ADVERTISEMENT

തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലെ കർഷകഗ്രാമങ്ങളിൽ പ്രായമായവരെ കൊന്നുകളയാറുണ്ട്. പാടത്തു പണിക്കു പോവുന്ന ഭാര്യയ്‌ക്കും ഭർത്താവിനും വീട്ടിലിരുന്ന് പ്രായമായവരെ നോക്കാൻ സമയമില്ലാത്തതി നാലാണത്രേ ഇത്. പ്രായമായവർക്ക് ശരീരം മുഴുവൻ എണ്ണ തേച്ച്  കുടിക്കാൻ ഇളനീർ കുടിക്കാൻ കൊടുക്കു ന്നു. രണ്ടും കൊടുംതണുപ്പാണല്ലോ. പനി കലശലായി ന്യുമോണിയ വന്ന് അവർ മരിക്കും. 

 

പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ അതിനെ അപ്പോഴേ കൊല്ലുന്നത് എങ്ങനെയാണെന്നു കൂടി നോക്കാം. അതാണ് മാനസി ജന്മസാഫല്യം എന്ന കഥയിൽ എഴുതിയത്. അമ്മയുടെ തലയിൽ അമ്മായി പതുക്കെ തടവി. കൈവെള്ളയിൽ അച്‌ഛമ്മ പ്രസാദം പോലെ വച്ചു കൊടുത്ത നെന്മണി. എന്റെ വായ പൊളിച്ച് ആദ്യമായി അമ്മ എനിക്കന്നം നൽകി. പിന്നെ മുലപ്പാലിന്റെ ദാഹജലം. ഉറങ്ങാൻ മുഖം മൂടുന്ന നനഞ്ഞ മുണ്ടിന്റെ കുളിരും. എല്ലാം എനിക്കർഹതപ്പെട്ടതായിരുന്നു. കാരണം ഞാൻ പെൺകുട്ടിയായിരുന്നു എന്നത്രേ കഥ. 

 

വെറുതെയല്ല ദസ്‌തയേവ്‌സ്‌കി എഴുതിയത്, മനോഹരമായി ക്രൂരകൃത്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണെന്ന്. കൊലപാതകമെന്നു പറയുമ്പോൾ തോക്കും ബോംബും കത്തിയുമൊക്കെയാവും  നമ്മുടെ മനസ്സിലെത്തുക. കരിക്കിൻ വെള്ളം കൊണ്ടും നെന്മണി കൊണ്ടും കാര്യം സാധിക്കാമെന്നറിഞ്ഞത് ഇപ്പോഴാണ്. 

 

കുട്ടിക്കാലത്ത് ദസ്‌തയേവ്‌സ്‌കി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ചിലർ പറയുന്നത് കേട്ടു, അച്‌ഛനെ വഴിയിലിട്ട് ആരോ തല്ലുന്നെന്ന്. ഓടിച്ചെന്നുനോക്കിയപ്പോൾ ശരിയാണ്. ആൾക്കാർ അച്‌ഛനെ നഗ്നനാക്കി കരിങ്കല്ലു കൊണ്ട് രണ്ട് വൃഷണങ്ങളും കുത്തിയുടയ്‌ക്കുന്നു. ഒരു നിലവിളിയോടെ അച്‌ഛൻ മരിച്ചു. ഇതു കണ്ടു നിന്ന ദസ്‌തയേവ്‌സ്‌കിക്ക് അപസ്‌മാരം വന്നു. ജീവിതകാലം മുഴുവൻ ദസ്‌തയേവ്‌സ്‌കി അപസ്‌മാരരോഗിയായി. ചില നേരങ്ങളിൽ അപസ്‌മാരം ഒരനുഗ്രഹമായി അദ്ദേഹത്തിനു തോന്നിയിരുന്നു. 

 

ഒരു പെൺകുഞ്ഞിനെ നെന്മണി തൊണ്ടയിൽ കുരുക്കി കൊല്ലുന്നതു വായിച്ചിട്ട് നിങ്ങൾക്ക് അപസ്‌മാരം പോയിട്ട് ഞെട്ടലെങ്കിലും വന്നില്ലെങ്കിൽ നിങ്ങൾ മനുഷ്യനാണോ സുഹൃത്തേ? മാനസിയുടെ കഥ വായിച്ചിട്ട് ഒരു പനിയെങ്കിലും വന്നില്ലെങ്കിൽ നിങ്ങളും കുഞ്ഞിന്റെ തൊണ്ടയിൽ നെന്മണിയിട്ടവരും തമ്മിൽ എന്തു വ്യത്യാസം? 

 

മാനസിയുടെ ഈ കഥയ്‌ക്ക് ഒരു നെന്മണിയുടെ വലിപ്പമേയുള്ളൂ. പക്ഷേ വായിച്ചു കഴിയുമ്പോൾ ഒരു നെന്മണി നമ്മുടെ തൊണ്ടയിലും കുരുങ്ങിയോ എന്നു സംശയം. അതുപോലെ ഒരു പിടച്ചിൽ. വളരെ തീക്ഷ്‌ണമായ ഒരു കഥയുടെ വിത്ത് ഇതിലുണ്ട്. അത് നമ്മുടെ മനസ്സിൽക്കിടന്ന് മുളച്ച് തളിർത്ത് വേണം മരമാവാൻ. നമ്മുടെ ഓരോരുത്തരുടെയും ചിന്തയ്‌ക്ക് വിട്ടുകൊടുക്കേണ്ട വിഷയമാണ് അത് . 

 

മാനസിയുടേത് കഥയാണെങ്കിലും സംഭവിക്കുന്നതുമാണ്. തമിഴ്‌നാട്ടിലെയും മറ്റും ഉൾഗ്രാമങ്ങളിൽ പെൺകുഞ്ഞുങ്ങളെ  അങ്ങനെ കൊല്ലാറുണ്ടത്രേ. അപ്പോൾ കഥയും ജീവിതവും തമ്മിൽ എന്താണ് വ്യത്യാസം? കഥ ജീവിതം പോലെയോ അതോ ജീവിതം കഥ പോലെയോ എന്നു ചോദിച്ച മഹാനായ എഴുത്തുകാരാ, അങ്ങയ്‌ക്ക് സ്‌തുതി. കൺമണി എന്നു  വിളിക്കേണ്ട കുഞ്ഞിനെ നെന്മണി കൊടുത്തു നാം കൊല്ലുന്നു. 

 

അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളിൽ ഏറെയും പെൺകുഞ്ഞുങ്ങളാണ് എന്നത് ഈ കഥയെ ജീവിതത്തോട് കൂടുതൽ ചേർത്തു നിർത്തുന്നു. കൊല്ലാൻ ധൈര്യമില്ലാത്തതിനാൽ അമ്മത്തൊട്ടിലി ൽ ഉപേക്ഷിച്ചിട്ട് പോവുന്നു എന്നേയുള്ളൂ. താരാട്ട് പാടിയുറക്കാൻ അമ്മയില്ലെങ്കിലും അമ്മത്തൊട്ടിൽ എന്നാണു പേര്. ഇതാണ് നമ്മുടെ നാടിന്റെ ഗുണം. പേര് എപ്പോഴും സുന്ദരമായിരിക്കും; പേരിനു പോലും നന്മയില്ലെങ്കിലും. 

 

ഭർത്താവിനോടു  വിയോജിച്ച് സ്വന്തം തീരുമാനങ്ങളെടുത്തു തുടങ്ങിയ ദിവസം ഭാര്യയ്‌ക്ക്  വീട്ടിൽ നിന്നിറങ്ങിപ്പോവുകയോ  ഭർത്താവിനെ വെല്ലുവിളിച്ച് വീട്ടിലേക്കു കയറിവരികയോ ചെയ്യാം. ഫലത്തിൽ രണ്ടും ഒന്നു തന്നെയായതിനാൽ വായനക്കാർക്കിഷ്‌ടമുള്ളത് തിരഞ്ഞെടുക്കാം എന്ന് മാനസിയുടെ ഭാനുമതിയുടെ  പ്രഭാതം എന്ന കഥയിലുണ്ട്. അതു പോലെ ചില പെൺജന്മങ്ങൾ മുളയിലേ നുള്ളിയാലും അതല്ല വളർന്നു വന്നാലും ഭാവി ഒന്നു തന്നെ,  ഇരുൾ നിറഞ്ഞത് എന്ന് ഈ കഥ വായിക്കുമ്പോൾ തോന്നും.

 

English Summary : Kadhanurukku, Column, Short Stories By Manasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com