പെൺപ്രണയത്തിന്റെ കഥ പറഞ്ഞ് മെമ്മറി ഓഫ് ലൈറ്റ്; നർത്തകിയെ പ്രണയിച്ച കവയത്രിക്ക് സംഭവിച്ചത്...

Mail This Article
ലെസ്ബിയന്‍ എന്നു കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുന്നവരുണ്ട്. രഹസ്യമായി വായിക്കേണ്ടതാണ് അത്തരം കഥകള്‍ എന്നു കരുതുന്നവരുണ്ട്. പെണ്പ്രണയത്തിന്റെയും പെണ്ണനുരാഗത്തിന്റെയും കഥകള്‍ എഴുതുന്നവരെപ്പോലും സംശയത്തോടെ വീക്ഷിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കിടയില്‍ ധൈര്യത്തോടെ ഒരു ലെസ്ബിയന്‍ കഥ പറയുകയാണ് റൂത്ത് വനിത എന്ന ഇംഗ്ലിഷ് പ്രഫസര്‍.
‘മെമ്മറി ഓഫ് ലൈറ്റ്’. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇക്കഴിഞ്ഞ 20 ന് ഇ ബുക്കായാണ് നോവല്‍ പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ചത്. ഇതിനോടകം വായനക്കാര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് ‘മെമ്മറി ഓഫ് ലൈറ്റ്’. സ്ത്രീകള്‍ തമ്മിലുള്ള അനുരാഗത്തിന്റെ ചരിത്രത്തെക്കുറിച്ച് മുന്‍പ് ചരിത്ര പുസ്തകങ്ങളും മറ്റും എഴുതിയിട്ടുണ്ട് എഴുത്തുകാരിയായ റൂത്ത്. പ്രശസ്തമായ സെയിം സെക്സ് മാര്യേജ് ഉള്‍പ്പെടെ.
18-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് റൂത്ത് കഥ പറയുന്നത്. ആ പഴയ കാലം ഇന്നത്തെപ്പോലെ യാഥാസ്ഥിതികമായിരുന്നില്ലെന്നു പറയുന്നു റൂത്ത്. ഇന്നത്തെയത്ര ഇരുട്ട് നിറഞ്ഞതായിരുന്നില്ലെന്നും. പുരുഷന്മാര് അക്കാലത്ത് പരസ്പരം സ്നേഹിച്ചിരുന്നു. സമൂഹത്തിന്റെ അനാവശ്യ നിയന്ത്രണങ്ങളില്ലാതെ ഒരുമിച്ചു ജീവിച്ചിരുന്നു. അതുപോലെ തന്നെ സ്ത്രീകളും. അവര്‍ക്കിടയിലുമുണ്ടായിരുന്നു പരസ്പരം സ്നേഹവും കരുതലും സാന്ത്വനവും കണ്ടെത്തിയവര്‍. അവരെ ആരും ബഹിഷ്കരിച്ചിരുന്നില്ല. പുച്ഛത്തോടെ നോക്കിയിരുന്നില്ല. പടിയടച്ചു പിണ്ഡം വച്ചുമില്ല. മറ്റുള്ളവരെപ്പോലെ അവരും സമൂഹത്തില്‍ സാധാരണക്കാരായി ജീവിച്ചു, സ്നേഹിച്ചു, ആഹ്ലാദിച്ചു. വികാര- വിചാരങ്ങള്‍ പങ്കുവച്ചു.
ജോര്‍ജ് മൂന്നാമന് രാജാവിന്റെ 50-ാം ജന്മദിനം. ലക്നൗവിലെ കൊട്ടാരത്തില്‍ ആഘോഷത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. പ്രശസ്ത കലാകാരന്മാര് കൊട്ടാരത്തില്‍ എത്തിക്കഴിഞ്ഞു. കവികള്‍,പണ്ഡിതര്‍, യോദ്ധാക്കള്‍,സേനാനികള്‍... ആഘോഷത്തിന്റെയും ആരവത്തിന്റെയും ദിവസങ്ങള്‍. അവര്‍ക്കിടയിലേക്ക് കാശിയില്‍നിന്നുള്ള ഒരു നര്‍ത്തകിയും എത്തി.അനന്യമായ സൗന്ദര്യത്തിന്റെ ഉടമ. അതീവലാസ്യം നിറഞ്ഞ നൃത്തത്തിനു കേള്‍വി കേട്ട യുവതി: ചപ്ല ബായ്. കവിയത്രിയായ നഫീസിനും ചപ്ലയുടെ ആകര്‍ഷണ വലയത്തില്‍നിന്നു പുറത്തു കടക്കാനാകുന്നില്ല.
രാജകീയ ആഘോഷത്തിനു തിരശ്ശീല വീഴുമ്പോള്‍ ചപ്ല കൊട്ടാരത്തില്‍നിന്നു കാശിയിലേക്കു മടങ്ങുന്നു. നഫീസ് ഏകാന്തതയിലേക്കും വിരഹത്തിലേക്കും. അവര്‍ വീണ്ടും കാണുമോ എന്നതും അവരുടെ ബന്ധം യാഥാര്‍ഥ്യമാകുമോ എന്നതുമാണ് ‘മെമ്മറി ഓഫ് ലൈറ്റി’ന്റെ പ്രമേയം. ഇന്നത്തെ ഇന്ത്യയില്‍ സ്വാഭാവികമായും വിവാദമാകാവുന്ന തീപ്പൊരി നോവല്‍. ഏറ്റെടുക്കപ്പെടാനും എതിര്‍ക്കപ്പെടാനും സാധ്യതകള്‍ ഒട്ടേറെ. എഴുത്തിലും ജീവിതത്തിലും ലെസ്ബിയന്‍ കഥകള്‍ പുതിയ വഴി വെട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
English Summary : Memory Of Light Book By Ruth Vanita