ടമുള്ള നിപുണിന്റെ എഴുത്തിന്റെയും ശൈലി അതേ നർമം നിറഞ്ഞതു തന്നെയാണ്.
തലച്ചോർ കൊണ്ടു മാത്രം ജോലി ചെയ്യുന്ന ടെക്കികളുടെ ലോകത്തിൽനിന്ന് എഴുത്തിന്റെ ലോകത്തേക്കു വരുക, അതായത് ഹൃദയം കൊണ്ടും ചിന്തിക്കാൻ കഴിയും എന്ന തോന്നലിൽ. അങ്ങനെയൊരു പറച്ചിൽ പൊതുവേയുണ്ട്. എന്നാൽ എഴുത്തിനെ എങ്ങനെയാണ് താങ്കൾ കാണാൻ ആഗ്രഹിക്കുന്നത്? തലച്ചോറ് കൊണ്ടോ അതോ ഹൃദയം കൊണ്ടോ?
ഹൃദയം കൊണ്ടു തന്നെ. സംശയമില്ല. എഴുതുന്ന സമയത്ത് ഈ തലച്ചോർ എന്ന വിദ്വാനെ നിർബന്ധിത അവധിക്കു പറഞ്ഞു വിടും. എന്നിട്ടു മുഴുവൻ അധികാരവും ഹൃദയത്തിനെ ഏൽപ്പിക്കുന്നു. എന്തു വേണമെങ്കിലും ചെയ്തോളൂ എന്ന ലൈസൻസും കൊടുക്കുന്നു. എന്നാൽ എഴുതി പൂർത്തിയാക്കി എഡിറ്റ് ചെയ്യുന്ന സമയത്ത് ഹൃദയത്തിനെ ഒരു വശത്തേക്ക് മാറ്റി നിർത്തി തലച്ചോറിനെ പ്രധാന ജോലി ഏൽപിക്കുന്നു. ഇടയ്ക്ക് അഭിപ്രായങ്ങൾ പറയാൻ ഹൃദയത്തിനു സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും എഡിറ്റിങ് നയിക്കുന്നത് തലച്ചോർ തന്നെ ആണ്. രണ്ടു പേരും അവരവരുടെ ജോലികൾ വേണ്ട സമയത്ത് ഇടപെട്ടു ചെയ്യുന്ന ഒരു സഹകരണപ്രസ്ഥാനം എന്ന നിലയ്ക്കാണ് ഞാൻ എഴുത്തു കൊണ്ടുപോകുന്നത്.
എഴുത്തുരീതികളെ എങ്ങനെയാണു പരിചയപ്പെടുത്തുന്നത്?
ഒരു തികഞ്ഞ ഉഴപ്പൻ വിദ്യാർഥിയെപ്പോലെ, വടിയുമായി ഡെഡ് ലൈനുകൾ പിന്നാലെ നടന്നാൽ മാത്രം മര്യാദയ്ക്ക് എഴുതാൻ ഇരിക്കുന്ന ഒരു മടിയൻ ആയതിനാൽ അങ്ങിനെ ഒരു രീതിയിലേക്ക് എത്തിയിട്ടില്ല. പല വലിയ എഴുത്തുകാരുടെയും രീതികളെക്കുറിച്ചു വായിക്കുകയും അതുപോലെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. പിന്നെ രണ്ടു കുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ ഭരണം അവരുടെ കൈയിൽ ആയിരിക്കുമല്ലോ. ജോലി, കുടുംബം, ഇതിന്റെ ഇടയിൽ എപ്പോഴെങ്കിലുമൊക്കെ സമയം കണ്ടെത്തും.
പൊതുവേ രാത്രിയിൽ ആണ് എഴുത്തു നടക്കാറ്. പ്ലാൻ ചെയ്‌തു മനസ്സിൽ ഒരു രൂപം ഉണ്ടാക്കിയതിന് ശേഷം എഴുതുന്ന രീതിയല്ല. ചെറിയ ഒരു ആശയം വന്നാൽ അതുമായി ലാപ്ടോപ്പിന്റെ മുന്നിൽ ഇരിക്കും. ഒരു വേഡ് ഡോക്യൂമെന്റ് തുറന്നു ടൈപ്പ് ചെയ്‌തു തുടങ്ങും. പിന്നെ വരുന്നത് പോലെ വരട്ടെ എന്നു വിചാരിച്ച് അങ്ങു പോകും. ഇടയ്ക്കു നിർത്തി ഒരു ബ്രേക്ക് എടുക്കും. പിന്നീട് തിരിച്ചു വരുന്നത് ഹൃദയശൂന്യനായ ഒരു എഡിറ്റർ ആയിട്ടായിരിക്കും. വെട്ടി മുറിച്ച് ഒരു വഴിയാക്കി അങ്ങിനെ പൂർത്തിയാക്കും.
ഇപ്പോൾ ലോക്ഡൗൺ കാലമായതുകൊണ്ടു തന്നെ വർക്ക് അറ്റ് ഹോം എന്ന രീതിയിലാണ് ജോലി. അപ്പോൾ എഴുതാൻ കൂടുതൽ സമയം കണ്ടെത്തി എന്നതിന്റെ തെളിവാണ് ഈയടുത്ത് ഇറങ്ങി ആമസോണിൽ ബെസ്റ്റ് സെല്ലറായ താങ്കളുടെ പുതിയ പുസ്തകം Adventures of an Indian Techie. അത് എഴുതിയതിന്റെ സാഹചര്യവും സമയവും എന്തായിരുന്നു? എങ്ങനെയാണ് ഈ ലോക്ഡൗൺ സമയം കടന്നു പോയത്?
ഇത് എന്റെ ആദ്യ പുസ്തകമാണ്. 2019 ൽ പ്രസിദ്ധീകരിച്ചതാണ്. ആ സമയത്തു നല്ല പ്രതികരണം കിട്ടിയിരുന്നു. ലോക്ഡൗൺ വന്നതിനു ശേഷം വിൽപന വീണ്ടും ഉഷാറായി. വീട്ടിൽത്തന്നെ ഇരിക്കുന്നതു കൊണ്ട് ആമസോൺ വഴി പുസ്തകം വാങ്ങി വായിക്കുന്നവരുടെ എണ്ണം കൂടിയതാവാം കാരണം.
സത്യത്തിൽ, എഴുതണം എന്ന ആഗ്രഹം കുറെക്കാലമായി ഉണ്ട്. ചെറുകഥകൾ, ഉപന്യാസങ്ങൾ എന്നിവയൊക്കെ ശ്രമിച്ചിരുന്നു. താടിയൊക്കെ വളർത്തി വളരെ ഗൗരവമായ പ്രമേയങ്ങളെ കുറിച്ച് എഴുതിയാലേ ശ്രദ്ധിക്കപ്പെടൂ എന്നു കരുതി അങ്ങിനെ ചില ശ്രമങ്ങൾ ഒക്കെ നടത്തി ദയനീയമായി പരാജയപ്പെട്ടു. അപ്പോഴാണ് എന്ത് കൊണ്ട് ഞാൻ ജോലി ചെയ്യുന്ന മേഖലയെക്കുറിച്ച് എഴുതിക്കൂടാ എന്ന് ചിന്തിച്ചത്.
റോഡിലുള്ള വാഹനങ്ങളെക്കാൾ കൂടുതൽ എൻജിനീയർമാർ ഉള്ള നമ്മുടെ രാജ്യത്ത് അതിൽ വലിയൊരു ഭാഗം ആൾക്കാരും ഐടി രംഗത്ത് എത്തിപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കഥകൾ അവർക്കൊക്കെ സ്വന്തം ജീവിതം പോലെ സുപരിചിതമാണ്. ഈ മേഖലയെ കുറിച്ച് അറിയാത്തവർക്കാകട്ടെ, എന്താണ് ആ വലിയ ഐ ടി കെട്ടിടങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കുന്നത് എന്നറിയാനും ഉള്ള ഒരു അവസരമാണ് ഈ കഥകൾ. ടെക്കികൾ അല്ലാത്തവർക്കും ടെക്കികൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്.
വർക്ക് ഫ്രം ഹോം വന്നതിനു ശേഷം വായന ഉഷാറായിട്ടുണ്ട്. വീട്ടിൽത്തന്നെ ആയതു കൊണ്ട് വീട്ടുകാര്യങ്ങളിൽ സഹായിക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷെ പോലെ വലിയ വലിയ കാര്യങ്ങൾ പ്രസംഗിച്ചു വീട്ടുകാര്യങ്ങളിൽ ഇടപെടാതെ മുങ്ങി നടന്ന എന്നെപ്പോലെ ഉള്ള മഹാന്മാർക്കു ദൈവം അറിഞ്ഞു തന്ന പണിയാണ് ഈ വർക്ക് ഫ്രം ഹോം. വർക്ക് ഫ്രം ഹോമും വർക്ക് ഫോർ ഹോമും ഒന്നിച്ചു നടക്കുന്നത് കൊണ്ട് സമയം പഴയതിനേക്കാൾ കുറവാണോ എന്ന് ഇടയ്ക്കു തോന്നാറുണ്ട്.
എങ്കിലും മനസിന് സന്തോഷം തരുന്ന പരിപാടികൾ മുടക്കാറില്ല. ഇതിന്റെ ഇടയിൽ സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന മലയാളം നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ തയാറാക്കാനും കഴിഞ്ഞു. അത് മിക്കവാറും അടുത്ത വർഷം ആദ്യം പ്രസിദ്ധീകരിക്കും. കൂടാതെ എഴുത്തുകാരായ കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി. അവരോടൊപ്പം ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കാനും ഈ സമയത്തു കഴിഞ്ഞു.
എട്ട് എഴുത്തുകാർ ചേർന്ന് ഒരു ലിറ്റററി കൺസൽറ്റൻസി തുടങ്ങുക, അതിനു ബുക്സ്‌തകം എന്ന പേര് നൽകുക. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിൽ?
അശ്വിൻ രാജ് എന്ന യുവ എഴുത്തുകാരനെ പരിചയപ്പെടാൻ ഇടയായതാണ് വഴിത്തിരിവായത്. അശ്വിൻ വഴി ശ്രീപാർവതി, ജുനൈദ് അബൂബക്കർ, അശ്വതി വടക്കേൽ, അഭിലാഷ് സി.എസ്., അജീഷ് ജി. ദത്തൻ, തസ്‌നി ഷാഹുൽ എന്നിവരുമായി പരിചയപ്പെട്ടു. എല്ലാവരും എഴുത്തുകാർ, എഴുതുന്ന ഭാഷ പലതാണെങ്കിലും ഒരേ സ്വപ്‌നങ്ങൾ കാണുന്നവർ.
പൊതുവേ എഴുത്തുകാർ, പ്രത്യേകിച്ചും പുതിയ എഴുത്തുകാർ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും ഉത്തരമായി ഞങ്ങളുടെ സ്വന്തം അനുഭവത്തിൽനിന്നും പരിഹാരം നിർദേശിക്കാൻ കഴിയും എന്നു മനസ്സിലായി. അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരേ പോലെ അവസരങ്ങൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളാൽ കഴിയുന്ന ഒരു സേവനം. അതാണ് ബുക്സ്‌തകം.
വാക്കുകൾക്കു ചിറകു നൽകുക, ഭാഷയുടെ അതിരുകൾ ഭേദിച്ച് അത് വായനക്കാരിലേക്ക് എത്തിക്കുക. ബുക്ക്, പുസ്തകം എന്നീ രണ്ടു ഭാഷയിലുള്ള വാക്കുകളെ ഒന്നിപ്പിച്ചു കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നതും അത് തന്നെ.
എന്തൊക്കെയാണ് ബുക്സ്തകത്തിന്റെ ലക്ഷ്യങ്ങൾ? എങ്ങനെയാണ് എഴുത്തുകാരോട് നിങ്ങൾ ഇടപെടുന്ന രീതി?
ഉള്ളടക്കം നല്ലതായിട്ടും അവസരങ്ങൾ ലഭിക്കാത്തവർക്കായി ബുക്സ്തകത്തിൻറെ വാതിൽ എപ്പോഴും തുറന്നിരിക്കും. എഴുത്തുകാർക്ക് അവസരം നൽകുന്നതോടൊപ്പം ആമസോൺ പോലെയുള്ള ഇ കോമേഴ്‌സ് ചാനലുകളുടെ അനന്ത സാധ്യതകൾ ഉപയോഗിച്ച് പുസ്തകങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്.
എഴുത്തു മുതൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതു വരെയുള്ള എന്തു സഹായത്തിനും ഞങ്ങളെ സമീപിക്കാം. പുസ്തകം പബ്ലിഷ് ചെയ്യുന്നത് കൂടാതെ കൺസൽറ്റിങ്, കവർ ഡിസൈൻ, മലയാളം-ഇംഗ്ലിഷ് തർജമ, എഴുത്തുകാരന് വേണ്ടിയുള്ള വെബ്സൈറ്റ് തയാറാക്കൽ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ബുക്ക് റിവ്യൂ തുടങ്ങി വിവിധതരം സേവനങ്ങൾ ഞങ്ങൾ ചെയ്തു കൊടുക്കുന്നു. ഞങ്ങളുടെ ഇമെയിൽ ആയ info@booksthakam.com ൽ ഒരു ഇമെയിൽ അയച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങൾ നിങ്ങളെ സമീപിക്കുന്നതാണ്. സത്യത്തിൽ ഇത് എഴുത്തുകാരെ മനസ്സിലാക്കിയ കുറച്ചു എഴുത്തുകാരുടെ ഒരു സ്വപ്നമാണ്. മലയാളത്തിലുള്ള പല പ്രസാധകരുടെയും പൊള്ളത്തരങ്ങളും സാമ്പത്തിക വെട്ടിപ്പുകളും ഒക്കെ പല ഇരകളായ എഴുത്തുകാരിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ, അതുകൊണ്ട് എഴുത്തുകാരായി നിന്നുകൊണ്ട് ഞങ്ങളെപ്പോലെ ഉള്ളവരെ ബുദ്ധിമുട്ടിക്കാതെ ഒപ്പം നിൽക്കുകയാണ് പ്രധാന ഉദ്ദേശ്യം. സുതാര്യമാണ് ഞങ്ങളുടെ എല്ലാ ഇടപാടുകളും. ആ ഒരു ഉറപ്പ് നൽകാനാകും.
ടെക്കി എന്ന ഔദ്യോഗിക പേരിൽ നിന്നും മുഴുവൻ സമയ സാഹിത്യ പ്രവർത്തകൻ എന്ന വിശേഷണത്തിലേക്ക് അധിക ദൂരമില്ല എന്ന് പറഞ്ഞാൽ?
നേരത്തേ പറഞ്ഞതു പോലെ ഒന്ന് തലച്ചോറ് കൊണ്ടും മറ്റേതു ഹൃദയം കൊണ്ടും ചെയ്യുന്ന ജോലികൾ ആണ്. ഇവർ രണ്ടു പേരും നമുക്കു വേണ്ടപ്പെട്ട ആൾക്കാരാണല്ലോ. ഞാൻ ജോലി ചെയ്യുന്ന യു എസ് ടി എന്ന സ്ഥാപനം എനിക്ക് എഴുത്തിൽ ഒരുപാട് പ്രോത്സാഹനവും നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ഇടതും വലത്തുമായി രണ്ടു പേരെയും ഇങ്ങിനെ കൂടെ ചേർത്ത് പിടിച്ചിരിക്കുന്നു. പിന്നെ, നാളെ ജീവിതം എങ്ങിനെ ആകും എന്ന് പ്ലാൻ ചെയ്യാറില്ല. എന്തായാലും ചെയ്യുന്ന കാര്യങ്ങൾ പൂർണമായി ആസ്വദിച്ചു തന്നെ ചെയ്യും.
ബെസ്റ്റ് സെല്ലിങ് ഓതർ, സ്റ്റാൻഡ് അപ് കൊമേഡിയൻ എന്നൊക്കെ താങ്കളുടെ ബയോഡേറ്റയിൽ ഉള്ളതാണ്. ഒരു ഐടി പ്രഫഷനൽ എന്ന സ്ഥാനത്തുനിന്ന് മാറി ഇത്തരം ആർട്ടിസ്റ്റിക്കായ കാര്യങ്ങൾ ചെയ്യാൻ എവിടെ നിന്നാണ് ഊർജ്ജം കണ്ടെത്തുന്നത്?
സത്യത്തിൽ ഇതെല്ലാം കൂടി ഒരു അവിയൽ പരുവമാണ് ഞാൻ എന്ന വ്യക്തി എന്ന് തോന്നാറുണ്ട്. ഐടി ജോലി എനിക്ക് വലിയ ഒരു അനുഭവം തന്നെയാണ്. ആത്മവിശ്വാസത്തോടെ വലിയ സ്വപ്‌നങ്ങൾ കാണാനും അതേസമയം മണ്ണിൽ ഉറച്ചു നിൽക്കാനും എന്നെ പഠിപ്പിച്ചത് ഈ ജോലി തന്നെയാണ്.
അതുപോലെ എഴുത്ത്, കഥ പറച്ചിൽ ഇതൊക്കെ വളരെ രസിച്ചു ചെയ്യുന്ന കാര്യങ്ങൾ ആണ്. ജോലി ഉള്ളതു കൊണ്ട് സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാതെ തന്നെ എനിക്കിഷ്ടമുള്ള കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നുണ്ട്. അത് തരുന്ന ഊർജം ചില്ലറയല്ല. കുറെ ജോലി ചെയ്‌തു ക്ഷീണിക്കുമ്പോൾ ഇനിയും ഉഷാറായി മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിക്കുന്ന ഇന്ധനം കൂടി ആണ് ഇങ്ങനെ ഉള്ള പരിപാടികൾ. ഇതൊക്കെ ഉള്ളത് കൊണ്ട് ഊർജം പോകുന്നു എന്നല്ല ഇതൊക്കെയാണ് ഊർജം തരുന്ന സ്രോതസ്സുകൾ.
ഇംഗ്ലിഷിൽ ചെറുകഥ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്, മലയാളം ഫിക്‌ഷൻ എഴുതാൻ എന്നെങ്കിലും സാധ്യത തോന്നുന്നുണ്ടോ?
തീർച്ചയായും. മലയാളം എഴുതാറുണ്ട്. ചെറുകഥകൾ മലയാളത്തിലും എഴുതി നോക്കാറുണ്ട്. ഏറ്റവും ഇഷ്‌ടം നർമം കലർന്ന എഴുത്തുകളാണ്. ടിവി ഷോകൾക്കും ഷോർട് ഫിലിമുകൾക്കും, യൂട്യൂബ് വിഡിയോകൾക്കും സ്ക്രിപ്റ്റ് എഴുതാറുണ്ട്. ഈയിടെ സുശാന്ത് സിങ് രാജ്‌പുതിനെക്കുറിച്ച് ഒരു യൂട്യൂബ് വിഡിയോയുടെ സ്ക്രിപ്റ്റ് ചെയ്തിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായിക രഞ്ജിനി ജോസ് ശബ്‌ദം കൊടുത്ത ഈ വിഡിയോ സംവിധാനം ചെയ്‌തത് ഒരു യെമണ്ടൻ പ്രേമകഥയുടെ സംവിധായകനായ ബി.സി. നൗഫൽ ആണ്.
"Who said all techies have something to do with technology? Welcome to the world of Indian techies. Here you will find two different techie species: The “916 techies” who are the real deal – the hardcore techies, who eat, sleep and breathe technology – and on the other side the “1-gram techie” – the ones who are in the world of IT just to earn a living. Theirs is a special case of being “talk-nologists” instead of “technologists.”
This is the story of a 1-gram techie."
താങ്കളുടെ പുസ്തകത്തിന്റെ ആമുഖത്തിലുള്ളതാണിത്. ടെക്കികളുടെ ജീവിതം ശരിക്കും ഇങ്ങനെയൊക്കെ തന്നെയാണോ? റിയലിസ്റ്റിക് ആൻഡ് കോമഡി എന്നതാണ് പുസ്തകത്തിന്റെ വിഭാഗം. എന്താണ് ദ് റിയലിസ്റ്റിക് വേൾഡ് ഓഫ് ടെക്കീസ്?
വലിയ ശമ്പളം വാങ്ങുന്ന, ഇംഗ്ലിഷ് മാത്രം പറയുന്ന, സാമൂഹികാവബോധമില്ലാത്ത ഒരു സമൂഹം അല്ല ടെക്കികൾ. സിനിമയിലും മറ്റും ടൈപ്പ്‌കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ ഇതൊക്കെ പൊതുവേ ഉള്ള തെറ്റിദ്ധാരണകൾ ആണ്. റിയലിസ്റ്റിക് ആയി പറഞ്ഞാൽ കംപ്യൂട്ടറിന്റെ മുമ്പിൽ തപസിരുന്ന് രാജ്യാന്തര കമ്പനികൾക്കായി പ്രോജക്ടുകൾ ചെയ്യുമ്പോഴും ഏതൊരു സാധാരണക്കാരനെയും പോലെ ലോണും തിരിച്ചടവുകളും പ്രാരാബ്‌ധങ്ങളും ഒക്കെയായി ഞാണിന്മേൽ കളിക്കുന്ന ആളുകൾ തന്നെ ആണ് ടെക്കികളും. കലയെയും അക്ഷരങ്ങളെയും ഒക്കെ സ്നേഹിക്കുന്ന ഒരു പാട് സഹൃദയർ ഈ സമൂഹത്തിലുമുണ്ട്. ‘പ്രതിധ്വനി’ എന്ന ടെക്കികളുടെ സംഘടന കേരളത്തിലുള്ള ടെക്കികൾക്കായി എല്ലാ വർഷവും നടത്താറുള്ള കലാ സാഹിത്യ മത്സരങ്ങളിലെ പങ്കാളിത്തവും നിലവാരവും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. സ്വന്തം ഭാവനയും ടെക്നോളജിയും സമന്വയിപ്പിച്ച് സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന ഒരുപാട് മിടുക്കന്മാരെയും മിടുക്കികളെയും ഇവിടെ കാണാം.
വിദേശത്തൊക്കെ ശരിക്കും ടെക്നോളജി ഇഷ്ടമുള്ളവരാണ് ഈ മേഖല തിരഞ്ഞെടുക്കുന്നത്. നമ്മുടെ നാട്ടിൽ സ്വന്തം ഇഷ്ടത്തിന് കരിയർ തിരഞ്ഞെടുക്കുക എന്ന കാര്യം കുറച്ചു ബുദ്ധിമുട്ടായതിനാൽ ഒരു ജോലിക്കു വേണ്ടി മാത്രം ഈ മേഖലയിൽ വന്നു കയറുന്നവർ കുറെയുണ്ട്.
അതുകൊണ്ടുതന്നെ, ശരിക്കും ടെക്കി, തട്ടിക്കൂട്ട് ടെക്കി എന്നിങ്ങനെ വേർതിരിക്കാവുന്ന രണ്ടു തരം ടെക്കികളെയും ഇവിടെ കാണാം. എന്റെ പുസ്തകത്തിൽ പറയുന്നതു പോലെ 916 ടെക്കികളും 1 ഗ്രാം ടെക്കികളും. ഇതിൽ ശെരിക്കും ടെക്കികൾ സ്ഥിരമായി ഈ മേഖലയിൽ തന്നെ നിൽക്കുകയും മറ്റേ കൂട്ടർ സിനിമ, ബിസിനസ്, അങ്ങിനെ മറ്റു പല മേഖലകളും തേടി പോകുന്ന കാഴ്ചകളും കാണാം.
പുതിയ പുസ്തകത്തെക്കുറിച്ച്.
ഒരു ഇംഗ്ലിഷ് നോവൽ പുരോഗമിക്കുന്നുണ്ട്. ആദ്യമായാണ് നോവൽ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പതുക്കെ ആണ് മുന്നോട്ടു പോകുന്നത്. പിന്നെ സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന പുസ്തകം ഇംഗ്ലിഷിലേക്കു തർജമ ചെയ്തിരുന്നു. അത് ജനുവരിയിൽ ഇറങ്ങുമെന്ന് കരുതുന്നു.
English Summary: Talk with Nipun Varma, Author of Adventures of an Indian Techie