ഇയാൻ ഫ്ലെമിങ് എന്ന കള്ളക്കാമുകൻ, ജയിംസ് ബോണ്ട് സൃഷ്ടാവിന്റെ ജീവിതം പറഞ്ഞ് നിക്കോളാസ് ഷെക്സ്പിയർ
Mail This Article
‘മൈ നെയിം ഈസ് ബോണ്ട്, ജയിംസ് ബോണ്ട്’ സാഹസികതയും സൗന്ദര്യവും ഇഷ്‌ടപ്പെടുന്നവരുടെ വീരനായകൻ ജയിംസ് ബോണ്ടിന് ഇപ്പോഴുമുണ്ട് ഏറെ ആരാധകർ. ജയിംസ് ബോണ്ടിന്റെ സൃഷ്ടാവ് ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതം അധികം ആഘോഷിക്കപ്പെട്ടിട്ടില്ല. മാധ്യമപ്രവർത്തകൻ, സ്റ്റോക്ക് ബ്രോക്കർ, ത്രില്ലർ എഴുത്തുകാരൻ, ഒപ്പം കള്ളക്കാമുകൻ... ജീവിതത്തിനൊപ്പം ഇങ്ങനെ പലതും ചേർത്തു വച്ചിട്ടുണ്ട് ഇയാൻ ഫ്ലെമിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ.
1908ൽ ജനിച്ച് 1964ൽ മരിച്ച 56 വയസുള്ളപ്പോൾ വിടപറഞ്ഞ ഇയാൻ ലാൻകാസ്റ്റർ ഫ്ലെമിങിന്റെ ജീവിതത്തെക്കുറിച്ചു നിക്കോളാസ് ഷെക്സ്പിയർ എഴുതിയ ‘ഇയാൻ ഫ്ലെമിങ്: ദി കംപ്ലീറ്റ് മാൻ’ എന്ന പുസ്തകം– ജീവചരിത്രം കഴിഞ്ഞ വർഷമാണു പുറത്തെത്തിയത്. മുൻപും ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതം പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം മരിച്ചു അൻപതിലേറെ വർഷങ്ങൾക്കു ശേഷം നിക്കോളാസ് എന്തിനാണ് ഇത്തരമൊരു പുസ്തകം എഴുതിയത്?
ജനുവരിയിൽ നടന്ന ജയ്പൂർ ലിസ്റ്ററി ഫെസ്റ്റിൽ(ജെഎൽഎഫ്) പങ്കെടുക്കാനെത്തിയപ്പോഴാണു നിക്കോളാസിനോട് ഇക്കാര്യങ്ങൾ ചോദിച്ചത്. ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതത്തിലെ ഒട്ടേറെക്കാര്യങ്ങൾ പുറംലോകം അറിയാൻ ബാക്കിയുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. പുസ്തകം മറിച്ചപ്പോൾ അക്കാര്യം വ്യക്തമാകുകയും ചെയ്തു. ഇയാൻ ഫ്ലെമിങ്ങിന്റെ സ്കോട്ടിങ് വംശജനായ മുത്തച്ഛൻ എങ്ങനെയാണു ധനികനായതെന്നും അദ്ദേഹം ഫ്ലെമിങ്ങിനെയും സഹോദരനെയും തന്റെ വിൽപത്രത്തിൽ നിന്നു പുറത്താക്കിയതുമെല്ലാം പുസ്തകത്തിൽ കാണാം. പ്രശ്നങ്ങൾ നിറഞ്ഞ കുട്ടിക്കാലം, ഒന്നാം ലോകമഹായുദ്ധകാലത്തു പിതാവിനെ നഷ്ടമായത്, സ്വിറ്റ്സർലൻഡിലെ കുടുംബ സുഹൃത്ത് വിദ്യാഭ്യാസം ഏറ്റെടുത്തത് ഇതെല്ലാം പുസ്തകത്തിൽ വായിക്കാം.
നോവലിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ നിക്കോളാസിന്റെ ഇയാൻ ഫ്ലെമിങ് ജീവചരിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജെഎൽഎഫിന്റെ ഇടവേളയിൽ നിക്കോളാസ് ഷെക്സ്പിയറിനോട് സംസാരിച്ചതിൽ നിന്ന്.
∙ ആൻഡ്രൂ ലൈസെറ്റിന്റെ ‘ദി മാൻ ബിഹൈൻഡ് ജയിംസ് ബോണ്ട്’ ഉൾപ്പെടെ പല പുസ്തകങ്ങളും ഇയാൻ ഫ്ലെമിങ്ങിനെക്കുറിച്ചു വന്നിട്ടുണ്ട്. എന്താണു പുതിയ പുസ്തകത്തിന്റെ പ്രചോദനം?
അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ നിന്ന് ബന്ധപ്പെട്ട് ജീവചരിത്രം എഴുതാൻ സാധിക്കുന്ന കാര്യം തിരക്കിയിരുന്നു. ആദ്യം അത്ര താൽപര്യപ്പെട്ടില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ പുറത്തുവന്നതായിരുന്നു കാരണം. അദ്ദേഹത്തിന്റെ പ്രൈവറ്റ് രേഖകൾ മുഴുവൻ പരിശോധിക്കാൻ അനുവദിക്കാമെന്ന ഉറപ്പിലാണ് ചർച്ചകൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ, പേപ്പറുകൾ എന്നിവയെല്ലാം വായിച്ചതോടെയാണു പുസ്തകം എഴുതാൻ തീരുമാനിച്ചത്. പുറത്ത് അറിയാത്ത പല കഥകളുമുണ്ട്.അതെല്ലാം രേഖപ്പെടുത്തണമെന്നു തോന്നി. ഏറെ ശ്രമകരമായിരുന്നു ജോലി. അഞ്ചു വർഷത്തോളം പുസ്തകത്തിനു വേണ്ടി ചിലവഴിച്ചു. ഒട്ടേറെപ്പേരെ അഭിമുഖം ചെയ്തു. ഒടുവിലാണു പുസ്തകം പൂർത്തിയാക്കിയത്.
∙ ഇയാൻ ഫ്ലെമിങ് എന്ന വ്യക്തിയെ മുൻപ് പരിചയം എങ്ങനെയാണ്?
ഹോളിവുഡ് സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാവരെയും പോലെ ജയിംസ് ബോണ്ട് സിനിമകളിലൂടെയാണ് ആ പരിചയം ആരംഭിക്കുന്നത്. സിനിമയ്ക്കു കേന്ദ്രമാകുന്ന പുസ്തകങ്ങൾ പിന്നീടാണു വായിക്കുന്നത്. പുസ്തകം വായിച്ചപ്പോഴാണ് ഇയാൻ ഫ്ലെമിങ് എന്ന എഴുത്തുകാരന്റെ മികവു മനസിലാകുന്നത്. അതിവേഗം നീങ്ങുന്ന മനോഹരമായി എഴുതിയിരിക്കുന്ന പുസ്തകങ്ങൾ ഓരോന്നും 8 ആഴ്ച കൊണ്ട് തീർത്തുവെന്നാണ് ഇയാൻ ഫ്ലെമിങ് പറയുന്നത്.
∙ താങ്കൾ ഒരു നോവലിസ്റ്റുമാണ്. ജീവചരിത്രങ്ങൾ എഴുതുമ്പോൾ ഇതു സ്വാധീനിക്കാറുണ്ടോ?
കഥ പറയുക എന്നത് എനിക്കിഷ്ടമാണ്. അതു നോവലായാലും ജീവചരിത്രമായാലും കഥയാണു ഞാൻ പറയുന്നത്. അത് വായനക്കാർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പറയാനാണു ഞാൻ ശ്രമിക്കുന്നത്. അടിസ്ഥാനപരമായി ഞാൻ ഒരു നോവൽ ആരാധകനാണ്. പക്ഷേ, ചരിത്രത്തോടും ജീവചരിത്രങ്ങളോടും അത്രത്തോളം തന്നെയിഷ്ടമുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച പരിശീലനമാണ് എഴുത്തിൽ എന്റെ കരുത്തെന്നു തോന്നാറുണ്ട്. ചെറിയ വാചകങ്ങളിൽ, എന്നാൽ എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ എല്ലാം എഴുതാനാണു ഞാൻ ശ്രമിക്കുന്നത്.
∙ പുതിയകാലത്ത് എഴുത്തുരീതികളിൽ മാറ്റമുണ്ടാകുന്നുണ്ടോ?
എഴുത്തിന്റെയും എഡിറ്റിങ്ങിന്റെയും രീതികളെല്ലാം പാടെ മാറുന്നുണ്ട്. പക്ഷേ ഞാൻ എഴുത്തിൽ ഒരു പഴയ മനുഷ്യനാണ്. എന്റെ കുഞ്ഞു ഡയറിയിൽ നോട്ടുകൾ കുറിച്ചെടുത്ത് അത് എഴുതുന്നതാണു രീതി. അഭിമുഖങ്ങളൊന്നും ഞാൻ റെക്കോർഡ് ചെയ്യാറില്ല. എന്റെ ഓർമ കുറച്ചുകൂടി ഷാർപ്പാണെന്നും പറയാം സാങ്കേതിക വിദ്യകളിൽ മാറ്റമുണ്ടാകുന്നതു പലരുടെയും എഴുത്തുരീതികളെ സ്വാധീനിക്കുന്നതായി പറയാറുണ്ട്. പക്ഷേ, ഞാൻ അതിലെല്ലാം ഒരു പഴഞ്ചനാണ്.