ഇന്ദുലേഖ ആദ്യപതിപ്പ് പ്രകാശനം ചെയ്തു
Mail This Article
മനോരമ ബുക്സ് പുനർമുദ്രണം ചെയ്ത ഇന്ദുലേഖ ഒന്നാം പതിപ്പ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. 130 വർഷങ്ങൾക്കു ശേഷം വീണ്ടും അച്ചടിച്ച പതിപ്പിന്റെ ആദ്യ പ്രതികൾ, ഡോ. ഖദീജ മുംതാസും ഡോ. എം.എം. ബഷീറും ഏറ്റുവാങ്ങി.
സാഹിത്യപഠിതാക്കൾക്കു മാത്രമല്ല അച്ചടിയുടെ ചരിത്രം പരിശോധിക്കുന്നവർക്കും ഈ പുനർമുദ്രണം പ്രയോജനകരമാകുമെന്ന് എംടി അഭിപ്രായപ്പെട്ടു. ചന്തുമേനോന്റെ ജീവചരിത്രം വായിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മേധാശക്തി വെളിപ്പെടുക. ബഞ്ചമിൻ ഡിസ്റേലിയുടെ ഹെൻറിറ്റ ടെംപിളിനെയല്ല ചന്തുമേനോൻ മാതൃകയാക്കിയിരുന്നതെങ്കിൽ ഇന്ദുലേഖയുടെ രചനാരീതി മറ്റൊന്നാകുമായിരുന്നു.
ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അന്നു സമൂഹത്തിലുണ്ടായിരുന്ന സംബന്ധ വിവാഹത്തെക്കുറിച്ചുള്ള സാമൂഹിക വിമർശനവും നോവലിന്റെ രചനാ ലക്ഷ്യങ്ങളായിരുന്നു എന്ന് എംടി പറഞ്ഞു.
മലയാളസാഹിത്യത്തിന്റെ തുടർച്ചയിലെ വലിയൊരു കാലഘട്ടം തന്നെ നമുക്ക് ഇപ്പോഴും അജ്‍ഞാതമായിരിക്കെ ഇത്തരം പുനർമുദ്രണ ശ്രമങ്ങൾ പ്രധാനമാണെന്നു ഡോ. എം.എം.ബഷീർ പറഞ്ഞു.
നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഒന്നാം പതിപ്പിന്റെ ഏക കോപ്പി ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽ ഉള്ളത് അതേ രൂപത്തിൽ പുനർമുദ്രണം ചെയ്യുകയായിരുന്നു മനോരമ.
ഇന്ദുലേഖയുടെ രണ്ടാം പതിപ്പ് തന്റെ ശേഖരത്തിലുള്ളതു ചടങ്ങിൽ എംടി പുറത്തെടുത്തതും കൗതുകമായി.
മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് സംബന്ധിച്ചു.
ഇന്ദുലേഖ വാങ്ങുവാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക