‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ; അതൊരായുധമാണ്’
Mail This Article
‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ; അതൊരായുധമാണ്’ എന്നു പറഞ്ഞത് ബ്രെഹ്താണ്. വായനയാണ് ജീവിതം, വായനയാണ് ലോകം; അതു തിരിച്ചറിഞ്ഞവരാണ് കോഴിക്കോട്ടുകാർ.
എൽ.കെ.അദ്വാനി എഴുപതുകളിൽ ജനസംഘത്തിന്റെ നേതാവായിരിക്കെ കോഴിക്കോട്ടെത്തിയ അനുഭവം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങി ഒരു സൈക്കിൾ റിക്ഷയിൽ കയറി, ചാലപ്പുറത്തേക്ക് പോവണമെന്നു പറഞ്ഞു. റിക്ഷക്കാരൻ വായിച്ചുകൊണ്ടിരുന്ന പത്രത്തിൽനിന്ന് ഒന്നു തലയുയർത്തി അദ്വാനിയോട് പറഞ്ഞു: ‘അൽപം കാത്തുനിൽക്കൂ, ഇതൊന്നു വായിച്ചുതീരട്ടെ’. സാധാരണക്കാരൻ പോലും വായനയെ സ്നേഹിക്കുന്ന മറ്റൊരു നഗരം ഇന്ത്യയിലില്ലെന്നാണ് അദ്വാനി പറഞ്ഞത്.
പഴയ തിരുവിതാംകൂറിൽ ഗ്രന്ഥശാലാ സംഘത്തിലൂടെ വായനയ്ക്ക് പുതുഊർജം പകർന്നു നൽകിയത് പി.എൻ. പണിക്കരാണ്. എന്നാൽ അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന നമ്മുടെ നാട്ടിൽ വായനയാണ് ഇന്ത്യൻ ദേശീയതയുടെ തീ ആളിക്കത്തിച്ചത്. ഓരോ പുസ്തകവും സ്വാതന്ത്ര്യസമരത്തിന്റെ ചൂടേറ്റാനുള്ള വിറകായിമാറിയ കാലം.
ഇന്നാട്ടിലെ ഓരോ ഗ്രാമത്തിലും പുതുപുതു വായനശാലകൾ പിറവിയെടുത്തു. അറിവിന്റെ അഗ്നി ചിന്തയ്ക്കു വഴികാട്ടട്ടെ എന്ന ആശയവുമായാണ് പഴമക്കാർ ഓരോ വായനശാലയ്ക്കും പേരിട്ടതുപോലും. അങ്ങനെ സൻമാർഗദർശിനിയും ദേശപോഷിണിയുമൊക്കെ പിറന്നുവീണു.
ജില്ലാ ലൈബ്രറി കൗൺസിലിനു കീഴിൽ 546 ലൈബ്രറികളാണ് ഇപ്പോഴുള്ളത്. ഇവയിൽ ഒട്ടുമിക്ക ലൈബ്രറികളിലും 100 മുതൽ 3000 വരെ അംഗങ്ങളുണ്ട്. ഓരോ ലൈബ്രറിയിലും 600 സജീവ അംഗങ്ങളെങ്കിലുമുണ്ട്. റഫറൻസ് ലൈബ്രറികൾ, ഗ്രാമീണതലത്തിലുള്ള അനേകം വായനശാലകൾ, സ്വകാര്യ ലൈബ്രറികൾ തുടങ്ങി നൂറിലധികം ലൈബ്രറികൾ വേറെയുമുണ്ട്.
ഗാന്ധിറോഡ് സൻമാർഗദർശിനി, കുതിരവട്ടം ദേശപോഷിണി, കണ്ണാടിക്കൽ നേതാജി, ഗോവിന്ദപുരം പബ്ലിക് ലൈബ്രറി, മലാപ്പറമ്പ് ദേശോദ്ധാരിണി, പുതിയറ സെൻഗുപ്ത ലൈബ്രറി, മാനാഞ്ചിറ സ്റ്റേറ്റ് ലൈബ്രറി (പഴയ സെൻട്രൽ ലൈബ്രറി), പന്നിയങ്കര പബ്ലിക് ലൈബ്രറി, ചാവറ ലൈബ്രറി, കോവൂർ വായനശാല, എലത്തൂർ പബ്ലിക് ലൈബ്രറി, എരഞ്ഞിപ്പാലം വാഗ്ഭടാനനന്ദ ലൈബ്രറി, കാരപ്പറമ്പ് ജ്ഞാനകൗമുദി തുടങ്ങി എത്രയെത്ര വായനശാലകൾ.
നാലു ചുമരിനുള്ളിലെ മരയലമാരകളിൽ എത്രയെത്ര പുസ്തകങ്ങളാണ് നിരന്നിരിക്കുന്നത്. അവയിലെ അനേകായിരം അക്ഷരങ്ങളിലൂടെ എത്രയെത്ര തലമുറകളാണ് കടന്നുപോയത്. വായന മരിച്ചു എന്നു പറയുന്നവർക്കു തെറ്റി. വായിക്കാതെ ജീവിക്കാനാവില്ല എന്ന് തിരിച്ചറിയുകയാണ് ഈ തലമുറ.
ക്രൂരതകളുടെ ലോകത്ത് മനുഷ്യനെ മനുഷ്യനാക്കാനും അറിവിലൂടെ പുതുവഴി തെളിക്കാനും വായനയ്ക്കേ കഴിയൂ. പ്രിയപ്പെട്ട വായനക്കാർക്ക് വായനാദിനാശംസകൾ.
ചർച്ചകൾക്ക് ഒരിടം
50 വർഷം മുൻപ് പി.എൻ പണിക്കർ സന്ദർശിച്ചതിന്റെ ഓർമ പുതുക്കുകയാണ് കുണ്ടൂപ്പറമ്പ് യൂണിയൻ വായനശാല. 1969ലാണ് പി.എൻ. പണിക്കർ യൂണിയൻ വായനശാലയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാൻ കുണ്ടൂപ്പറമ്പിൽ വന്നത്. പണിപൂർത്തിയായ കെട്ടിടം 1973ൽ ഉദ്ഘാടനം ചെയ്തു.
കുണ്ടൂപ്പറമ്പിലെ പാറപ്പുറത്ത് വൈകുന്നേരങ്ങളിൽ വന്നിരുന്ന് ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. ഗാന്ധിജിയെ ബ്രിട്ടീഷുകാർ മർദ്ദിച്ചതുകേട്ട് ചോരതിളച്ച യുവാക്കൾ. അവർ 1931ലാണ് തങ്ങളുടെ നാട്ടിൽ ഒരു ലൈബ്രറി തുടങ്ങാൻ തീരുമാനിച്ചതെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് എം.സി. സുദേഷ്കുമാർ പറഞ്ഞു.
പുതുപ്പറമ്പത്ത് അപ്പുറൈറ്ററായിരുന്നു ആദ്യ പ്രസിഡന്റ്. പി. കേളൻമാസ്റ്ററായിരുന്നു സെക്രട്ടറി.
നിലവിൽ 15000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ലൈബ്രറിയോടു ചേർന്ന് നഴ്സറി സ്കൂൾ, പ്ലേസ്കൂൾ, ചിത്രരചന ക്ലാസ്, സംഗീതക്ലാസ് തുടങ്ങിയവയും നടക്കുന്നു
പുസ്തകം പോലെ ഒരു ഓർമ
1934 ജനുവരി 11ന് വൈകിട്ട് 5.40. കടപ്പുറത്തെ പ്രസംഗവേദിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് ഗാന്ധിജി വഴിയരികിലെ വായനശാലയിൽ തന്നെക്കാത്തുനിൽക്കുന്ന വൻജനക്കൂട്ടത്തെ കണ്ടത്. അവിടെയിറങ്ങി വായനശാലയിലെത്തി. അകത്തെ മേശപ്പുറത്തുകയറിയിരുന്ന് പ്രവർത്തകരോട് ആവേശപൂർവം പ്രസംഗിച്ചു. വായനശാലാ പ്രവർത്തകർ 101 രൂപയടങ്ങിയ പണക്കിഴി സമരത്തിനുശക്തിപകരാൻ ഗാന്ധിജിക്കു സമ്മാനിച്ചു.
ഓർമകളിൽ തിളങ്ങിനിൽക്കുന്ന ആ അധ്യായമാണ് കോഴിക്കോട് ഗാന്ധിറോഡിലെ സൻമാർഗദർശിനി വായനശാല പങ്കുവയ്ക്കുന്നത്. കോഴിക്കോട്ടെ ആദ്യവായനശാലകളിൽ ഒന്നാണ് സൻമാർഗദർശിനി.
1929 ജനുവരി ആറിനു ചക്യാട്ട് ഗോപാലന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സൻമാർഗ ദർശിനി വായനശാല രൂപം കൊണ്ടത്. ആ യോഗത്തിൽ വാഗ്ഭടാനന്ദ ഗുരുദേവനാണ് വായനശാല ഉദ്ഘാടനം ചെയ്തത്. ആദ്യ പ്രസിഡന്റ് നല്ലാടത്ത് ചോയിക്കുട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ജയിലിലായി.
സ്വാതന്ത്ര്യ സമരത്തിൽ കോഴിക്കോട്ടെ ആദ്യരക്തസാക്ഷി സൻമാർഗദർശിനി വായനശാലാ പ്രവർത്തകൻ പി. കെ. പണിക്കരാണ്.
നാടിന്റെ അഭിമാനം
ദേശോദ്ധാരിണി എന്നാൽ ഒരു ലൈബ്രറിയാണ്, ഒരു സ്ഥലനാമവുമാണ്. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാല നാടിന്റെ അറിവും അടയാളവുമായത് ഇങ്ങനെയാണ്. 1947ലാണ് ദേശോദ്ധാരിണി വായനശാലയ്ക്ക് തുടക്കമിട്ടത്. ചരിത്രത്തിനൊപ്പം നടന്ന ഈ കെട്ടിടം എത്രകാലം നിൽക്കുമെന്ന ആശങ്കയാണ് ഇപ്പോൾ നാട്ടുകാരെ അലട്ടുന്നത്. വെള്ളിമാടുകുന്ന്–മാനാഞ്ചിറ റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഈ കെട്ടിടം പൊളിച്ചുനീക്കും. ലൈബ്രറി മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
ഹൈടെക് ലൈബ്രറി
കലയും കാലവും കടന്നുവന്ന പടവുകളാണ് കുതിരവട്ടം ദേശപോഷിണി വായനശാലയുടേത്. കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്കരനും കുതിരവട്ടം പപ്പുവും വാസുപ്രദീപുമടക്കമുള്ള കലാകാരൻമാർ ദേശപോഷിണിയുടെ നാടകവേദികളിൽനിന്ന് വളർന്നു വന്നവരാണ്. പക്ഷേ ഈ ഡിജിറ്റൽ കാലത്ത് ദേശപോഷിണിയുടെ മഹത്വം മറ്റൊന്നാണ്. ജില്ലയിൽ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ലൈബ്രറിയാണ് ദേശപോഷിണി.
1937ൽ 438 പുസ്തകങ്ങളുമായാണ് ദേശപോഷിണി തുടങ്ങിയത്. എന്നാൽ ഇന്ന് 2 കെട്ടിടങ്ങളിലായി പരന്നു കിടക്കുന്ന 49000 പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിലുള്ളത്. 2 ലക്ഷം ഡിജിറ്റൽ പുസ്തകങ്ങളുടെ ശേഖരമുണ്ട്.
2005ലാണ് ലൈബ്രറി പൂർണമായും ഡിജിറ്റലൈസ് ചെയ്തത്. കിൻഡിൽ ഇ–വായനക്കാർക്കായി അംഗത്വവും ഇ–പുസ്തകങ്ങളുമുള്ള മറ്റേതെങ്കിലും ലൈബ്രറി സംസ്ഥാനത്തുണ്ടോ എന്നത് സംശയമാണ്. ലൈബ്രറിയിൽ 5 കിൻഡിലുകളും സജ്ജീകരിച്ചിട്ടുണ്ട്.
കേരളം പിറക്കുന്നതിനു മുൻപ് ഐക്യകേരളം
ഐക്യകേരളം പിറന്നത് 1957ലാണ്. എന്നാൽ കോഴിക്കോട്ട് ഐക്യകേരളമെന്ന പേരിൽ ലൈബ്രറി തുറന്നത് 1934 സെപ്റ്റംബർ 16നാണ്. തിരുവിതാംകൂറും കൊച്ചിയും മലബാറും തുന്നിച്ചേർത്ത് ഐക്യകേരളം രൂപപ്പെടുമെന്ന് ആർക്കും ഉറപ്പില്ലാത്ത ആ കാലത്ത് ലൈബ്രറിക്ക് ഐക്യകേരളമെന്നു പേരിട്ടതിൽ ഒരു ദീർഘവീക്ഷണമില്ലേ? ആഴമുള്ള വായനയിലൂടെ പഴമക്കാർ നേടിയ കരുത്താണ് ഒരുപക്ഷേ കേരളത്തിലേക്കുള്ള വഴി തെളിച്ചത്.
ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ സജീവമായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് ചക്കോരത്തുകുളം ഐക്യകേരള ലൈബ്രറി രൂപീകരിച്ചത്. അരങ്ങിൽ ദാമോദരൻ പ്രസിഡന്റും മേയന ദാമോദരൻ സെക്രട്ടറിയുമായാണ് 20 അംഗ കമ്മിറ്റി രൂപീകരിച്ചത്. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അരങ്ങിൽ ദാമോദരൻ ഏറെക്കാലം ജയിലിലായി. ഇന്ന് 1800 അംഗങ്ങളുണ്ട് ലൈബ്രറിക്ക്. 20000 പുസ്തകങ്ങളുണ്ട്. വീടുകളിലേക്ക് പുസ്തകമെത്തിക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയുമുണ്ട്. നഴ്സറി ക്ലാസ്, പരീക്ഷപരിശീലനക്ലാസ്, മുതിർന്ന പൗരൻമാരുടെ വേദി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇപ്പോഴുള്ളതെന്ന് സെക്രട്ടറി എൻ. മുരളീധരൻ പറഞ്ഞു. സാഹിത്യ അക്കാദമി പുരസ്കാര ജേതാവും നോവലിസ്റ്റുമായ യു.കെ. കുമാരനാണ് ഇപ്പോൾ വായനശാലയുടെ പ്രസിഡന്റ്.