കോവിഡ് 19: മലയാളി ഡോക്ടറുടെ പുസ്തകം ലോകശ്രദ്ധയിൽ
Mail This Article
കൊച്ചി ∙ കൊറോണ ചികിത്സയെക്കുറിച്ചു മലയാളി ഡോക്ടർ എഴുതിയ പുസ്തകം ലോക വ്യാപകമായി കൊറോണ ചികിത്സയ്ക്കുള്ള റഫറൻസ് രേഖയായി സ്വീകാര്യത നേടി. ഒരു മാസം കൊണ്ടു പുസ്തകം 12 വിദേശ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
മാർച്ച് ആദ്യവാരമായിരുന്നു പുസ്തക രചന. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച സമയം. ചൈനീസ് മെഡിക്കൽ കൗൺസിലും ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ മാത്രമായിരുന്നു അപ്പോൾ ചികിത്സയ്ക്ക് ആശ്രയം.
പല രാജ്യങ്ങളിലും അപ്പോൾ കോവിഡ് ചികിത്സയെക്കുറിച്ചു മാർഗരേഖ പോലും പുറത്തിറക്കിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ സമാഹരിച്ചു പുസ്തക രൂപത്തിലാക്കാൻ ശ്രമിച്ചതെന്നു അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസോഷ്യേറ്റ് പ്രഫസറും ഇന്റർവെൻഷനൽ പൾമണോളജിസ്റ്റുമായ ഡോ. ടിങ്കു ജോസഫ് പറഞ്ഞു.
ഇന്ത്യക്കു പുറമേ അമേരിക്ക, ചൈന, ഇറ്റലി, യുകെ., യുഎഇ, കൊളംബിയ, ഇൗജിപ്റ്റ്, സിംഗപ്പൂർ, മലേഷ്യ, അയർലൻഡ്, സുഡാൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 24 റെസ്പ്പിറേറ്ററി ഫിസിഷ്യൻമാരുടെ വിദഗ്ധോപദേശം സമാഹരിച്ചാണു പുസ്തകം തയാറാക്കിയത്.
മാർച്ച് 14 നു പുസ്തകത്തിന്റെ ഇ പതിപ്പു ലോകവ്യാപകമായി ലഭ്യമാക്കി. കൊറോണ ചികിത്സയെക്കുറിച്ചു ഡോക്ടർമാർ പോലും ആശയക്കുഴപ്പത്തിലായിരുന്ന നാളുകളായിരുന്നു അതെന്നു ഡോ. ടിങ്കു പറഞ്ഞു. ചികിത്സാ രീതികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള മുൻകരുതലുകൾ തുടങ്ങിയ വയാണു പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്.
പകർപ്പവകാശ നിയമപ്രകാരമുള്ള ഫീസ് വേണ്ടെന്നു വച്ചാണു പുസ്തകം മറ്റു ഭാഷകളിലേക്കു പരിഭാഷ പ്പെടുത്താൻ അനുമതി നൽകിയത്. കോവിഡ് രോഗത്തിന്റെ പുതിയ വിവരങ്ങളും ചികിത്സാ രീതികളും ഉൾപ്പെടുത്തി പുസ്തകത്തിന്റെ അടുത്ത പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണു ഡോ. ടിങ്കു. ലോക് ഡൗൺ മൂലം പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പ് ഇറക്കാൻ കഴിഞ്ഞിട്ടില്ല.
English Summary : Dr. Tinku Joseph Writes Books About Covid 19